വൈറ്റ് ടെററിസം; വംശവെറിയുടെ മാനിഫെസ്റ്റോ

2574

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രണത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം വഴി തുറക്കുന്നത് നിര്‍ണായകമായ ചില ആലോചനകളിലേക്കാണ്. അമ്പതുപേര്‍ കൊല്ലപ്പെട്ട ഈ ഭീകരതാണ്ഡവത്തെ ഒറ്റപ്പെട്ട സംഭവം എന്ന രീതിയിലാണ് ട്രംപ് വിലയിരുത്തിയത്. കൊലയാളി തന്‍റെ ലക്ഷ്യമായി പറഞ്ഞുവച്ച ‘വൈറ്റ്പവര്‍’ എന്ന സംജ്ഞ, ഇന്ന് യൂറോപ്പും അമേരിക്കയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നത് മറച്ചുവച്ചു കൊണ്ട,് വൈറ്റ് നാഷണലിസം വളര്‍ന്നുവരുന്ന ഒരു ഭീഷണിയല്ലെന്നും ഒരു ചെറിയകൂട്ടം ആളുകള്‍ മാത്രമാണെന്നും ട്രംപ് പറഞ്ഞത്തിനു പിന്നില്‍ വലിയ മാനങ്ങളുണ്ട്. ട്രംപ് ‘അതിര്‍ത്തി സംരക്ഷണത്തെക്കുറിച്ച്’ വാചാലനാവുന്നതും ക്രൈസ്റ്റ്ചര്‍ച്ച് ഭീകരന്‍റെ മാനിഫെസ്റ്റോയിലെ അഭയാര്‍ത്ഥി വിരുദ്ധ നിലപാടും തമ്മിലുള്ള ഇഴയടുപ്പം നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്ന ചില സത്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും, മത തീവ്രവാദം, ഇസ്ലാമിക ഭീകരവാദം, ലോക സമാധാനം, അതിര്‍ത്തി സംരക്ഷണം, അഭയാര്‍ത്ഥി നിയന്ത്രണം തുടങ്ങിയ പുകമറകള്‍ക്കുള്ളിലേക്ക് പതിവുപോലെ എല്ലാ ചര്‍ച്ചകളും ഒതുങ്ങാനാണ് സാധ്യത. മധ്യ അമേരിക്കക്കാര്‍ യു.എസിലേക്ക് കുടിയേറുന്നതിനെ ‘അധിനിവേശം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് സംഭവിക്കുന്നത് എന്നും ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അധിനിവേശമാണിതെന്നുവരെ ട്രംപ് പറയുമ്പോള്‍, അതിന് രാഷ്ട്രീയവും വംശീയവുമായ ഒരുപാടു മാനങ്ങളുണ്ട്. ഭീകരാക്രമണം നടത്തിയ ടെറന്‍റിന്‍റെ മാനിഫെസ്റ്റോയില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശമുള്ളത്, താന്‍ ഒരു ട്രംപ് അനുകൂലിയാണെന്ന് അയാള്‍ തുറന്നു പറഞ്ഞത് പുതിയ വെള്ളക്കാരന്‍ സ്വത്വത്തിന്‍റെ പ്രതീകമാണ.്
അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യ ശക്തികളുടെ പരസ്യ അജണ്ടയില്‍ വ്യാപകമായി കണപ്പെടാത്ത ഒന്നാണ് ആഭ്യന്തര കലാപങ്ങളും പ്രതിഷേധങ്ങളും അവയെ അടിച്ചമര്‍ത്താനുള്ള പരസ്യ പ്രഖ്യാപനങ്ങളും, എന്നാല്‍, പാശ്ചാത്യ ലോകത്ത് ഏറ്റവും അനിവാര്യമായ പോരാട്ടം അതാണെന്നതിലേക്കാണ് പുതിയ കാലത്തെ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തെ ഒറ്റപ്പെട്ട, ഒരു വംശീയവാദിയുടെ ക്രൂരത എന്നതിലേക്ക് ഒതുക്കിടത്തീര്‍ക്കാനുള്ള പാശ്ചാത്യന്‍ വെപ്രാളങ്ങള്‍ക്കിടയിലും, സമ്മിശ്ര പ്രതികരണങ്ങളാണ് പാശ്ചാത്യ ലോകത്ത് നിന്ന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ന്യൂസിലാന്‍ഡ് ഇതു സംബന്ധിച്ച് കൈക്കൊണ്ട നിലപാടുകള്‍ ഏറെ ആശ്വാസകരവും അതോടൊപ്പം പാശ്ചാത്യ മുഖ്യധാരയുടെ മൗലിക സ്വഭാവത്തില്‍ നിന്ന് വേര്‍പെട്ട ഒരു സമീപനവുമാണ് എന്നത് കാണാതിരുന്നുകൂടാ. ‘വൈറ്റ് സുപ്രീമസി വാദം’ പാശ്ചാത്യ ലോകത്ത് എന്നും സമാന്തരമായി നിലനിന്നു പോന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ‘വൈറ്റ് സുപ്രീമസി’ എന്ന ആശയധാരയോട് പുലര്‍ത്തുന്ന മൃദു മനോഭാവത്തോടൊപ്പം, ടെററിസം എന്ന സംജ്ഞ വെളുത്തവന് യോജിക്കില്ല എന്ന വംശീയ മനോഭാവം പാശ്ചാത്യ ലോകം കാലങ്ങളായി പുലര്‍ത്തിപ്പോരുന്നതും ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കാം. വെളുത്തവരുടെ അധീശത്വം ചില രഹസ്യ സംഘങ്ങളുടെ മാത്രം അജണ്ടയല്ല എന്നതാണ് ഏറ്റവും പ്രധാനം. കുടിയേറ്റക്കാരോടുള്ള ട്രംപിന്‍റെ നിലപാടുകളിലും ‘വൈറ്റ് സുപ്രീമസി’യുടെ പരോക്ഷമായ സ്വാധീനം കാണാന്‍ കഴിയും, കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്‍റ് നടത്തിയ പ്രസ്താവനകള്‍ ഇതിനെ സാധൂകരിക്കുന്നതാണ്. അമേരിക്കയില്‍ മാത്രം വംശീയ തീവ്രവാദികളുടെ വ്യാപനം ഏറെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ നടന്ന 421 അനിഷ്ട സംഭവങ്ങള്‍ക്കു പിന്നില്‍ വെള്ള തീവ്രവാദികള്‍ ആയിരുന്നെങ്കില്‍ 2018ല്‍ ഇത് 1187 ആയി വര്‍ദ്ധിച്ചുവത്രെ, വെളുത്തവരുടെ മേല്‍ക്കോയ്മ ആവശ്യപ്പെട്ടു കൊണ്ട് നടന്ന വംശീയ റാലികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ.് 2018ല്‍ മാത്രം 91 ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ അമേരിക്കയില്‍ നടന്നുവെന്നാണ് കണക്കുകള്‍. അമേരിക്കയില്‍ ഈയടുത്ത് നടന്ന മിക്ക ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ഈ വംശീയ വാദികള്‍ തന്നെയാണ്. 2017ല്‍ നടന്ന 65 ആക്രമണങ്ങളില്‍ 37 എണ്ണത്തിന് പിന്നിലും വംശീയ-മുസ്ലിം വിരുദ്ധ-ഭരണ വിരുദ്ധ പ്രേരകങ്ങളാണ് പ്രവര്‍ത്തിച്ചത്.
