ലൗ ജിഹാദ് വാദങ്ങളും വസ്തുതകളും

2343

‘മിക്കവാറും എല്ലാ നിയമങ്ങളും ഉപയോഗ ശൂന്യമാണ്. കാരണം നല്ലവര്‍ക്ക് നിയമം വേണ്ട, മോശമായവര്‍ അതുകൊണ്ട് നന്നാകാനും പോകുന്നില്ല’ എന്ന വിലയിരുത്തല്‍ ഇവിടെ പ്രസക്തമാകുന്നത് നിയമവിരുദ്ധമല്ലാത്ത ഒന്നിനുമേല്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ഭരണകൂടങ്ങളുടെ നിരന്തര ശ്രമങ്ങള്‍ക്കു പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ചര്‍ച്ചയാകപ്പെടേണ്ടതു കൊണ്ടാണ്. നിയമങ്ങളുടെ കുറവാണ് കുറ്റകൃത്യങ്ങള്‍ കൂടുന്നതിനു ഇടയാക്കുന്നത് എന്ന വ്യാഖ്യാനം പൂര്‍ണമായും ശരിയായിരിക്കണമെന്നില്ല. കുറ്റങ്ങള്‍ക്ക് നിയമം നല്‍കിയിരിക്കുന്ന വ്യാഖ്യാനങ്ങളും മുഖ്യമാണ്. നമ്മുടെ നാട്ടില്‍ പുരാതനകാലം മുതലേ അനുഷ്ഠിച്ചും ആചരിച്ചും പോന്ന പല കാര്യങ്ങളും പിന്നീട് നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരികയും അതിനെ തുടര്‍ന്ന് അവയുടെ നടത്തിപ്പ് കുറ്റകരമോ നിയമവിരുദ്ധമോ ആയി മാറുകയും ചെയ്തു. ഭരണകൂടങ്ങള്‍ തല്‍ക്കാലത്തേക്ക് കണ്ണുചിമ്മുമ്പോള്‍ വിശ്വാസികള്‍ പഴയ ആചാരങ്ങളുമായി തന്നെ മുന്നോട്ടുപോയി നിയവിരുദ്ധരല്ലാതായി. ഈ ഒളിച്ചുകളിയുടെ ആയുസ് എത്രകാലമെന്നത് ഭരണാധികാരിയുടെ മനോഗതിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കും.
ഈ മനോഗതിയുമായി ബന്ധപ്പെടുത്തി വേണം ‘ലൗ ജിഹാദ്’ എന്ന ഇല്ലാത്ത ഒന്നിനെതിരേ നിയമനിര്‍മാണം നടത്താനൊരുങ്ങുന്ന ചില സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര ശ്രമങ്ങളെ നോക്കികാണാന്‍. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ‘ലൗ ജിഹാദി’ നെ നിയന്ത്രിക്കാന്‍ കര്‍ശനനിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് അടിയന്തരമായി നിയന്ത്രിക്കേണ്ട ഒരു സാമൂഹികവിപത്ത് കടന്നുകൂടിയെന്നും അതാണ് ലൗ ജിഹാദെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് കര്‍ണാടക സര്‍ക്കാരിന്റെ മാത്രം നിലപാടല്ല, ബി.ജെ.പിയുടെ ഭരണത്തിനു കീഴിലുള്ള യു.പി, ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകളും സമാനമായ നിയമനിര്‍മാണം വേണമെന്ന് നേരത്തെ തന്നെ ആവശ്യമുന്നയിച്ചതാണ്. അടുത്തിടെ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇവിടങ്ങളിലെല്ലാം ബി.ജെ.പി അവരുടെ പ്രകടന പത്രികയില്‍ മുന്നോട്ടുവച്ചതും ലൗ ജിഹാദിനെതിരേയുള്ള നിയമനിര്‍മാണമായിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പും ലൗ ജിഹാദ് ചര്‍ച്ചയായി. പക്ഷേ, അത് പുരോഗമന മതേതര കാഴ്ചപാടിനൊപ്പം നീങ്ങുന്ന ഇടതു മുന്നണിയിലെ പുതിയ ഘടകകക്ഷികളിലൊന്നായ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഒരു പ്രസ്താവനയെ തുടര്‍ന്നായിരുന്നു. ലൗ ജിഹാദ് സംബന്ധിച്ചുയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ യഥാര്‍ഥ്യ വസ്തുതകള്‍ എന്തെന്നറിയാന്‍ അന്വേഷണം വേണമെന്നായിരുന്നു ജോസ് കെ. മാണിയുടെ പരാമര്‍ശം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഇക്കാര്യം ഉടന്‍ തന്നെ ജോസ് തിരുത്തുകയും ചെയ്തു. എങ്കിലും നേരത്തെ മുതല്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്ന സീറോ മലബാര്‍ സഭാ നേതൃത്വം ലൗ ജിഹാദ് വിഷയം നിലനില്‍ക്കുന്നതാണെന്ന നിലപാട് ആവര്‍ത്തിക്കുകയും അന്വേഷണം എന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തു. നിലവിലെ പൂഞ്ഞാറിലെ എം.എല്‍.എ കൂടിയായ പി.സി ജോര്‍ജും സമാനമായ ആരോപണവുമായി രംഗത്തെത്തി കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ലൗ ജിഹാദ് എന്ന വിഷയം സക്രിയമാക്കാനുള്ള ശ്രമം നടത്തിയിരുന്നു. കേരളത്തില്‍ നിന്നും പതിനായിരത്തോളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനിരയാക്കി ലൗ ജിഹാദിന്റെ പേരില്‍ ഇന്ത്യയ്ക്കു വെളിയിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി.സി ജോര്‍ജ് ഇക്കഴിഞ്ഞ നവംബറില്‍ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ തന്റെ മണ്ഡലത്തില്‍ നിന്നു തന്നെ 47 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായെന്നാണ് പി.സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും 35 പേര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുമാണെന്നും അദ്ദേഹം പറയുന്നത്. കോടതിയുടെ നീരീക്ഷണം എന്താണെങ്കിലും താനൊരു സംഘ്പരിവാര്‍ അനുഭാവിയാണെന്ന് ജനം മനസിലാക്കട്ടെ എന്ന അജണ്ടയാണ് പി.സി. ജോര്‍ജിനുള്ളതെങ്കിലും അദ്ദേഹം വ്രണപ്പെടുത്തുന്ന സ്ത്രീ മനസുകളുടെ ആഴം കാണാതിരിക്കരുത്.
പി.സി ജോര്‍ജ് യു.ഡി.എഫിനൊപ്പം ചേരാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒറ്റയ്ക്ക് മത്സരിച്ച പി.സി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്ക് നിര്‍ണായകമാണ് പൂഞ്ഞാറില്‍ പുറത്തുവരാനിരിക്കുന്ന വിധിയെഴുത്ത്. എന്നാല്‍, വിധിയെഴുത്തിന്റെ ആഴം മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കാം പി.സി വീണ്ടും ലൗ ജിഹാദ് വിഷയം ഒരിക്കല്‍കൂടി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാവശ്യപ്പെട്ട ജോര്‍ജ്, ലൗ ജിഹാദിനെതിരേയും രംഗത്തു വന്നത് അദ്ദേഹം ലക്ഷ്യമിടുന്ന രാഷ്ട്രീയം ഏതെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണ്. അത് നിലനില്‍പ്പിന്റെ രാഷ്ട്രീയമായി ചരിത്രം അടയാളപ്പെടുത്തുമെങ്കിലും ലൗ ജിഹാദ് വീണ്ടും വീണ്ടും ചര്‍ച്ചയാക്കപ്പെടുന്നതിലൂടെ വര്‍ഗീയ രാഷ്ട്രീയത്തിലൂടെ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം ചെറുതല്ല.
