‘അധിനിവേശശക്തികളും ഇസ്‌ലാമും ഇന്ത്യയില്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലാത്തതാണ്. ഹിന്ദു സംസ്‌കാരത്തില്‍ കടന്നുകൂടിയിരുന്ന ജാതീയത, തൊട്ടുകൂടായ്മ, അയിത്തം തുടങ്ങിയവയെ ചൂണ്ടിക്കാട്ടാനും തിരുത്താനും അതിന് സാധിച്ചു. ഇസ്‌ലാമിന്റെ സാഹോദര്യ സങ്കല്‍പങ്ങളും സഹവര്‍ത്തിത്വത്തിന്റെ ദര്‍ശനങ്ങളും സമൂഹത്തില്‍ തുല്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന ഹിന്ദു സമുദായങ്ങളിലുള്ളവരെയൊക്കെ വലിയ രീതിയില്‍ സ്വാധീനിക്കുകയുണ്ടായി.’ (ജവഹര്‍ലാല്‍ നെഹ്‌റു, ദി ഡിസ്‌കവറി ഓഫ് ഇന്ത്യ- 1946, പേ.218)
ഇന്ത്യന്‍ മുസ്‌ലിമിന്റെ ചരിത്രവും അസ്തിത്വവും അയവിറക്കുമ്പോള്‍ പ്രഥമ പ്രധാനമന്ത്രിയും ചരിത്രകാരനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ നിരീക്ഷണത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. സമ്പന്നമായ കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ അസാങ്കല്‍പികമെന്നു പോലും തോന്നിപ്പിക്കും വിധമുള്ള പലതും നേടിവച്ച ചരിത്രമുള്ള ഇന്ത്യന്‍ മുസ്‌ലിമിന്റെ പ്രൗഢമായ ആ ചരിത്രം ഒരിക്കല്‍ കൂടി ചെറിയ രീതിയിലെങ്കിലും ഓര്‍മിക്കാനുള്ള ശ്രമമാണിവിടെ. ഫാസിസം മറവി കൊണ്ട് ഓര്‍മകള്‍ക്കു മേല്‍ ചിലന്തി വല കെട്ടാന്‍ ശ്രമിക്കുമ്പോള്‍, വീണ്ടും വീണ്ടും ഓര്‍ത്തു കൊണ്ടിരിക്കുക എന്നതു തന്നെയാണ് പോരാട്ടം.
മക്കയിലെ ഇസ്‌ലാമിന്റെ അരുണോദയ കാലത്തുതന്നെ കേരളത്തിലെത്തിയ ഇസ്‌ലാമിക പ്രഭ പിന്നീട് തലമുറകളിലൂടെ കൈമാറി വരികയായിരുന്നു. പ്രവാചകന്റെ ദിവ്യപ്രകാശത്തില്‍ നിന്ന് നേരിട്ടു പ്രകാശം ആവാഹിച്ചെടുത്ത അവിടുത്തെ അനുചരരുടെ സ്വഭാവവൈശിഷ്ടവും പെരുമാറ്റങ്ങളും ഒപ്പം ഇസ്‌ലാമിന്റെ മാനവിക ദര്‍ശനങ്ങളും കണ്ട് ഇസ്‌ലാമിലേക്കുള്ള ഒഴുക്ക് പതിയെ ആരംഭിക്കുകയും അതങ്ങനെ അനുസ്യൂതം തുടരുകയും പള്ളികള്‍ നിര്‍മിച്ചും മറ്റും അതിന് കൃത്യമായ രൂപം നല്‍കുകയും ചെയ്തു അവര്‍. അന്നവിടെ ഭൂരിപക്ഷമായിരുന്ന അമുസ്‌ലിം അധികാരികളുടെ നിസ്സീമമായ പിന്തുണയോടു കൂടി തന്നെയായിരുന്നു അതൊക്കെയും. പിന്നീട് ഒരു ഭരണാധികാരിയെന്ന രീതിയില്‍ ഇന്ത്യയില്‍ വന്ന് അധികാരം സ്ഥാപിക്കുന്നത് അമവി ഭരണകാലത്ത് മുഹമ്മദ് ബ്‌നു ഖാസി(റ)മായിരുന്നല്ലോ. സിന്ധ് കീഴടക്കലിലൂടെ അതുവരെയുള്ള കീഴടക്കല്‍ – അധികാര നിര്‍വചനങ്ങളെ തകര്‍ത്തെറിഞ്ഞ് പുതിയൊരു സംസ്‌കാരത്തിനും രാഷ്ട്രീയത്തിനും തിരികൊളുത്തുകയായിരുന്നു അദ്ദേഹമിവിടെ. അതേസമയം ഇബ്‌നു ഖാസിമി(റ)ന്റെ സിന്ധ് വിജയത്തെ വെറും അധിനിവേശവമായും കടന്നുകയറ്റമായും വായിക്കുന്ന ചരിത്രവായനകള്‍ തീര്‍ത്തും അപകടമാണ്. ന്യായമായ രീതിയില്‍ മാത്രം സമാധാനപരമായി സിന്ധ് ജയിച്ചടക്കിയ അദ്ദേഹത്തിന്റെ ക്ഷേമഭരണത്തില്‍ അന്നാട്ടുകാര്‍ സന്തുഷ്ടരായിരുന്നുവെന്ന് മാത്രമല്ല, ഭരണപങ്കാളിത്തം പോലും അന്നാട്ടിലെ അമുസ്‌ലിംകള്‍ക്ക് അദ്ദേഹം വകവച്ചു കൊടുത്തിരുന്നു. ഈ പടയോട്ടത്തില്‍ സിന്ധിലെ ബഹുജനങ്ങള്‍ പോലും അന്നത്തെ അധികാരിയായിരുന്ന ദാഹിര്‍ രാജാവിനെതിരെ ഇബ്‌നു ഖാസിമിനൊപ്പം ചേര്‍ന്നു യുദ്ധം ചെയ്തിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തില്‍ ഒരു വിമോചകനെപ്പോലെയായിരുന്നു ഇബ്‌നു ഖാസിമി(റ)ന്റെ അവതാരമെന്നു ചുരുക്കം.
പിന്നീടു വന്ന ഗസ്‌നവികളും ഗോറികളും മംലൂകികളും ഖില്‍ജികളും തുഗ്ലക്കുകളും ലോധികളും മുഗളന്മാരുമെല്ലാം മാറി മാറി ഭരിച്ച ഇന്ത്യ മുസ്‌ലിം ഭരണാധികാരികള്‍ക്കു കീഴില്‍ എല്ലാ വിധത്തിലും ലോകത്തിന്റെ നെറുകയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. അബുല്‍ ഹസന്‍ അലി നദ്‌വി തന്റെ ‘മിനാരം സംസാരിക്കുന്നു’ (ഠവല ാശിമൃമലേ ുെലമസെ) എന്ന ചെറുപുസ്തകത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സമ്പന്നമായ പൈതൃകത്തെയും പാരമ്പര്യത്തെയും ചുരുങ്ങിയ രൂപത്തില്‍ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്. എട്ടു നൂറ്റാണ്ടുകളോളം മാറി മാറി പല മുസ്‌ലിം ഭരണകൂടങ്ങള്‍ക്കും കീഴില്‍ വളര്‍ന്ന കാലം എന്തുകൊണ്ടും ഇന്ത്യയുടെ സുവര്‍ണ കാലം തന്നെയായിരുന്നു. പക്ഷേ, ഈ അധികാരമുപയോഗിച്ചാണ് ഇന്ത്യയിലെ വിശാലമായ ഇസ്‌ലാമിക പ്രബോധനം സാധ്യമായത് എന്നു പറഞ്ഞാല്‍ അതൊരു ചരിത്രപരമായ വിഡ്ഢിത്തമാണ്. കാരണം, അധികാരമോ ബലപ്രയോഗമോ ആയിരുന്നില്ല, മറിച്ച് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹിക വീക്ഷണങ്ങളും ദാര്‍ശനിക മൂല്യങ്ങളുമായിരുന്നു ജനങ്ങളെ അതിലേക്കടുപ്പിച്ചത്. ഉത്തമരായ മുസ്‌ലിം ജീവിതങ്ങള്‍ കണ്ടും അനുഭവിച്ചുമായിരുന്നു അവരാ മതം പുല്‍കിയത്. കറപുരളാത്ത, നിഷ്‌കളങ്ക ജീവിതം നയിച്ച സൂഫികളാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഇസ്‌ലാമിന്റെ സവിശേഷമായ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത് എന്ന വസ്തുത സുവ്യക്തമാണല്ലോ. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയും ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയായും ബാബാ ഫരീദുദ്ദീന്‍ ഗഞ്ച്ശകറും ബഖ്തിയാര്‍ കഅ്ക്കിയുമൊക്കെ സാധ്യമാക്കിയ സൂഫിസം അതിഷ്ഠിതമായുള്ള, ഹൃദയങ്ങളോടു സംവദിക്കുന്ന നിശബ്ദ വിപ്ലവം തന്നെയാണ് രക്തരൂക്ഷിതമായ സായുധ വിപ്ലവങ്ങളേക്കാള്‍ കൂടുതള്‍ ഫലം ചെയ്തതും കാലങ്ങള്‍ക്കിപ്പുറവും നന്ദിയോടെ ഓര്‍ക്കപ്പെടുന്നതും.
