പെണ്ണുടലില്‍ അഭയം തേടുന്ന അധികാര രാഷ്ട്രീയം!

1089

പി.ടി ചാക്കോ ഒരു കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി. ജനകീയന്‍. മുഖ്യമന്ത്രി ആര്‍. ശങ്കറിനൊപ്പം തലയെടുപ്പുള്ള നേതാവ്. ഒരു പക്ഷേ, ശങ്കറിനെയും കവച്ചുവച്ചു രാഷ്ട്രീയപ്പാളത്തിലൂടെ മുന്നോട്ടു കുതിക്കുമെന്നു പലരും വിശ്വസിച്ചയാള്‍.
എന്നാല്‍, 1963 ല്‍ തികച്ചും അപ്രതീക്ഷിതമായി ചാക്കോ രാഷ്ട്രീയക്കളത്തില്‍ നിന്നു വേരോടെ പിഴുതു മാറ്റപ്പെട്ടു. അതൊരു പെണ്‍വിഷയത്തിന്റെ പേരിലായിരുന്നു, തെളിയിക്കപ്പെടാത്ത പെണ്‍വിഷയത്തിന്റെ പേരില്‍. അത് ആയുധമാക്കി ചാക്കോയെ ഇല്ലായ്മ ചെയ്തതാകട്ടെ, അദ്ദേഹം നേതാവായിരുന്ന അതേ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ നേതാക്കളില്‍ ഒരു വിഭാഗവും.
കേരളരാഷ്ട്രീയത്തില്‍ പെണ്ണുടല്‍ ആയുധമാക്കപ്പെടുകയെന്നത് ആ ഒരു സംഭവത്തോടെ അവസാനിച്ചില്ല. പലപ്പോഴും നേതാക്കളെ വീഴ്ത്തിയതും നേതാക്കള്‍ സ്വയം വീണതുമെല്ലാം സ്ത്രീവിഷയവുമായി ബന്ധപ്പെട്ടായിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ എന്തൊക്കെയായാലും ഒരു പെണ്ണിന്റെ പേരുണ്ടെങ്കില്‍ എത്ര ശക്തനായ നേതാവിനെയും നിലംപരിശാക്കാമെന്നു കേരളരാഷ്ട്രീയം ആവര്‍ത്തിച്ചാവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരുന്നു.
ഇവയൊക്കെയും തികച്ചും കെട്ടിച്ചമച്ച ആരോപണങ്ങളാണോയെന്നു ചോദിച്ചാല്‍, മിക്കപ്പോഴും തെളിയിക്കപ്പെടാതെ പോകുന്നതും എന്നാല്‍, സമൂഹമനസ്സാക്ഷിക്ക് ഒറ്റയടിക്ക് തള്ളിക്കളയാനാകാത്തതുമാണെന്നേ പറയാനാകൂ. സാഹചര്യത്തെളിവുകള്‍ മാത്രം വച്ചു നോക്കിയാല്‍ വിശ്വസിക്കാന്‍ ഏറെയുള്ളവയാണ് ഇതില്‍ പലതും. പെണ്‍വിഷയം തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും ഇതില്‍ പലതിലും നേതാക്കന്മാരില്‍ പലരുടെയും തല ഉരുണ്ടിട്ടുണ്ടെന്നതു വാസ്തവം. പില്‍ക്കാലത്ത് അവര്‍ രാഷ്ട്രീയനഭസ്സില്‍ വീണ്ടും ഉദിച്ചുയര്‍ന്നുവെങ്കിലും.
പി.ടി ചാക്കോയ്ക്കെതിരെ ഉയര്‍ന്ന ആരോപണം അദ്ദേഹം ഓടിച്ച ഔദ്യോഗികവാഹനത്തില്‍ കറുത്ത കണ്ണട ധരിച്ച ഒരു സ്ത്രീയുണ്ടായിരുന്നു എന്നതാണ്. ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ട നിയമസഭാ സമ്മേളനത്തിനു ശേഷം കുറച്ചുദിവസം രാഷ്ട്രീയത്തിരക്കില്‍ നിന്നു വിട്ട് സ്വസ്ഥമായി കഴിയാന്‍ ആഭ്യന്തരമന്ത്രി പി.ടി ചാക്കോ തീരുമാനിച്ചു. തൃശൂരിലെ പീച്ചി ഡാം സൈറ്റാണ് അദ്ദേഹം വിശ്രമത്തിനായി തെരഞ്ഞെടുത്തത്.