യൂറോപ്പില്‍ 2016- 2017ല്‍ മാത്രം വലതുപക്ഷ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ജനതക്കു നേരെയും മുസ്ലിം- അവര്‍ണ ക്രിസ്ത്യന്‍ -യഹൂദ-സിഖ് ജനവിഭാഗങ്ങള്‍ക്കു നേരെയും വ്യാപകമായി അക്രമം വര്‍ദ്ധിച്ചു വരുന്നത് എത്ര കാലമാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ ഗണത്തില്‍ ഒളിച്ചു വെക്കുക എന്നത് കണ്ടറിയണം. ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദ് ആക്രണം നടത്തിയ തീവ്രവാദിയുടെ പ്രേരകം വലിയൊരു മാനിഫെസ്റ്റോ ആയി അയാള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വേട്ടക്കാരന്‍റെ മാനിസ്ഫെസ്റ്റോ ആദ്യമായല്ല യൂറോപ്പില്‍ പുറത്തിറങ്ങുന്നത്. മുമ്പും ഇതുപോലുള്ള ആക്രമകാരികള്‍ അവരുടെ നയം വ്യക്തമാക്കികൊണ്ടു തന്നെയാണ് ആക്രമങ്ങള്‍ നടത്തിയത്. 70 ലേറെ പേരെ വധിച്ച ഒരു ഭീകരന്‍ മുമ്പ് 1500 പേജുള്ള മാനിഫെസ്റ്റോ ആയിരുന്നു പുറത്തിറക്കിയത്. ഇതിലെല്ലാം പൊതുവായി കാണപ്പെടുന്ന ലക്ഷ്യവും ഇരകളോടുള്ള ഭീഷണിയും യൂറോപ്പ് യൂറോപ്യര്‍ക്ക് മാത്രം, കുടിയേറിയ വംശങ്ങളും വിശ്വാസ സംഹിതകളും ഇവിടുന്ന് കുടിയൊഴിപ്പിക്കപ്പെടും എന്നതു തന്നെയാണ്.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെ അപലപിച്ചു കൊണ്ട് അമേരിക്കന്‍-അറബ്-ആന്‍റി ഡിസ്ക്രിമിനേഷന്‍ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ വായിക്കാം ‘ഈ ഭീകരാക്രണത്തിനു പിന്നിലെ ആശയധാര വെള്ളക്കാരന്‍റെ അപ്രമാദിത്വമാണ് ആഗ്രഹിക്കുന്നത്. ഇത് അമേരിക്കയിലും യൂറോപ്പിലുമെല്ലാം അധിവസിക്കുന്ന മുസ്ലിംകളും അറബികളും ഉള്‍പ്പെടെയുള്ള വെള്ളക്കാരല്ലാത്ത മുഴുവന്‍ ജനങ്ങള്‍ക്കു നേരെയുമുള്ള ഭീഷണി തന്നെയാണ്. ഇത് കേവലം ഒരാശയമല്ല, ഇതൊരു യുദ്ധപ്രഖ്യാപനമാണ്. അമേരിക്കയില്‍ ഏറ്റവുമധികംപേര്‍ കൊല്ലപ്പെടുന്നത് ഈ തീവ്രവാദികളുടെ കരങ്ങളാലാണ് എന്നതില്‍ നിന്ന് ഈ ഭീഷണിയുടെ ആഴം മനസ്സിലാക്കാം.
അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുണ്ട് ‘വൈറ്റ് ടെറര്‍’ എന്നു വിളിക്കപ്പെടുന്ന വെള്ളക്കാരന്‍റെ അപ്രമാദിത്വം വിളിച്ചോതുന്ന ആശയ സംഹിതക്ക്, അന്ധവിശ്വാസികളായ കറുത്ത വര്‍ഗക്കാരെ അമേരിക്കയില്‍ നിന്നു തുരത്താന്‍ ‘കൂ ക്ലക്സ് ക്ലാന്‍’ എന്ന വംശീയ-ഭീകര സംഘടന ആദ്യ കാലങ്ങളില്‍ വിചിത്ര വേഷങ്ങള്‍ ധരിച്ചായിരുന്നു കറുത്തവരെ ഭയപ്പെടുത്തിയിരുന്നത്. ടെററിസം എന്ന നിര്‍വചനത്തില്‍ ഈ വെള്ള സംഘങ്ങള്‍ എത്രയളവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതു വിചിത്രമാണെങ്കിലും, അടിമത്വവും വര്‍ണവിവേചനവും തിരികെ കൊണ്ടുവരാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദങ്ങളില്‍ അമേരിക്കയിലുടനീളം വെള്ളക്കാരന്‍റെ രഹസ്യ സംഘങ്ങള്‍ പരസ്യമായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടിട്ടുണ്ട്. അത്തരം സംഘങ്ങളെ ഭരണകൂടം സായുധമായിതന്നെ അടിച്ചമര്‍ത്തി എന്നത് പാശ്ചാത്യ ചരിത്രത്തിലെ ആദ്യ തീവ്രവാദ വിരുദ്ധ പോരാട്ടമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്നാല്‍, മുഖ്യധാരാ ചരിത്രത്തില്‍ ആ പദപ്രയോഗങ്ങള്‍ അബദ്ധത്തില്‍ പോലും പ്രയോഗിച്ചത് കാണാന്‍ കഴിയില്ല. പലപ്പോഴും അടിച്ചമര്‍ത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു സമാന്തര സംവിധാനമായി എക്കാലത്തും റൈറ്റ് വിങ് ഗ്രൂപ്പുകള്‍ യൂറോപ്പില്‍ നിലനിന്നിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്പിലേയും രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ ഈ ഗ്രൂപ്പുകള്‍ക്ക് നല്ല സ്വാധീനവുമുണ്ടായിട്ടുണ്ട് എന്നതാണ് ഇവരോട് ഭരണകൂടങ്ങളുടെ സമീപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഭരണകൂടങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ഭീഷണിയായി ഇവരുടെ അക്രമങ്ങള്‍ മാറുമ്പോഴും, അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴും തീവ്രവാദത്തിന്‍റെ പരിധിയില്‍ അടിയന്തരമായി തുടച്ചുനീക്കപ്പെടേണ്ട അപകടകരമായ ഒരു ആശയധാരയായി ഇവരെ പരിഗണിക്കാന്‍ പടിഞ്ഞാറന്‍ മുഖ്യധാരാ രാഷ്ട്രീയം ഇന്നും തയ്യാറായിട്ടില്ല.

