വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാക്കിന്റെ തീക്ഷ്ണതയും ഓര്‍മകളുടെ പകിട്ടും

1195

2016-ല്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് കായല്‍പട്ടണത്തു നിന്നും പൊന്നാനിയിലേക്ക് സംഘടിപ്പിച്ച പൈതൃകയാത്രക്കിടെയാണ് കഴിഞ്ഞ വാരത്തില്‍ വിടപറഞ്ഞ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കാന്‍ അവസരം ലഭിച്ചത്. കേരളത്തിലെ മണ്‍മറഞ്ഞ മഹാ പണ്ഡിതരെയും സാമുദായിക നേതാക്കളെയും കുറിച്ച് വാചാലനായ അദ്ദേഹം തന്റെ അനുഭവങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരെ അനുസ്മരിച്ച അദ്ദേഹം, ഒരു ഹദീസ് ഓതിക്കേള്‍പ്പിച്ചാണ് സംസാരം അവസാനിപ്പിച്ചത്: ”സജ്ജനങ്ങളൊക്കെ ആദ്യമാദ്യം ഒന്നൊന്നായിപ്പോകും. ചണ്ടികള്‍ ബാക്കിയാവും. ബാര്‍ലിയുടെയോ കാരക്കയുടെയോ ചണ്ടി പോലെ. അല്ലാഹുവിങ്കല്‍ ഒരു വിലയുമില്ലാത്ത ചണ്ടികള്‍!”. ജനുവരി 31-ന് വൈലിത്തറയുടെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഈ തിരുവചനം വീണ്ടും അന്വര്‍ഥമായതുപോലെ അനുഭവപ്പെട്ടു.
കായല്‍പട്ടണത്തു നിന്നും കൊച്ചി വഴി മഖ്ദൂം കുടുംബം പൊന്നാനിയിലെത്തിയതിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഞങ്ങളുടെ യാത്ര. യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വൈലിത്തറ അവര്‍കര്‍ ക്ഷുഭിതനായി: ‘ഓച്ചിറയില്‍ കയറാതെയാണോ നിങ്ങള്‍ ഇവിടെ വന്നത് ?’ ഓച്ചിറ ഉസ്താദ് എന്നറിയപ്പെടുന്ന വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുമായി അദ്ദേഹത്തിന് അത്രമാത്രം ബന്ധമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് വിളയില്‍ സ്വദേശിയായ മുഹമ്മദ് മുസ് ലിയാര്‍ കുറ്റൂര്‍ കമ്മുണ്ണി മുസ്ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരില്‍ നിന്നും ദര്‍സ് പഠനം നടത്തി വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനം നടത്തിയ മഹാ പണ്ഡിതനാണ്. പതാറ്റാണ്ടുകളോളം ഓച്ചിറയില്‍ കഴിഞ്ഞ മഹാന്‍ ആദ്യമായി തെക്കന്‍ കേരളത്തില്‍ വരുന്നതും ദര്‍സ് ആരംഭിക്കുന്നതും വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ മഹല്ലായ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വില്ലേജിലെ പാനൂര്‍ മഹല്ലിലെ പാലത്തറ ജുമുഅത്ത് പള്ളിയിലായിരുന്നു. ആ ദര്‍സില്‍ വൈലിത്തറയുടെ പിതാവ് മുഹമ്മദ് മുസ്ലിയാരും വിദ്യാര്‍ഥിയായി ചേര്‍ന്നു. മുഹമ്മദ് മുസ്ലിയാര്‍ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി വടക്കേ മലബാറിലെത്തുകയും ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ മൗലാനാ ഖുതുബിയുടെ മുതിര്‍ന്ന ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു വൈലിത്തറ മുഹമ്മദ് മൗലവി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്നു.