ഔദ്യോഗികവാഹനത്തില്‍ തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ച മന്ത്രി കുറച്ചുനാള്‍ മുമ്പുമാത്രം വിവാഹിതനായിരുന്ന തന്റെ സാരഥിക്ക് രണ്ടുദിവസത്തേയ്ക്ക് അവധി കൊടുത്തു. പിന്നെ വാഹനമോടിച്ചത് മന്ത്രിയായിരുന്നത്രെ. പീച്ചിയിലേയ്ക്കുള്ള യാത്രക്കിടയില്‍ മന്ത്രിയുടെ കാര്‍ ഒരു കാളവണ്ടിയില്‍ ഇടിച്ചു. കാളവണ്ടി മറിഞ്ഞു. വണ്ടിക്കാരനു പരിക്കേറ്റു.
സ്വാഭാവികമായും വാഹനം നിര്‍ത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കേണ്ടതാണ്. പക്ഷേ, മന്ത്രിയുടെ വാഹനം നിര്‍ത്തിയില്ല. അതു കുതിച്ചു പാഞ്ഞ് ഒരു റബര്‍ എസ്റ്റേറ്റിലാണ് നിന്നത്. അത് മന്ത്രിയുടെ സുഹൃത്തിന്റെ എസ്റ്റേറ്റായിരുന്നു.
മന്ത്രിവാഹനം നിര്‍ത്താതെ പോയപ്പോഴാണ് ജനത്തിന്റെ കണ്ണില്‍ അക്കാര്യം പെട്ടത്. ആ കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. കറുത്ത കണ്ണട ധരിച്ച സ്ത്രീ. ഇന്നത്തെപ്പോലെ അന്നും മാധ്യമങ്ങള്‍ക്ക് ചെറിയൊരു തീപ്പൊരി കിട്ടിയാല്‍ മതിയല്ലോ. അതങ്ങു വാര്‍ത്തയായി കത്തിപ്പിടിച്ചു. പ്രതിപക്ഷം രാഷ്ട്രീയായുധമാക്കി.
മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയനേതൃത്വവുമെല്ലാം പി.ടി ചാക്കോയെ ന്യായീകരിച്ചു രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസ്സിലെ തന്നെ 27 എം.എല്‍.എമാര്‍ കലാപക്കൊടിയുയര്‍ത്തി. ഒടുവില്‍, പി.ടി ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. പെണ്‍വിഷയത്തിന്റെ പേരില്‍ രാജിവച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി. പെണ്‍വിഷയത്തില്‍ കേരളരാഷ്ട്രീയം ആടിയുലഞ്ഞ ആദ്യ സംഭവം.
ഭരണക്കസേരയും കിട്ടുമെന്നു പ്രതീക്ഷിച്ച പാര്‍ട്ടിസ്ഥാനവും നഷ്ടപ്പെട്ടപ്പോള്‍ പി.ടി ചാക്കോയും അദ്ദേഹത്തോടൊപ്പമുള്ളവരും കോണ്‍ഗ്രസ്സിലെ വിമതരായി. അതൊരു വലിയ പൊട്ടിത്തെറിയിലേയ്ക്കു പോകുമെന്ന അവസ്ഥ വന്നപ്പോഴായിരുന്നു പി.ടി ചാക്കോയുടെ അവിചാരിതമായ മരണം. പക്ഷേ, അദ്ദേഹത്തിന്റെ അനുയായികള്‍ വെറുതെയിരുന്നില്ല. കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ കേരളകോണ്‍ഗ്രസ് എന്ന പ്രസ്ഥാനം പിറവിയെടുക്കുകയും ചെയ്തു.