വംശീയതയുടെ വേരുകള്‍

വെള്ള വംശീയ വാദികളില്‍ പലരും ക്രിസ്തുമത വിശ്വാസികളാണെങ്കിലും, നല്ലൊരളവില്‍ നാസ്തികരും യുക്തിവാദികളുമായ ആളുകള്‍ ഈ ടെറര്‍ ഗ്രൂപ്പുകള്‍ക്കും ആശയ സംഹിതകള്‍ക്കും പിന്നിലുണ്ട്. മതതീവ്രവാദം എന്ന വാക്കിന് കൂടുതല്‍ പ്രചാരം സിദ്ധിക്കണം എന്നാഗ്രഹിക്കുന്നതും അതിനായി തങ്ങളുടെ ഊര്‍ജം ഏറ്റവും കൂടുതല്‍ ചെലവിടുകയും ചെയ്യുന്നത് യുക്തിവാദികളാണ്.
ക്രിസ്ത്യന്‍ ഐഡന്‍റിറ്റിയിലും മതമോ വിശ്വാസമോ ഒരു സുപ്രധാന ഘടകമായി പറയാന്‍ കഴിയാത്ത/പറയേണ്ടതില്ലാത്ത ഒരു സാമൂഹിക പശ്ചാത്തലമാണ് ആധുനിക ക്രസ്ത്യന്‍ സമൂഹം മുന്നോട്ടു വെക്കുന്നത് എന്നതിനാല്‍, മതത്തിന് നേരെയുള്ള വലതുപക്ഷ നാസ്തികതയുടെ ആക്രമണത്തില്‍ ഭൂരിപക്ഷമായ ക്രസ്ത്യന്‍ സമൂഹം ഏറെയൊന്നും സഹിക്കേണ്ടി വന്നിട്ടില്ല. എന്നല്ല ഇവാഞ്ചലിസ്റ്റുകള്‍ ‘വൈറ്റ് സുപ്രീമസി’യോട് കലഹിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ തമ്മിലുള്ള ഇഴയടുപ്പം അത്ര ചെറുതൊന്നുമല്ല, ഫലത്തില്‍ ‘വൈറ്റ് സുപ്രീമസി’യുടെയും നാസ്തിക വയലന്സിന്‍റെയും ഉന്നം ആഫ്രിക്കന്‍ ജനതയും ഇസ്ലാമതവും തന്നെയായി മാറുന്നതു കാണാം. ഇതു കൊണ്ടു തന്നെയാണ് പുതിയ വൈറ്റ് പവര്‍ വാദി ന്യൂസിലാന്‍ഡില്‍ തന്‍റെ ഉന്നമായി മുസ്ലിം പള്ളി തന്നെ തെരഞ്ഞെടുത്തത്.
