റസ്ലിംഗ് വിത്ത് സിയോണിസം: ഇസ്രയേല്‍ വിരുദ്ധ വിമത ശബ്ദങ്ങള്‍

1729

പാശ്ചാത്യന്‍ നാടുകളിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇസ്രയേല്‍ ‘ജൂത രാജ്യ’മാണെന്നും ‘മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യ’മാണെന്നും വരുത്തിത്തീര്‍ക്കാന്‍ ജൂതലോപികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജൂത രാഷ്ട്ര നിര്‍മിതിയെക്കുറിച്ച് ഒരു പുസ്തകം ഉണ്ടാക്കിത്തീര്‍ത്ത സംശയാസ്പദമായ അനുമാനങ്ങളാണ് ഇത്തരമൊരു വാര്‍ത്താ കവറേജിനു വേണ്ടി ഒന്നിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇസ്രയേല്‍ മുന്നോട്ടുവക്കുന്ന കടുത്ത നയങ്ങളെ വെല്ലുവിളിക്കുന്ന സ്വതന്ത്ര്യ ജൂതന്മാരുടെ കാഴ്ചപ്പാടുകള്‍ ഉള്ളടക്കമാക്കിയുള്ള പുസ്തകം അവരുടെ ഗൂഢാലോചനകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
2020ല്‍ ഇന്റര്‍ലിങ്ക് പ്രസ്സ് പ്രസിദ്ധീകരിച്ച‑’wreslting with zionsim: jewish voices of dissent‑’ എന്ന പുസ്തകം ഇരുപത്തൊന്ന് ജൂത ചിന്തകരുടെ വീക്ഷണങ്ങളുടെയും നിലപാടുകളുടെയും സമാഹാരമാണ്. സയണിസത്തെ തുടക്കം മുതല്‍ തന്നെ മതപരമായും രാഷ്ട്രീയമായും നഖശിഖാന്തം എതിര്‍ത്ത പണ്ഡിതരും ഗവേഷകരും പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അവരുടെ കൂട്ടത്തിലൂണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മാര്‍ട്ടിന്‍ ബൂബര്‍, ഹന്നാ ആരെന്‍ഡ്, നോം ചോംസ്‌കി തുടങ്ങിയവരും ഇസ്രയേല്‍ വിമതരായ യെഷയാഹു ലിബോവിച്ച്, സിവ് സറ്റേന്‍ഹില്‍, ഷ്ലോമോ സാന്‍ഡ്, ഇലാന്‍ പെപ്പെ തുടങ്ങിയവരാണ് അതിലെ പ്രധാനികള്‍.
നിലവില്‍ കാനഡയില്‍ താമസിക്കുന്ന, മുമ്പ് ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇസ്രയേലി എഴുത്തുകാരിയാണ് ഡാഫ്ന ലെവിറ്റ്. സമകാലിക സംഭവങ്ങളില്‍ ചരിത്രയുക്തിക്ക് വിരുദ്ധമായ നിലപാടാണ് ഇസ്രയേലിന്റേതെന്ന് മനസ്സിലാക്കിയ അവര്‍ അധിനിവേശ പ്രദേശങ്ങളില്‍ ഫലസ്ഥീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് നേരില്‍ കണ്ടാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങുന്നത്. ഡാഫ്ന ലെവിറ്റ് പറയുന്നു: ‘സയണിസ്റ്റ് നരേറ്റീവിലെ കടുത്ത നിരാശയും 1967ലെ ആറ് ദിവസത്തെ യുദ്ധത്തിന് തൊട്ടുപിന്നാലെ രൂപപ്പെട്ടുവന്ന വിമത ശബ്ദങ്ങള്‍ക്കായുള്ള അന്വേഷവുമാണ് ഈ പുസ്തകത്തിലേക്കുള്ള എന്റെ നീണ്ട ചുവടുവപ്പുകളുടെ ആരംഭം. അലന്‍ബി ബ്രിഡ്ജില്‍ പ്രസ് ലൈസന്‍സ് ഓഫീസറായി സേവനമുഷ്ഠിച്ചിരുന്ന എന്നെ സംബന്ധിച്ചെടുത്തോളം ഫലസ്ഥീനികളുടെ അതിര്‍ത്തി കടന്നുള്ള പലായനം ഒരു സ്ഥിരം കാഴ്ചയായിരുന്നു. ക്രമേണ ഞാന്‍ എന്റെ നാട്ടില്‍ നിന്നും അകന്നു തുടങ്ങി. ഇപ്പോള്‍ പതിറ്റാണ്ടുകളായി. സയണിസ്റ്റ് അജണ്ട കൂടുതല്‍ തീവ്രവാദപരമാവുകയും വിയോജിപ്പുകളോട് തെല്ലും സഹിഷ്ണുതയില്ലാതിരിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് 2002ല്‍ ഞാന്‍ കാനഡയിലേക്ക് താമസം മാറിയത്’.
ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമാകുന്നതിന് മുമ്പേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അതിനെതിരെ ഉയര്‍ന്നുവന്ന നിരവധി വിമര്‍ശനങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകം സമകാലിക വ്യക്തിത്വങ്ങളുടേതടക്കമുള്ള പ്രമുഖരുടെ അഭിപ്രായങ്ങളെ അതില്‍ ഉള്‍കൊള്ളിക്കുന്നുണ്ട്. അനിവാര്യമായ ജൂത ധാര്‍മികതയില്‍ വേരൂന്നിയ ധീരവും ബൗദ്ധികവുമായ ആക്ടിവിസത്തെയും നിരീക്ഷണങ്ങളെയും അത് പുറത്തെടുക്കുന്നുണ്ട്.


യഹൂദമതം സയണിസ്റ്റ് വിരുദ്ധമാണ്
പത്തൊമ്പതാം നൂറ്റാണ്ടില്‍ തിയോഡോര്‍ ഹെര്‍സല്‍ സയണിസത്തിന് വേണ്ടി വാദിക്കാന്‍ തുടങ്ങിയ സമയത്ത് ജൂതന്മാര്‍ക്കിടയില്‍ അത് കേവലമൊരു ന്യൂനപക്ഷ പ്രസ്ഥാനം മാത്രമായിരുന്നെന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരും ഓര്‍ക്കുന്നു പോലുമുണ്ടാകില്ല. ഫലസ്ഥീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപകനും ഓസ്ട്രോ-ഹംഗേറിയന്‍ ജേര്‍ണലിസ്റ്റുമായ ഹെര്‍സലിന് വിയന്നയിലെ മുഖ്യ റബ്ബിയായിരുന്ന മോറിട്സ് ഗുഡമാന്‍ അടക്കം ലോകമെമ്പാടുമുള്ള ജൂത നേതാക്കളില്‍ നിന്നും അന്നേ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. മോറിട്സ് ഗുഡ്മാന്‍ ‘ജൂത ദേശീയത’ എന്ന സങ്കല്‍പത്തെ തന്നെ എതിര്‍ത്ത വ്യക്തിയായി
രുന്നു. ‘യഹൂദരെ ഒരുമിച്ച് ചേര്‍ക്കുന്ന ഏക ഘടകം ഏകദൈവത്തിലുള്ള വിശ്വാസമാണെന്ന്’ പറഞ്ഞ അദ്ദേഹം സയണിസം യഹൂദ മതത്തിന്റെ പ്രമാണങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണെന്ന് സമര്‍ഥിക്കുകയും ചെയ്തു.
പിറ്റ്സബര്‍ഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഏത് തരത്തിലുള്ള ദേശീയതയെയും അംഗീകരിക്കേണ്ടതില്ലെന്ന് പരിഷ്‌കാരികളായ അമേരിക്കന്‍ റബ്ബിമാരും തീരുമാനിച്ചു. അവര്‍ പ്രഖ്യാപിച്ചു: ‘ഞങ്ങള്‍ ഞങ്ങളെത്തന്നെ ഒരു രാഷ്ട്രമായി കരുതുന്നില്ല, മറിച്ച് ഞങ്ങളൊരു മതസമൂഹമാണ്. മാത്രമല്ല, ഫലസ്ഥീനിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നില്ല. യഹൂദ രാഷ്ട്രവുമായി ബന്ധപ്പെട്ട ഒരു നിയമത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ല’. ഹിറ്റലറുടെ വരവും ഹോളോകോസ്റ്റുമാണ് പല ജൂതന്മാരുടെയും ബോധ്യത്തെ മാറ്റിമറിച്ചതെന്ന് അലന്‍ സി. ബ്രൗണ്‍ഫീല്‍ഡ് ‘വാഷിംഗ്ടണ്‍ റിപ്പോര്‍ട്ടി’ന് നല്‍കിയ അഭിമുഖത്തില്‍ ഈ പുസ്തകത്തെ നിരൂപിച്ച് പറയുന്നുണ്ട്.
