ബ്രിട്ടീഷ് മുസ്ലിംകള്‍; വളര്‍ച്ചയുടെ പുതു ചിത്രങ്ങള്‍

863

സൂര്യനസ്മിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായി രണ്ട് നൂറ്റാണ്ടിലധികം ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ബ്രിട്ടനിലെ ഏറ്റവും പുതിയ സെന്‍സസില്‍ രാജ്യത്ത് ഇസ്ലാമിന് വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും വേഗതയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന മതമായി ഇസ്ലാം മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്തുമതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത് ഇസ്ലാമിനെയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നിര്‍ണായക സാന്നിധ്യമായി മാറാനും രാജ്യത്തിന്റെ വളര്‍ച്ചയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍ണയിക്കുവാനും ബ്രിട്ടീഷ് മുസ്ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്.


മുസ്ലിം ജനസംഖ്യ
2011 ലെ നാഷണല്‍ സെന്‍സസ് പ്രകാരം 2,516,000 അഥവാ, ബ്രിട്ടീഷ് ജനസംഖ്യയുടെ 4.8% ആയിരുന്ന മുസ്ലിം സമൂഹം 2021 ല്‍ 5.7% ആയി വളര്‍ന്നു. പുതിയ സെന്‍സസ് പ്രകാരം 3.3 ദശലക്ഷമാണ് മുസ്ലിം ജനസംഖ്യ. 59 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 8.3% കുറഞ്ഞ് 51 ലേക്ക് ചുരുങ്ങിയപ്പോള്‍ 32.3% ഉണ്ടായിരുന്ന മതരഹിത സമൂഹം 38% ആയി വളര്‍ന്നിരിക്കുകയാണ്. 20 മുതല്‍ 29 വരെ പ്രായമുള്ള യുവാക്കളില്‍ 53% വും മതരഹിതരായാണ് സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ളത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ തന്നെയാണ്. 14.3% അഥവാ 13,18,600 ആണ് ലണ്ടനിലെ മുസ്ലിം ജനസംഖ്യ. ലണ്ടനിലെ ഏഴ് പേരില്‍ ഒരാള്‍ മുസ്ലിമാണെന്നര്‍ഥം. ബ്രിട്ടനിലെ മൊത്തം മുസ്ലിം ജനസംഖ്യയുടെ മൂന്നിലൊന്നും താമസിക്കുന്നത് ലണ്ടനില്‍ തന്നെയാണ്.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിം ജനസംഖ്യ കണക്കെടുത്താല്‍ 80 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മുസ്ലിം ജനസംഖ്യ 10 ശതമാനത്തിനു മുകളിലാണ്. ഇതില്‍ 9 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ അത് 30% മുകളിലാണ്. 52.1% മുസ്ലിം ജനസംഖ്യയുമായി ബര്‍മിംഗ്ഹാം, ഹോഡ്ജ് ഹില്‍ ആണ് ഒന്നാം സ്ഥാനത്ത്. 51.3%ത്തോടെ ബ്രാഡ്ഫോര്‍ഡ് വെസ്റ്റ് രണ്ടും 46.6 % ത്തോടെ ബര്‍മിംഗ്ഹാം ഹാള്‍ ഗ്രീന്‍ മൂന്നാം സ്ഥാനത്തുമാണ്.
ബ്രിട്ടനിലെ പ്രാദേശിക ഭരണകൂടങ്ങളായ കൗണ്‍സിലുകള്‍ വഴി മുസ്ലിം ജനസംഖ്യയുടെ കണക്കെടുത്താല്‍ വളര്‍ച്ചയുടെ തോത് വ്യക്തമായി മനസ്സിലാക്കാം. ലണ്ടനിലെ ടവര്‍ ഹാംലെറ്റാണ് മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ബ്രിട്ടീഷ് കൗണ്‍സില്‍. ലണ്ടനിലെ തന്നെ ന്യൂഹാം കൗണ്‍സിലാണ് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ കൗണ്‍സില്‍.
