ഖിലാഫത്തിന്റെ പതനവും പശ്ചാത്യ ആധുനികതക്ക് മുമ്പില്‍ മുസ്ലിം ലോകം കീഴ്പ്പെടുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ മുസ് ലിം ലോകത്ത് രംഗപ്രവേശനം ചെയത് വ്യക്തിത്വമാണ് അബുല്‍ അഅ്ലാ മൗദൂദി. ഇസ്ലാമിനോട് കൂറ് പുലര്‍ത്തുന്ന നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മൗദൂദിയെ വായിക്കുമ്പോള്‍ അദ്ദേഹത്തോട് സ്നേഹവും ആവേശവും തോന്നാനിടയുണ്ട്. അബുല്‍ ഹസന്‍ അലി നദ്വി സാഹിബിന്റെ ഭാഷയില്‍ പറഞ്ഞാല്‍.. ”ആധുനികതയ്ക്ക് മുമ്പില്‍ എല്ലാവരും മാപ്പു സാക്ഷിത്വം പ്രകടിപ്പിച്ചിരുന്ന നാളില്‍ മാപ്പു സാക്ഷിത്വമില്ലാതെ ഇസ്ലാമിനെ അവതരിപ്പിക്കുകയും ആധുനികതയെ വിമര്‍ശനാത്മകമായി നേരിടുകയും ചെയ്ത ഇസ്ലാമിസ്റ്റാണ് സയ്യിദ് മൗദൂദി.” ആ മാപ്പുസാക്ഷിത്വമില്ലായ്മ മൂര്‍ത്തരൂപത്തില്‍ പ്രകടമാകുന്ന കൃതികളില്‍ ഒന്നാണ് പര്‍ദ്ദ!. പര്‍ദ്ദയുടെ നിയമം പാലിക്കപ്പെടാന്‍ കഴിയാത്ത വണ്ണം പശ്ചാത്യ ആധുനികത നമ്മെ കീഴ്പെടുത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ മൗദൂദിയുടെ പര്‍ദ്ദ ചര്‍ച്ചക്ക് വിധേയമാകേണ്ടത് തന്നെയാണ്. മൗദൂദിയുടെ തഫ്സീറിലും സ്ത്രീകള്‍ മറഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ചിന്താധാരയെ അനുധാവനം ചെയ്യുന്നവര്‍ക്ക് പര്‍ദ്ദയുടെ വീക്ഷണത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. കാരണം, പല മേഖലകളിലും സംഭവിച്ചതു പോലെ ഈ മേഖലയിലും അവര്‍ ആധുനികതക്ക് മുമ്പില്‍ കീഴ്പെട്ടു പോയിയെന്നത് തന്നെയാണ്. ഇസ്ലാമിന്റെ നിയമശാസനകളെ ആധുനിക പൊളിറ്റിക്സിലെ സ്റ്റേറ്റ് എന്ന ആശയത്തോട് തുലനപ്പെടുത്തികൊണ്ടുള്ള സാമൂഹികശാസ്ത്രപരമായ അവതരണം തന്നെയാണ് മൗദൂദിക്ക് സംഭവിച്ച അടിസ്ഥാനപരമായ അബദ്ധം. അഥവാ, ആധുനികതയുടെ ഇസ്ലാം വിമര്‍ശനങ്ങളെ മാപ്പുസാക്ഷിത്വമില്ലാതെ നേരിട്ടപ്പോള്‍ തന്നെ അദ്ദേഹം ഊന്നിനിന്നത് ആധുനികതയുടെ സാമൂഹികശാസ്ത്ര ചട്ടകൂടിലായിരുന്നു. അതിന്റെ കൂടി പ്രതിഫലനമായിട്ടാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രസ്ഥാനം ആധുനികവത്കരണത്തിന് പലരംഗത്തും കീഴടങ്ങേണ്ടി വന്നത്. സാമൂഹിക, രാഷ്ട്രീയ തലങ്ങളില്‍ ‘ഹുക്കൂമത്തെ ഇലാഹി’ സ്ഥാപിക്കാന്‍ വന്നവര്‍ക്ക് ഇസ്ലാമിന്റെ വ്യക്തി നിമയങ്ങള്‍ പോലും ഉള്‍കൊള്ളാന്‍ കഴിയാത്തിടത്തേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
അന്ത്യനാളിനോട് അടുക്കുന്ന അവസരത്തില്‍ ഇസ്ലാം അപരിചിതമാകുമെന്നും അന്ന് സമൂഹത്തില്‍ നിന്ന് വേറിട്ടു നിന്ന് ദീന്‍ പുലര്‍ത്തുന്നവര്‍ക്ക് നബി (സ്വ) മംഗളമറിയിക്കുകയും ചെയ്ത ഹദീസ് വളരെ പ്രസിദ്ധമാണ്. ഈ ഹദീസിനെ മുന്‍നിര്‍ത്തിയാണ് ഇസ്ലാമിലെ പര്‍ദ്ദ പോലുള്ള വിഷയങ്ങളെ പഠനവിധേയമാക്കേണ്ടത്. എന്നാല്‍, ഖേദകരമെന്നു പറയട്ടെ ഇന്ന് ഇത്തരം വിഷയങ്ങളില്‍ നമ്മുടെ ചെയ്തികളെ ന്യായീകരിക്കുന്ന നിലപാടിലാണുള്ളത്. അല്ലാഹുവിന്റെ നിയമശാസനകള്‍ പ്രായോഗികമാക്കുവാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ നിസ്സഹായത സമ്മതിക്കുന്നതിനു പകരം അതിനെ ന്യായീകരിക്കുകയും അതാണ് ഇസ്ലാമിന്റെ നിലപാടെന്ന് സമര്‍ഥിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും അത് നമ്മെ മതപരിത്യാഗത്തിലേക്കാണ് നയിക്കുക. അനിസ്ലാമികമായ വ്യവസ്ഥിതിയില്‍ ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളെ പുലര്‍ത്താന്‍ കഴിയാതെ പോകുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച്ച ലഭിച്ചേക്കാം. പക്ഷേ, അവിടെ ദീനിന്റെ യഥാര്‍ഥ കാഴ്ച്ചപ്പാടിനെ നിഷേധിക്കുകയോ നിസാരവത്കരിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അത് ഈമാനിന് വിരുദ്ധമായ സമീപനമാണ്. അതോടുകൂടി നാം ഇസ്ലാമിന്റെ പ്രതിപക്ഷത്തേക്കാണ് എടുത്തെറിയപ്പെടുക. ഇസ്ലാമിന് ഉള്‍കൊള്ളാന്‍ കഴിയാത്ത സാമൂഹിക സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ അടിസ്ഥാനപരമായി മനസ്സിലാക്കിവക്കേണ്ട പാഠമാണിത്. ഇസ്ലാമിന്റെ തുടക്കകാലമായ മക്കാ കാലഘട്ടത്തില്‍ ഇസ്ലാം ഗരീബായിട്ടാണ്(ഒറ്റപ്പെട്ടവരുടെ മാത്രം ആശയം) ആരംഭിച്ചതെങ്കില്‍ അതേ അവസ്ഥയിലേക്ക് ഇത് വീണ്ടും മടങ്ങിയെത്തുമെന്ന നബി(സ്വ)യുടെ പ്രവചനം പുലരുന്നതാണ് പുതിയ കാലഘട്ടത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇസ്ലാം അപരിചിതമാകുകയെന്നാല്‍ അതിന്റെ കാഴ്ച്ചപാട് മുസ്ലിംകള്‍ക്കു തന്നെ അപരിചിതമാകുമെന്നാണല്ലോ. നനാതരം മീഡിയയിലൂടെയും ഇസ്ലാമിന്റെ പ്രചരണവും പ്രബോധനവും നിര്‍വഹിക്കെപ്പെടുമ്പോള്‍ തന്നെ ഇസ്ലാമിന്റെ കാഴ്ചപ്പാട് അപരിചിതമായി കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. ഇസ്ലാമിന്റെ പര്‍ദ്ദ നിയമം അക്കൂട്ടത്തില്‍ ഏറ്റവും വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ്. നാളിതുവരെ സ്ത്രീകള്‍ പുരുഷന്മാരുമായി സങ്കലനം ചെയ്യപ്പെടാതെ സൂക്ഷിച്ചിരുന്നവര്‍ക്ക് ആ നിലപാടില്‍ മാറ്റം വരുമ്പോള്‍ അതിനെ ആഘോഷപൂര്‍വം കാണുന്നത് എന്തൊരു ദുരന്തമാണ്. സ്ത്രീകളെ കാണുമ്പോള്‍ പുരുഷനോട് കണ്ണ് ചിമ്മാനും സ്ത്രീകളോട് പുരുഷനെ കാണുമ്പോള്‍ കണ്ണ് ചിമ്മാനും തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാതിരിക്കാനും സൂറത്തുന്നൂറില്‍ അല്ലാഹു പറഞ്ഞിരിക്കുന്നത് വളരെ ഖണ്ഡിതമായ കാര്യമാണ്. പരസ്പരം കണ്ണ് ചിമ്മണമെങ്കില്‍ എങ്ങിനെയാണ് നേര്‍ക്കുനേരെ അഭിമുഖീകരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ പറ്റും? മനുഷ്യന്റെ അനിവാര്യമായ ഘട്ടങ്ങളിലും ദീനിന്റെ വ്യക്തിബാധ്യതയായ കാര്യങ്ങള്‍ നേടുവാനുമായി കൂടികാഴ്ച്ചകളില്‍ വിട്ടുവീഴ്ച്ച നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ കൂടികാഴ്ച്ചകള്‍ ആ പരിധിക്കുള്ളില്‍ ഒതുങ്ങുന്നതല്ല എന്ന് അത് പരിശോധിച്ചാല്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ഹിജാബിന്റെ ആയത്ത്(അഹ്സാബ്: 33) ഇറങ്ങുന്നതിന് മുമ്പ് തന്നെ ഉമര്‍(റ) സ്ത്രീകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മൗദൂദിയുടെ പര്‍ദ്ദയില്‍ പറയുന്നുണ്ട്. സൗദ(റ) പുറത്തിറങ്ങിയപ്പോള്‍ ഉമര്‍(റ) അതിനെ വിലക്കി. അപ്പോള്‍ സൗദ(റ) നബീ(സ്വ)യോട് പരാതി പറഞ്ഞു. നബി(സ്വ) പറഞ്ഞു: അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. മുസ്ലിമിലും ഇബ്നു മാജയിലുമുള്ള ഹദീസിന്റെ ചുരുക്കമാണിത്. തുടര്‍ന്ന് അദ്ദേഹം എഴുതിയത് കാണുക, ”ഇതില്‍ നിന്നു വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്ന ഖുര്‍ആനിക വിധിയുടെ താല്‍പര്യം സ്ത്രീകള്‍ ഒരിക്കലും വീടുവിട്ടിറങ്ങാന്‍ പാടില്ലയെന്നല്ലെന്ന് മനസ്സിലാകുന്നു. അത്യാവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങാന്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്. പക്ഷേ, ഇത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഉദ്ദേശിക്കുന്നിടത്തേക്കെല്ലാം പോകലും പുരുഷന്മാരോട് സന്ധിക്കലുമെല്ലാം നിഷിദ്ധമാണ്. അത്യാവശ്യ ഘട്ടങ്ങള്‍ എന്നത് കൊണ്ട് മതം ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങിയാലല്ലാതെ നടക്കാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.”(അബുല്‍ അഅ്ല മൗദൂദി, പര്‍ദ്ദ) പള്ളിയില്‍ പോകുന്നതിനെ കുറിച്ചും പറയുന്നുണ്ട്. ”പുരുഷന്മാര്‍ക്ക് പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നിസ്‌കാരമാണ് ഏറ്റവും സ്ഥാനമുള്ളതെങ്കില്‍ വീട്ടില്‍ ആളൊഴിഞ്ഞ ഭാഗത്ത് തനിച്ച് നിസ്‌കരിക്കലാണ് സ്ത്രീകള്‍ക്ക് ഉത്തമം!”(അബുല്‍ അഅ്ല മൗദൂദി, പര്‍ദ്ദ).
ഇസ്ലാമിന് പുറത്തുള്ളവര്‍ക്ക് ഇതില്‍ വിവാദവും വിമര്‍ശനവും ഉണ്ടാകുന്നത് സ്വഭാവികമാണ്. എല്ലാ മതങ്ങള്‍ക്കും സ്ത്രീ ഉടലുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കുകള്‍ ഉണ്ടെങ്കിലും ഇസ്ലാം ഒഴിച്ചുള്ളവരുടെ വിലക്കുകളുടെ മുനയോടിഞ്ഞു പോയതിനാല്‍ അതിന് വലിയ പ്രസക്തിയില്ല. ഇസ്ലാമിക സമൂഹത്തിനിടയില്‍ അതിന് ഇന്നും പ്രസക്തിയും പരിഗണനയും നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇസ്ലാമിനെ ആദര്‍ശമായി സ്വീകരിച്ച് ഉറച്ചു നില്‍ക്കുന്നതില്‍ ഭൂരിപക്ഷം മുസ്ലിംകളും പിറകോട്ടു പോയെങ്കിലും മതത്തിന്റെ വീക്ഷണം അതിന്റെ തനിമയില്‍ തന്നെ പ്രാബലമായി നിലകൊള്ളുന്നുണ്ട്. മതത്തെ ജീവിതവഴിയായി കാണാത്തവര്‍ ഇത് പ്രായോഗികമാക്കുന്നില്ല എന്നത് പ്രശ്നവത്കരിക്കാനില്ല. എന്നാല്‍, ഇസ്ലാമിക ഖിലാഫത്തിന്റെ തിരിച്ചുവരവിന് വേണ്ടി പണിയെടുക്കുന്നവര്‍ സ്ത്രീ കാഴ്ചപ്പാടില്‍ പശ്ചാത്യ സ്വാധീനത്തില്‍ അകപ്പെട്ടു പോയതാണ് അത്ഭുതപ്പെടുത്തുന്നത്. ഇസ്ലാമിലെ ഏതെങ്കിലും ഒരു ധാരക്ക് വിയോജിപ്പുള്ള വിഷയമല്ല സ്ത്രീകളുടെ പര്‍ദ്ദാ നിയമം എന്നതാണ് യാഥാര്‍ഥ്യം. മൗദൂദിയുടെ തഹ്ഫീമുല്‍ ഖുര്‍ആനില്‍ സ്ത്രീകള്‍ പുരുഷന്റെ മുമ്പില്‍ നിന്ന് മറയേണ്ടത്തിന്റെ നിയമങ്ങള്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.
