ഭീകരതയുടെ മതവേരുകള്‍ ചികയുമ്പോള്‍

2655

ശ്രീലങ്കയില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതു മുതല്‍ വീണ്ടും ചര്‍ച്ചകള്‍ ഇസ്ലാമിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ലോക സമാധാനത്തിന്
ഇസ്ലാമിക പ്രത്യയശാസ്ത്രം ഭീഷണിയാണ് എന്ന പല്ലവി മുന്‍ കാലത്തേക്കാളും ശക്തമായി നിലനിര്‍ത്താന്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ഇസ്ലാമിക ഭീകര വാദം എന്ന സംജ്ഞ നിലനിര്‍ത്തുക എന്നതും ചര്‍ച്ചകള്‍ അതിലേക്ക് കേന്ദ്രീകരിക്കുക എന്നതും പാശ്ചാത്യ ശക്തികളുടെ മാത്രം രാഷ്ട്രീയ ആവശ്യമായിരുന്നു ഒരു കാലത്ത്. പുതിയ കാലത്ത് ഈ ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കണം എന്ന് താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട് എന്നു കാണാം. രാഷ്ട്രീയമായി ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത് തങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നു തിരിച്ചറിഞ്ഞ ഇന്ത്യയിലെ ബ്രാഹ്മണിക്കല്‍ തിയറിക്കാര്‍ മുതല്‍ ലെഫ്റ്റ് ലിബറലുകളും യുക്തിവാദികളും വരെ ഇപ്പോള്‍ സജീവമാണ്. ഇസ്ലാം ഒരു വലിയ ഭീഷണിയാണെന്ന് സ്ഥാപിക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ അസ്തിത്വം നിലനില്‍ക്കൂ എന്ന തിരിച്ചറിവാണ് പലരെയും ഈ വാദത്തില്‍ സജീവമായി നിലകൊള്ളാനും, ഇസ്ലാം വിരുദ്ധ ചര്‍ച്ചകള്‍ തങ്ങളുടെ ലക്ഷ്യമാക്കി മാറ്റാനും പ്രേരിപ്പിക്കുന്നത്.
ഇസ്ലാമിക ഭീകരവാദം എന്ന സംജ്ഞ നിലനില്‍ക്കേണ്ടവരുടെ താല്‍പര്യങ്ങളെ ചര്‍ച്ച ചെയ്യുമ്പോഴും ഈ ഭീകരതയുടെ വേരുകളും അവരുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും സൂക്ഷ്മ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. മുസ്ലിംകള്‍ പ്രതിസ്ഥാനത്ത് വരുന്ന അക്രമ സംഭവങ്ങള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുന്നത് ഇസ്ലാം ആണെന്നത് ദുരാരോപണം മാത്രമാണ്. ആദ്യത്തെ അഫ്ഗാന്‍ ജിഹാദിന് ആളും അര്‍ത്ഥവും നല്‍കിയത് സി.ഐ.എ ആയിരുന്നു എന്നത് വെറും ആരോപണമല്ല. ഇതു സംബന്ധിച്ച് അനേകം പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ‘ജിഹാദ്’ നായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അവര്‍ തന്നെയാണ് കച്ചകെട്ടി ഇറങ്ങിയത്. ഇവര്‍ ലോകത്തെ മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന ഒട്ടനവധി സംവിധാനങ്ങളെ ആശ്രയിച്ചു എന്നാണ് കണക്ക്. റഷ്യയെ തുരത്താന്‍ അനേകം ആക്രമണ പദ്ധതികള്‍ക്ക് ഇവര്‍ പരിശീലനം കൊടുത്തു. അവര്‍ക്കുള്ള സഹായം അനുസ്യൂതം തുടര്‍ന്നു ‘ 1987 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ജിഹാദികള്‍ക്ക് നിയമ വിരുദ്ധമായി അമേരിക്ക നല്‍കിയ സൈനിക സഹായം 660 മില്യന്‍ ഡോളര്‍ ആയിരുന്നു. മറ്റു ചില സൈനിക സഹായങ്ങളെ പരാമശിച്ചുകൊണ്ട് ഇത് അവയെക്കാളൊക്കെ എത്രയോ ഉയര്‍ന്ന സഹായമാണ് എന്ന് നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കീവിലെ സ്റ്റീവ് ഗാള്‍സ്റ്റര്‍ രേഖപ്പെടുത്തുന്നുണ്ട്. ലോകത്ത് വന്‍തോതില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത് അഫ്ഗാന്‍ മലമടക്കുകളിലായിരുന്നു. അക്കാലത്ത് പോരാട്ടങ്ങള്‍ക്ക് മയക്ക് മരുന്ന് വ്യാപാരത്തിലൂടെയും പണം കണ്ടെത്തിയിരുന്നതായി കാണാം. പാശ്ചാത്യന്‍റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി മയക്കു മരുന്ന് വ്യാപാരത്തിലൂടെ അര്‍ത്ഥം സംഭരിച്ച ഈ ജിഹാദാണ് പില്‍ക്കാലത്തെ രഹസ്യ ഗ്രൂപ്പുകളുടെയെല്ലാം മാതാവ് എന്ന് നിരീക്ഷിക്കാന്‍ കഴിയും. അപ്പോള്‍ ഇസ്ലാമിക പ്രത്യയശാസ്ത്രവുമായി ഇത്തരം ഗ്രൂപ്പുകള്‍ക്കുള്ള ബന്ധവും ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താന്‍ സാധിക്കും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളുടെ അക്ഷര വായന നടത്തി, സ്വവ്യാഖ്യാനം കൊടുത്താണ് ഇവര്‍ ആളെക്കൂട്ടുന്നത്. ഇവര്‍ ഏറ്റവും കൂടുതല്‍ കൊന്നത് മുസ്ലിംകളെയാണ് എന്നതും മക്കയിലും മദീനയിലും ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്തുന്നു എന്നതും ഇവരിലെ ഇസ്ലാമിനെ തിരിച്ചറിയാനുള്ള ഘടകങ്ങള്‍ തന്നെ.
വിശ്വാസ പരമായി മാത്രമല്ല ചരിത്ര പരമായും ഭീകരതയുടെ വേരുകള്‍ ഇസ്ലാമിന് അന്യമാണ് എന്നത് നാം കണ്ടു കഴിഞ്ഞു. ഇസ്ലാമിക ഭീകരത എന്നു നിര്‍വചിക്കപ്പെടുന്ന ഒന്നും തന്നെ സൂക്ഷ്മ തലത്തിലല്ല ഇസ്ലാമിനോട് എതിരാവുന്നത്. പ്രത്യക്ഷമായും വ്യക്തമായും തന്നെ അത് ഇസ്ലാമിക വിരുദ്ധമാണ്, അനിസ്ലാമികം എന്നല്ല ആന്‍റി ഇസ്ലാമിക്ക് എന്നതാണ് അതിന് യോജിക്കുന്ന പദപ്രയോഗം എന്ന് ഈയിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു. പുതിയ കാലത്തെ, ശ്രീലങ്കയില്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്ന ആത്മഹത്യ ബോബിംഗ് അതിന്‍റെ രണ്ടു പ്രധാന ലക്ഷ്യങ്ങളാല്‍ തന്നെ ഇസ്ലാമിക വിരുദ്ധമാണ് എന്നു കാണാന്‍ കഴിയും. ഒന്നാമതായി ആത്മഹത്യ ഇസ്ലാം വിലക്കുന്നു, രണ്ടാമത് നിരപരാധികളെ കൊല ചെയ്യുന്നതും മതം ശക്തമായി വിലക്കുന്നു. ആത്മഹത്യ ബോബിംഗിന്‍റെ ഈറ്റില്ലമാണ് ശ്രീലങ്ക എന്നത് മറ്റൊരു കാര്യം. അനേകം സൂയിസൈഡ് ബോബിംഗ് ഉള്‍പ്പെടെ എല്‍.ടി.ടി.