മതം, പ്രമാണം, വ്യാഖ്യാനം; അതിരടയാളങ്ങള്‍ ആവശ്യമാണ്

956

പ്രവാചക സന്താന പരമ്പരയിലെ ശ്രദ്ധേയനായ പണ്ഡിതനാണ് ഇമാം ജഅ്ഫര്‍ സ്വാദിഖ്(702-765). സുന്നികളും ശിയാക്കളുമെല്ലാം ഏറെ ആദരിക്കുന്ന മഹാ ജ്ഞാനി. ഇമാം മാലിക്, ഇമാം അബൂഹനീഫ തുടങ്ങിയവരുടെ ഗുരുവര്യന്‍. ഒരിക്കല്‍ തന്റെ വിദ്യാര്‍ഥികളോട് ഇമാം ഒരു അനുഭവ കഥ പറഞ്ഞു. മതത്തെ സ്വന്തം യുക്തിക്കും തോന്നലുകള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്ന ഒരാളുമായി ഉണ്ടായ അനുഭവം. അതിങ്ങനെ: എന്റെ നാട്ടില്‍, സാധാരണക്കാരെല്ലാം വലിയ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു വിദ്വാനുണ്ടായിരുന്നു. ആളുകളെല്ലാം അയാളുടെ മഹത്വം പറയുന്നതു കേട്ടപ്പോള്‍, കക്ഷിയെ എനിക്കും ഒന്ന് കാണണമെന്നു തോന്നി. അങ്ങനെ ചന്തയിലേക്കുള്ള വഴിയില്‍ വച്ച് അയാളെ ഞാന്‍ കണ്ടു. കക്ഷി അറിയാതെ ഞാന്‍ അയാളെ പിന്തുടര്‍ന്നു. കക്ഷി നേരെ പോയത് ഒരു റൊട്ടിക്കടയിലേക്ക്. അവിടെ തൗതാരിച്ചുകൊണ്ടിരിക്കെ പീടികക്കാരന്റെ ശ്രദ്ധ തെറ്റിയപ്പോള്‍, രണ്ട് റൊട്ടിയെടുത്തു അയാള്‍ തന്റെ സഞ്ചിയിലിട്ടു. ഞാന്‍ ആ രംഗം കണ്ടപ്പോള്‍ ആകെ അത്ഭുതപ്പെട്ടു പോയി. ജനങ്ങളെല്ലാം ഏറെ പ്രശംസിച്ചു പറയുകയും ആദരിക്കുകയും ചെയ്യുന്ന ഒരാള്‍ ഇങ്ങനെ ചെയ്യുമോ? ഒരുപക്ഷേ, അയാള്‍ പീടികക്കാരനുമായി മുന്‍ ഇടപാടുകള്‍ ഉണ്ടായിരിക്കാം. അതിന്റെ ഭാഗമായി എടുത്തതാകാം…. ഞാനെന്റെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു. പിന്നെ അയാള്‍ ചെന്നത്, ഒരു പഴക്കടയിലേക്ക്. കച്ചവടക്കാരനോട് കുശലാന്വേഷണം നടത്തി. അതിനിടെ അയാളുടെ ശ്രദ്ധ തെറ്റിയപ്പോള്‍, രണ്ടു പഴങ്ങളെടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു. എനിക്ക് എന്തോ പന്തികേടു തോന്നി. എന്നിട്ടും, ഇവര്‍ തമ്മിലുള്ള ഇടപാടിന്റെ ഭാഗമായിരിക്കാം അതെന്നു കരുതി ഞാന്‍ സ്വയം അയാളെ ന്യായീകരിച്ചു. ഇടപാടാണെങ്കില്‍ പിന്നെ എന്തിനാണ് കച്ചവടക്കാരന്റെ ശ്രദ്ധ തെറ്റുന്ന നേരത്ത് തന്നെ വസ്തുക്കള്‍ എടുക്കുന്നത് എന്ന തോന്നലുകളെ ഞാന്‍ അവഗണിച്ചു.