അന്നത്തെ സാമൂഹികവ്യവസ്ഥയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ജാതീയതയുടെ കരവലയങ്ങളില്‍ നിന്നു രക്ഷനേടാനായിരുന്നു മറ്റു ചിലര്‍ ഇസ്‌ലാമിന്റെ തീരത്തേക്കു കടന്നുവന്നത്. ബ്രഹ്മണര്‍ക്ക് പാദസേവന ചെയ്യുന്നിടത്തു നിന്ന് സമൂഹത്തില്‍ എല്ലാവരെയും പോലെ തലയുയര്‍ത്തി നില്‍ക്കാന്‍ അവകാശം നല്‍കുന്ന ഇസ്‌ലാമിന്റെ സാമൂഹിക ദര്‍ശനം കണ്ട് അതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു അവരെല്ലാവരും. ചിലപ്പോള്‍ ചില ജാതികള്‍ മുഴുവനായിത്തന്നെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ജാതിവ്യവസ്ഥയില്‍ നിന്നു മോചനം ലഭിക്കാനായി അതുവരെ ആളുകള്‍ ബുദ്ധമതത്തിലേക്കായിരുന്നു കുടിയേറിയതെങ്കില്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ അതിന്റെ ദാര്‍ശനികതയാണ് കൂടുതല്‍ സാമൂഹിക സമത്വം വിഭാവനം ചെയ്യുന്നതെന്നു കണ്ട് അവരൊന്നായി പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റുവും തോമസ് ആര്‍ണോള്‍ഡും ഡോ. രാജേന്ദ്ര പ്രസാദും എം.എന്‍ റോയിയുമൊക്കെ അവരുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇനി ദക്ഷിണേന്ത്യയിലെ ഇസ്‌ലാമിന്റെ ഏടുകളെ പറയുമ്പോള്‍, യമനില്‍ നിന്നു കടന്നു വന്ന മഖ്ദൂമികളും ഹള്‌റമികളുമടങ്ങുന്ന പണ്ഡിതവര്യര്‍ സാധ്യമാക്കിയ വിപ്ലവം അവിസ്മരണീയമാണ്. ഇന്തൊനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഈജിപ്ത്, ഇറാഖ്, സിറിയ തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നു പോലുമുള്ള പഠിതാക്കള്‍ മലബാറിലേക്ക് കപ്പലു കയറുന്നിടത്തേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ച വ്യവസ്ഥാപിതമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം ജനങ്ങളെ ജാതിമതഭേദമന്യേ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സമരമുഖത്ത് ഒരുമിപ്പിക്കാന്‍ കൂടി ഇത്തരം പണ്ഡിതന്മാര്‍ക്ക് സാധിച്ചിരുന്നു. പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പള്ളി ദര്‍സും ആദ്യ സാമ്രാജ്യത്വ വിരുദ്ധ ചരിത്ര രചനയെന്നു പറയാവുന്ന തുഹ്ഫത്തുല്‍ മുജാഹിദീനും ഫത്ഹുല്‍ മുബീനും സൈഫുല്‍ ബത്താറുമൊക്കെ അക്കൂട്ടത്തില്‍ സുവിദിതമാണ്.