കേരളരാഷ്ട്രീയത്തെ ഏറെനാള്‍ പിടിച്ചുലച്ച, ഒരു മുഖ്യമന്ത്രിയുടെ രാജിയിലേയ്ക്കു വരെ നയിച്ച മറ്റൊരു സംഭവമായിരുന്നു ചാരക്കേസ്. അതിലും കേന്ദ്രബിന്ദുക്കളാക്കി ചിത്രീകരിക്കപ്പെട്ടത് രണ്ടു സ്ത്രീകള്‍, മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന്മാരായ നമ്പിനാരായണനെയും ശശികുമാറിനെയും വശീകരിച്ച് ഈ സ്ത്രീകള്‍ പാകിസ്ഥാനുവേണ്ടി ക്രയോജനിക് സാങ്കേതികവിദ്യ സംബന്ധിച്ച രേഖകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവൈന്നായിരുന്നു ആരോപണം.
രാജ്യസുരക്ഷയെ ബാധിക്കുന്ന ചാരപ്രവൃത്തിയെന്ന പേരില്‍ വലിയ കോലാഹലം ഇതിന്റെ പേരിലുണ്ടായി. രാഷ്ട്രീയരംഗത്തും പൊലിസിലുമുള്ള പല ഉന്നതരും ആരോപണശരത്തിനു വിധേയരായി. അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഏറെ പ്രിയപ്പെട്ട പൊലിസ് ഉന്നതനായ രമണ്‍ ശ്രീവാസ്തവയ്ക്കെതിരേ നടപടിയുണ്ടായി. ഒടുവില്‍ കെ. കരുണാകരന്റെ കസേര പോലും തെറിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാരക്കേസിന്റെ പുക കെട്ടടങ്ങിയില്ല. കേസിന് അത്ഭുതകരമായ ഗതിമാറ്റമുണ്ടായി. നമ്പിനാരായണനുള്‍പ്പെടെയുളളവര്‍ ചാരപ്രവൃത്തി നടത്തിയതിനു തെളിവില്ലെന്നു കോടതി കണ്ടെത്തി. ചാരക്കേസ് സി.ബി.ഐയുടെ കള്ളസൃഷ്ടിയാണെന്ന ആരോപണമുണ്ടായി. നമ്പിനാരായണനു നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധി വന്നു. ഇത്രയൊക്കെ സംഭവിക്കുമ്പോഴേയ്ക്കും പക്ഷേ, ആരോപണത്തിനു വിധേയരാക്കപ്പെട്ടവരുടെ ജീവിതം നരകതുല്യമായി മാറിയിരുന്നു.
കേരളരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസായിരുന്നല്ലോ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്. കോഴിക്കോട് നഗരസഭാ ആസ്ഥാനത്തിന് അടുത്തുണ്ടായിരുന്ന ഒരു ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന് ഒരു വനിതാ സംഘടനയ്ക്കു കിട്ടിയ വിവരവും അതിനെ തുടര്‍ന്ന് അവര്‍ നടത്തിയ രഹസ്യാന്വേഷണവും അതില്‍ കിട്ടിയ വിവരങ്ങള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ക്ക് അവര്‍ കൈമാറിയതുമായിരുന്നു ഈ കേസിന്റെ തുടക്കം.
തനിക്കു കിട്ടിയ പരാതി മുഖ്യമന്ത്രി നടക്കാവ് പൊലിസിനു കൈമാറി. അന്ന് ആ കേസിന് രാഷ്ട്രീയമാനമൊന്നുമുണ്ടായിരുന്നില്ല. ചില ബിസിനസ്സുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരുമെല്ലാമായിരുന്നു ആരോപണ വിധേയര്‍. എന്നാല്‍, പിന്നീട് ആരോപണം രാഷ്ട്രീയനേതാക്കളിലേയ്ക്കു തിരിഞ്ഞു. രാഷ്ട്രീയപ്പോരാട്ടങ്ങളും പകതീര്‍ക്കലുകളും ഏറെയുണ്ടായി.
പില്‍ക്കാലത്ത് മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയിലേയ്ക്കും കുറ്റിപ്പുറത്ത് അദ്ദേഹത്തിന്റെ പരാജയത്തിലേയ്ക്കും പാര്‍ട്ടി നേതൃത്വതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാറിനില്‍ക്കലിലേയ്ക്കുമെല്ലാം കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഒടുവില്‍ കോടതിയാണ് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയത്.