സൂറത്തു നൂറില്‍ അല്ലാഹു പറയുന്നു: അന്നൂര്‍: വിശ്വാസിനികളോടും പറയുക, അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ.. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ…
തങ്ങളുടെ അലങ്കാരം(സൗന്ദര്യം)വെളിപ്പെടുത്താതെയുമിരിക്കട്ടെ സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീസുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവര്‍ക്കൊഴികെ, അവര്‍ സൗന്ദര്യം വെളിവാക്കരുത്. മറച്ചുവെച്ച സൗന്ദര്യം ആളുകള്‍ ശ്രദ്ധിക്കാനിടയാകും വിധം കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്. (31) അല്ലയോ വിശ്വസിച്ചവരേ, എല്ലാവരും ഒന്നുചേര്‍ന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. എന്നാല്‍, നിങ്ങള്‍ വിജയം വരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഈ ആയത്തില്‍ ഉള്‍കൊള്ളുന്ന കാഴ്ച്ചപാടിനെ ഉള്‍കൊള്ളുന്നതാണോ നമ്മുടെ ഇന്നത്തെ സ്ത്രീ വിഷയത്തിലെ നിലപാടുകള്‍?. സ്ത്രീകള്‍ പൊതുരംഗതിറങ്ങിയാല്‍ മുകളിലെ ആയത്തില്‍ പറഞ്ഞ കാഴ്ച്ചപാട് പ്രയോഗികമാക്കുവാന്‍ സാധിക്കുമോ? ഈ ആയത്തിന് മൗദൂദി സാഹിബ് എന്ത് വ്യാഖ്യാനം നല്‍കി എന്നു നോക്കുക, അന്നൂര്‍ : വ്യാഖ്യാനം 31
ദൃഷ്ടി നിയന്ത്രിക്കുന്നതിനെക്കുറിച്ച് പുരുഷന്മാര്‍ക്കുള്ള അതേ നിയമമാണ് സ്ത്രീകള്‍ക്കുമുള്ളത്. അതായത്, ഉദ്ദേശ്യപൂര്‍വം പരപുരുഷന്മാരെ നോക്കരുത്. നോക്കിപ്പോയാല്‍ ഉടനെ നോട്ടം പിന്‍വലിക്കണം. മറ്റുള്ളവരുടെ ഗുഹ്യസ്ഥലത്തേക്കും നോക്കരുത്. പക്ഷേ, പുരുഷന്‍ സ്ത്രീയെ നോക്കുന്നതും സ്ത്രീ പുരുഷനെ നോക്കുന്നതും സംബന്ധിച്ച് വിധികളില്‍ കുറച്ചന്തരമുണ്ട്. ഒരുവശത്ത് ഹദീസില്‍ നാം ഇങ്ങനെയൊരു സംഭവം കാണുന്നു: ഉമ്മു സലമയും മൈമൂന(റ)യും നബിയുടെ അടുത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഇബ്നു ഉമ്മിമക്തൂം വന്നു. നബി(സ്വ) രണ്ടു ഭാര്യമാരോടും കല്‍പിച്ചു: ‘അദ്ദേഹത്തിന്റെ മുന്നില്‍ പര്‍ദ്ദയണിയൂ.’ ഭാര്യമാര്‍ പറഞ്ഞു: ‘ദൈവദൂതരേ, ഞങ്ങളെ കാണുകയും അറിയുകയും ചെയ്യാത്ത അന്ധനല്ലേ അദ്ദേഹം?’ തിരുമേനി പ്രതിവചിച്ചു: ‘നിങ്ങള്‍ രണ്ടുപേരും അന്ധകളാണോ? നിങ്ങളയാളെ കാണുന്നില്ലേ?’ പര്‍ദ്ദാനിയമം അവതരിച്ച ശേഷമായിരുന്നു അതെന്ന് ബീവി ഉമ്മുസലമ വ്യക്തമാക്കുന്നു. (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്)
