ശ്രദ്ധിക്കുക, അമിത്ഷായാണ് ആഭ്യന്തരമന്ത്രി

2456

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ അന്നുതന്നെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ഒരു പ്രസ്താവന നടത്തിയത്. ഹൈദരാബാദ് ഭീകരരുടെ താവളമാകുന്നുവെന്നായിരുന്നു ആ പ്രസ്താവന.
ഇന്ത്യയിൽ എവിടെ ആക്രമണമുണ്ടായാലും അതിന്റെ അന്വേഷണം ചെന്നെത്തുന്നത് ഹൈദരാബാദിലാണെന്നാണ് സെക്കന്തരാബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കിഷൻ റെഡ്ഡി പറഞ്ഞത്. വിവിധ അന്വേഷണ ഏജൻസികൾ ഇവിടെ നിന്നു നിരന്തരമായി ഭീകരന്മാരെ പിടികൂടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൗ പ്രസ്താവനയെ ചോദ്യം ചെയ്തുകൊണ്ട് അന്നു തന്നെ ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. എത്ര ഭീകരന്മാരെ ഏതൊക്കെ ഏജൻസികൾ ഇക്കാലത്തിനിടയിൽ പിടികൂടിയെന്നു വെളിപ്പെടുത്തണമെന്നായി ആഭ്യന്തരവകുപ്പിൽ സഹമന്ത്രിയായി അന്നു ചുമതലയേറ്റ കിഷൻ റെറെഡ്ഡിയോട് അദ്ദേഹം ചോദിച്ചത്.
ആ ചോദ്യത്തിന് മറുപടിയുണ്ടായില്ല. അപ്പോൾ പലരിൽനിന്നും ചോദ്യങ്ങൾ ഉയർന്നു. നിവൃത്തിയില്ലാതെ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് തന്റെ സഹപ്രവർത്തകനെ ശാസിക്കേണ്ടി വന്നു.
എന്താണ് ഇതിനർത്ഥം. തന്റെ കീഴിലുള്ള ഒരു ജൂനിയർ മന്ത്രി നടത്തിയ തെറ്റായ ഒരു പ്രസ്താവന തിരുത്തി ജനങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നത് തടയുകയാണ് മോദിയുടെ വലംകൈയായ അമിത്ഷാ ചെയ്തതെന്നാണോ.
ആണെന്നു വിശ്വസിക്കാനാവുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ കിഷൻ റെഡ്ഡി തനിക്കു പറ്റിയ തെറ്റു തിരുത്തുമായിരുന്നു. അതിനു പകരം താൻ നടത്തിയത് തെറ്റായ പ്രസ്താവനയല്ലെന്നു ന്യായീകരിക്കുകയാണ് റെഡ്ഡി ചെയ്തത്. അതായത്, റെഡ്ഡി നടത്തിയ ആരോപണം ഇപ്പോഴും മായാതെ നിൽക്കുന്നു. അമിത്ഷാ ഒൗപചാരികമായി വിവാദം കെടുത്തിയെന്നു മാത്രം. ഹൈദരാബാദ് ഭീകരുടെ താവളമാണെന്ന എരിതീ വർഗീയചിന്തയുള്ള ജനഹൃദയങ്ങളിൽ കെടാതെ കിടക്കും.
ഇതുതന്നെയാണ് ഒന്നാം മോദി ഭരണകാലത്തും നടന്നത്. എം.പിമാരും എം.എൽ.എമാരും നേതാക്കളും ചില സന്ദർഭങ്ങളിൽ സാമുദായികസ്പർദ്ധയുണ്ടാക്കാവുന്ന പ്രസ്താവനകൾ നടത്തും. അതു കത്തിപ്പടരും. അതിനെതിരേ വല്ലാത്ത പ്രതിഷേധമുണ്ടാകുന്നുവെന്നു വരുമ്പോൾ മാത്രം പ്രധാനമന്ത്രി ഏതെങ്കിലും പ്രസംഗത്തിൽ വരികൾക്കിടയിൽ ഒരു പ്രസ്താവന നടത്തും. “മുസ്്ലിംകളോട് പാകിസ്താനിലേയ്ക്കു പോകണമെന്നു പറയുന്നവർ ആദ്യം എന്റെ നെഞ്ചിലേയ്ക്കു വെടിവയ്ക്കട്ടെ” എന്നതു പോലുള്ള കേൾക്കാൻ ഇമ്പമുള്ള പ്രസ്താവനയായിരിക്കും അത്.