ആഗോള തലം മുതല്‍ ഇങ്ങേയറ്റത്ത് കേരളത്തിന്‍റെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളില്‍ വരെ മതങ്ങളെയും, പ്രത്യേകിച്ച് ഇസ്ലാമിനെയും ഭീകരവാദത്തെയും ബന്ധിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ചമക്കുന്നതിലും ഹിംസാത്മകമായ പ്രത്യയശാസ്ത്രങ്ങള്‍ എന്ന നിലയില്‍, ഒരു ഐഡിയല്‍ സമൂഹത്തില്‍ നിന്ന് ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങള്‍ നിഷ്കാസനം ചെയ്യപ്പെടേണ്ട അനിവാര്യതയെയും കുറിച്ച് ഏറ്റവുമധികം വാചാലരാവുന്നതും, അതിനായി കാമ്പയിന്‍ നടത്തി മാനവികതയെയും മതത്തെയും വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ വ്യാപൃതരാവുന്നതും ഇവര്‍ തന്നെയാണ്. ഇന്ത്യയിലെ സംഘ്പരിവാര്‍ വലതു പക്ഷത്തേക്കാള്‍ ഒരുപക്ഷേ, യുക്തിവാദ ഇടതു പക്ഷമാവും, വലതുപക്ഷ ചേരിയിലെ നാസ്തികയാണ് ആഗോള തലത്തില്‍ മതത്തെ നിഷ്കാസനം ചെയ്യാന്‍ യത്നിക്കുന്നതെങ്കില്‍, ഇവിടെ അത് പിറവിയെടുത്തതും പോഷണം ലഭിക്കുന്നതും മുന്‍ഗണനാ ക്രമം വഴുതിപ്പോയ ഇടതുപക്ഷത്തില്‍ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. വലതുപക്ഷ നാസ്തികരും വംശീയവാദികളും ആഗോള തലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരെ വലിയ തോതില്‍ വംശീയ വിദ്വേഷം പുലര്‍ത്തുന്നവരാണ് എന്നതാണ് കൗതുകകരം. എന്നാല്‍, വംശീയതയിലും മതനിന്ദയിലും അപരവത്കരണ പ്രചാരണങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് ഇവിടുത്തെ ബ്രാഹ്മണിക്കല്‍ നാസ്തികഥയാണ്. ആഗോള തലത്തില്‍ ക്രൈസ്തവ പിന്തുണയുള്ള വലതുപക്ഷ നാസ്തികതയുടെ സ്വഭാവങ്ങള്‍ ഇവര്‍ പ്രകടിപ്പിക്കാറുള്ളത് വിശ്വാസികളെയും വിശ്വാസത്തെയും അപരവത്കരിക്കാനുള്ള ലക്ഷ്യത്തെക്കുറിച്ചുള്ള ആലോചനകളിലാണ്. ഇസ്ലാമിനെ ആഗോള തലത്തില്‍ തന്നെ ഉډൂലനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് യുക്തിവാദികളുടെ മാര്‍പ്പാപ്പമാരായ സാം ഹാരിസും റിച്ചാര്‍ഡ് ഡോകിന്‍സും സംസാരിക്കാറുള്ളത്. പാശ്ചാത്യ വംശീയതയുടെ വെള്ളവും വളവും കൊണ്ടാണ് പൗരസ്ത്യ മതമായ ഇസ്ലാമിനെക്കുറിച്ചുള്ള/ അതിന്‍റെ ഉډൂലനത്തെ കുറിച്ചുള്ള ചിന്തകളുടെ അടിവേരുകള്‍ ഊര്‍ജം സംഭരിക്കുന്നത്. തീവ്രവാദത്തിനെതിരായ തങ്ങളുടെ (പാശ്ചാത്യരുടെ) യുദ്ധത്തെകുറിച്ച് അവര്‍ വാചാലരാവുമ്പോള്‍, നാം എന്നത് വെളുത്തവനും തീവ്രവാദി എന്നത് മുസ്ലിമും എന്നതിലേക്ക് ചൂണ്ടു പലകയാകുന്ന അനേകം എഴുത്തുകള്‍ ഇവരില്‍ നിന്ന് കാണാന്‍ കഴിയും. മതങ്ങളെക്കാള്‍ സമാധാന പൂര്‍ണമായ ഒരു തത്വസംഹിതയാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നത് എന്നാണ് അവരുടെ പ്രധാന വാദം, ഇതിന്‍റെ പ്രചാരണത്തിനും പ്രയോഗവത്കരണത്തിനുമായി അവരുടെ കയിലുള്ളതും മതങ്ങളെ ഉډൂലനം ചെയ്യുക എന്ന സിദ്ധാന്തം തന്നെയാണ്. അതും ഇസ്ലാമിനെ പ്രാഥമികമായി ലക്ഷ്യംവെക്കുമ്പോള്‍, വിവിധ സൈനിക അധിനിവേശങ്ങളിലൂടെ തകര്‍ക്കുക എന്നതിനെ ‘വാര്‍ ഓണ്‍ ടെറര്‍’ മറയാക്കി ആശയ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതും വൈറ്റ് ടെററിന്‍റെ മറ്റൊരു മുഖമായ നാസ്തിക സായിപ്പുമാര്‍ തന്നെയാണ്.