മുസ്ലിം ജനസംഖ്യയുടെ വര്‍ദ്ധനവിന്റെ പ്രധാന കാരണം ആഫ്രിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റമാണ്. ആഫ്രിക്കയില്‍ നിന്നും പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ക്കാണ് ബ്രിട്ടന്‍ അഭയം നല്‍കിയിട്ടുള്ളത്. പഠനാവശ്യങ്ങള്‍ക്ക് രാജ്യത്തെത്തി ശേഷം ജോലി കണ്ടെത്തിയവരോ, ജോലി വിസയില്‍ തന്നെ ബ്രിട്ടനില്‍ എത്തിയവരോ ആണ് മറ്റു മുസ്ലിംകള്‍. മുസ്ലിം കുടുംബങ്ങളിലെ ജനന നിരക്ക് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതും ജനസംഖ്യ നിരക്കിലെ വര്‍ദ്ധനവിന് കാരണമായി തീര്‍ന്നിട്ടുണ്ട്. മറ്റു മതങ്ങളില്‍ നിന്നും ഇസ്ലാമിലേക്ക് നിരവധി പേരാണ് കടന്നുവരുന്നത്. ലണ്ടനില്‍ മാത്രം 2017 ല്‍ 1400 പേരാണ് ഇസ്ലാം സ്വീകരിച്ചത്. മൊത്തം കണക്കെടുത്താല്‍ 5200 പേര്‍ വര്‍ഷംതോറും ഇസ്ലാമിലേക്ക് കടന്നുവരുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.


മസ്ജിദുകള്‍
മുസ്ലിം ജനസംഖ്യയുടെ 85% വും സുന്നികളും 15 ശതമാനം ശിയാക്കളുമാണ്. 2017 ല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എവിഡന്‍സ് ഓണ്‍ സെക്യൂരിറ്റി ത്രഡ് നടത്തിയ പഠനപ്രകാരം ബ്രിട്ടനില്‍ 1825 മസ്ജിദുകളാണുള്ളത്. ഇതില്‍ 72% വും സൗത്ത് ഏഷ്യന്‍ റിഫോം മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധം പുലര്‍ത്തുന്നവയാണ്. ഈ പള്ളികളിലെല്ലാം ദൈനംദിന നമസ്‌കാരങ്ങളും ജുമുഅ:, തറാവീഹ്, പെരുന്നാള്‍ നിസ്‌കാരങ്ങളും നടക്കുന്നുണ്ട്. ഇതില്‍ 797 മസ്ജിദുകളും ദയൂബന്ദി സരണിയുമായി ബന്ധപ്പെട്ടതാണ്. 459 മസ്ജിദുകളുമായി ബറേല്‍വി സരണിയാണ് രണ്ടാമത് വരുന്നത്. സലഫി ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന 182 ഉം ശിയാ വിഭാഗങ്ങളുടെ 59 പള്ളികളും ഉണ്ട്.