ഇതിന് ഉപോല്‍ബലകമായ മറ്റൊരു റിപ്പോര്‍ട്ട് മുവത്വയിലുണ്ട്. ആഇശ(റ) യുടെ അടുക്കല്‍ ഒരു കുരുടന്‍ വന്നപ്പോള്‍ അവര്‍ പര്‍ദ്ദ ധരിച്ചു. ‘അയാള്‍ നിങ്ങളെ കാണുന്നില്ലല്ലോ, പിന്നെയെന്തിനാണ് പര്‍ദ്ദയണിയുന്നതെ’ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: പക്ഷേ, ഞാനയാളെ കാണുന്നു. മറുവശത്ത് ആഇശ(റ)യുടെത്തന്നെ മറ്റൊരു റിപ്പോര്‍ട്ട് കാണാം. ഹിജ്റാബ്ദം 7ല്‍ ഹബ്ശക്കാരുടെ നിവേദകസംഘം മദീനയില്‍ വന്നു. മസ്ജിദുന്നബവിയുടെ പൂമുഖത്തുവെച്ച് അവര്‍ ഒരു വിനോദ പരിപാടി അവതരിപ്പിച്ചു. നബി(സ്വ)തന്നെ ആഇശ(റ)ക്ക് അത് കാണിച്ചുകൊടുത്തു. (ബുഖാരി 1514, മുസ്ലിം 1462, അഹ്മദ്)
ഫാത്വിമാ ബിന്‍തു ഖൈസിന്റെ സംഭവമാണ് അടുത്തത്. ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്തപ്പോള്‍ ഇദ്ദ എവിടെ കഴിക്കണമെന്ന പ്രശ്നമുല്‍ഭവിച്ചു. ഉമ്മുശരീക്ക് എന്ന അന്‍സാരി സ്ത്രീയുടെ വീട്ടില്‍ താമസിക്കാമെന്ന് ആദ്യം തിരുമേനി നിര്‍ദേശിച്ചു. പിന്നീട് നബി (സ്വ) തന്നെ പറഞ്ഞു: ‘അവിടെ എന്റെ അനുചരന്മാര്‍ ധാരാളമായി വന്നു പോയിക്കൊണ്ടിരിക്കും. (കാരണം അവര്‍ ധനാഢ്യയും ഉദാരയുമായ ഒരു സ്ത്രീയായിരുന്നു. അനേകമാളുകള്‍ അവരുടെ അതിഥികളായിക്കഴിയുകയും അവര്‍ അവര്‍ക്ക് ആതിഥ്യം നല്‍കുകയും ചെയ്തിരുന്നു) അതിനാല്‍, നീ ഇബ്നു ഉമ്മി മക്തൂമിന്റെ വീട്ടില്‍ താമസിക്കുക. അദ്ദേഹം അന്ധനാകുന്നു. നിനക്കവിടെ വിഷമം കൂടാതെ കഴിയാം.’ (മുസ്ലിം, അബൂദാവൂദ്)
ഈ റിപ്പോര്‍ട്ടുകളെയെല്ലാം സംയോജിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ പുരുഷന്മാരെ നോക്കുകയെന്നതിന് പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത്ര കാഠിന്യമില്ലെന്നു മനസ്സിലാവുന്നു. ഒരു സദസ്സില്‍ അഭിമുഖമായിരുന്ന് വീക്ഷിക്കാന്‍ പാടില്ല. വഴിയിലൂടെ നടക്കുമ്പോഴോ, ദൂരെനിന്ന് അനുവദനീയമായ വല്ല വിനോദങ്ങളും പ്രദര്‍ശിപ്പിക്കുമ്പോഴോ പുരുഷന്മാരെ നോക്കിപ്പോവുന്നതിന് വിരോധമില്ല. വല്ല അത്യാവശ്യങ്ങളും സംഭവിച്ചാല്‍ ഒരു വീട്ടില്‍ താമസിച്ചുകൊണ്ടും കാണുന്നതിന് തടസ്സമില്ല. ഇമാം ഗസ്സാലിയും ഇബ്നു ഹജരില്‍ അസ്ഖലാനിയും ഈ റിപ്പോര്‍ട്ടുകളില്‍നിന്ന് ഏകദേശം ഇതേ അഭിപ്രായമാണ് രൂപവത്കരിച്ചിരിക്കുന്നത്. ശൗക്കാനി നൈലുല്‍ ഔത്വാറില്‍ ഇബ്നു ഹജറിന്റെ ഈ അഭിപ്രായം ഉദ്ധരിക്കുന്നു: ‘പള്ളികളിലേക്കും അങ്ങാടികളിലേക്കും മുഖംമൂടി ധരിച്ചാണ് സ്ത്രീകള്‍ പുറപ്പെടേണ്ടത്; പുരുഷന്മാര്‍ അവരെ കാണാതിരിക്കാന്‍. സ്ത്രീകള്‍ കാണാതിരിക്കാന്‍ വേണ്ടി പുരുഷന്മാര്‍ മുഖംമൂടി ധരിക്കണമെന്ന് കല്‍പിക്കപ്പെട്ടിട്ടില്ല. രണ്ടു വിഭാഗത്തിന്റെയും പ്രശ്നത്തില്‍ വിധി വ്യത്യസ്തമാണെന്നതിനു തെളിവാണ് ഈ കീഴ്വഴക്കം’ (വാല്യം 6, പേജ് 101). എന്നിരുന്നാലും സ്ത്രീകള്‍ നിസ്സങ്കോചം പുരുഷന്മാരെ കടാക്ഷിക്കുന്നതും അവരുടെ സൗന്ദര്യം ആസ്വദിക്കുന്നതും ഒരുനിലക്കും അനുവദനീയമല്ല.’