ഡാഫ്ന ലെവിറ്റ് പറയുന്നു: ‘തീവ്രവാദികളെന്ന് ഇസ്രയേല്‍, ജൂത സ്ഥാപനങ്ങള്‍ വിശേഷിപ്പിച്ചവരൊഴികെ ഒട്ടു മിക്ക ജൂതന്മാരും സ്വയം വെറുക്കുന്നവരാണ്. എന്റെ ഇസ്രയേല്‍, ജൂത സുഹൃത്തുക്കളെ അപേക്ഷിച്ച് സയണിസ്റ്റ് ആധിപത്യമുള്ള വംശീയ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനും വിമിര്‍ശിക്കാനും മുന്നോട്ടുവന്ന അല്‍പം സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു’. നിലവില്‍ ഇസ്രയേലിനെ ജൂത രാഷ്ട്രമായും മിഡില്‍ ഈസ്റ്റിലെ ഏക ജനാധിപത്യ രാജ്യമായും ഉയര്‍ത്തിക്കാട്ടി ‘ദേശീയ’ എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നതിനെ എതിര്‍ക്കാന്‍ ധൈര്യപ്പെടുന്ന ചുരുക്കം ആളുകള്‍ക്കെങ്കിലും സയണിസത്തിനെതിരെ ശബ്ദിക്കാന്‍ ഈ പുസ്തകം ധൈര്യം പകരുമെന്നാണ് ലെവിറ്റ് കരുതുന്നത്.
ടെല്‍ അവീവ്, ഇന്ത്യാന, കോര്‍ണല്‍ യൂണിവേഴ്സിറ്റികളില്‍ നിന്നും ബിരുദമെടുത്ത ലെവിറ്റ് സമാധാന സംഘടനയായ ‘ഗുഷ് ശാലോം’, അധിനിവേശത്തിനെതിരെ രൂപീകരിക്കപ്പെട്ട ബി സെലേം, ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇസ്രയേല്‍ കമ്മിറ്റി എഗൈന്‍സ്റ്റ് ഹൗസ് ഡെമോളിഷ്ന്‍ തുടങ്ങിയ സംഘടനയിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് വിഷയമാക്കി രചിക്കപ്പെട്ട ‘ശൃെലമഹശ ൃലഷലരശേീിശാെ: മ വശററലി മഴലിറമ ളീൃ വേല ാശററഹല ലമേെ ുലമരല ുൃീരല’ൈ എന്ന പുസ്തകത്തിന്റെ രചനയില്‍ സല്‍മാന്‍ അമിറ്റിനോടൊപ്പം ഡാഫ്നാ ലെവിറ്റുമുണ്ടായിരുന്നു. സയണിസത്തെക്കുറിച്ചുള്ള പഠനത്തില്‍ നിന്നും താന്‍ ഒരുപാട് പഠിച്ചുവെന്ന് ഡാഫ്നാ ലെവിറ്റ് പറയുന്നു. കാരണം, ഇസ്രയേലിന് ഈ ഭൂമിയില്‍ പ്രത്യേകമായ അവകാശമുണ്ട്, അത് ഫലസ്ഥീനാണെന്നും ഫലസ്ഥീനികള്‍ എന്ന അസ്ഥിത്വം നിലനില്‍ക്കുന്ന ഒരു വിഭാഗവും ഫലസ്ഥീനിലില്ലെന്നും ഹൃദയം കൊണ്ട് വിശ്വസിച്ചവളായിരുന്നു ലെവിറ്റ്.