ഇ നടത്തിയ ആക്രമണങ്ങളില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടു പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ പരലോകം പൂകിയ ഈ ആക്രമണങ്ങളെ ആരും ഹിന്ദു മതവുമായോ വേദങ്ങളുമായോ ബന്ധിപ്പിക്കുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ശ്രീലങ്കയിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തോട് ആഗോള മുസ്ലിം സമൂഹം എങ്ങിനെ പ്രതികരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു പ്രത്യേക പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സമൂഹത്തിന്‍റെ പ്രതികരണമാണ് ആ പ്രത്യയ ശാസ്ത്രത്തിന്‍റെ നിലപാടിനെ കുറിക്കുന്നത്. ചാവേറായ മുസ്ലിമിന്‍റെ ഭൗതിക ശരീരം മുസ്ലിം ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യാന്‍ ശ്രീലങ്കന്‍ മുസ്ലിംകള്‍ വിസമ്മതിച്ചു. ശ്രീലങ്കയില്‍ തന്നെ തങ്ങളുടെ ആരാധനാലയങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് തുറന്നു കൊടുക്കുകയാണ് അവര്‍ ചെയ്തത്. രാജ്യത്തെ മുസ്ലിംകള്‍ ഒരു ദിവസം നോമ്പ് നോല്‍ക്കാനും തീരുമാനിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ വ്യത്യസ്ത രീതിയില്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അനേകം പ്രകടനങ്ങള്‍ നടന്നു. കോടിക്കണക്കിന് ഇസ്ലാംമത വിശ്വാസികളില്‍ വിരലിലെണ്ണാവുന്നവര്‍ പോലും ആക്രമണത്തെ ന്യായീകരിച്ചു രംഗത്തു വന്നില്ല.
ടെററിസം എന്ന സംജ്ഞ തന്നെ രൂപപ്പെട്ടത് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഭീകരതയെ സൂചിപ്പിക്കാനാണ്. ഐറിഷ് റിപ്പബ്ലിക്കന്‍ ബ്രദര്‍ഹുഡ്, അമേരിക്കന്‍ ഫെനിയന്‍ ബ്രദര്‍ഹുഡ് എന്നീ ക്രിസ്ത്യന്‍ സംഘടനകളാണ് ഭീകരതയെ രാഷ്ട്രീയമായി ഉപയോഗിച്ചത്. അവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയതായി കാണാം. ഇതിന് ശേഷവും അനേകം ക്രിസ്ത്യന്‍ സംഘങ്ങള്‍ക്ക് നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുണ്ടായി. ക്ലൂ ക്ലക്സ് ക്ളാനും ക്രിസ്ത്യന്‍ വേരുകളുള്ള ഭീകര പ്രസ്ഥാനമാണ്. രണ്ടാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ചു നടന്ന യഹൂദ വേട്ടയിലും ഹിറ്റ്ലറിന് വംശീയ ഗ്രൂപ്പുകളുടെ പിന്തുണ ഉണ്ടായിരുന്നു. ഇത്തരം സംഘങ്ങള്‍ ഇന്നും പാശ്ചാത്യ ലോകത്ത് നിലവിലുണ്ട്. വൈറ്റ് റെററിസമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് പാശ്ചാത്യ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, അവര്‍ നടത്തുന്ന ആക്രമങ്ങളിലും പ്രതി സ്ഥാനത്തുള്ളത് ക്രിസ്തുമത വിശ്വാസികളാണ്. മൗലികമായി ക്രിസ്തുമതം സ്നേഹത്തിന്‍റെ സന്ദേശമായി വര്‍ത്തിക്കുമ്പോഴും, വിശ്വാസികളില്‍ നിന്ന് വംശീയമായും രാഷ്ട്രീയമായും ഉണ്ടാകുന്ന ഇത്തരം വഴി മാറലുകളെ പൊതുസമൂഹം മതത്തോട് കൂട്ടിക്കെട്ടാത്തത് കൊണ്ടാവും ക്രിസ്ത്യാനിറ്റി ഒരു മതം എന്ന നിലയില്‍ ഭീകരവാദ ആരോപണങ്ങളുടെ നിഴലില്‍ അകപ്പെട്ടിട്ടില്ല. ഒരു പുരോഗമന സമൂഹത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെടേണ്ട മതമായി ക്രിസ്ത്യാനിറ്റിയെ ആരും വിലയിരുത്തുന്നുമില്ല.
ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ നിന്നും അതിന്‍റെ അനുശാസനങ്ങളില്‍ നിന്നും വേര്‍പെട്ടവരാണ് ഭീകരതയുടെ വക്താക്കളാകുന്നത് എന്ന് മുസ്ലിം സമൂഹം ഒന്നടങ്കം പറയുമ്പോഴും ഇസ്ലാമില്‍ നിന്ന് ഭീകരവാദത്തെ അടര്‍ത്തി മാറ്റാന്‍ പൊതു സമൂഹം തയ്യാറല്ല. ഇസ്ലാമിക ഭീകരവാദം എന്ന സംജ്ഞയുടെ പ്രചാരകര്‍ തന്നെ ഒളിഞ്ഞുള്ള ഭീകര വാദമേ മുസ്ലിംകള്‍ക്കിടയിലെ രഹസ്യ ഗ്രൂപ്പുകള്‍ വഴി നടക്കുന്നുള്ളൂ എന്ന് സമ്മതിക്കും. ഭരണസംവിധാനത്തിന് സമാന്തരമായി അതിര്‍ത്തികളില്‍ നിലകൊള്ളുന്ന വിമതരാവും അവരില്‍ അധികവും. എന്നാല്‍, മുഖ്യധാരാ കമ്മ്യൂണിസ്റ്റുകള്‍ തന്നെ കൊന്നു തള്ളിയ മനുഷ്യ ജീവനുകള്‍ക്ക് കയ്യും കണക്കുമില്ല എന്നത് അധികമാരും ഇന്ന് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കില്ല. സോവിയറ്റ് റഷ്യയിലും ചൈനലയിലുമായി ഇവര്‍ പരലോകത്തേക്ക് അയച്ചത് ആയിരങ്ങളെയോ ലക്ഷങ്ങക്കെയോ അല്ല, കൊടിക്കണക്കിന് മനുഷ്യരെയാണ് എന്നത് എതിരില്ലാത്ത ചരിത്ര വസ്തുതയാണ്. മതവിശ്വാസം നിഷ്കാസനം ചെയ്യപ്പെടണം എന്ന തത്വമുയര്‍ത്തി ലോകത്തിന്‍റെ വിവിധ രാഷ്ട്രങ്ങളില്‍ പ്രത്യയശാസ്ത്ര നാസ്തികര്‍ നടത്തിയ ഭീകരത ടെററിസം എന്ന സംജ്ഞയില്‍ ഇപ്പോള്‍ വരവ് വെക്കപ്പെടുന്നില്ല. ഇന്ത്യയടക്കമുള്ള പ്രദേശങ്ങളില്‍ ഏറ്റവും വലിയ ഭീഷണിയായി വര്‍ത്തിക്കുന്ന നക്സല്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്ത ഭീകര പ്രവര്‍ത്തനങ്ങളുടെ എണ്ണവുവും ചെറുതല്ല. ആ ഭീഷണി ഇപ്പോഴും അനസ്യൂതം തുടരുമ്പോഴും അതിന് പ്രത്യയ ശാസ്ത്ര പിന്തുണ നല്‍കുന്ന മാനിഫെസ്റ്റോയുടെ വക്താക്കള്‍ ഇവിടെ ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കാന്‍ പര്‍ദ്ദ നിരോധിക്കാനും മതം ഉപേക്ഷിച്ചു മനുഷ്യരാക്കാനുമുള്ള സമരത്തിലാണ് എന്നതാണ് രസകരം.