പിന്നീടയാള്‍ പോയത് വഴിവക്കില്‍ വിശ്രമിക്കുകയായിരുന്ന ഒരു രോഗിയുടെ അടുത്തേക്കാണ്. തന്റെ കയ്യിലുണ്ടായിരുന്ന റൊട്ടിയും പഴങ്ങളും ആ രോഗിക്ക് അയാള്‍ നല്‍കി. ഒഴിഞ്ഞ സഞ്ചിയുമായി അയാള്‍ യാത്ര തിരിച്ചപ്പോള്‍ ഞാന്‍ അയാളെ സമീപിച്ചു. കണ്ടപാടേ, ഞാന്‍ ജഅ്ഫര്‍ സ്വാദിഖാണെന്ന് അയാള്‍ക്ക് മനസ്സിലായി. ഞാന്‍ അയാളുടെ ചെയ്തികളെ കുറിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘വലിയ കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ, മഹാന്മാരുടെ പാരമ്പര്യം ഉണ്ടായതുകൊണ്ടോ കാര്യമില്ല. വിവരം വേണം. വിവരം!’
‘എനിക്ക് എന്ത് വിവരക്കേടാണ് ഉള്ളതെന്നന്നാണ് താങ്കള്‍ പറയുന്നത് ‘
‘നിങ്ങളുടെ ചോദ്യം തന്നെ വിവരക്കേടാണ്. നിങ്ങള്‍ ഖുര്‍ആന്‍ ഓതാറില്ലേ? ഖുര്‍ആനില്‍ പറയുന്നത്, ഒരാള്‍ ഒരു നന്മ ചെയ്താല്‍ പത്തിരട്ടി പ്രതിഫലമുണ്ട്. അതേ സമയം ഒരു തിന്മ ചെയ്താല്‍ അതിന് ഒരു തിന്മയുടെ കുറ്റവും ഉണ്ട് (അന്‍ആം: 160) എന്നല്ലേ’ ‘അതെ’ ‘അപ്പോള്‍, ഞാന്‍ രണ്ട് റൊട്ടിയും രണ്ടു പഴവും മോഷ്ടിച്ചെടുത്തതിന് എനിക്ക് നാല് തിന്മയുടെ കുറ്റമുണ്ട് എന്നത് ശരി. പക്ഷേ, ഞാന്‍ അത് ഒരു പാവപ്പെട്ട രോഗിക്ക് ദാനം ചെയ്യുകയായിരുന്നു. ഖുര്‍ആന്‍ പറഞ്ഞതു പ്രകാരം അതിന് നാല്‍പ്പത് ഇരട്ടി പ്രതിഫലം ലഭിക്കും. അപ്പോള്‍ എനിക്ക് കിട്ടിയ നാല്‍പ്പത് നന്മയില്‍ നിന്നു നാല് തിന്മയുടെ കുറ്റം കിഴിച്ചാല്‍, പിന്നെയും എനിക്ക് മുപ്പത്തി നാല് നന്മയുടെ പ്രതിഫലമുണ്ട്.’
അയാളുടെ വിശദീകരണം കേട്ടപ്പോള്‍ ഇമാം ജഅ്ഫര്‍ സ്വാദിഖ് അന്തംവിട്ടു പോയി. അദ്ദേഹം പറഞ്ഞു: ‘എടാ വിഡ്ഢീ, നിനക്ക് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനെ കുറിച്ച് യാതൊന്നും അറിയില്ല. ഭക്തിയും സൂക്ഷ്മതയും ഉള്ളവരില്‍ നിന്നേ അല്ലാഹു സ്വീകരിക്കൂ(മാഇദ:27) എന്ന് ഖുര്‍ആനില്‍ പറയുന്നത് നീ കണ്ടിട്ടില്ലേ? നീ രണ്ട് റൊട്ടി കട്ടെടുത്തപ്പോള്‍ രണ്ട് കുറ്റം ചെയ്തു. പിന്നെ രണ്ടു പഴങ്ങളും കൂടി എടുത്തപ്പോള്‍ അത് നാലായി. ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് നാല് വസ്തുക്കള്‍ കൊടുത്തതോടെ, നാല് പാപങ്ങള്‍ എട്ടു പാപങ്ങളായി വര്‍ദ്ധിക്കുകയാണ് ചെയ്തത്. അല്ലാതെ, നാല് പാപങ്ങളെ നാല്‍പ്പത് നന്മ കൊണ്ട് മായിച്ചു കളയുകയല്ല ചെയ്തത്..’
ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ വിശദീകണം കേട്ടപ്പോള്‍, അയാള്‍ ഇമാമിനെ ഒന്നു തുറിച്ചു നോക്കുക മാത്രം ചെയ്തു. മറുപടിയായി യാതൊന്നും ഉരിയാടിയില്ല. തന്റെ അനുഭവ കഥ കേട്ടിരിക്കുന്ന വിദ്യാര്‍ഥികളോട് ഒരിക്കല്‍ കൂടി ഇമാം ഓര്‍മിപ്പിച്ചു: ‘ഇത്തരം മോശപ്പെട്ടതും വികൃതവുമായ വഴികളിലൂടെ പ്രമാണങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ്, ചിലര്‍ സ്വയം പിഴക്കുന്നതും മറ്റുള്ളവരെ പിഴപ്പിക്കുന്നതും’
ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെത് ഒറ്റപ്പെട്ട അനുഭവമല്ല. മുസ്‌ലിം ലോകത്ത് ഇടക്കിടെ ഇത്തരം വ്യാഖ്യാന വിരുതന്മാര്‍ തലപൊക്കാറുണ്ട്. ആദ്യം ഒരു ആശയമുണ്ടാക്കും. പിന്നെ അതിനു തെളിവുണ്ടാക്കാനായി പ്രമാണങ്ങളിലൂടെ പരക്കം പായും. മതനവീകരണ ചിന്തകളുടെ തുടക്കവും വളര്‍ച്ചയും ഈയൊരു പ്രതലത്തില്‍ വെച്ചാണ്. അതിന് കാലങ്ങളുടെ പഴക്കവും കാണാം. പ്രവാചകര്‍ പരലോകം പ്രാപിച്ചയുടന്‍ തന്നെ, ഇസ്‌ലാമിന്റെ യഥാര്‍ഥ പാന്ഥാവില്‍ നിന്നു ട്രാക്കു തെറ്റിയവര്‍ ഇത്തരം ട്രിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അബൂ
ബക്ർ(റ)ന്റെ കാലത്ത് രംഗപ്രവേശം ചെയ്ത സകാത്ത് നിഷേധികള്‍, അദ്ദേഹത്തിനു സകാത്ത് നല്‍കാതിരിക്കാന്‍ ന്യായം നിരത്തിയത് ഖുര്‍ആനിക വചനം. ‘താങ്കള്‍ അവരുടെ സമ്പത്തില്‍ നിന്ന് സ്വദഖ സ്വീകരിക്കുക’(ഖുര്‍ആന്‍ 9: 103) എന്ന വചനം ഉദ്ധരിച്ചുകൊണ്ട് അവര്‍ പറഞ്ഞത്, ഈ കല്‍പ്പന പ്രവാചകരോട് മാത്രമാണ്. പിന്നീട് വരുന്നവര്‍ക്ക് അതു പോലെ സകാത്ത് വാങ്ങാനും സ്വീകരിക്കാനും അര്‍ഹതയില്ല… തുടങ്ങിയ മുടന്തന്‍ ന്യായങ്ങളാണ്. അതു വച്ചാണവര്‍ മുസ്‌ലിം മുഖ്യധാരയില്‍ നിന്നു വിഘടിച്ചു നിന്നത്.