1889 ല്‍ ദക്ഷിണ ലണ്ടനിലെ വോക്കിംഗില്‍ നിര്‍മിക്കപ്പെട്ട ഷാജഹാന്‍ മസ്ജിദാണ് ബ്രിട്ടനിലെ ആദ്യ മസ്ജിദ്. ഭോപ്പാല്‍ സുല്‍ത്താന ഷാ ജഹാന്‍ ബീഗമാണ് ഈ മസ്ജിദ് നിര്‍മിക്കുന്നത്. ഹംഗേറിയന്‍ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് ഗോട്ടിലേബ് വില്‍ഹേം ലെയ്റ്റ്നര്‍ ആണ് ഈ മസ്ജിദിന്റെ നിര്‍മാണകരാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ആര്‍ക്കിടെക്ട് ഐസക് ചാമ്പേര്‍സ് ആണ് പള്ളിയുടെ രൂപകല്‍പന നിര്‍വഹിച്ചത്. വോക്കിംഗിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നിസ്‌കരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഈ മസ്ജിദ് നിര്‍മിച്ചത്. ലെയ്റ്റ്നര്‍ തന്നെയാണ് ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ട് സ്ഥാപിച്ചതും. 1899 ല്‍ ഇദ്ദേഹത്തിന്റെ മരണത്തോടെ മസ്ജിദ് അടച്ചെങ്കിലും 1915 ല്‍ വോക്കിങ് ട്രസ്റ്റ് എന്ന പേരില്‍ ലണ്ടന്‍ മോസ്‌ക് ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ഒരു ട്രസ്റ്റ് പള്ളി ഏറ്റെടുക്കുകയും വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
2012 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ബ്രാഡ്ഫോര്‍ഡ് ഗ്രാന്‍ഡ് മോസ്‌കാണ് യുകെയിലെ ഏറ്റവും വലിയ മസ്ജിദ്. ഒരേസമയം 8000 വിശ്വാസികള്‍ക്ക് നിസ്‌കരിക്കുവാനുള്ള സൗകര്യം ഈ മസ്ജിദിലുണ്ട്. നാല് ദശലക്ഷം പൗണ്ടാണ് ഇതിന്റെ നിര്‍മാണത്തിന് ചെലവഴിച്ചത്. ലണ്ടനിലെ പ്രമുഖ പള്ളികളിലൊന്നാണ് ലണ്ടന്‍ സെന്‍ട്രല്‍ മസ്ജിദ്. 1937ല്‍ ഹൈദരബാദ് അവസാന നൈസാമായ മീര്‍ ഉസ്മാന്‍ അലിഖാന്റെ ഫണ്ടിംഗ് വഴി ആണ് പദ്ധതിക്ക് തുടക്കമാവുന്നത്. നൈസാമിന്റെ മകന്‍ എച്ച്.എച്ച് അസംസാഷായാണ് 1937 ല്‍ മസ്ജിദിനു തറക്കല്ലിടുന്നത്. ബ്രീട്ടീഷ് കൗണ്‍സില്‍ ചെയര്‍മാന്‍ ലോയ്ഡ് ടെലിബ്രാന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഭൂമി വാങ്ങാനായി 100000 പൗണ്ട് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സര്‍ക്കാര്‍ അനുവദിക്കുകയും ലണ്ടനിലെ മുസ്ലിം പ്രമുഖര്‍ ഒരുമിച്ചു കൂടി ഒരു കമ്മറ്റി രൂപീകരിക്കുകയും മസ്ജിദ് നിര്‍മാണത്തിനായി ശ്രമം തുടങ്ങുകയും ചെയ്തു. മസ്ജിദിന്റെ ഡിസൈനിനായി മത്സരം നടത്തുകയും 100 മത്സരാര്‍ഥികളില്‍ നിന്ന് ഫ്രെഡറിക് ഗിബ്ബര്‍ഡ് എന്ന ഇംഗ്ലീഷ് ആര്‍കിടെക്ടിന്റെ സെസൈന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. സൗദി ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവ് പദ്ധതിക്കായി 2 ദശ ലക്ഷം പൗണ്ട് സംഭാവന നല്‍കി. യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആലു നഹ്യാനും വലിയ സംഭാവന നല്‍കിയിട്ടുണ്ട്. 1977 ല്‍ 6.5 ടോട്ടല്‍ ചെലവോടെ മസ്ജിദ് ഉട്ഘാദനം ചെയ്യപ്പെട്ടു.
