മനുഷ്യന്‍ നന്നാവാന്‍ മതം വേണോ?

1123

മനുഷ്യന്‍ ബോധമനസും യുക്തിബോധവും ധാര്‍മികബോധവും വികാരങ്ങളുമെല്ലാമുള്ള ജീവിയാണ്. ഈ നാലു ഗുണങ്ങളും പരിണാമ സിദ്ധാന്തപ്രകാരം മനുഷ്യനുണ്ടാവാന്‍ പാടില്ലാത്തതാണ്. സത്യം കണ്ടെത്താനുതകുന്ന യുക്തിബോധമില്ലെങ്കില്‍ മനുഷ്യന് അവന്റെ നിലപാടുകളെ യുക്തിപരമായി സമര്‍ഥിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണ് പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍, അവന്റെ യുക്തിബോധം സത്യം കണ്ടെത്താനുതകും വിധമല്ലെന്നും, എങ്കില്‍ പിന്നെ എല്ലാത്തിനെയും ഭൗതികമായ പ്രക്രിയകള്‍ കൊണ്ടു വിശദീകരിക്കാന്‍ കഴിയുമെന്ന പ്രകൃതിവാദം എന്തായാലും ശരിയാവില്ലെന്നും സ്ഥാപിച്ചു കൊണ്ട് പ്രൊ.ആല്‍വിന്‍ പ്ലാന്റിങ്ക തന്റെ പ്രസിദ്ധമായ വാദം അവതരിപ്പിച്ചത്. പ്രകൃതിവാദത്തിനെതിരായ പരിണാമപരമായ വാദം (Evolutionary Argument Against Naturalism) എന്നാണത് അറിയപ്പെടുന്നത്. ഏതാകട്ടെ, മനുഷ്യന് യുക്തിബോധം ഉണ്ടെന്നത് നമ്മുടെ അനുഭവമാണ്. എന്നാല്‍, സത്യം കണ്ടെത്തുന്നതില്‍ നിന്നും തടയുന്ന ചില ചിന്താചായ്വു(Cognitive Bias)കളും നമുക്കുണ്ട്. ‘മഹാന്മാരെല്ലാം വഴിവിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ചവരായിരുന്നു, അതിനാല്‍ വഴിവിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ചാല്‍ മഹാനാവാന്‍ സാധ്യതയുണ്ട്’ എന്ന വാദം ശരിയാണെന്ന് പലരും കരുതാറുണ്ട്. അതിജീവിച്ചവരുടെ സവിശേഷതകളെ മാത്രം വീക്ഷിച്ച് ഇത്തരത്തില്‍ തെറ്റായ നിഗമനത്തിലെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത് Survivorship Bias എന്നു വിളിക്കപ്പെടുന്ന ചിന്താചായ്വാണ്.
പറഞ്ഞുവരുന്നത്, മനുഷ്യന്‍ യുക്തിജീവിയാണെങ്കിലും അയുക്തികമായ നിഗമനങ്ങളിലേക്ക് നയിക്കുന്ന ചിന്താചായ്വുകള്‍ ഉള്ളതുപോലെ, മനുഷ്യന്‍ ഒരു ധാര്‍മിക ജീവിയാണെങ്കിലും അധാര്‍മികമായ ജീവിതത്തിലേക്ക് നയിക്കുന്ന ദേഹേച്ഛകള്‍ അവനിലുണ്ട്. മനുഷ്യന്‍ യുക്തിജീവിയാകുന്നത് യുക്തിപരമായി കാര്യങ്ങളെ വിലയിരുത്താനുള്ള ബാധ്യതയുള്ളത് കൊണ്ടാണ് എന്നതുപോലെ, മനുഷ്യന്‍ ധാര്‍മിക ജീവിയാകുന്നത് ധാര്‍മികമായ ജീവിതം നയിക്കാനുള്ള ബാധ്യതയുള്ളതിന്റെ പേരിലാണ്. ഈ ബാധ്യത മനുഷ്യനുണ്ട് എന്ന് പഠിപ്പിക്കാനും, ഏതൊക്കെയാണ് ധാര്‍മികം, ഏതൊക്കെയാണ് അധാര്‍മികം എന്നു വ്യവച്ഛേതിക്കാനും, ദേഹേച്ഛകളെ വെടിഞ്ഞ് ധാര്‍മിക ജീവിതം തെരഞ്ഞെടുക്കാനും മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് മതങ്ങള്‍ ഉള്‍പ്പെടെയുള്ള മൂല്യസിദ്ധാന്തങ്ങളുടെ പ്രസക്തി.