എല്‍.ടി.ടി.ഇ ഉള്‍പ്പെടെ യുള്ള ഗ്രൂപ്പുകള്‍ ചാവേര്‍ ആക്രമങ്ങള്‍ നടത്തി ആയിരകണക്കിന് ജീവന്‍ അപഹരിച്ചത് ശ്രീലങ്കയില്‍ തന്നെയാണ്, ഹിന്ദുത്വ പ്രത്യയ ശാസ്ത്ര പ്രേരണയാലാണ് ഗുജറാത്തില്‍ ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നത്. ഇപ്പൊഴും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അതിര്‍ത്തി പ്രദേശങ്ങളില്‍ മുസ്ലിം നമാധാരികള്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍, ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാന്‍ വേണ്ടി നിരവധി ഭീകര ഗ്രൂപ്പുകള്‍ തെളിഞ്ഞു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഭീകരതയെ ഹിന്ദു മതവുമായി കൂട്ടിക്കെട്ടുന്ന ചര്‍ച്ചകള്‍ വലുതായി ഉയര്‍ന്നു വരുന്നില്ല.
പലസ്തീനില്‍ നിരവധി കുഞ്ഞുങ്ങളാണ് ഇസ്രയേല്യരുടെ ആക്രമണങ്ങളില്‍ വര്‍ഷം തോറും കൊല്ലപ്പെടുന്നത്. ഡോ. ആങ് സീ ചായ് യുടെ ബൈറൂത്ത് റ്റു ജെറുസലേം എന്ന പുസ്തകത്തില്‍ അതിന്‍റെ തീവ്രതയും ഭീകരതയും കൃത്യമായി അനാവരണം ചെയ്തിട്ടുണ്ട്. എങ്കിലും, ജൂത ടെററിസം ഇവിടെ ലോക സമാധാനത്തിന് ഭീഷണിയാണെന്ന ചര്‍ച്ച പോലും ഉയര്‍ന്നു വരുന്നില്ല. ജൂത രാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടി തന്നെയാണ് അവരുടെ ഹിംസ എന്നത് പകല്‍ പോലെ വ്യക്തമായിട്ടും അതിനെ മതതീവ്രവാദ ഗണത്തിലേക്ക് പെടുത്താന്‍ മുഖ്യധാരാ ലോകം തയ്യാറാവാത്തത് കൂടി പ്രസ്താവ്യമാണ്.
ചുരുക്കത്തില്‍ പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെങ്കിലും അല്ലെങ്കിലും ഇസ്ലാമേതരര്‍ ചുക്കാന്‍ പിടിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ മതത്തെയോ വിശ്വാസത്തെയോ വലിച്ചിഴക്കണം എന്ന ലക്ഷ്യം ആധികമാര്‍ക്കുമില്ലാത്തത് അത്തരം ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ നേട്ടങ്ങള്‍ നല്‍കുന്നില്ല എന്നതു കൊണ്ടു മാത്രമാണ്. എന്നാല്‍, അതിന് ശ്രമിച്ചാല്‍ കോട്ടങ്ങള്‍ ഒരുപാടുണ്ട് താനും. ഈ തിരിച്ചറിവില്‍ നിന്നാണ് ഇസ്ലാം എപ്പോഴും പ്രതിചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി മുസ്ലിംകളുടെ പ്രധാന അജണ്ട തങ്ങള്‍ ഭീകരവാദികള്‍ അല്ല എന്നു തെളിയിക്കേണ്ട യത്നമായി പരിവര്‍ത്തിക്കപ്പെട്ടതും അത്തരമൊരു നിസ്സഹായത ഓരോ ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും വര്‍ദ്ധിച്ചു വരുന്നു എന്നതും പ്രസക്തമാണ്. 