യുകെയില്‍ മൈക്കില്‍ ബാങ്ക് വിളിക്കാന്‍ അനുമതി ലഭിച്ച ആദ്യ പള്ളിയാണ് ഈസ്റ്റ് ലണ്ടന്‍ മോസ്‌ക്ക്. ഒരേ സമയം 7000 പേര്‍ക്ക് നിസ്‌കരിക്കാന്‍ കഴിയുന്ന മസ്ജിദ് ലണ്ടനിലെ മുസ്ലിം ഭൂരിപക്ഷ കൗണ്ടികളിലൊന്നായ ടവര്‍ ഹാംലെറ്റിലെ വൈറ്റ് ചാപ്പലിലാണ് സ്ഥിതിചെയ്യുന്നത്. ഈ മസ്ജിദ് നിര്‍മാണത്തിനും സൗദി ഭരണാധികാരി ഫൈസല്‍ രാജാവ് സംഭാവന നല്‍കിയിട്ടുണ്ട്. ടോട്ടല്‍ 2 ദശലക്ഷം ചെലവില്‍ 1.2 ദശലക്ഷവും ഫൈസല്‍ രാജാവാണ് നല്‍കിയത്. 1985 ലാണ് പള്ളിയുടെ ഉദ്ഘാടനം. ലോക മുസ്ലിംകള്‍ ഇസ്ലാമിക വിശ്വാസധാരക്ക് പുറത്താണെന്നു പ്രഖ്യാപിച്ച ഖാദിയാനി വിഭാഗങ്ങളുടെ 25 പള്ളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഖാദിയാനികളുടെ ആഗോള നേതാവായ മീര്‍സ മസ്റൂര്‍ അഹ്മദ് വെള്ളിയാഴ്ചകളിലും ലണ്ടനിലെ ഫസല്‍ മസ്ജിദില്‍ വെച്ച് നിര്‍വഹിക്കുന്ന ഖുത്ബ ലോകത്തെ പലഭാഗങ്ങളില്‍ നിന്നും ഖാദിയാനികള്‍ ലൈവായി വീക്ഷിക്കാറുണ്ട്. 1924 ല്‍ ഖാന്‍ ബഹദൂര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ എന്ന വ്യക്തിയാണ് ഈ മസ്ജിദ് നിര്‍മിക്കുന്നത്.


മുസ്ലിം സംഘടനകള്‍
മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ (എം.സി.ബി) ആണ് ഏറ്റവും വലിയ മുസ്ലിം സംഘടന. 500 ലധികം പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സംഘടനയുടെ കീഴില്‍ മുന്നോട്ടുപോകുന്നുണ്ട്. 1997 നവംബര്‍ 23നാണ് സംഘടന രൂപം കൊള്ളുന്നത്. സ്‌കോട്ട്ലന്‍ഡില്‍ നിന്നുള്ള സറാ മുഹമ്മദ് എന്ന വനിതയാണ് ഈ സംഘടനയുടെ നിലവിലെ സെക്രട്ടറി ജനറല്‍. 1999 രൂപീകരിക്കപ്പെട്ട സിറ്റി സര്‍ക്കിള്‍ (ctiy circle) എന്ന സംഘടനക്ക് ബ്രിട്ടീഷ് മുസ്ലിം സമൂഹത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്. ബ്രിട്ടീഷ് മുസ്ലിം സമൂഹത്തെ ശാക്തീകരിക്കുവാന്‍ ലക്ഷ്യമിട്ട് ആഴ്ച തോറും ചര്‍ച്ചകളും ശനിയാഴ്ച സ്‌കൂളുകളും അവര്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ഗ്വാണ്ടനാമോ ജയിലില്‍ തടവിലാക്കപ്പെട്ടവരുടെ ദുരിതങ്ങള്‍ പുറംലോകത്ത് എത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ രൂപീകൃതമായ സംഘടനയാണ് കെയ്ജ് (CAGE). വാര്‍ ഓണ്‍ ടെറര്‍ എന്ന പേരില്‍ ഭീകരവാദം തടയാന്‍ ലക്ഷ്യമിട്ട് ഭരണകൂടം തടവിലാക്കിയ മറ്റു ജയിലുകളില്‍ ഉള്ളവരുടെയും ദുരിതം ഇവര്‍ പുറംലോകത്ത് എത്തിക്കുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകളുടെ എക്കാലത്തെയും നിശിത വിമര്‍ശകരായിരുന്നു ഈ സംഘടന.