ഉډൂലന സിദ്ധാന്തം;
തത്വവും പ്രയോഗവും

തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ലോക ക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പാശ്ചാത്യര്‍ കരുതലോടെ നീങ്ങിയിരുന്നു, ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ ഭരണസംവിധാനത്തെ നിര്‍ണയിക്കുന്നതില്‍ വിപ്ലവകാരമായ മാറ്റം കൊണ്ടുവന്നുവെങ്കിലും, അതിന്‍റെ അടിവേരുകള്‍ ‘വൈറ്റ് സുപ്രീമസി’യുടെ നിലനില്‍പ്പിനെ പിന്തുണക്കുന്ന തത്വങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ഉടലെടുത്തെങ്കിലും ഹിറ്റ്ലറുടെ ആര്യരക്ത സങ്കല്‍പ്പത്തില്‍ നിന്നാണ് ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത്. അതിനാല്‍ തന്നെ, വംശീയത വലിയോരളവില്‍ ഈ സിദ്ധാന്തത്തെ സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ വംശത്തിന് അപ്രമാദിത്വം എന്നതിന്‍റെ മറ്റൊരു മുഖമാണ് തങ്ങളുടെ അതിര്‍ത്തിക്കുള്ളിലുള്ള വംശത്തിന്‍റെ കുലീനത എന്നതും. അതിര്‍ത്തിക്കുള്ളില്‍ ഒരു പ്രത്യേക വംശത്തെ മാത്രം സ്ഥാപിക്കുന്നതിനായുള്ള കഠിന ശ്രമങ്ങളാണ് ദേശരാഷ്ട്രങ്ങളുടെ പുതിയ പ്രവണതയായി കണ്ടു വരുന്നത്. അമേരിക്ക മുതല്‍ ഇന്ത്യ വരെ സമാന ചിന്താഗതിയും പ്രയോഗ വത്കരണവുമാണ് നടന്നു വരുന്നത്. ഗുജറാത്ത് വംശ ഹത്യയും ന്യൂസിലാന്‍ഡ് ആക്രമണവും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്ത അടിസ്ഥാന പ്രേരകത്തില്‍ നിന്നു തന്നെ ഉടലെടുത്തതാണ് എന്നു പറയുന്നതാവും കൂടുതല്‍ ശരി. വംശീയമായ ഏകീകൃത സ്വത്വവും അതിര്‍ത്തിക്കുള്ളിലെ തങ്ങളുടെ അപ്രമാദിത്വവും അപരനെ നിഷ്കാസനം ചെയ്യാനുള്ള ആദര്‍ശ സംഹിതയുമെല്ലാം ഒരേ വേരുകളില്‍ നിന്നുള്ളതാണ് എന്നത് ഈ പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം സമാനത വിളിച്ചു പറയുന്നുണ്ട്. തങ്ങളുടെ സുപ്രീമസിക്ക് വിശ്വാസപരമായ ന്യായങ്ങളല്ല, വംശീയമായ ന്യായങ്ങളാണ് എന്നതില്‍ നിന്ന് മതത്തെ ഇവര്‍ തങ്ങളുടെ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, മതം പ്രേരകമായതല്ല ഇവരുടെ ആശയധാരയുടെ വേരുകളെന്നും നിരീക്ഷിക്കാവുന്നതാണ്. വംശശുദ്ധി നിലനിര്‍ത്തപ്പെടുകയും സാംസ്കാരിക അധീശത്വവും,അധികാരവും തങ്ങളാല്‍ മാത്രം കയ്യാളപ്പെടുകയും ചെയ്യുന്ന ഒരു സമൂഹിക ക്രമമാണ് ഇവരുടെ ലക്ഷ്യം. അതില്‍ വിശ്വാസം കാര്യമായ പങ്കു വഹിക്കുന്നില്ല എന്നതിനാല്‍, മത സ്വത്വത്തില്‍ നിന്നു വേര്‍പെട്ടു നില്‍ക്കുന്ന ‘വൈറ്റ് സുപ്രീമസി’യെയും ‘സാഫ്രോണ്‍ സുപ്രീമസി’യേയും കുറിച്ചുള്ള വിലയിരുത്തലുകളാണ് ഉയര്‍ന്ന് വരേണ്ടത്.