കേരളത്തെ ഏറെ ഇളക്കിമറിച്ച സൂര്യനെല്ലി കേസിലും രാഷ്ട്രീയബന്ധം കടന്നുകൂടിയിരുന്നു. ആ കേസില്‍ ആരോപണത്തിന്റെ കുന്തമുന നീണ്ടത് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി.ജെ. കുര്യനെതിരേയായിരുന്നു. ഏറെനാള്‍ ആ വിവാദവും നിലനിന്നു. ഇവിടെയും കോടതി, കുര്യനെതിരേ തെളിവില്ലെന്നു കണ്ട് കുറ്റമുക്തനാക്കുകയായിരുന്നു.
നാമമാത്രമായ ഭൂരിപക്ഷം മാത്രമേയുണ്ടായിരുന്നെങ്കിലും വലിയ കാറ്റും കോളുമില്ലാതെ മുന്നോട്ടുപോയതായിരുന്നു 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ‘അതിവേഗം ബഹുദൂരം’ എന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി ജനങ്ങളുടെ കൈയടി വാരിക്കൂട്ടുകയും ചെയ്തു. ആ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാണെന്നു പലരും വിശ്വസിച്ചു.
അപ്പോഴാണ് അശനിപാതം പോലെ സോളാര്‍ കേസ് സര്‍ക്കാരിന്റെ തലയില്‍ പതിക്കുന്നത്. 2013 ലായിരുന്നു അത്. കേരളത്തില്‍ വൈദ്യുതിക്ഷാമം രൂക്ഷമായിരുന്ന കാലത്ത് ബദല്‍വൈദ്യുതി മാര്‍ഗമെന്ന നിലയില്‍ സോളാര്‍ പദ്ധതിയെക്കുറിച്ചു കാര്യമായ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ ഭാവി വൈദ്യുതി സോഴ്സ് സോളാര്‍ ആയിരിക്കുമെന്നു പ്രവചിക്കപ്പെട്ട കാലം. അപ്പോഴാണ് സോളാര്‍ പദ്ധതികളുമായി ടീം സോളാര്‍ രംഗത്തുവരുന്നത്. ദമ്പതികളെന്ന് അവകാശപ്പെട്ട ബിജു രാധാകൃഷ്ണനും സരിതാനായരുമായിരുന്നു അതിന്റെ സാരഥികള്‍. ടീംസോളാറിന്റെ ബ്രാന്‍ഡ് അംബാസഡറായി ശാലു മേനോന്‍ എന്ന സീരിയല്‍ താരവുമുണ്ടായിരുന്നു. വന്‍ലാഭ സാധ്യതയുള്ള പദ്ധതിയെന്ന് അവര്‍ സമ്പന്നരായ പലരെയും ബോധ്യപ്പെടുത്തി. ദശലക്ഷക്കണക്കിനു രൂപ മുടക്കി പലരും അതില്‍ പാര്‍ട്ണര്‍മാരായി. ഒട്ടേറെപ്പേര്‍ സോളാര്‍ കണക്ഷനുവേണ്ടി പണം അഡ്വാന്‍സ് നല്‍കി.
ഇതിനിടയില്‍ സരിതയും ബിജുവും അധികാരകേന്ദ്രങ്ങളില്‍ നല്ല സ്വാധീനം നേടിയിരുന്നു. എം.എല്‍.എമാരും മന്ത്രിമാരുമെല്ലാം അവരുടെ ഇഷ്ടക്കാരായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള ടെന്നി ജോപ്പനുള്‍പ്പെടെയുള്ളവര്‍ സരിതയുടെ പ്രിയങ്കരന്മാരായി. അവരുടെ സ്വാധീനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് യഥേഷ്ടം കടന്നു ചെല്ലാന്‍ സരിതയ്ക്കു കഴിഞ്ഞു. ആ സ്വാധീനം നേരില്‍ക്കണ്ട പലരും അവരുടെ സംരംഭങ്ങളില്‍ കണ്ണുമടച്ചു പണം മുടക്കി.