ബ്രിട്ടനിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ 2008 ല്‍ തുടക്കം കുറിക്കപ്പെട്ട പ്രസ്ഥാനമാണ് ഐ.എന്‍ഗേജ് (I ENGAGE). ബ്രിട്ടനിലെ വിവിധ മേഖലകളില്‍ ദൃശ്യമായി കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയെ നിരന്തരമായി പുറത്തു കൊണ്ടുവരാനും സംഘടന ശ്രമിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് 2014 ല്‍ സംഘടന മെന്‍ഡ് (Mend) എന്ന് പേര് മാറ്റിയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും ഭീകരവാദത്തിനെതിരെയുള്ള പ്രചാരണത്തിനായും രൂപം നല്‍കപ്പെട്ട സംഘടനയാണ് ഇന്‍സ്പെയര്‍. രൂപീകരിക്കപ്പെട്ട കാലം മുതല്‍ തന്നെ സ്ത്രീ പുരുഷ സമത്വവും ഭീകരവാദ സംഘടനകള്‍ക്കെതിരെയുള്ള കാമ്പയിനുകളും സംഘടന കൃത്യമായി നടത്തി വരുന്നുണ്ട്.


ചാരിറ്റി സംഘടനകള്‍
ലോകത്താകമാനം ദുരിതമനുഭവിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി നിരവധി ചാരിറ്റി സംഘടനകളും ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1984 ല്‍ സ്ഥാപിതമായ ഇസ്ലാമിക് റിലീഫ് എന്ന സംഘടന ഇത്തരത്തില്‍ പ്രശസ്തമായതാണ്. ചില ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് 40 രാജ്യങ്ങളിലായി ഫീല്‍ഡ് ഓഫീസുകളും അവ കേന്ദ്രമാക്കി വെള്ളം, ഭക്ഷണം,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സജീവ പ്രവര്‍ത്തനങ്ങളും നടന്നുക്കുന്നുണ്ട്. 1985 ലെ കടുത്ത ക്ഷാമത്തില്‍ വലഞ്ഞ ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് സഹായഹസ്തം നല്‍കുക എന്ന ലക്ഷ്യത്തെ തുടര്‍ന്ന് രൂപീകൃതമായ മുസ്ലിം എയ്ഡ് (MUSLIM AID), 1993 ല്‍ രൂപീകൃതമായ മുസ്ലിം ഹാന്‍സ് (MUSLIM HANDS) എന്നീ സംഘടനകളും ചാരിറ്റി മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
പ്രാഥമിക മദ്റസ സംവിധാനം മുതല്‍ ഉന്നത സ്ഥാപനങ്ങള്‍ വരെ ഇസ്ലാമിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും എടുത്തുപറയേണ്ട സ്ഥാപനങ്ങളില്‍ ഒന്നാണ് കാംബ്രിഡ്ജ് മുസ്ലിം കോളേജ്. പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഹകീം മുറാദാണ് ഈ സ്ഥാപനം 2009 ല്‍ ആരംഭിക്കുന്നത്. അദ്ദേഹം തന്നെയാണ് സ്ഥാപക കാലം മുതല്‍ ഡീന്‍ ആയി സേവനം ചെയ്യുന്നതും. തീര്‍ത്തും സ്വതന്ത്രമായി മുന്നോട്ടുപോകുന്ന ഈ സ്ഥാപനം ഡിപ്ലോമ ഇന്‍ കോണ്‍ടക്സ്ച്വല്‍ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് എന്നീ രണ്ട് പ്രധാന കോഴ്സുകളാണ് നടത്തുന്നത്. ദമസ്‌കസിലെ അല്‍ ഫത്ഹ്, ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതി അവലംബിച്ച് കൊണ്ടാണ് ശൈഖ് ഹക്കീം മുറാദ് കാംബ്രിഡ്ജ് മുസ്ലിം കോളേജിന്റെ പാഠ്യപദ്ധതിക്കും രൂപം നല്‍കിയത്.