തഹ്ഫീമുല്‍ ഖുര്‍ആനിന്റെ ഈ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പുരുഷ സമൂഹത്തിന് മുമ്പില്‍ പ്രഭാഷണം നടത്താനാകുമോ? അപ്പോള്‍ സ്ത്രീകള്‍ സ്റ്റേജില്‍ പുരുഷന്മാര്‍ക്കൊപ്പം ഇരിക്കുന്നത് ഇസ്ലാമികമായി ശരിയാണെന്നു വാദിക്കാന്‍ പറ്റുമോ? അങ്ങനെ ആരെങ്കിലും ചെയ്തെങ്കില്‍ അത് അനുവാദത്തിന്റെ പരിധിലംഘിക്കപ്പെട്ടു എന്നല്ലാതെ അതിനപ്പുറം ഒന്നും പറയാനില്ലല്ലോ. എന്നാല്‍, ഇന്ന് ഇത് സുന്നികളുടെ യാഥാസ്ഥികതയായിട്ടാണ് ഈ ഇസ്ലാമിസ്റ്റുകള്‍ അവരെ പരിഹസിക്കുന്നത്. സ്ത്രീകള്‍ പരപുരുഷന്മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുത് എന്ന ഇസ്ലാമിന്റെ പൊതു നിലപാടിന് വിരുദ്ധമായി ഇസ്ലാമിന്റെ പേരിലുള്ള വേദിയില്‍ തന്നെ സ്ത്രീപുരുഷ സങ്കലനം സംഭവിച്ചപ്പോള്‍ അതിനെ ഒരു വിഭാഗത്തിന്റെ പരാജയമായിട്ടാണ് വിലയിരുത്തുന്നത്. ഇസ്ലാമിന്റെ വ്യക്തി നിയമങ്ങള്‍ പോര, രാഷ്ട്രീയ നിയമങ്ങള്‍ വരെ നടപ്പിലാക്കാന്‍ പ്രയത്നിച്ചാലേ ഇസ്ലാമിക പ്രവര്‍ത്തനം പൂര്‍ണതയുള്ളതാകൂ എന്ന് വാദിച്ചവര്‍ക്ക് ഈ സ്ഥിരപ്പെട്ട കാഴ്ചപ്പാടിനോട് വിയോജിപ്പും ലിബറലിസത്തോട് രാജിയാകുന്നതുമാണ് നാം ഇന്ന് കാണുന്നത്.