അമുസ്ലിം യുവതികളെ പ്രണയം നടിച്ചു ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സംഘടിത പ്രവര്‍ത്തനത്തെയാണ് ‘ലൗ ജിഹാദ്’ എന്നതുകൊണ്ട് രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയ വക്താക്കള്‍ അര്‍ഥമാക്കുന്നത്. കോടതികള്‍ പോലും ഈ പദത്തിന് കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നുമാത്രമല്ല, പരമോന്നത നീതിപീഠം പോലും ഇങ്ങനെയൊന്നില്ലെന്നു വ്യക്തമാക്കിയിട്ടും ലൗ ജിഹാദ് നമ്മുടെ പരിസരത്തു തന്നെ വീണ്ടും വീണ്ടും ചര്‍ച്ചയാക്കപ്പെടുന്നതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്.
2009ല്‍ പത്തനംതിട്ട സെന്റെ് ജോണ്‍സ് കോളജിലെ രണ്ടു എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു യുവാക്കള്‍ പ്രണയം നടിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത ഒരു കേസാണ് കേരളത്തിലും ഇന്ത്യയിലും ലൗ ജിഹാദ് എന്ന ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ഇതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുമാത്രം 30,000 ഹിന്ദു പെണ്‍കുട്ടികളെ കാണാനില്ലെന്നുമുള്ള ആരോപണവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ കണക്കില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നു മാത്രം 3,000 പെണ്‍കുട്ടികളെ കാണാനില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വലിയ ഒരു കള്ളത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. പൊലീസ് അന്വേഷണത്തില്‍ 2009 സെപ്റ്റംബര്‍ വരെ ആകെ കാണാതായത് 404 പെണ്‍കുട്ടികളെയാണ്. ഇതില്‍ 332 പേരെ കണ്ടെത്തി. അവരൊന്നും സംഘ്പരിവാര്‍ ആരോപിച്ചതുപോലെ മുസ്ലിം യുവാക്കള്‍ക്കൊപ്പം തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവിക്കുകയായിരുന്നില്ല. മറിച്ച് പലരും ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം തികഞ്ഞ സംതൃപ്തിയോടെ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ജീവിക്കുകയായിരുന്നു. കണ്ടെത്താന്‍ കഴിയാതിരുന്നത് 57 പെണ്‍കുട്ടികളെയായിരുന്നു. ഇവരെല്ലാം ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമായിരുന്നില്ല. ഇങ്ങനെ കാണാതായ പെണ്‍കുട്ടികളില്‍ മറ്റ് മതസ്ഥര്‍ക്കൊപ്പം മുസലിംകളുമുണ്ടായിരുന്നു. ഈ കേസ് പരിഗണിച്ച കേരളാ ഹൈക്കോടതി മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും അതിനെ ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചപ്പോള്‍ അവസാനിക്കേണ്ടതായിരുന്നു ഇത്തരം വിവാദങ്ങളെങ്കിലും വീണ്ടും ചര്‍ച്ചയാക്കപ്പെടുകയുണ്ടായി.
ഏറെ വിവാദം സൃഷ്ടിച്ചതും ലൗ ജിഹാദിനോട് ചേര്‍ത്തു നിര്‍ത്തി ഇവിടുത്തെ വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും ചര്‍ച്ച ചെയ്തതാണ് ഹാദിയ കേസ്. ഹാദിയയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന 89 മിശ്രവിവാഹങ്ങളില്‍ 11 എണ്ണത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിച്ചിരുന്നു. എന്നാല്‍, ചില പ്രത്യേക കേന്ദ്രങ്ങള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തിയതെങ്കിലും അത് ആരുടെയെങ്കിലും പ്രേരണയിലോ നിര്‍ബന്ധത്തിലോ ആണെന്നതിനുള്ള ഒരു തെളിവും കണ്ടെത്താന്‍ എന്‍.ഐ.എക്ക് കഴിഞ്ഞില്ല. കേസ് സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിന് അതിന്റെ ചരിത്രകാലം മുതലുള്ള ഒരു മതേതര മനസുണ്ട്. കേരളത്തില്‍ മുസ്ലിം വിഭാഗം ‘ലൗ ജിഹാദ്’ എന്ന പേരില്‍ സംഘടിതമായി മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്നതിന് എത്രയോ മുന്‍പുതന്നെ ഇത്തരം വിവാഹങ്ങള്‍ നടക്കുകയും ഇതരമതസ്ഥര്‍ ഒരുമിച്ചുള്ള ജീവിതം നയിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശത്തിന്റെ ഭാഗമായി ഇതിനെകണ്ടു. എന്നാല്‍, സ്ത്രീകള്‍ ഇഷ്ടമുള്ള പുരുഷനൊപ്പം താമസിക്കാനെടുക്കുന്ന തീരുമാനത്തെ ലൗ ജിഹാദെന്ന വാക്കുമായി ചേര്‍ത്തു വിവാദമാക്കുന്ന പി.സി ജോര്‍ജിനെപോലുള്ളവര്‍ ചവിട്ടിമെതിക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശത്തെയും കൂടിയാണ്.