9/11 ന്‍റെ അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ദ്വന്ദം സ്ഥാപിക്കപ്പെടുകയുണ്ടായി. ഈ വീക്ഷണത്തില്‍ ഭീകരതക്ക് ഉത്തരവാദി ചീത്ത മുസ്ലിംകളാണ് ഒപ്പം നല്ല മുസ്ലിം എന്നു തെളിയിക്കപ്പെടുന്നത് വരെ എല്ലാവരും ഈ ചീത്ത മുസ്ലിം ക്യാറ്റഗറിയില്‍ തന്നെയാണ്. മഹ്മൂദ് മമ്ദാനിയുടെ വാക്കുകള്‍ കടമെടുത്താല്‍, ചീത്ത മുസ്ലിംകള്‍ക്കെതിരായ യുദ്ധത്തില്‍ ഭാഗഭാക്കായിക്കൊണ്ട് നല്ല മുസ്ലിം ആവാനുള്ള തന്‍റെ യോഗ്യത തെളിയിക്കുവാന്‍ എല്ലാ മുസ്ലിംകളും ഇപ്പോള്‍ ബാധ്യസ്ഥരായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് പോസ്റ്റ് ശ്രീലങ്കന്‍ ബ്ളാസ്റ്റ് യുഗത്തിലും ഇസ്ലാമും മുസ്ലിംകളും പതിവ് പോലെ എത്തിപ്പെടുന്ന പ്രതിസന്ധി.
ഇതിന്‍റെ മറവില്‍ പര്‍ദ്ദ, നിഖാബ്, താടി എന്നിവയെയെല്ലാം ഭീകരതയിലേക്ക് ചേര്‍ത്താനുള്ള വെപ്രാളവും അതിന്‍റെ പിന്നിലെ രാഷ്ട്രീയവും കാണാതെ പോവരുത്. മുസ്ലിം സമൂഹത്തിന്‍റെ സാംസ്കാരിക പ്രതീകങ്ങളെ ഭീകരതയുടെ പ്രതീകങ്ങളാക്കി അവതരിപ്പിക്കുവരുടെ ലക്ഷ്യം വിജയം കണ്ടാല്‍ മുസ്ലിം സ്വത്വത്തിന് വലിയ ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയും, അതിനാല്‍ തന്നെ ഇതിന്‍റെ ഭാഗമായുള്ള ഏത് ചെറിയ ശ്രമവും തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമുണ്ട്. ഇസ്ലാമോഫോബിയ എന്നത് പടിഞ്ഞാറിലെ വിമാനത്താവളങ്ങളില്‍ മാത്രമുള്ള ഒന്നല്ല, അതിനെ നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പോലും പടര്‍ത്താനാണ് ഇവര്‍ ഇത്തരം ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്. നല്ല മുസ്ലിം യോഗ്യതക്ക് വേണ്ടി പര്‍ദ്ദയും താടിയുമെല്ലാം ഉപേക്ഷിക്കേണ്ട ഘട്ടമെത്തി എന്നതാണ് ഭീകരാക്രമണങ്ങളിലൂടെ ഇസ്ലാമിന് കിട്ടിയ ഗുണം. നല്ല മുസ്ലിം എന്ന യോഗ്യതക്ക് വേണ്ടി ഇസ്ലാമിക പ്രതീകങ്ങള്‍ ഓരോന്നായി ഉപേക്ഷിച്ചു കൊണ്ട് പരിപൂര്‍ണ മതേതരനും കേവലം മുസലിം നമാധാരിയുമായി ഓരോ വിശ്വാസിയും മാറുക എന്നതാണ് ഇവരുടെയെല്ലാം പരമമായ ലക്ഷ്യം.

മമ്മൂട്ടി അഞ്ചുകുന്ന്