മനുഷ്യന്‍ ധാര്‍മികനാവാന്‍ മതം വേണം എന്നു പറയുമ്പോള്‍ അതില്‍ ചില സാംഗത്യങ്ങളുണ്ട്.
ഒന്ന്. മതമൊഴിവാക്കുന്നത് മൂല്യനിരാസവാദത്തിലെത്തിക്കും: മനുഷ്യന്‍ ധാര്‍മികനാവാന്‍ ഇതര ജീവികളില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാണ്, മനുഷ്യജീവിതത്തിന് അര്‍ഥമുണ്ട് തുടങ്ങിയ ചില വിശ്വാസങ്ങള്‍ ആവശ്യമുണ്ട്. ഇവയില്ലെങ്കില്‍ മനുഷ്യന്‍ മൂല്യനിരാസവാദി (nihilist) ആയിപ്പോകും. മനുഷ്യന്‍ കുരങ്ങുമായി പൊതുപൂര്‍വികനെ പങ്കിടുന്നില്ല, അവന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണ് തുടങ്ങിയ വിശ്വാസങ്ങള്‍ മതത്തിന്റെ ഭാഗമാണല്ലോ. അതുകൊണ്ടാണ് മതമുപേക്ഷിച്ചു നിരീശ്വരവാദികളായി ജീവിക്കുന്നവര്‍ ജീവിതത്തിന് അര്‍ഥമില്ലെന്നും അതിനാല്‍ എല്ലാ മൂല്യസിദ്ധാന്തങ്ങളെയും വലിച്ചെറിയമെന്നും പറയുന്ന ശൂന്യതാവാദത്തിലേക്കു പോകുന്നത്.
രണ്ട്. മതത്തിനു പുറത്ത് ധാര്‍മികതക്ക് വസ്തുനിഷ്ഠമായ മാനദണ്ഡമില്ല: ഇനി മതമില്ലാത്ത ഒരാള്‍ ശൂന്യതാവാദമെന്ന അനിവാര്യപരിണതിയില്‍ അഭയം പ്രാപിക്കാനുള്ള സത്യസന്ധത കാണിച്ചില്ലെന്നു സങ്കല്‍പിച്ചു നോക്കൂ. ഏതാണ് ധാര്‍മികം, ഏതാണ് അധാര്‍മികം എന്നു വസ്തുനിഷ്ടമായി നിശ്ചയിക്കാന്‍ പര്യാപ്തമായ മാനദണ്ഡങ്ങള്‍ അയാള്‍ക്ക് കണ്ടെത്താനാവില്ല. പരസ്പരസമ്മതമാണ് ലൈംഗിക ബന്ധങ്ങളുടെ മാനദണ്ഡമെന്നു പറയുമ്പോള്‍ സമ്മതമുണ്ടെങ്കില്‍ രക്തബന്ധുകള്‍ക്കിടയിലും അതാകാം എന്നു വരുമല്ലോ. അതുപക്ഷേ, തങ്ങളുടെ ധാര്‍മികബോധത്തിന് നിരക്കാത്തതായതു കൊണ്ട് അവിടെ മറ്റൊരു മാനദണ്ഡം തപ്പിനടക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യാറുള്ളത്. ഇങ്ങനെ തങ്ങളുടെ മനസ്സില്‍ ധാര്‍മികമെന്ന് തോന്നുന്നവയെ ന്യായീകരിക്കാനും അധാര്‍മികമെന്നു തോന്നുന്നവയെ നിഷേധിക്കാനും വേണ്ടി കൃത്രിമ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ സത്യസന്ധത സ്വന്തം തോന്നലാണ് തങ്ങളുടെ മാനദണ്ഡം എന്ന് സമ്മതിക്കലാണ്. മതത്തിനു പക്ഷേ ഈ പ്രതിസന്ധിയില്ല. കര്‍മങ്ങളുടെ നാനാതല പ്രത്യാഘാതങ്ങളെ കുറിച്ച് പൂര്‍ണജ്ഞാനമുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ കല്‍പ്പിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്യുന്നത് നന്മയും വിലക്കപ്പെടുകയോ നിരുത്സാഹപ്പെടുത്തപ്പെടുകയോ ചെയ്യുന്നത് തിന്മയുമാണെന്ന മാറ്റമില്ലാത്ത മാനദണ്ഡമാണ് ധാര്‍മികതയുടെ കാര്യത്തില്‍ വിശ്വസിക്കുള്ളത്.