ശൈഥില്യത്തിന്റെ സംഘടിത രൂപം സ്വീകരിച്ച് ആദ്യം രംഗത്തിറങ്ങിയ ഖവാരിജുകള്‍, സമുദായത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കിയത്. ‘‘വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം’’(ഖുര്‍ആന്‍ 6:57) എന്ന വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത തെറ്റിദ്ധാരണയും പ്രശ്‌നങ്ങളും പറഞ്ഞു പരിഹരിക്കാന്‍, മധ്യസ്ഥന്മാര്‍ മുന്നിട്ടിറങ്ങിയതിനെ ഖലീഫ അലി(റ) ഉള്‍പ്പടെയുള്ള മുസ്‌ലിം മുഖ്യധാര അംഗീകരിച്ചതിനെ തള്ളിക്കളയാന്‍ വേണ്ടിയാണവര്‍ തെറ്റായ രീതിയില്‍ ഇവിടെ ഖുര്‍ആന്‍ വ്യാഖ്യാനിച്ചത്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പോലും ഇരുപക്ഷത്തുനിന്നും മധ്യസ്ഥര്‍ വരണമെന്നും അവര്‍ തീരുമാനം എടുക്കണമെന്നും നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളെ(നിസാ: 35) അടക്കം ഒരുഭാഗത്തേക്ക് തള്ളിമാറ്റിയാണവര്‍ മറ്റൊരു വചനത്തിന്റെ പ്രത്യക്ഷാര്‍ഥം ഏറ്റുപിടിച്ച് വിശ്വാസികള്‍ക്കിടയില്‍ കലാപം സൃഷ്ടിച്ചത്.
ശിയാക്കളും പിന്നീട് വന്ന മുഅ്തസിലികളും ജഹ്‌മികളും കടപ സൂഫികമെല്ലാം ഈ ശൈലി സ്വീകരിച്ചതു കാണാം. അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ്(റഅ്ദ്: 16) എന്ന വചനത്തെ വ്യാഖ്യാനിച്ചാണ് മുഅ്തസിലുകള്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വാദിച്ചത്. ‘നിങ്ങളുടെ രക്ഷകര്‍തൃത്വം അല്ലാഹുവും റസൂലും സത്യവിശ്വാസികളുമാണ്’(മാഇദ:55) എന്ന വചനത്തെ വളച്ചൊടിച്ചു, അല്ലാഹുവും റസൂലും കഴിഞ്ഞതിനു ശേഷം പരാമര്‍ശിച്ച സത്യവിശ്വാസി അലി(റ)യാണെന്നും ആകയാല്‍ പ്രവാചകനു ശേഷം മുസ്‌ലിംകളുടെ നേതാവ് അലി(റ) ആണെന്നും ശിയാക്കള്‍ വാദിച്ചു. ഇതിനു സമാനമായ വാദങ്ങളാണ്, ദൈവത്തിന്റെ ഗുണഗണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ജഹ്‌മു ബിന്‍ സഫ്‌വാന്‍(696-746) മുതല്‍, ദൈവത്തിനു ശരീരാകാരത്തോളം ആരോപിച്ച ഇബ്‌നു തൈമിയ്യ (1263-1328)വരെയുള്ളവര്‍ പലഘട്ടങ്ങളിലായി ഉയര്‍ത്തി കൊണ്ടുവന്നതും വിശ്വാസികള്‍ക്കിടയില്‍ വിവാദങ്ങളുടെ വേലിയേറ്റം ഉണ്ടാക്കിയതും. അതിന്റെ ശേഷവിശേഷങ്ങളാണ് പുതിയ കാലത്ത് നാം കാണുന്നതും അനുഭവിക്കുന്നത്.