കണ്ണിയത്ത് ഉസ്താദും പിതാവും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഒരു കഥ അദ്ദേഹം എപ്പോഴും വിവരിക്കാറുണ്ടായിരുന്നു: ”ഒരിക്കല്‍ ഫറോക്ക് കരുവന്‍തുരുത്തി ജുമുഅത്ത് പള്ളിക്കടുത്തുവെച്ച് മഹാനവര്‍കളെ സന്ധിക്കുകയുണ്ടായി. ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളും കൂടെയുണ്ടായിരുന്നു. തങ്ങള്‍ എന്നെ പരിചയപ്പെടുത്തി: ‘ഇത് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍!’ മഹാന്റെ മറുപടി: ‘അങ്ങനല്ലാ, വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ മകന്‍ കൊച്ചുമുഹമ്മദ് മുസ്ലിയാര്‍ എന്ന് പറയുക!’ തുടര്‍ന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു: ‘വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ എന്റെ ഖല്‍ബിന്റെ കരളായിരുന്നു.’ മുമ്പ് രാമന്തളി എന്ന സ്ഥലത്തു വെച്ചാണ് കണ്ണിയത്ത് അവര്‍കളെ ഞാന്‍ ആദ്യം കണ്ടുമുട്ടിയത്. അദ്ദേഹം എന്നെ അടുത്ത് വിളിച്ചു പറഞ്ഞു: ‘നിങ്ങളുടെ ഉപ്പാക്ക് ഞാന്‍ നാല് ഉറുപ്പിക കൊടുക്കാനുണ്ട്. പഠിച്ചിരുന്ന കാലത്ത് കടം വാങ്ങിയതാണ്. അന്നത് കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോവുകയാണ്.’ ഞാന്‍ വിനയപൂര്‍വം അദ്ദേഹത്തോടായി പറഞ്ഞു: ‘ഞാന്‍ അത് പൊരുത്തപ്പെട്ടു തങ്ങളേ…’ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. പരിപാടികള്‍ കഴിഞ്ഞ് പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തോട് യാത്ര ചോദിച്ചു. ആ സന്ദര്‍ഭത്തില്‍ രണ്ടു രൂപാ നോട്ടുകള്‍ എന്റെ നേരെ നീട്ടി. ഞാനത് പൊരുത്തപ്പെട്ടല്ലോ തങ്ങളേ എന്ന് ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:’നിങ്ങള്‍ക്ക് ഒരു സഹോദരി ഇല്ലേ? ഈ രണ്ടു ഉറുപ്പിക ഓള്‍ക്ക് കൊടുത്തേക്കൂ…’ ഞാനത് വാങ്ങുകളും സഹോദരിക്ക് കൊടുക്കുകയും ചെയ്തു.”
ഇടപ്പള്ളി രാജാവിന്റെ അധീനതയിലുള്ള പ്രദേശത്ത് 400 ഹൈന്ദവ കുടുംബങ്ങള്‍ക്കിടയിലെ ഏക മുസ്ലിം കുടുംബമായിരുന്നു ചെറുവാപ്പറമ്പില്‍ തറവാട്. അവിടെ കുമ്പളത്ത് മൈതീന്‍കുഞ്ഞ് ഹാജിയുടെ മകളെയാണ് വൈലിത്തറ മുഹമ്മദ് മുസ്ലിയാര്‍ വിവാഹം കഴിച്ചത്. ഇവരുടെ മകനായി ഏകദേശം 1924-ലാണ് വൈലിത്തറ മുഹമ്മദ്കുഞ്ഞി മൗലവിയുടെ ജനനം. കോടഞ്ചേരി അലി മുസ്ലിയാര്‍, പാപ്പനവള്ളി മുഹമ്മദ് മുസ്ലിയാര്‍ (അദ്ദേഹവും കുടുംബവും പിന്നീട് പരിശുദ്ധ മക്കയിലേക്ക് കുടിയേറുകയും ദീര്‍ഘകാലം ഹറമില്‍ ദര്‍സ് നടത്തുകയും ചെയ്തു) തുടങ്ങിയവരില്‍ നിന്നും പ്രാഥമിക പഠനം നടത്തി. പതിനാലാം വയസ്സില്‍ പിതാവിന്റെ ആദ്യകാല ഗുരുവായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ഓച്ചിറ ദര്‍സില്‍ ചേര്‍ന്നു. ഭക്ഷണ കാര്യത്തിലും മറ്റുമുള്ള കര്‍ക്കശ നിയമങ്ങളും തറയിലെ കിടപ്പുമെല്ലാം കൂടി അവിടെ കഴിച്ചുകൂട്ടുക പ്രയാസമായിരുന്നതിനാല്‍ ഓച്ചിറയിലെ പഠനം ഉപേക്ഷിച്ചു. പിന്നീട് വെന്മേനാട് എം.സി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ ദര്‍സില്‍ എഴു വര്‍ഷം പഠിച്ചു. ശേഷം കൊട്ടാരക്കര ഇബ്റാഹീം മുസ്ലിയാരുടെ കീഴില്‍ പഠനം തുടര്‍ന്നു. ഇക്കാലയളവിലാണ് മതപ്രഭാഷണ വേദികളില്‍ സജീവമാകുന്നത്.