വസ്തുതകള്‍ എതിരാണെങ്കിലും ഇന്ത്യന്‍ മുസ്ലിംകള്‍ ലൗ ജിഹാദ് നടത്തുന്നുണ്ടെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ വര്‍ഷങ്ങളുടെ ആരോപണമാണ്. ഇതിനു പിന്നില്‍ ബോധപൂര്‍വമായ ഗൂഢാലോചനയുണ്ടെങ്കിലും കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും ക്രൈസ്തവ സഭയിലെ ഒരു വിഭാഗമായ സീറോ മലബാര്‍ സഭയും ഇതിനു പിന്തുണയായി രംഗത്തുവരാറുമുണ്ട്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന സീറോ മലബാര്‍ സഭയുടെ സിനഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ സര്‍ക്കുലറിലും തുടര്‍ന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലും ലൗ ജിഹാദ് സംബന്ധിച്ചുള്ള ആശങ്കകളായിരുന്നു ഒളിഞ്ഞും തെളിഞ്ഞും. ഇതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടതോടെ ചര്‍ച്ചയായി. സംസ്ഥാന പോലിസ് മേധാവിയോട് വിശദീകരണം ചോദിച്ചു. രണ്ട് കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ലോക്നാഥ് ബഹ്റ നല്‍കിയ മറുപടി. വിഷയം ലോക്സഭയിലുമെത്തി. ചാലക്കുടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ബെന്നി ബെഹനാന്‍ ഇതു സംബന്ധിച്ചു ഉന്നയിച്ച ചോദ്യത്തിന് രാജ്യത്ത് ഇതുവരെ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കിയ മറുപടി.
പലവട്ടം കോടതികള്‍ വ്യക്തമാക്കി, കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ആവര്‍ത്തിച്ചു. ലൗ ജിഹാദ് ഇല്ലെന്ന്. എന്നിട്ടും ബി.ജെ.പി അതിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ആയുധമായി വീണ്ടും വീണ്ടും ലൗ ജിഹാദിനെ ഉപയോഗിക്കുന്നതിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാകപ്പെടേണ്ടത്. ഇതില്‍ മനുഷ്യവകാശ ലംഘനം മാത്രമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനവുമുണ്ട്. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമായിട്ടും അങ്ങനെയൊന്ന് ഉണ്ടെന്ന് വരുത്തിതീര്‍ക്കാനും നിഴല്‍യുദ്ധം നടത്താനും കാത്തിരിക്കുന്നവര്‍ കോടതിയുടെയോ ഭരണഘടനയുടേയോ പേരില്‍ നിശബ്രാകില്ലെന്നതും കരുതിയിരിക്കണം. വല്ലപ്പോഴും സംഭവിക്കുന്ന പ്രണയമെന്ന വികാരത്തെ ‘തട്ടികൊണ്ടുപോകല്‍’ എന്ന എഫ്.ഐ.ആര്‍ വാക്കിലേക്ക് ചുരുക്കുമ്പോള്‍ അവര്‍ക്ക് കാലം ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രതീക്ഷിക്കാം.

ടി.കെ ജോഷി