അത് ഒരുതരത്തിലുള്ള പ്രതിഷേധത്തീയണയ്ക്കലാണ്. അതു കേൾക്കുമ്പോൾ ഇരകൾ വിചാരിക്കും ഇത്തരം മതഭ്രാന്തമായ ആരോപണങ്ങൾക്കു പ്രധാനമന്ത്രിയുടെ പിന്തുണയില്ലെന്ന്. അതേസമയം, സാമുദായികഭ്രാന്ത് വ്യാപിക്കേണ്ട മനസ്സുകളിലേയ്ക്ക് അത് വേണ്ട രീതിയിൽ എത്തുകയും ചെയ്യും. സാക്ഷി മഹാരാജ്, സാധ്വി നിരഞ്ജൻ ജ്യോതി, സാധ്വി പ്രാചി, ഗിരിരാജ് സിങ്, അനന്ത്കുമാർ ഹെഗ്ഡെ തുടങ്ങി നിരവധി സംഘ്പരിവാർ നേതാക്കൾ ഒന്നാം മോദി സർക്കാരിന്റെ ഭരണകാലത്തു നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചു അതിൽ എത്രയെണ്ണം തിരുത്തിയെന്നതിനെക്കുറിച്ചും ആലോചിച്ചു നോക്കൂ.
ഒന്നാമൂഴത്തിലെ ശൈലിയും രീതിയും അതേപടിയല്ല അതിനേക്കാൾ കടുത്ത രൂപത്തിൽ ആവർത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവനയിൽ നിന്നു മനസ്സിലാക്കേണ്ടത്. ഇത്തരം പ്രസ്താവനകൾ കൈവിട്ടു പോകുമെന്നു തോന്നുമ്പോൾ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ അമിത്ഷായോ പ്രസംഗങ്ങൾക്കിടയിൽ ഒരു സാന്ത്വനപ്രസ്താന നടത്തും. അനുയായികളുടെ വിഷലിപ്ത പ്രസ്താവനകൾ ഇടയ്ക്കിടെ തുടരുകയും ചെയ്യും.
അതു ബോധപൂർവമാണ്. കാരണം, ഒന്നാമൂഴത്തിൽ അത്തരം പ്രസ്താവനകൾ ഉൗതിക്കത്തിച്ച വർഗ്ഗീയതചിന്തയുടെയും മതസ്പർദ്ധയുടെയും അന്തരീക്ഷമുണ്ടാക്കിയ അനുകൂല സാഹചര്യം മുതലെടുത്താണ് എൻ.ഡി.എയ്ക്ക് രണ്ടാമൂഴത്തിൽ അത്ഭുതവിജയം കൈവരിക്കാനായത്. 2024 ൽ ഇപ്പോൾ കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി വിജയിക്കണമെങ്കിൽ മതസ്പർദ്ധയുടെ അന്തരീക്ഷം ശക്തമാക്കണം.
കിഷൻ റെഡ്ഡിയുടെ പ്രസ്താവനയോടൊപ്പം മനസ്സിൽ സൂക്ഷിക്കേണ്ടത് രണ്ടാം മോദിസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിനു ദിവസങ്ങൾക്കു മുമ്പ് ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനയാണ്. അയോധ്യയിൽ രാമക്ഷേത്രം എത്രയും പെട്ടെന്നും നിർമിക്കലാണ് അടുത്ത ദൗത്യമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം കിട്ടിയെന്നും ബി.ജെ.പിക്കു തന്നെ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ഉറപ്പായ ഘട്ടത്തിലാണ് ഇൗ പ്രസ്താവനയെന്ന് ഒാർക്കണം.
അയോധ്യപ്രശ്നം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് ഒരു വർഗീയകലാപവും അതിലൂടെയൊരു രക്തച്ചൊരിച്ചിലും ഉണ്ടാകുന്നത് ഒഴിവാക്കാൻ സമവായ മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് നീതിപീഠം. എന്നാൽ, നിയമമാർഗത്തിലൂടെയോ സമവായത്തിലൂടെയോ ഒരു തീർപ്പിനു തങ്ങൾ തയ്യാറല്ലെന്നും ഇനി ക്ഷമിക്കുന്ന പ്രശ്നമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംഘത്തലവൻ.
മോഹൻ ഭാഗവത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നോ നീതിപീഠത്തിന്റെ തീർപ്പായിരിക്കും തങ്ങൾ അനുസരിക്കുകയെന്നോ പ്രധാനനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വ്യക്തമാക്കിയിട്ടില്ല. അവരതു ചെയ്യില്ലെന്നും ആർ.എസ്.എസ് മേധാവിയെ തള്ളിപ്പറയാൻ അവർക്കാകില്ലെന്നും നമുക്കറിയാം. അതിനാൽ, മോദി സർക്കാരിന്റെ രണ്ടാമൂഴം കൂടുതൽ പ്രശ്നസങ്കീർണതകളാകും രാജ്യത്തെ ജനങ്ങൾക്കു സമ്മാനിക്കാൻ പോകുന്നതെന്നു വ്യക്തം.
തെരഞ്ഞെടുപ്പിനു മുമ്പ് മഹാഗഡ്ബന്ധൻ പ്രഖ്യാപനങ്ങളൊക്കെ നടത്തി മതേതരവിശ്വാസികളിൽ പ്രതീക്ഷ പകർന്നിരുന്ന പ്രതിപക്ഷ കക്ഷികൾ അവരുടെ കൈയിരിപ്പുകൊണ്ട് ആകെ തകർന്നു തരിപ്പണമായ അവസ്ഥയിലാണ്. മോദിക്കു തുടർഭരണം കിട്ടാതിരിക്കാൻ കഴിഞ്ഞ കുറേമാസക്കാലമായി രാജ്യത്തുടനീളം ഒാടി നടന്ന് വിയർപ്പൊഴുക്കി പ്രചാരണം നടത്തിയ രാഹുൽഗാന്ധിക്കു നിരാശമൂലം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു രാജി പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നു. മോദീവിരുദ്ധപ്പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നു താൻ പ്രതീക്ഷിച്ച കോൺഗ്രസ്സിലെ തലമുതിർന്ന നേതാക്കൾ ചതിക്കുകയായിരുന്നെന്ന അദ്ദേഹത്തിന്റെ വിലാപം എത്രമാത്രം നിരുത്തരവാദപരമായാണ് രാഹുൽഗാന്ധിയും അദ്ദേഹത്തിന്റെ വിശ്വസ്തരും ഒഴികെയുള്ള കോൺഗ്രസ് നേതാക്കൾ ഇൗ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനു തെളിവാണ്.
മറ്റു പ്രതിപക്ഷ കക്ഷികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പ്രതിപക്ഷത്തിന്റെ നട്ടെല്ലില്ലായ്മയും അത്യാർത്തിയും കണ്ട് അമ്പരന്ന ആർക്കും തെരഞ്ഞെടുപ്പിനു മുമ്പു തന്നെ വ്യക്തമായും അറിയാവുന്ന കാര്യമായിരുന്നു അവരുടെ തോൽവി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാനല്ല, പരസ്പരം കാലുവാരാനാണ് അവരോരോരുത്തരും മത്സരിച്ചത്.