വംശീയതയെ റദ്ദുചെയ്യുന്ന മതവിശ്വാസങ്ങളെ തുടച്ചുമാറ്റി, വംശീയതയും അതിന്‍റെ അപ്രമാദിത്വം അംഗീകരിക്കുന്ന മതസംഹിതയും അതിന്‍റെ വാഗ്ദത്ത ഭൂമിക്കായി തീവ്രദേശീയതയും നടപ്പില്‍ വരേണ്ടുന്ന/ നിലനില്‍ക്കേണ്ടുന്ന ഒരു ലോകക്രമത്തെ കുറിച്ചാണ് വംശീയ വാദികള്‍ എന്നും സംസാരിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡ് ഭീകരനും തന്‍റെ മാനിഫെസ്റ്റോയില്‍ സമാന മനസ്കരുമായുമായുള്ള തന്‍റെ ആദര്‍ശ ബന്ധത്തെകുറിച്ച് അടിവരയിട്ടു പറയുന്നുണ്ട്. ഈ വേരുകള്‍ ഹിറ്റ്ലറുടെ ഉډൂലന യത്നത്തിലേക്കാണ് ചെന്നെത്തുന്നത് എന്നും കാണാന്‍ കഴിയും.

ഇസ്ലാമിക തീവ്രവാദം എന്ന പുകമറ

ഒരു വശത്ത് ‘വൈറ്റ് സുപ്രീമസി’ വാദം ശക്തിപ്പെടുമ്പോള്‍, അതോടൊപ്പം തന്നെ ‘വൈറ്റ് ഇന്നസെന്‍റ്’ തിയറിയും ശക്തിപ്പെടുന്നുണ്ട്. അതിനാലാണ് എത്ര തന്നെ ജീവന്‍ അപഹരിച്ചാലും വെള്ളക്കാരന്‍റെ ഹത്യകള്‍ ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും ചാര്‍ത്തപ്പെടാതെ നിര്‍ത്തുന്നത്. അമേരിക്കയില്‍ 2011 മുതല്‍ 2015 വരെ നടന്ന 89 ഭീകരാക്രമണങ്ങളില്‍ 12 എണ്ണം മാത്രമാണ് മുസ്ലിം നമാധാരികള്‍ പങ്കു കൊണ്ടിട്ടുള്ളത്. ബാക്കിയെല്ലാം വലതുപക്ഷ വംശീയ ഗ്രൂപ്പുകളാലാണ് ആസൂത്രണവും നിര്‍വഹണവും നടന്നിട്ടുള്ളത്. എങ്കിലും മുസ്ലിം തീവ്രവാദം എന്ന പുകമറ മുന്നില്‍ പ്രതിഷ്ടിക്കുമ്പോള്‍ മാത്രമേ വലതുപക്ഷ തീവ്ര സംഘങ്ങളെ അണിയറക്ക് പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ കഴിയൂ എന്നതു കൊണ്ടാണ് ഇസ്ലാമിക് ടെററിസം എന്ന സംജ്ഞ കൂടുതല്‍ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കണം എന്ന നിര്‍ബന്ധബുദ്ധി പാശ്ചാത്യ രാജ്യങ്ങളും, വലതുപക്ഷ ഗ്രൂപ്പുകളും, ആ വലയില്‍ വീണു പോയ ഇന്ത്യയിലെ ലിബറലുകളും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തീവ്ര ദേശീയതയും വംശീയതയും ശത്രു പക്ഷത്ത് ഇസ്ലാമിനെ പ്രതിഷ്ഠിക്കുന്നതിന്‍റെ രാഷ്ട്രീയവും മറ്റൊന്നല്ല. ഇന്ത്യയില്‍ ഈയിടെ പോപ്പുലറായ ‘ജിഹാദി’ എന്ന പദപ്രയോഗവും പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയായി അവതരിപ്പിക്കുന്നതും ഈ പുകമറകള്‍ക്കു പിന്നില്‍, വലതുപക്ഷ വംശീയ പ്രസ്ഥാനങ്ങള്‍ക്ക് അപര നിഷ്കാസന സംഹിതയുടെ വ്യാപനം ത്വരിതപ്പെടുത്താന്‍ മാത്രമാണെന്ന് ആനേുകാലിക സംഭവങ്ങള്‍ വ്യക്തമായി വിളിച്ചു പറയുന്നുമുണ്ട്.

മമ്മുട്ടി അഞ്ചുകുന്ന്