സ്ത്രീകള്‍ പലിക്കേണ്ട അച്ചടക്കങ്ങളെ കുറിച്ച് മൗദൂദി പര്‍ദ്ദയില്‍ വിവരിക്കുന്ന ഭാഗം കൂടി നോക്കാം.നിശബ്ദത പാലിക്കുന്നുണ്ടെങ്കിലും മറ്റു അനക്കങ്ങളുടെ ശബ്ദം ശ്രോതാക്കളില്‍ സ്വാധീനമുണ്ടാക്കുന്നതും ചീത്തയാണ്. ഇസ്ലാം ഇതിനെയും വിലക്കുന്നു. അവര്‍ അവളില്‍ ഒളിഞ്ഞുകിടക്കുന്ന ഭംഗി വെളിവാക്കാന്‍ വേണ്ടി കാല്‍(ഭൂമിയില്‍) അടിച്ചു കൊണ്ട് നടക്കാന്‍ പാടില്ല.(സൂറത്തുന്നൂര്‍ 31) സുഗന്ധമുപയോഗിക്കലിനെ കുറിച്ച് പറയുന്നു, ‘സുഗന്ധവും മോശമായൊരു സന്ദേശം മറ്റൊരാളിലേക്കെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതാണ്. ഇത് മറ്റെല്ലാ മതങ്ങളും പ്രത്യശാസ്ത്രങ്ങളും അവഗണിക്കുന്നവയാണെങ്കിലും മാനുഷികമായ ബന്ധപ്പെടലില്‍ കൂടുതല്‍ സ്ഥാനമര്‍ഹിക്കുന്നു. പക്ഷേ, ഇസ്ലാം അതിനെ ഗൗരവമായി തന്നെ എടുക്കുന്നുണ്ട്. ഇസ്ലാം സ്ത്രീകള്‍ക്ക് സുഗന്ധമുപയോഗിച്ചും, നല്ല വസ്ത്രങ്ങള്‍ ധരിച്ചും വഴിയിലൂടെ നടക്കാനൊ സദസ്സുകളില്‍ പങ്കെടുക്കാനോഅനുമതി നല്‍കുന്നില്ല.’ (അബുല്‍ അഅ്ല മൗദൂദി, പര്‍ദ്ദ)
ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളെല്ലാം വിസ്മരിക്കപ്പെട്ടു കൊണ്ട് സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും പുരുഷനെ പോലെ മറക്ക് വെളിയില്‍ പ്രവര്‍ത്തിക്കുന്നതും നവോഥാനമായി കാണുന്ന പൊതുധാരയുടെ അതെ ധാരണയിലാണ് ഇസ്ലാമിക നവോഥാനത്തിന്റെ ആളുകളും സംസാരിക്കുന്നുവെന്നത് എന്തൊരു വൈരുദ്ധ്യമാണ്?!. സെക്കുലര്‍ സമൂഹം ആധുനിക മൂല്യങ്ങളില്‍ ഊന്നി സംസാരിച്ചതിനെ അതുപോലെ ഏറ്റെടുക്കുമ്പോള്‍ ഇലാഹിയായ നിയമങ്ങളും ഇലാഹ് നമുക്ക് നല്‍കിയ ദീനിന്റെ കാഴ്ചപ്പാടും അന്യമായി പോകുന്നത് ഇവര്‍ അറിയുന്നുണ്ടോ? സ്ത്രീകള്‍ പൊതുരംഗത്തു വരുന്നത് നന്മയായി കാണുന്ന ഇവര്‍ക്ക് ഏത് ഇസ്ലാമുമായിട്ടാണ് ബന്ധം? ഏറി പറഞ്ഞാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം നിയന്ത്രണങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒഴിവ് നല്‍കുക എന്നത് ഒരു വിട്ടുവീഴ്ച്ചയായി കാണാം. വിദ്യാഭ്യാസം ചെയ്യുന്നതില്‍ അടിസ്ഥാനപരമായി വിലക്കില്ല. പക്ഷേ, സ്ത്രീയും പുരുഷനും ഇടകലര്‍ന്നു കൊണ്ടുള്ള കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ സജീവമായതിനെ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ഒരു നന്മയായി/നവോഥാനമായി അംഗീകരിക്കുവാന്‍ കഴിയുമോ? ഇടകലരല്‍ പുണ്യമായി കാണുന്ന ആധുനികതയുടെ നവോഥാനത്തെ പുണര്‍ന്നതിന്റെ ദുരന്തമാണ് ഇതിലൂടെ കാണുന്നത്.