ഐന്‍സ്റ്റീന്‍, ബൂബര്‍, ആരെന്‍ഡ്
ചില വ്യക്തികളുടെ പരസ്പരവിരുദ്ധമായ നിലപാടുകളെ ലെവിറ്റ് ഈ പുസ്തകത്തില്‍ കൊണ്ടുവരുന്നുണ്ട്. അടിസ്ഥാന അറബ് ജനതയോടുള്ള സയണിസ്റ്റ് പെരമാറ്റത്തെ നിശിതമായി വിമര്‍ശിച്ച ജര്‍മന്‍ തത്ത്വചിന്തകന്‍ മാര്‍ട്ടിന്‍ ബൂബറിന് ഫലസ്ഥീനിലെ ജൂത കൂടിക്കാഴ്ച എന്ന ആശയത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും സാധ്യമായിരുന്നില്ല. ഫലസ്ഥീനിലെ ജൂത രാഷ്ട്രമെന്ന ആശയത്തെ നിരസിച്ച പരമ്പരാഗത ജൂതമത വിഭാഗങ്ങള്‍ പോലും ഒടുവില്‍ സയണിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നു മാത്രമല്ല, പലായനം എന്ന ആശയത്തെ പൂര്‍ണമായും എതിര്‍ത്തിരുന്നവര്‍ ഇന്ന് ഫലസ്ഥീനില്‍ കുടികെട്ടി താമസം ആരംഭിക്കുകയും ചെയ്തുവെന്ന് ബൂബര്‍ നിരീക്ഷിക്കുന്നുണ്ട്. 1891ല്‍ ഫലസ്ഥീന്‍ സന്ദര്‍ശിച്ച ബൂബര്‍ സ്വന്തമായൊരു ജനതയില്ലാത്ത രാജ്യമാണ് ഫലസ്ഥീനെന്ന് താന്‍ കരുതുന്നില്ലെന്നും ജൂത കുടിയേറ്റമുണ്ടായാല്‍ യഹൂദ മതത്തിന്റെ പാരമ്പര്യത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധമായി ക്രൂരവും ആക്രമണാത്മകവും പൈശാചികവുമായ രീതിയില്‍ മാത്രമേ അവര്‍ അറബ് ജനതയോട് പെരുമാറുകയുള്ളൂവെന്ന് എനിക്കു ഉറപ്പാണെന്നും അന്നദ്ദേഹം പറഞ്ഞുവച്ചിരുന്നു. പിന്നീട് സയണിസത്തിന്റെ സാംസ്‌കാരിക വീക്ഷണം തന്നെ അങ്ങനെയായി മാറിയെന്നതാണ് കൗതുകം. ഓസ്ട്രിയന്‍ മതാധിഷ്ഠിത തത്ത്വചിന്തകനായിരുന്ന അദ്ദേഹം 1904ല്‍ സയണിസ്റ്റ് സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്നു. ഗവേഷണങ്ങളിലും ഗ്രന്ഥരചനകളിലും മാത്രമായി ഒതുങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക കാലങ്ങളില്‍ പരസ്പരം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുന്ന ഒരു സമ്മിശ്ര ജൂത-അറബ് രാഷ്ട്ര സ്ഥാപനത്തിന് അദ്ദേഹം ശ്രമിച്ചിരുന്നു. അറബികളുടെ മേലുള്ള യഹൂദാധിപത്യത്തെ പൂര്‍ണമായും നിരാകരിച്ച് ഇരു വിഭാഗങ്ങള്‍ക്കും സ്വതന്ത്ര വികസനത്തിന് അവസരങ്ങള്‍ സാധ്യമാകുന്ന രാഷ്ട്രമായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്.