പതിനെട്ടാം വയസ്സിലായാരുന്നു ആദ്യ പൊതു പ്രഭാഷണം. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനാശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ആത്മവിദ്യാ സംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞപ്പോള്‍ ആര്യഭട്ട സ്വാമി കൈപ്പിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ”വണ്ടര്‍ഫുള്‍ മാന്‍!” പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടു നിന്ന പ്രഭാഷണം നടത്തിയതോടെ കൂടുതല്‍ ശ്രദ്ധേയനായി. ഒരിക്കല്‍ തന്റെയും പിതാവിന്റെയും ഗുരുനാഥനായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാര്‍ വൈലിത്തറയെ വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ ആദ്യ സംഭാഷണം ഇങ്ങനെയായിരുന്നു: ‘നിന്നില്‍ നിന്നുള്ള എന്റെ എല്ലാ ഹഖുകളും നിനക്ക് ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു. അതുപോലെ എന്നില്‍ നിന്നുള്ള എല്ലാ ഹഖുകളും നീ എനിക്ക് പൊരുത്തപ്പെട്ടോ ?’ വൈലിത്തറ മറുപടി പറഞ്ഞു: ‘അങ്ങേക്ക് പൊരുത്തപ്പെട്ടു തരുവാന്‍ എന്റെ പക്കല്‍ ഒന്നുമില്ല. വല്ലതുമുണ്ടെങ്കില്‍ ഞാനത് പൊരുത്തപ്പെട്ടിരിക്കുന്നു.’ ഈ മറുപടിക്ക് ശേഷം അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു: ‘നിന്റെ ഉപ്പ അല്ലാഹുവിന്റെ ദീനിനെ വിറ്റവനായിരുന്നില്ല. നീയും അതുപോലെ ദീനിനെ വില്‍ക്കാത്തവനായിത്തീരണം!’
വടകര ബുസ്താനുല്‍ ഉലൂം മദ്റസാ വാര്‍ഷികത്തിനാണ് വൈലിത്തറ ആദ്യമായി മലബാറില്‍ അരങ്ങേറ്റം നടത്തുന്നത്. നവീനവാദികള്‍ ശുദ്ധമായ ഭാഷയിലൂടെയും വ്യത്യസ്തമായ ശൈലിയിലൂടെയും ജനങ്ങളെ ആകര്‍ഷിക്കുന്ന കാലമായിരുന്നു ഇത്. വൈലിത്തറയുടെ വരവ് സുന്നീ രംഗത്ത് വലിയ ആത്മവിശ്വാസം പകര്‍ന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏഴു ദിവസവും രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ച് ദിവസവും അദ്ദേഹത്തിന്റെ മതപ്രഭാഷണം നടന്നു. കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്ലിമീന്‍ മദ്റസാ അങ്കണത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര അവിസ്മരണീയമായിരുന്നു. ഏഴു ദിവസത്തേക്ക് തീരുമാനിക്കപ്പെട്ട പരിപാടി പതിനേഴു ദിവസം നീണ്ടു. മലബാറിലെ ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും ആരംഭകാലങ്ങളില്‍ മുതല്‍ക്കൂട്ടായത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളായിരുന്നു. തന്റെ പ്രഭാഷണാനുഭവം വൈലിത്തറ പങ്കുവെക്കുന്നത് ഇങ്ങനെയാണ്: ”മതപ്രഭാഷണത്തിന് ഒരു നിശ്ചിത ഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്താണ് ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്നു. വഹാബി-മൗദൂദികളും മറ്റും മതപ്രഭാഷണം എന്ന പേരില്‍ നടത്തിവന്ന പരിപാടികള്‍ ഈ വിഭാഗത്തെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെയാണ് എന്നെ മലബാറിലേക്ക് ക്ഷണിക്കുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ എന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ നല്ല സ്വീകാര്യത ലഭിച്ചു. മതപ്രഭാഷണം എന്ന പേരില്‍ പ്രസംഗം ആരംഭിക്കുന്ന പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന പ്രഭാഷണത്തിന് പലപ്പോഴും തയ്യാറായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ലഭ്യമായ എല്ലാ മതഗ്രന്ഥങ്ങളിലേക്കും