സ്ത്രീകളോടും പുരുഷന്മാരോടും പരസ്പരം നോക്കാതെ കണ്ണുചിമ്മാന്‍ പറഞ്ഞതില്‍ നിന്നും(സൂറത്തുന്നൂറില്‍) സ്ത്രീകളോട് മൂടുപടം ധരിക്കാന്‍ പറഞ്ഞതില്‍ നിന്നും അവരുടെ സമൂഹിക ജീവിതം എങ്ങനെയാകണമെന്ന കാഴ്ച്ചപ്പാടിനെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. സാഹചര്യത്തിന്റെ അനിവാര്യത കൊണ്ട് ഇതിന് വിരുദ്ധമായ നീക്കങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ നന്മയായി പ്രഖ്യാപിക്കുകയല്ല, ഇസ്ലാമേതര വ്യവസ്ഥയുടെ ആധിപത്യത്തിന് മുമ്പില്‍ നാം കീഴ്പ്പെട്ടുപോയി എന്ന് സമ്മതിക്കുകയാണ് വേണ്ടത്. ഈ രംഗത്ത് പരമ്പരാഗത മൂല്യങ്ങളെ നിലനിര്‍ത്തിയിരുന്നവര്‍ക്ക് പരാജയം സംഭവിക്കുമ്പോള്‍ അത് തങ്ങളുടെ വിജയമായി കാണുന്നവരുടെ ചേതോവികാരത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനം ഇസ്ലാമിക ലോകത്തെ ഗ്രസിച്ച കാലഘട്ടത്തിലും അതിന്റെ കാര്യകാരണ യുക്തിക്കനുസരിച്ച് ഇസ്ലാമിന്റെ അഖീദയെ അന്ന് ഫാറാബിയും ഇബ്നുസീനയും വ്യഖ്യാനിച്ചു. അതു നിമിത്തം അഹ്ലുസുന്നയുടെ അടിത്തറയില്‍ നിന്നും വ്യതിചലിച്ചു പോയ ഈ ചിന്താധാരയാണ് മുഅ്തസിലത്തെന്ന് വിളിക്കപ്പെട്ടത്. ആ കാലഘട്ടത്തിലെ മികച്ച ഫിലോസഫിയായി വന്ന യുക്തിചിന്തയെ അടിസ്ഥാനമാക്കി കൊണ്ട് തന്നെ ഇസ്ലാമിനെ വ്യഖ്യാനിക്കാന്‍ ശ്രമിച്ചതാണ് അവര്‍ക്ക് സംഭവിച്ച പിഴവ്. എന്നാല്‍, ഇമാം ഗസ്സാലി(റ) ആ കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഇസ്ലാമിന്റെ പ്രാമാണിക അടിത്തറയില്‍ നിന്നു കൊണ്ടാണ് ആ യുക്തിവാദങ്ങളെ നേരിട്ടത്. അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് ഇമാം ഗസ്സാലി ഹുജ്ജത്തുല്‍ ഇസ്ലാമായി മാറുകയും മുഅ്തസിലിയത്ത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതേപ്രകാരം പാശ്ചാത്യ ലിബറലിസത്തിനെ അടിത്തറയാക്കും വിധം സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തെ ഇസ്ലാമിന്റെ പക്ഷമാക്കാന്‍ ശ്രമിക്കുന്നവര്‍ അവര്‍ ആര് തന്നെയായാലും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടാനുള്ളവരാണ് എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയാനുള്ള ഈമാനാണ് ഇന്ന് കൈമുതലാക്കേണ്ടത്. അല്ലാഹുവിന്റെ ആധിപത്യത്തിലും അല്ലാഹുവിന്റെ അദൃശ്യമായ സഹായത്തിലും വിശ്വസിക്കുന്നവര്‍ക്ക് ചരിത്രവും വര്‍ത്തമാനവും അല്ലാഹുവിന്റെ നടപടികളായിട്ടാണ് കാണാന്‍ സാധിക്കുക. അത്തരമൊരു കാഴ്ച്ചപ്പാടില്‍ ഉറച്ചു നില്‍ക്കുന്നവര്‍ സാമൂഹിക വ്യവസ്ഥക്കൊപ്പിച്ച് അല്ലാഹുവിന്റെ നിയമങ്ങളെ മറച്ചുവെക്കാനോ മാറിയ സാഹചര്യത്തിനനുസരിച്ച് ന്യായീകരിക്കേണ്ടി വരികയോ ചെയ്യേണ്ടി വരില്ല. എല്ലാറ്റിനേയും സാമൂഹിക ശാസ്ത്രത്തിന്റെ കണ്ണു കൊണ്ട് നോക്കുമ്പോള്‍ രാഷ്ട്രീയമായ അധികാര മാറ്റമില്ലാതെ യാതൊരു മാറ്റവും പ്രതീക്ഷിക്കാനുണ്ടാകില്ല. അത്തരമൊരു കാലഘട്ടത്തിന്റെ സ്വാധീനത്തിലകപ്പെട്ട ബോധത്തില്‍ നിന്നാണ് ഇസ്ലാമിന്റെ സ്ത്രീ കാഴ്ച്ചപ്പാട് അടക്കമുള്ള പലതും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടുകള്‍ വരുന്നത്. ഇത് മൗദൂദിയന്‍ ധാരയുടെ മാത്രം പ്രശ്നമല്ല, മുസ്ലിം ഉമ്മത്തില്‍ നിന്നും ആരൊക്കെ ഇതില്‍ വീണു പോയിട്ടുണ്ടോ അവരെല്ലാം ഈ വിമര്‍ശനത്തിന് അധീനരാണ്.
നബീല്‍ മുഅബി മന്ദലാംകുന്ന്