ഭൗതികശാസ്ത്രജ്ഞനും നോബേല്‍ ജേതാവുമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സയണിസത്തെക്കുറിച്ച് വ്യത്യസതമായ കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. യഹൂദ പൈതൃകമെന്നത് അദ്ദേഹത്തിനും ഒരു ഗൃഹാതുരത്വം തന്നെയായിരുന്നു. എന്നാല്‍, ജൂതന്മാര്‍ക്കുണ്ടായിരുന്ന ധാര്‍മികവും സാംസ്‌കാരികവുമായ മൂല്യത്തെ ഒരു ‘സങ്കുചിത ദേശീയത’യാക്കി മാറ്റപ്പെടുമോ എന്ന് അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു. ‘ജൂത അസ്ഥിത്വത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പം, അതിര്‍ത്തിയും സൈന്യവും അധികാരവുമുള്ള ഒരു ജൂത രാഷ്ട്രത്തിന് പൂര്‍ണമായും എതിരാണ്’ അദ്ദേഹം തന്നെ പറയുന്നുണ്ട്. ചെയിം വീസ്മാന്(ഇദ്ദേഹം പിന്നീട് ഇസ്രയേലിന്റെ ആദ്യ പ്രസിഡന്റായി മാറി) 1929 നവംബര്‍ 25ന് അയച്ച കത്തില്‍ ഐന്‍സ്റ്റിന്‍ പറയുന്നു: അറബ് വംശജരുമായി സത്യസന്ധവും ആത്മാര്‍ഥവുമായ സഹവര്‍ത്തിത്വത്തിനും ഇടപെടലുകള്‍ക്കും ഒരു വഴി ഇനിയും നമുക്ക് കണ്ടെത്താനായില്ലെങ്കില്‍, കടന്നുപോയ രണ്ട് നൂറ്റാണ്ടു കാലത്തെ കഷ്ടപ്പാടുകളില്‍ നിന്നും നാം ഒന്നും പഠിച്ചിട്ടില്ലെന്നതാണ് അതിനര്‍ഥം. അതിനാല്‍ തന്നെ ശേഷം നാം അനുഭവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഓരോ കാര്യങ്ങള്‍ക്കും നാം അര്‍ഹര്‍ തന്നെയായിരിക്കും.
1948ല്‍ ഐക്യരാഷ്ട്ര സഭ പുറപ്പെടുവിച്ച വിഭജന പ്രമേയ സമയത്ത് ജൂത രാഷ്ട്ര സംസ്ഥാപനത്തെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് 1947ല്‍ തന്നെ അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റുവിന് കത്തെഴുതിയിരുന്നുവെന്നത് മറ്റൊരു വസ്തുതയാണ്. സയണിസത്തെ നിശിതമായി വിമര്‍ശിക്കുകന്ന അദ്ദേഹം ഫലസ്ഥീനികളും ഇസ്രയേലികളും തമ്മിലുള്ള സാമ്പത്തിക വികസനത്തിനും സഹവര്‍ത്തിത്വത്തിനും ഒരു കളമൊരുക്കാനുള്ള ഒരു വിഫല ശ്രമം നടത്തുകയും ചെയ്തിരുന്നു.
ജര്‍മ്മന്‍ വംശജയും അമേരിക്കന്‍ രാഷ്ട്രീയ തത്ത്വചിന്തകയുമായ ഹന്നാ ആരന്‍ഡ് സയണിസ്റ്റുകളിലെ വിമതരില്‍ പ്രമുഖയാണെന്ന് ലെവിറ്റ് വിലയിരുത്തുന്നു. ഇസ്രയേലികളെല്ലാം അവരെ അകറ്റിനിര്‍ത്തുന്നതാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. സയണിസത്തിനകത്തെ വൈരുധ്യത്തെക്കുറിച്ച് മൊണ്ടോവീസ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ആഴമേറിയ വിശലകനങ്ങളും ചര്‍ച്ചകളും നടത്തിയതാണ് സയണിസ്റ്റുകള്‍ക്കിടയില്‍ ആരെന്‍ഡിനെ അനഭിമതനാക്കിയത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളുടെ തുടക്കത്തില്‍ സാംസ്‌കാരികവും ബൗദ്ധികവുമായ തലങ്ങളില്‍ തിളങ്ങി നിന്നിരുന്ന പ്രമുഖ വ്യക്തിത്വമായിരുന്നു ആരെന്‍ഡെ. ജര്‍മ്മന്‍ തത്ത്വിചന്തകനായ മാര്‍ട്ടിന്‍ ഹെഡ്ഗറുമായുള്ള ബന്ധം ആരെന്‍ഡിനെ കൂടുതല്‍ പ്രാവീണ്യമുള്ളവളാക്കി. തത്ത്വചിന്ത അവരെ ഒന്നിപ്പിച്ചുവെങ്കില്‍ നാസി പാര്‍ട്ടിക്ക് ഹെഡ്ഗര്‍ നല്‍കിയ പിന്തുണ അവരെ രാഷ്ട്രീയമായി വിഘടിപ്പിക്കുകയും ചെയ്തു. ഹെഡ്ഗറിന്റെ രാഷ്ട്രീയ നിലപാട് ആരെന്‍ഡിനെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. അവളുടനെ അമേരിക്കയിലേക്ക് നാടുവിട്ടു.