വിദ്യാഭ്യാസത്തിനും വൈജ്ഞാനിക സംരംഭങ്ങള്‍ക്കും അന്നത്തെ ഇന്ത്യന്‍ മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിപ്പോന്ന പ്രാധാന്യമായിരുന്നു പില്‍ക്കാലത്ത് ഇവിടെ പല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകിയതെന്നു വേണമെങ്കില്‍ പറയാം. മതവിജ്ഞാനീയങ്ങള്‍ക്കു പുറമേ, ശാസ്ത്ര വിദ്യകള്‍ക്കു കൂടി പ്രധാന്യം നല്‍കിയിരുന്ന ബഗ്ദാദിലെ നിസാമിയ്യ മദ്‌റസയുടെ മാതൃകയില്‍ ഡല്‍ഹിയിലും ലാഹോറിലും ഗസ്‌നിയിലും സ്ഥാപിതമായ സ്ഥാപനങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. മംഗോളികള്‍ ബഗ്ദാദ് തകര്‍ത്തു തരിപ്പണമാക്കി, പണ്ഡിതന്മാരും ശാസ്ത്രജ്ഞരും അവിടം വിട്ടുപോവേണ്ടി വന്നപ്പോള്‍ തങ്ങള്‍ക്ക് അനുയോജ്യമായ മറ്റൊരിടം തിരഞ്ഞ അവര്‍ ഇന്ത്യ ലക്ഷ്യമാക്കി കടന്നുവന്നതു തന്നെ നമ്മുടെ സമ്പന്നമായ പൈതൃകത്തിന്റെ ദിവ്യസാക്ഷ്യമാണ്. അല്‍ ബിറൂനിയും ഇബ്‌നു ബത്തൂത്തയും അല്‍ മസ്ഊദിയുമൊക്കെ ഇന്ത്യക്കുറിച്ചെഴുതിയ വരികളില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞു കാണാം.
വാസ്തുകലയിലെയും നിര്‍മാണത്തിലെയും ഇന്ത്യന്‍ പൈതൃകം സുതരാം വ്യക്തമാണല്ലോ. പേര്‍ഷ്യന്‍ മാതൃകകളില്‍ നിന്ന് കടമെടുത്ത് ഇന്തോ-പേര്‍ഷ്യന്‍ എന്ന പുതിയൊരു സംസ്‌കാരത്തിന് രൂപം നല്‍കി, ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ശില്‍പഭംഗിയെ എത്തിച്ച മഹത്തായ സംസ്‌കാരമാണ് നമുക്കുള്ളത്. ഇന്ത്യയില്‍ അതിന്റെ സുവര്‍ണ പൈതൃകങ്ങളുടെ ശേഷിപ്പായി ഇന്നെന്തുണ്ടെന്നു ചോദിച്ചാല്‍ മുസ്‌ലിം ഭരണാധികാരികള്‍ ഇവിടെ നിര്‍മിച്ചെടുത്ത താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയുമൊക്കെ എന്നതാണ് ഉത്തരം. മുസ്‌ലിം അടരുകള്‍ ഒഴിച്ചു നിര്‍ത്തിയുള്ള ഇന്ത്യ ഇന്ത്യയല്ല എന്നു ചുരുക്കം. മുസ്‌ലിം ചരിത്രങ്ങള്‍ വക്രീകരിച്ചു കാണിക്കാനും ഭരണാധികാരികളെ രക്തദാഹികളായി ചിത്രീകരിക്കാനും വെമ്പല്‍കൊള്ളുന്ന ചരിത്രകാരന്മാര്‍, വളര്‍ന്നു വരുന്ന തലമുറയ്ക്കു മുന്നില്‍ അത്തരം വികല ചിന്തകള്‍ ഇന്‍ജക്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പാഠപുസ്തകത്തിന്റെ അണിയറ ശില്‍പികളെല്ലാം ഈ വസ്തുതകള്‍ ഓര്‍ത്തുവക്കുന്നത് നന്ന്.