മൂന്ന്. ധാര്‍മികനാകാനുള്ള സ്ഥായിയായ പ്രചോദനം മതത്തില്‍ മാത്രം: തന്റെ തത്വങ്ങള്‍ക്കു വിരുദ്ധമായിട്ടും അര്‍ഥമുണ്ട് ജീവിതത്തിനെന്നു വിശ്വസിക്കുന്ന, വസ്തുനിഷ്ഠമായ മാനദണ്ഡം ഇല്ലെങ്കിലും ഇന്നയിന്ന കാര്യങ്ങള്‍ ധാര്‍മികം, ഇന്നയിന്ന കാര്യങ്ങള്‍ അധാര്‍മികം എന്ന് കരുതുന്ന ഒരു നിര്‍മതനേക്കാള്‍ ധാര്‍മികനാവാന്‍ സാധ്യത കൂടുതലുള്ളത് മതവിശ്വാസി തന്നെയാണ്. കാരണം, മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ധാര്‍മികനാവാന്‍ അവന് ചില പ്രചോദനങ്ങളുണ്ട്. മൂന്നെണ്ണമാണ് അതില്‍ പ്രധാനം. അതില്‍ ഏറ്റവും ഉന്നതസ്ഥാനീയം ദൈവപ്രീതിയും, പിന്നീട് സ്വര്‍ഗക്കൊതിയും, ശേഷം നരകഭീതിയുമാണ്. ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്ന ഏതൊരു വിശ്വാസിക്കും ഈ മൂന്ന് പ്രചോദനങ്ങളുടെ പുറത്തുപോകാനാവില്ല. പ്രധാനനിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ അനുവര്‍ത്തിക്കട്ടെ’ എന്ന് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) പറയുന്നത് ഇതിനോട് ചേര്‍ത്തു മനസ്സിലാക്കാം.
ഈ മൂന്നാലൊന്നല്ലാത്ത പ്രചോദനങ്ങളൊന്നും സ്ഥായിയല്ല. കുറ്റബോധം, മനഃസംതൃപ്തി, ജനങ്ങളുടെ പ്രശംസ എന്നിവ അധാര്‍മികതകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുമെന്നത് ശരിതന്നെ. പക്ഷേ, അവയൊന്നും സ്ഥായിയല്ല. ജനങ്ങളുടെ പ്രശംസ ദാരിദ്ര്യത്തിലും ദാനം ചെയ്യാനോ, രഹസ്യജീവിതത്തിലും ധാര്‍മികനാവാനോ പ്രചോദിപ്പിക്കില്ല. ആവര്‍ത്തിച്ചു തെറ്റുചെയ്താല്‍ കുറ്റബോധം നഷ്ടമാവുകയും ചെയ്യും. എന്നാല്‍, ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്കു മാത്രമുള്ള മുന്‍പേ പറഞ്ഞ മൂന്നു പ്രചോദനങ്ങളും ഒരിക്കലും അപ്രസക്തമാവുന്നില്ല.