തന്റെ മതത്തിലെ ജനങ്ങളോട് നാസികള്‍ക്കുള്ള ശത്രുതയുടെ കാണങ്ങള്‍ മനസ്സിലാക്കാന്‍ യൂറോപ്യന്‍ ജൂത ചരിത്രവും ജര്‍മ്മനിയുമായുള്ള ജൂത ബന്ധവും ആരെന്‍ഡെ വിശദമായി പഠിച്ചെടുത്തു. അക്രമാസക്തമായ ശത്രുതയുള്ള ജൂത പാരമ്പര്യം അവരല്ലാത്ത ഇതര സമൂഹങ്ങള്‍ക്കെല്ലാം, ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ചും, ശക്തമായ വെല്ലുവിളിയാണെന്നതാണ് പ്രധാന കരണമെന്ന നിഗമനത്തിലേക്കാണ് ആരെന്‍ഡ് എത്തിച്ചേരുന്നത്. ഇത് സയണിസ്റ്റുകളെ ഒട്ടും തൃപ്തരാക്കിയില്ലെന്ന് മാത്രമല്ല, ആരെന്‍ഡയെ ശക്തമായി വിമര്‍ശിച്ച് അവര്‍ രംഗത്തെത്തി. ഹോളോകോസ്റ്റ് നേതാവ് അഡോള്‍ഫ് ഐച്ച്മാന്‍ ജറൂസലേമില്‍ വെച്ച് നടത്തിയ ഇസ്രയേല്‍ വിചാരണയെക്കുറിച്ച് 1961ല്‍ ന്യൂയോര്‍ക്കര്‍ പത്രത്തിലെഴുതിയ കുറിപ്പിന് ശേഷം വിമര്‍ശനം കൂടുതല്‍ ശക്തമായി. നാസികള്‍ നടപ്പില്‍ വരുത്തിയ ‘ഷോ ട്രയല്‍’, ‘പ്രോപോഗണ്ട’ എന്നിവ സൂചിപ്പിച്ച ശേഷം ജൂതമത വിശ്വാസികളുടെ കാര്യത്തില്‍ നാസികള്‍ കൈകൊണ്ട ‘അന്തിമ തീരുമാന’ത്തില്‍ ചില ജൂത നേതാക്കള്‍ക്കുണ്ടായിരുന്ന അധാര്‍മിക ബന്ധത്തെയും ആരെന്‍ഡ് പുറത്തുകൊണ്ടുവന്നു. “Eichmann in Jerusalem: A Report on the Banality of Evil‑’ എന്ന അവരുടെ ഗ്രന്ഥം പ്രസിദ്ധീകൃതമായതിന് ശേഷം ഒരുപാട് കാലത്തേക്ക് വിവര്‍ത്തനത്തിന് സാധ്യമാകാതെ കിടന്നു.


സയണിസത്തിന്റെ ഭാവി
ജൂത രാഷ്ട്രമെന്ന സങ്കല്പം പ്രതീക്ഷിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നായി മാറിയിട്ടുണ്ടെന്ന് ലെവിറ്റ് നിരീക്ഷിക്കുന്നുണ്ട്. ഇരകളുടെ മേല്‍ അന്ധരായി അക്രമം അഴിച്ചു വിടുന്ന സൈനിക ശക്തിയായി സയണിസം മാറിയിരിക്കുന്നു. അതിരു കടന്ന ദേശീയ ചിന്തക്ക് പകരം ജൂത ധാര്‍മിക പാരമ്പര്യത്തിനാണ് പുസ്തകം ഊന്നല്‍ നല്‍കുന്നത്. ‘ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി’ എന്ന സയണിസ്റ്റ് മുദ്രാവാക്യം ഫലസ്ത്വീനിലെ ആദ്യകാല കുടിയേറ്റക്കാര്‍ നിരാകരിച്ചുവെന്ന് ലെവിറ്റ് കണ്ടെത്തുന്നു. തലമുറകളായി തങ്ങളാണ് ഭൂമിയുടെ അവകാശികള്‍ എന്നതിനാല്‍ തങ്ങള്‍ക്കത് പൂര്‍ണമായും വിട്ടുനല്‍കണമെന്നായിരുന്നു അവരുടെ വാദം.
ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ ദീര്‍ഘകാല പ്രൊഫസറും ഓര്‍ത്തഡോക്‌സ് ജൂതനുമായ ഈസിയ ലെബോവിച്ചിന് വേണ്ടി ഒരു അധ്യായം തന്നെ ഗ്രന്ഥകാരി മാറ്റിവക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘പരിശുദ്ധി കല്‍പിച്ചു കൊടുത്ത് ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ആരാധിക്കേണ്ടതില്ല, ബിംബാരാധനയോടാണ് അതിനു കൂടുതല്‍ സാമ്യതയുള്ളത്’. മതത്തെ രാഷ്ട്രത്തില്‍ നിന്നും വേര്‍തിരിക്കണമെന്ന് വാദിക്കുമ്പോള്‍ തന്നെ ഫലസ്ത്വീന്‍ അധിനിവേശം ഇസ്രയേലിന്റെ ആത്മാവിനെ നശിപ്പിക്കുമെന്ന് അദ്ദേഹം സയണിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ജൂത സമൂഹം അസഹനീയമാം വിധം വംശീയവും വര്‍ഗീയവും ആയിത്തീര്‍ന്നിട്ടുണ്ടെന്ന് തെല്‍ അവീവ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ ഷ്‌ലോംമോ സാന്‍ഡും സയണിസത്തെ വിമര്‍ശിക്കുന്നു.
പുസ്തകത്തിലെ മറ്റൊരു അധ്യായം സീന്‍ സ്റ്റേണ്‍ഹലിനെ കുറിച്ചാണ്. ഹിബ്രു യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന അദ്ദേഹം ‘നാസിസത്തോട് കിടപിടിക്കുന്ന രീതിയില്‍ ഇസ്രായേലില്‍ വളര്‍ന്നു വരുന്ന വംശീയതയും ഫാഷിസവും’ എന്ന തലക്കെട്ടില്‍ 2018ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ അദ്ദേഹം ചോദിക്കുന്നു: അമ്പതും നൂറും വര്‍ഷങ്ങള്‍ മുന്നേയുള്ള ചരിത്രകാരന്മാര്‍ക്ക് എങ്ങനെയാണ് സമകാലിക സാഹചര്യങ്ങളെ കുറിച്ച് എഴുതാനാവുക? എപ്പോഴാണ് യഹൂദരല്ലാത്തവരോട് പൈശാചികമായി പെരുമാറുന്ന ഒരു രാഷ്ട്രമായി യഹൂദമതം മാറിയത്? ഒരു പരമാധികാര സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പിന്റെ നിയമസാധുതക്ക് ഫലസ്ത്വീനികളെയും ആഫ്രിക്കന്‍ വംശജരെയും ആക്രമിക്കല്‍ ആനിവാര്യമാണെന്ന് ആരാണ് അവരോടു പറഞ്ഞത്?
ധാര്‍മികവും മാനുഷികമായ തലത്തില്‍ സയണിസത്തിന്റെ ഭാവി പരാജയമാണെന്ന് ഡാഫ്നാ ലെവിറ്റ് നിരീക്ഷിക്കുന്നു. ഹെര്‍സലിന്റെ പരാജിത സ്വപ്‌നത്തിലേക്ക് കണ്ണ് തുറപ്പിക്കുന്ന ദര്‍വേഷിന്റെ കവിതകളും എഡ്വേര്‍ഡ് സൈദിന്റെ പഠനങ്ങളും ഒരാവര്‍ത്തിയെങ്കിലും വായിക്കാന്‍ സയണിസ്റ്റുകള്‍ തയ്യാറാകണമെന്ന കുറിപ്പോടെയാണ് ലെവിറ്റ് തന്റെ പുസ്തകം ഉപസംഹരിക്കുന്നത്.

ഇംറാന്‍ അബ്ദുല്ല
വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