കാംബ്രിഡ്ജ് മുസ്ലിം കോളേജിനോട് ചേര്‍ന്നുള്ള മനോഹരമായ മസ്ജിദ് ആണ് കാംബ്രിഡ്ജ് സെന്‍ട്രല്‍ മോസ്‌ക്ക്. യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദാണിത്. 2008 ല്‍ ശൈഖ് ഹകീം മുറാദാണ് മസ്ജിദ് നിര്‍മിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതും അതിനായുള്ള ഫണ്ടിന് മുസ്ലിം ലോകത്തോട് അഭ്യര്‍ഥന നടത്തുന്നതും. മസ്ജിദിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായം ലഭിച്ചു. ഇസ്ലാമിക് ജോമെട്രിയില്‍ പ്രാവീണ്യമുള്ള പ്രൊ. കെയ്ത് ക്രിച്ലര്‍, യുകെയിലെ പ്രമുഖ ഇസ്ലാമിക ഗാര്‍ഡന്‍ ഡിസൈനര്‍ എമ്മ ക്ലാര്‍ക്ക് എന്നിവരുമായി ചേര്‍ന്ന് പ്രമുഖ ആര്‍ക്കിടെക്ട് കമ്പനി മാര്‍ക്സ് ബാര്‍ഫീല്‍ഡ് ആര്‍കിടെക്ട്സ് ആണ് രൂപകല്‍പന ചെയ്ത് നിര്‍മാണം നടത്തിയത്. കഫേ, വിദ്യാഭ്യാസ കേന്ദ്രം, മീറ്റിംഗ് ഹാള്‍ തുടങ്ങിയവയും മസ്ജിദില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മസ്ജിദ് സന്ദര്‍ശിക്കുവാനും ഇസ്ലാമിക അധ്യാപനങ്ങള്‍ ശ്രവിക്കുവാനും സഹോദര മതസ്തര്‍ക്കും ഇവിടെ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.
ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസാണ് മറ്റൊരു പ്രമുഖ സ്ഥാപനം. 1985 ല്‍ ആരംഭിച്ച സ്ഥാപനത്തിന്റെ രക്ഷാധികാരി വെയില്‍സ് രാജകുമാരനാണ്. 2012 ല്‍ എലിസബത്ത് രാജ്ഞിയുടെ റോയല്‍ ചാര്‍ട്ടര്‍ ലഭിച്ച സ്ഥാപനം സമകാലിക മുസ്ലിം സമൂഹം, മുസ്ലിം സാംസ്‌കാരിക ചരിത്രം തുടങ്ങിയവ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങളാണ് മുന്നോട്ടു വെക്കുന്നത്. വര്‍ഷത്തിലുടനീളം ഇത്തരം വിഷയങ്ങളില്‍ സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും കോണ്‍ഫറന്‍സുകളും എക്സിബിഷനുകളും ഇവര്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പര സ്ഥാപനത്തില്‍ നടത്തിവരുന്നു. 1993 ല്‍ വെയില്‍സ് രാജകുമാരനാണ് ഈ പരിപാടിക്ക്
ഔദ്യോഗികമായി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഇസ്ലാം ആന്‍ഡ് വെസ്റ്റ് എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. 2006/2007 അക്കാദമിക് വര്‍ഷത്തില്‍ ഈജിപ്ഷ്യന്‍ ആര്‍കിടെക്ട് അബ്ദുല്‍ വാഹിദ് അല്‍ വക്കീല്‍ ആണ് സ്ഥാപനത്തിന്റെ പുതിയ ബില്‍ഡിംഗ് ഡിസൈന്‍ ചെയ്തത്. ഈ പുതിയ കെട്ടിടത്തിലാണ് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.


മുസ്ലിം സ്‌കൂളുകള്‍
യു.കെയിലെ മുസ്ലിം സാന്നിധ്യമുള്ള നഗരങ്ങളിലെല്ലാം മുസ്ലിം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളുകളുടെ പരമാധികാര ബോഡിയാണ് അസോസിയേഷന്‍ ഓഫ് മുസ്ലിം സ്‌കൂള്‍സ് യു.കെ. 10 സ്‌കൂളുകളുമായി 1992 ലാണ് സംഘടന രൂപം കൊണ്ടത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ 200 ല്‍ അധികം സ്‌കൂളുകള്‍ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 10 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ സ്‌കൂളൂകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതായി സംഘടന പ്രതിനിധികള്‍ അവകാശപ്പെടുന്നുണ്ട്.