സാഹിത്യ കൃതികളിലേക്കും പ്രഭാഷണം പരന്നുപോകണം. ഭഗവത്ഗീതയെ പരാമര്‍ശിക്കണം. ഉപനിഷത്തുകളെ പരാമര്‍ശിക്കണം. കുമാരനാശാനെയും ചങ്ങമ്പുഴയെയും വായിക്കണം. അപ്പോള്‍ ഒരു വിശാലമായ കാഴ്ചപ്പാടിലേക്ക് നമുക്ക് എത്തിച്ചേരാനാകും. പാഠപുസ്തകത്തിന് പുറത്തേക്ക് പോകുന്ന പുതിയകാലത്തെ പഠനശൈലി പോലെ, അറിവിന്റെ വിശാലമായ ലോകത്തേക്കാണ് യാത്ര ചെയ്യേണ്ടത് എന്ന ആശയം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നുതന്നെയാണ് കരുതുന്നത്”. (ഫിര്‍ദൗസ് കായല്‍പ്പുറം, വൈലിത്തറ പ്രസംഗിക്കുകയാണ്, ചന്ദ്രിക റമള്വാന്‍ പതിപ്പ്, 2016 ജൂണ്‍)
വൈലിത്തറയുടെ ഗുരുനാഥന്‍ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാര്‍ സമസ്തയുടെ ആരംഭകാല നേതാവും സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനായി യത്നിച്ച മഹാ പണ്ഡിതനുമായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനും മരുമകനുമായിരുന്നു പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. പതിയുടെ പാത പിന്തുടര്‍ന്നാണ് വൈലിത്തറയും മലബാറില്‍ പ്രത്യക്ഷപ്പെടുന്നത്. വിയോഗം വരെ തന്നെ സന്ദര്‍ശിക്കാനെത്തുവരുടെ മുമ്പില്‍ ഒരു വീര പുരുഷനെപ്പോലെയാണ് പതിയെ വൈലിത്തറ അവതരിപ്പിച്ചിരുന്നത്. മതപ്രഭാഷണം എന്നതില്‍ കവിഞ്ഞ് സുന്നീ ആശയങ്ങളുടെ സമര്‍ഥനം കൂടിയായിരുന്നു വൈലിത്തറയുടെ പ്രഭാഷണങ്ങള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഖണ്ഡന-സംവാദ വേദികളിലും വരെ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം ധൈര്യം കാണിച്ചു.
‘ഖുര്‍ആന്‍ ഉള്ളപ്പോള്‍ പിന്നെന്തിന് മദ്ഹബ്’ എന്ന പേരില്‍ 2006-ല്‍ അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. വാണിയംകുളം മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലക്സിലെ മഅ്ദനുല്‍ ഫുസ്വഹാ ആണ് പ്രസാധകര്‍. മദ്ഹബിന്റെ പ്രാധാന്യം ഖുര്‍ആന്‍ അടിസ്ഥാനമാക്കി വിവരിക്കുന്ന ഈ കൃതി വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന രചനയാണ്. ബൗദ്ധിക ആത്മകഥ (Intellectual Autobiography) എന്ന തലത്തിലും ഈ രചനയെ കാണാം. പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് തന്റെ ഗുരുപരമ്പരയിലെ പണ്ഡിതരുടെ ലഘു ചരിത്രത്തോടൊപ്പം തന്റെ ജീവിതത്തില്‍ അടുത്തറിഞ്ഞ പണ്ഡിതരെക്കുറിച്ചും ഹൃദയഹാരിയായ വിരവണവും നല്‍കുന്നുമുണ്ട്.
ചുരുക്കത്തില്‍, കേരളത്തിലെ മതപ്രഭാഷണ വേദികളിലെ വിസ്മയം തന്നെയായിരുന്നു വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി. ഒരു പ്രഭാഷകന്‍ എന്നതില്‍ കവിഞ്ഞ് താന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മഹാപണ്ഡിതരില്‍ നിന്നും പരമ്പരാഗതമായ രീതിയില്‍ തന്നെ ഉന്നത മത വിദ്യാഭ്യാസം നേടിയ വൈലിത്തറയുടെ സംസാരങ്ങള്‍ പണ്ഡിതോചിതമായിരുന്നു. കേരളീയ മുസ്ലിംകള്‍ നെഞ്ചേറ്റുന്ന മുഖ്യധാരാ പ്രസംഗകന്‍ എന്ന നിലയിലേക്ക് വളര്‍ന്നപ്പോഴും അഹ്ലുസ്സുന്നയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. ഒരു നൂറ്റാണ്ടോളം തഴക്കമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
2023 ജനുവരി 31 ന് ചൊവ്വാഴ്ച 1444 റജബ് 8 ന് സംഭവബഹുലമായ ആ ജീവിതം ഈ ലോകത്തോട് യാത്ര പറഞ്ഞു.

സി.പി ബാസിത് ഹുദവി തിരൂര്‍

(എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് മുന്‍ ചെയര്‍മാനാണ് ലേഖകന്‍)