മുഹമ്മദു ബ്‌നു ഖാസിമി(റ)നു ശേഷം നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളൊക്കെയും ഭരണത്തില്‍ അദ്ദേഹത്തിന്റെ നയം തന്നെയായിരുന്നു സ്വീകരിച്ചത് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് അന്നും ഇന്നും ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രമായിരുന്നു മുസ്‌ലിം ജനസംഖ്യ ഉണ്ടായിരുന്നുള്ളൂ എന്നത്. ഭൂരിപക്ഷ സമൂഹമായ ഹിന്ദു സമുദായവുമായി സഹവര്‍ത്തിത്വത്തിന്റെ പാതയായിരുന്നു അവരെന്നും സ്വീകരിച്ചത്. ചില മുസ്‌ലിം ഭരണാധികാരികളുടെ മേല്‍ ആരോപിക്കപ്പെടുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും ഇതര മതക്കാരോടുള്ള അസഹിഷ്ണുതയുടെയും കഥകള്‍ വെറും കെട്ടുകഥകള്‍ മാതമാണെന്ന് നമുക്ക് ഇതിലൂടെ വ്യക്തമാകും. ഇസ്‌ലാമിനു മുമ്പും ശേഷവും ഇന്ത്യ ഭരിച്ച വിദേശ ശക്തികള്‍ക്ക് സാധ്യമാകാത്തതെന്തോ, സാധ്യമാകാത്ത പലതും ഇസ്‌ലാമിന് സാധ്യമായി എന്നിടത്തു തന്നെയാണ് നമ്മുടെ വിഷയത്തിന്റെ മര്‍മം കിടക്കുന്നത്. അവരൊക്കെയും കൊളോണിയല്‍ താത്പര്യങ്ങളും മറ്റും മുന്‍നിറുത്തിയാണ് ഇവിടെ അധികാരം സ്ഥാപിച്ചതെങ്കില്‍ മുസ്‌ലിം ഭരണാധികാരികള്‍ ചരിത്രത്തില്‍ നിന്ന് കാലമെത്ര കഴിഞ്ഞാലും മായ്ച്ചു കളയാനാകാത്ത വിധം ഇന്ത്യയെ ശാക്തീകരിക്കുകയും തങ്ങളുടെ ഇടം അടയാളപ്പെടുത്തുകയുമായിരുന്നു. ഇസ്‌ലാമിന്റെ ആഗമനാനന്തരം ഇസ്‌ലാമിക ദര്‍ശനത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഏഴാം നൂറ്റാണ്ടിനു ശേഷം ഹിന്ദു മതത്തില്‍ ആശയപരവും സമുദ്ധാരപരവുമായ പല നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇന്ത്യയിലെ പല സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പടപൊരുതിയ പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയുടെ ചിന്തകള്‍ക്കും വെളിച്ചം നല്‍കിയത് ഇസ്‌ലാമിക ദര്‍ശനങ്ങളാണെന്നും പലരും നിരീക്ഷിക്കുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം പരിശോധിക്കുമ്പോഴും മുസ്‌ലിംകളെ മാറ്റി നിര്‍ത്തിയുള്ള ഒരു ചരിത്രം പറച്ചില്‍ സാധ്യമല്ലതന്നെ. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നോണം പല ചരിത്രരചനകളും സമ്പൂര്‍ണ മുസ്‌ലിം വിരുദ്ധ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട, മുസ്‌ലിം വിരുദ്ധ മുന്‍വിധികളില്‍ അതിഷ്ഠിതമായ യഥാര്‍ഥ ചരിത്രത്തെ തമസ്‌കരിക്കുന്ന രീതിയിലുള്ളതാണ് എന്നതാണ് വസ്തുത. ഇന്ത്യന്‍ സ്വാതന്ത്ര്യം മുസ്‌ലിംകകളുടെ രക്തത്താല്‍ എഴുതപ്പെട്ടതാണെന്ന് പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ദ് സിംഗ് എഴുതിയിട്ടുണ്ട്. പക്ഷേ, അപ്പോഴും