യൂറോപ്യന്‍ നവോഥാനന്തര കാലത്ത് ആധുനികതാവാദം വ്യാപകമായപ്പോള്‍, മത വിമര്‍ശനങ്ങള്‍ ശക്തമായി. അതിനെ തുടര്‍ന്നു മത പ്രമാണങ്ങളെയും ആചാരങ്ങളെയും കേവല യുക്തിയോടു തുലനം ചെയ്തു പുനര്‍വായിക്കുന്ന പ്രവണത വ്യാപകമായി. ആധുനികതാവാദങ്ങളോടും ലിബറല്‍ ചിന്തകളോടും യോജിക്കാത്തവയെ പൂര്‍ണമായി നിഷേധിക്കുകയോ, അതിനു പറ്റാത്തവയെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയോ ചെയ്യാന്‍ അത്തരക്കാര്‍ മുന്നോട്ടുവന്നു. ജമാലുദ്ദീര്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിളാ തുടങ്ങിയവര്‍ ഈ ഗണത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഖുര്‍ആനില്‍ സ്ഥിരപ്പെട്ട അമാനുഷിക സംഭവങ്ങളെ വളച്ചെടിക്കലും വഹ്‌യിനെ യുക്തിയുടെ നിര്‍ദ്ധാരണത്തിനൊത്ത് സമീകരിക്കലുമൊക്കെ അവരില്‍ നിന്നുണ്ടായി. പാശ്ചാത്യന്‍ ചിന്തകളെ തൃപ്തിപ്പെടുത്താനുള്ള പരക്കം പാച്ചില്‍ അവരുടെ വ്യാഖ്യാനങ്ങളിലെല്ലാം നിറഞ്ഞു നിന്നു. അത് പിന്നീട് പലരും ഏറ്റെടുത്തു. ഖുര്‍ആന്റെ ഫെമിനിസ്റ്റ് വായനയും മറ്റും തുടങ്ങുന്നത് അവിടെ നിന്നാണ്.
ഈ വ്യാഖ്യാന വിരുതന്മാരെല്ലാം ഇസ്‌ലാമിനെ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്ന് പറയാനാകില്ല. പലരുടെയും ഉദ്ദേശ്യങ്ങള്‍ നല്ലതായിരുന്നു. യുക്തിവാദികളുടെയും ഇസ്‌ലാം വിരുദ്ധരുടെയും പരിഹാസങ്ങളില്‍ നിന്നും വിമര്‍ശങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ചിലരെങ്കിലും കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഇത്തരം വ്യാഖ്യാനങ്ങള്‍. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുന്ന അവസ്ഥയാണ് അതുണ്ടാക്കുന്നത്. സ്രഷ്ടാവായ തമ്പുരാന്‍ സര്‍വകാലത്തേക്കുള്ള മനുഷ്യന്റെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടു തന്നെ നിശ്ചയിച്ചതാണ് ഇസ്‌ലാം എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതതു കാലത്തെ പ്രശ്‌നങ്ങളെയും സമസ്യകളെയും കൈകാര്യം ചെയ്യാന്‍ മത പ്രമാണങ്ങളെ വിശ്വാസികള്‍ ആശ്രയിക്കണം. പക്ഷേ, അതിന്റെ വ്യാഖ്യാനവും മത വിധിയും ഓരോരുത്തര്‍ക്കും തോന്നിയതുപോലെ പറയാമെന്നത് അന്യായമാണ്. ജനപ്രതിനിധികള്‍ എഴുതിയുണ്ടാക്കിയ ഒരു രാഷ്ട്രത്തിന്റെ ഭരണഘടന ഇഷ്ടം പോലെ വ്യാഖ്യാനിക്കാനും അതിനനുസരിച്ചു വിധി തീര്‍പ്പുകള്‍ പറയാനും ആ രാഷ്ട്രം ഒരിക്കലും അനുവദിക്കാറില്ല. ആ ഭൂമികയില്‍ നിന്നു കൊണ്ടാണ് ദൈവിക വചനങ്ങളെയും സന്ദേശങ്ങളെയും തോന്നിയപോലെ വ്യാഖ്യാനിക്കാന്‍ ഡിക്ഷണറിയുമായി വന്നു ചിലര്‍ ശ്രമിക്കുന്നത്. ബെല്ലും ബ്രൈക്കുമില്ലാത്ത അത്തരം ശ്രമങ്ങള്‍ മഹാ അപകടങ്ങളിലേക്കായിരിക്കും വിശ്വാസികളെ നയിക്കുക എന്നുറപ്പ്.

പി.എ സ്വാദിഖ് ഫൈസി താനൂര്‍