ടീം സോളാറിന്റെ ചതികള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. സോളാര്‍ പാനല്‍ സ്ഥാപിച്ചു കിട്ടാത്തവരും സംരംഭത്തില്‍ പണം മുടക്കി ചതിക്കപ്പെട്ടവരുമെല്ലാം പരാതിയുമായി പൊലിസ് സ്റ്റേഷനുകള്‍ കയറാന്‍ തുടങ്ങിയതോടെ അതുവരെ സുപ്രസിദ്ധരായി തിളങ്ങി നിന്നിരുന്ന സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകള്‍ ജനം അറിഞ്ഞു. ഇരുവരും അഴികള്‍ക്കുള്ളിലായി.
ഇവിടെയാണ് അടുത്ത ട്വിസ്റ്റ് വരുന്നത്. സരിത തന്റെ ദുരനുഭവങ്ങളുടെ പരാതിക്കെട്ടുകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടു. തന്നെ പല തരത്തിലും ചതിച്ചവരുടെ പേരുവിവരങ്ങള്‍ ഓരോ ദിവസവും വാര്‍ത്തയാക്കി. അതില്‍ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയുമെല്ലാം പേരുകളുണ്ടായിരുന്നു. ഒടുവില്‍ ആരോപണത്തിന്റെ ശരം മുഖ്യമന്ത്രിയിലേയ്ക്കും സരിത നീട്ടി.
തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ ഒരു സ്ത്രീ ഉയര്‍ത്തിയ അതിഗുരുതരമായ ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നതും സോളാര്‍ കേസിലാണ്. അതാകട്ടെ, സര്‍ക്കാരിന് അതിനേക്കാള്‍ നാണക്കേടായി. കമ്മിഷന്റെ ഓരോ സിറ്റിംഗും വൈറല്‍ വാര്‍ത്തകളായി. തെളിവുകള്‍ കണ്ടെത്താനുള്ള പൊലിസ് യാത്രകള്‍ക്കു പിന്നാലെ മാധ്യമങ്ങളും പാഞ്ഞു. ജനം കൗതുകക്കാഴ്ചകള്‍ നിത്യേന കണ്ടുകൊണ്ടിരുന്നു.
മറ്റര്‍ഥത്തില്‍ വലിയ കുഴപ്പമില്ലാതെ, കടുത്ത ഭരണവിരുദ്ധ വികാരങ്ങളില്ലാതെ നീങ്ങിയിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നു പലരും വിശ്വസിച്ചിരുന്നു. എന്നാല്‍, സോളാര്‍ കേസ്, പ്രത്യേകിച്ച് ആ കേസുമായി ബന്ധപ്പെട്ട പെണ്‍വിഷയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തില്‍ കലാശിച്ചു. അവിടെയും അവസാനിച്ചില്ല. സരിത ഇപ്പോഴും ആ നേതാക്കള്‍ക്കു പിന്നാലെ തന്നെയുണ്ട്.
2016 ല്‍ സോളാര്‍ കേസിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ ആരംഭത്തില്‍ തന്നെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ മുന്നറിയിപ്പ് ‘അധികാരത്തിന്റെ ഇടനാഴികളിലൂടെ പതുങ്ങിയെത്തുന്ന അവതാരങ്ങളെ സൂക്ഷിക്കുക’ എന്നായിരുന്നു. സരിതയെപ്പോലുള്ളവര്‍ക്ക് അധികാരത്തിന്റെ ഇടനാഴികളില്‍ ഓടിക്കയറാനായതും അക്കാരണം കൊണ്ടുമാത്രം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തലകുത്തി വീണതുമായ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് മുഖമന്ത്രി പിണറായി ആ ഓര്‍മപ്പെടുത്തല്‍ നടത്തിയിരുന്നത്.
ആ വാക്കുകള്‍ കേട്ടപ്പോള്‍ മിക്കവരും ആശ്വസിച്ചു ഇനി സോളാര്‍ നായിക ഉന്നയിച്ചപോലുള്ള ആരോപണങ്ങള്‍ക്ക് ഇടതുസര്‍ക്കാരിലെ ആരും വിധേയരാവുകയില്ലെന്ന്. പക്ഷേ, സംഭവിച്ചത് അതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങളും ഉയര്‍ന്നത് അതിനേക്കാള്‍ വലിയ ആരോപണങ്ങളുമായിരുന്നു. അതിലും ഒരു വിവാദനായികയുണ്ടായി. സരിതയ്ക്കു പകരം സ്വപ്ന.
ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു സ്വര്‍ണക്കള്ളക്കടത്തു സംഭവത്തിലൂടെയാണ് തുടക്കം. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നത് കേരളത്തില്‍ പുത്തന്‍കാര്യമല്ല. അനുദിനം എല്ലാ വിമാനത്താവളങ്ങളിലും രണ്ടും മൂന്നും നാലും അഞ്ചും പത്തും കിലോ വരെ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ചിലതെല്ലാം പിടിക്കപ്പെടുന്നുമുണ്ട്.
അതുപോലൊരു സ്വര്‍ണപ്പിടുത്തമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നത്. പക്ഷേ, അതു നയതന്ത്രബാഗേജിലായിരുന്നുവെന്നതും അതു വിട്ടുകിട്ടാന്‍ സംസ്ഥാന ഭരണത്തിലെ ഉന്നതന്റെ വിളി വന്നുവെന്നതും കള്ളക്കടത്തിന്റെ സ്വഭാവം മാറ്റി.
അന്വേഷണം ശക്തമായി. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധമുളള സ്വപ്നയും സരിത്തും സന്ദീപുമെല്ലാം പിടിയിലായി. കസ്റ്റംസിനു പിന്നാലെ എന്‍.ഐ.എയും ഇ.ഡിയും രംഗത്തെത്തി. കേസിന്റെ ആദ്യദിനങ്ങളില്‍ സ്വപ്ന പിണറായി സര്‍ക്കാരിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കേസില്‍ കുരുക്കാന്‍ ഇ.ഡി തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് അവര്‍ ആരോപിച്ചു.
പക്ഷേ, പില്‍ക്കാലത്ത് സ്വപ്നയുടെ സ്വരം മാറി. തന്നെ ശിവശങ്കറും സര്‍ക്കാരുമെല്ലാം തള്ളിപ്പറയുകയാണെന്നു തിരിച്ചറിഞ്ഞ സ്വപ്ന സംഹാരരുദ്രയായി. ശിവശങ്കറിന്റെ ആത്മകഥ പുറത്തുവരികയും അതിലും ശിവശങ്കര്‍ സ്വയം വെള്ളപൂശുകയും തന്നെ കൈവെടിയുകയും ചെയ്തുവെന്നു ബോധ്യമായപ്പോള്‍ സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു.
അതു പിന്നീട് നിത്യേനയുള്ള ആരോപണ സ്ഫോടനങ്ങളായി. അതില്‍, കെ.ടി ജലീല്‍, മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുന്‍മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരൊക്കെയുണ്ടായി.
സ്വപ്നയുടെ ആത്യന്തിക ലക്ഷ്യം ഇവരൊന്നുമായിരുന്നില്ല. അതു സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. അതിരൂക്ഷമായ സാമ്പത്തിക ആരോപണങ്ങളാണ് സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
2016 ല്‍ ആദ്യം അധികാരത്തിലേറിയ പിണറായി അന്ന് സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥന്മാരോടും സഹപ്രവര്‍ത്തകരോടും പറഞ്ഞ വാക്കുകള്‍ ശ്രദ്ധയോടെ പാലിക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ലെന്ന് പില്‍ക്കാലത്തെ ആരോപണപ്പേമാരി വ്യക്തമാക്കുന്നു. അവതാരങ്ങള്‍ പല രൂപത്തില്‍ വരാം. അത് സ്ത്രീരൂപത്തിലുമാകാം. ശ്രദ്ധയോടെയിരുന്നില്ലെങ്കില്‍ നാണം കെടുകയോ തിരിച്ചടി നേരിടുകയോ ചെയ്യുമെന്ന് പി.ടി ചാക്കോ മുതല്‍ പിണറായി വരെയുള്ള നേതാക്കളുടെ രാഷ്ട്രീയാനുഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിപ്പിക്കുന്നു.

എ. സജീവന്‍