രാജ്യസ്‌നേഹം വര്‍ഷാവര്‍ഷം ഒരു ബാധ്യത പോലെ പ്രകടിപ്പിക്കേണ്ടി വരുന്ന പരിതസ്ഥിതിയാണ് ഏറെ അപകടകരം. മൈസൂര്‍ രാജവംശത്തിനു കീഴിലെ ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ തമസ്‌കരിക്കപ്പെടുന്ന, ഝാസി റാണി ആഘോഷിക്കപ്പെടുമ്പോഴും ബീഗം ഹസ്‌റത്ത് മഹലിനെ കാണാതെ പോലും പോകുന്ന, മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെയും അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിന്റെയും വീരചരിതങ്ങള്‍ അടഞ്ഞ അധ്യായങ്ങള്‍ മാത്രമായിക്കിടക്കുന്ന, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വീര്യം പകരാന്‍ ഉള്ളതൊക്കെയും സമര്‍പ്പിച്ചവരുടെ കഥകള്‍ പുറംലോകം കാണാത്ത, പള്ളികള്‍ പോലും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റിയവരുടെ ചരിത്രങ്ങള്‍ അവഗണിക്കപ്പെടുന്ന, കൊളോണിയല്‍ താത്പര്യങ്ങള്‍ ഒട്ടും തന്നെയില്ലാതെ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മുന്നോട്ടുവച്ച എണ്ണൂറു വര്‍ഷക്കാലം ഇന്ത്യ ഭരിച്ചവരുടെ ചരിത്രങ്ങള്‍ മൂടിവയ്ക്കപ്പെടാനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്ന ഒരു പ്രത്യേക പരിതസ്ഥിതിയില്‍ ഇത്തരം വായനകളുടെ പ്രസക്തി കൂടുതല്‍ വര്‍ധിക്കുക തന്നെയാണ്.
ഇത്രമാത്രം സമ്പന്നമായ പൈതൃകവും പാരമ്പര്യവുമുണ്ടായിരുന്ന മുസ്‌ലിംകള്‍ക്ക് പിന്നീടെന്തു സംഭവിച്ചുവെന്നത് ഇന്നും പ്രസക്തമായ ചോദ്യം തന്നെയാണ്. പ്രതാപത്തിന്റെയും പ്രൗഢിയുടെയും ഉന്നതികളില്‍ വിരാജിച്ചിരുന്നവരുടെ, വിദ്യാസമ്പന്നരും ധിഷണാശാലികളുമായിരുന്നവരുടെ പിന്മുറക്കാന്‍ അജ്ഞരും നിരക്ഷരരും ആയിത്തീര്‍ന്നതിന്റെ, രാഷ്ട്രീയബോധമോ ലക്ഷ്യബോധമോ പോലും ഇല്ലാതെ കാറ്റിന്റെ ദിശയില്‍ സഞ്ചരിക്കുന്ന പായവഞ്ചിയായി മാറിയത് എന്നു മുതലായിരുന്നുവെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ലോകം കണ്ട, വാള്യങ്ങള്‍ വരുന്ന, വിശ്രുതമായ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പോലും രചിച്ചവരുടെ പിന്‍ഗാമികള്‍ മതത്തില്‍ അടിസ്ഥാന ബോധം പോലുമില്ലാതെ പോയതിന്റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കേണ്ടതു തന്നെയാണ്. കൊളോണിയല്‍ താത്പര്യങ്ങളുമായി ഇവിടെ കടന്നുവന്നവര്‍ അവരെ എല്ലാവിധത്തിലും ചൂഷണം ചെയ്തപ്പോള്‍ അവര്‍ ഒന്നുമല്ലാതായിത്തീരുകയായിരുന്നു. വിദ്യാഭ്യാസമെന്ന അടിസ്ഥാന യോഗ്യത അന്യം നിന്നപ്പോള്‍ സാമൂഹികമായും രാഷ്ട്രീയമായും അവര്‍ ശൂന്യമാവുകയായിരുന്നു. ഉത്തരേന്ത്യയിലെ പരശ്ശതം വരുന്ന പണ്ഡിതന്മാര്‍ ശിലപാകിയ ജ്ഞാനസൗധങ്ങള്‍ക്ക് വേലികെട്ടാനും സംരക്ഷിക്കാനും ആളില്ലാതെ പോവുകയായിരുന്നു.