മലയാളി മുസ്ലിംകള്‍
യു.കെയുടെ വിവിധ ഭാഗങ്ങളില്‍ മലയാളി മുസ്ലിംകള്‍ രൂപീകരിച്ച നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 1998 ല്‍ കുടുംബ കൂട്ടായ്മയായി തുടങ്ങി ഒടുവില്‍ 2004 ല്‍ ചാരിറ്റി സംഘടന എന്ന നിലക്ക് രജിസ്റ്റര്‍ ചെയ്ത എം.എം.സി.ഡബ്ലിയു (MMCW) ആണ് ആദ്യ സംഘടനയായി അറിയപ്പെടുന്നത്. ലണ്ടനില്‍ സ്വന്തമായി ഒരു ഹാളും സംഘടനക്കുണ്ട്. സമസ്തയുമായി ചേര്‍ന്ന് നില്‍ക്കുന്ന സുന്നി മുസ്ലിം കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വര്‍ഷം തോറും വമ്പിച്ച നബിദിന പരിപാടിയും റമള്വാനില്‍ ഇഫ്താറും സംഘടിപ്പിക്കാറുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായ സംഘടന മാസം തോറും മജ്ലിസുന്നൂറും നടത്തി വരുന്നു. സംഘടനയുടെ കീഴിലുള്ള യൂത്ത് വിംഗ് സാമൂഹിക,സാംസ്‌കാരിക പരിപാടികളും കായിക മത്സരങ്ങളും നടത്തുന്നുണ്ട്.
യു.കെയിലെ മുസ്ലികളുടെ മറ്റൊരു പ്രധാന സംഘടനയാണ് യു.കെ കെ.എം.സി.സി. ഫാമിലി മീറ്റുകളും മറ്റുമായി യു.കെ മലയാളി മുസ്ലിം സാംസ്‌കാരിക മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന കെ.എം.സി.സിക്കു കീഴില്‍ ഫാമിലി മീറ്റുകളും ഇഫ്താര്‍ മീറ്റുകളും നടക്കാറുണ്ട്. 2022 നവംബറില്‍ നടന്ന ഫാമിലി മീറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആയിരുന്നു ഉല്‍ഘാടനം നിര്‍വഹിച്ചത്. സംഘടനക്ക് കീഴില്‍ കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
ഹുദവി കൂട്ടായ്മ ഹാദിയ ഉത്തരേന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍തുബ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം നിരവധി പദ്ധതികള്‍ക്ക് വലിയ ഫണ്ട് സംഘടിപ്പിച്ചു നല്‍കിയിട്ടുണ്ട് കെ.എം.സി.സി. അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കായി ഹാദിയ രൂപം നല്‍കിയ റീഡ് (READ) എന്ന പേരിലുള്ള ഓണ്‍ലൈന്‍ മദ്റസ യു.കെയിലും നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇതിനു പുറമെ സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്ററുമായി ചേര്‍ന്ന് ദിറാസ എന്ന പേരില്‍ വ്യക്തിഗത ഓണ്‍ലൈന്‍ മദ്റസയും ഹിമായ എന്ന പേരില്‍ സ്ത്രീകള്‍ക്കുള്ള കോഴ്സും നടത്തി വരുന്നുണ്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി വിഭാഗത്തിന്റെ അല്‍ ഇഹ്സാന്‍, ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന പ്രദേശമായ ലൂട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുമ്മ (LUMMA), യു.കെയിലെ മധ്യ കിഴക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമ്മ (EMMA) തുടങ്ങിയവയും യു.കെയിലെ പ്രാധാന മലയാളി സംഘടനകളാണ്.

റാഷിദ് ഒ.പി ഹുദവി