നാല്. മതത്തെ മാറ്റിനിര്‍ത്തിയാല്‍ മനുഷ്യന് ധാര്‍മികബാധ്യത ഉണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല: ഭൗതികവാദ ലോകവീക്ഷണ പ്രകാരം മനുഷ്യന് സ്വതന്ത്ര ഇച്ഛ(free will) ഇല്ല. അതിനാല്‍, അവന്റെ പ്രവര്‍ത്തികളുടെ മേല്‍ അവന് ഉത്തരവാദിത്തവുമില്ല. നന്മ ചെയ്തതിന്റെ പേരിലുള്ള അനുമോദനത്തിനോ തിന്മചെയ്തതിന്റെ പേരിലുള്ള ശിക്ഷക്കോ അവന്‍ അര്‍ഹനല്ല. എന്നിട്ടും, അനുമോദിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രചോദനമേകാന്‍ മാത്രമാണ്. അതായത്, സൗമ്യയെ ബലാത്സംഗം ചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തമില്ല. ആ സമയത്ത് ആ ബോഗിയില്‍ ആ പെണ്‍കുട്ടിയെ കണ്ടാല്‍ ബലാത്സംഗം ചെയ്തു കൊല്ലാതിരിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളുടെ മസ്തിഷ്‌കം അപ്രകാരം പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. അക്രമം ചെയ്തത് മറ്റാരോ പ്രോഗ്രാം ചെയ്ത പ്രകാരമായതിനാല്‍ (സ്വതന്ത്ര ഇച്ഛ ഇല്ലാത്തതിനാല്‍) പ്രസ്തുത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തമില്ലാത്ത റോബോര്‍ട്ടിനെ പോലെയാണ് ഈ വീക്ഷണത്തില്‍ മനുഷ്യരും.


ധാര്‍മികബോധം മതത്തിന്റെ തെളിവ്
ധാര്‍മികനാകാന്‍ മതം വേണം എന്നു മാത്രമല്ല നമ്മുടെ വാദം. മറിച്ച്, ധാര്‍മികബോധം എന്നൊന്നുണ്ടെങ്കില്‍ മതം സത്യമാണ് എന്നുകൂടിയാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ, കേവലം ഭൗതിക വസ്തുക്കളുടെ പുന:ക്രമീകരണം മാത്രമായി മനുഷ്യനില്‍ ധാര്‍മികബോധം പോലെ ഭൗതികേതരമായ ഗുണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നിട്ടും, ധാര്‍മികബോധം ഉണ്ടെങ്കില്‍ അതിനര്‍ഥം പ്രകൃതിവാദം തെറ്റാണെന്നാണ്. അതായത്, ദൈവവും ആത്മാവും വെളിപാടുമെല്ലാം വ്യാജമാണെന്ന വാദം തെറ്റാണ് എന്ന്. ഇത് വിരല്‍ചൂടുന്നത് ദൈവാസ്തിക്യത്തിലേക്കും വെളിപാടിലേകുമാണല്ലോ. മനുഷ്യന്‍ നന്നാവാന്‍ മതമാണ് വേണ്ടതെന്നു പറയുന്നതിനര്‍ഥം എല്ലാ നിര്‍മതരും നിരീശശ്വരവാദികളും മോശപ്പെട്ടവരും എല്ലാ മതവിശ്വാസികളും നല്ലവരും ആണെന്നല്ല. മതതത്വങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ ദേഹേച്ഛ അനുസരിച്ചു ജീവിക്കുന്ന വിശ്വാസികള്‍ മോശക്കാരാകുന്ന പോലെ, നിരീശ്വരവാദത്തിലെയും പ്രകൃതിവാദത്തിലെയും തത്വങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ, പാരമ്പര്യമായി ലഭിച്ച മതമൂല്യങ്ങളനുസരിച്ചു ജീവിക്കുന്ന നിര്‍മതര്‍ നല്ലവരും ആകുന്നതില്‍ യാതൊരു വൈരുധ്യവുമില്ല.

മുഹമ്മദ് ഫാരിസ് പി.യു