സാമ്പത്തികയമായും രാഷ്ട്രീയമായും സാമൂഹികമായും നിയമനങ്ങളിലും പരിപൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം ജനവിഭാഗത്തെ കുറിച്ചു നടത്തപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കമുള്ള റിപ്പോര്‍ട്ടുകളൊക്കെയും ഊന്നിപ്പറയുന്നൊരു കാര്യവും ഇതു തന്നെയാണ്. ‘ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വത്വബോധം രൂപപ്പെടുന്നത് അവര്‍ തങ്ങളുടെ ചരിത്രത്തെയും പാരമ്പര്യത്തെയും മനസ്സിലാക്കുന്നതിലൂടെയാണ്. ന്യൂനപക്ഷത്തെയും അവരുടെ പൈതൃകത്തെയും ഭൂരിപക്ഷം എങ്ങനെ മനസ്സിലാക്കുന്നോ, അതായിരിക്കും ഭൂരിപക്ഷ സാമൂഹ്യ വ്യവസ്ഥയില്‍ ന്യൂനപക്ഷത്തിന്റെ ചിത്രം. ബഹുസ്വര സമൂഹത്തോട് ഒരു സമുദായത്തിന്റെ ചരിത്രം ഒരേ ഭാഷയിലല്ലല്ലോ സംസാരിക്കുന്നത്’ എന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരന്‍ ഐ.ജി നൂറാനി നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് ഭരണഘടനാ സംരക്ഷണവും അധികാര പങ്കാളിത്തതും ഔപചാരികമായി നടക്കുന്നുണ്ടെങ്കിലും അപ്പോഴും മുസ്‌ലിം ഉന്നമനമെന്നത് ഒരു മരീചികയായി മാത്രം അവശേഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ശരിയാണ്, കാലങ്ങള്‍ക്കിപ്പുറം അധികാരത്തിന്റെ ഗതി നിര്‍ണയിക്കുന്നതിലുള്ള വെറുമൊരു ഘടകം മാത്രമായി, വോട്ടു ബാങ്ക് മാത്രമായി ഇന്ത്യന്‍ മുസ്‌ലിമിന്റെ, വിശേഷിച്ച് ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ ചരിത്രം പരിണമിക്കുകയായിരുന്നു. ആയിരത്തിനും രണ്ടായിരത്തിനും മുസ്‌ലിം വോട്ടുകള്‍ നല്‍കുന്ന രീതിയിലേക്ക് അവരുടെ രാഷ്ട്രീയബോധം അധഃപതിച്ചതു തന്നെയാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഉത്തര്‍പ്രദേശില്‍ പോലും തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് അനായാസം വിജയം നേടിക്കൊടുക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ സമുദ്ധരിക്കുക, ശാക്തീകരിക്കുക എന്നതു മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരം. വളര്‍ന്നു വരുന്ന തലമുറയെങ്കിലും അത്തരമൊരു ബോധമുള്ളവരായിത്തീരാന്‍, തങ്ങളുടെ സമ്പന്നമായ നഷ്ടപൈതൃകങ്ങളെക്കുറിച്ചോര്‍ത്ത് അതിന്റെ ചെറിയ രീതിയിലെങ്കിലുമുള്ള വീണ്ടെടുപ്പിനായി ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുന്നവരായി മാറാന്‍ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കൂ. അതിനുള്ള ക്രിയാത്മകമായ നീക്കങ്ങളും അത്തരം നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നടപടികളുമാവട്ടെ നമ്മള്‍ ഓരോരുത്തരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്.
മുഹമ്മദ് ശാക്കിര്‍ മണിയറ