ഒന്നാം മോദി സർക്കാരിന്റെ കാലത്തെന്ന പോലെ ഇപ്പോഴും രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്നതാണ് ബി.ജെ.പിയും എൻ.ഡി.എയും നേരിടുന്ന പ്രശ്നം. അതുകൂടി ഉണ്ടായിരുന്നെങ്കിൽ രണ്ടാമൂഴത്തിൽ പൗരത്വബില്ലും മുത്വലാക്ക് ബില്ലും പോലുള്ള പല വിവാദബില്ലുകളും അനായാസേന പാസ്സാക്കിയെടുക്കാൻ മോദിക്കു കഴിയുമായിരുന്നു. ഒന്നാമൂഴത്തിൽ, അത്തരം ബില്ലുകൾ പലതും രാജ്യസഭയുടെ വന്മതിലിൽ തട്ടി തെറിക്കുകയായിരുന്നല്ലോ. ലോക്സഭയിലും രാജ്യസഭയിലും ഒരേപോലെ മൃഗീയഭൂരിപക്ഷം കിട്ടിയാൽ മതേതര, ജനാധിപത്യ മൂല്യങ്ങൾ പലതും അടിച്ചുടച്ച് ഭരണഘടന പെളിച്ചെഴുതാനും ബി.ജെ.പി തയ്യാറായേക്കുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.
ഇവിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആഭ്യന്തരമന്ത്രിയായ പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പു തന്നെ അമിത്ഷാ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കേണ്ടതും ഭയക്കേണ്ടതും. ബി.ജെ.പിക്കു കേവലഭൂരിപക്ഷം കിട്ടിയിട്ടുണ്ടെങ്കിലും എൻ.ഡി.എയ്ക്കു മഹാഭൂരിപക്ഷം കിട്ടിയിട്ടുണ്ടെങ്കിലും മുന്നണിക്കു പുറത്തുള്ള മറ്റു പാർട്ടികളെ തങ്ങളോടു സഹകരിക്കാൻ ക്ഷണിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പും അമിത്ഷാ ഇങ്ങനെ പറഞ്ഞിരുന്നു. എന്നാൽ, അത് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള മുൻകൂട്ടി എറിയലാണെന്നാണ് എല്ലാവരും കരുതിയിരുന്നത്.
എക്സിറ്റ് പോൾ ഫലം വരുന്നതിന് ഒരു ദിവസം മുമ്പാണ് അമിത്ഷാ ബി.ജെ.പിക്ക് 300 സീറ്റിലേറെ കിട്ടുമെന്നു പ്രഖ്യാപിച്ചത്. ബി.ജെ.പിക്കു കേവലഭൂരിപക്ഷം കിട്ടിയാലും എൻ.ഡി.എ ഘടകകക്ഷികളെല്ലാം മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിലാണ് മുന്നണിക്കു പുറത്തുള്ള കക്ഷികൾക്കായി വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന വാചകം അദ്ദേഹത്തിന്റെ വായിൽനിന്ന് ഉൗർന്നുവീണത്. 300 സീറ്റ് എന്നത് വീൺവാക്കാണെന്നും ആത്മവിശ്വാസമില്ലാത്തതിന്റെ പേരിലാണ് അമിത്ഷാ എൻ.ഡി.എയ്ക്കു പുറത്തുള്ള കക്ഷികൾക്കു ക്ഷണം വച്ചു നീട്ടിയത്. എക്സിറ്റ് പോൾ ഫലം ബി.ജെ.പിക്ക് അനുകൂലമായി വന്നപ്പോഴും അദ്ദേഹം ആദ്യത്തെ വാക്കുകൾ ആവർത്തിച്ചു. അപ്പോഴും അതൊരു ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമായാണ് മിക്കയാളുകളും കണ്ടത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോഴും അതേ വാക്കുകൾ അമിത്ഷാ ആവർത്തിച്ചിരിക്കുന്നു.
പതിനേഴാം ലോക്സഭയുടെ കാലത്ത് ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ കാര്യമായ നീക്കം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയിതര സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളെ പാട്ടിലാക്കി രാജ്യസഭയിൽ അവരുടെ പിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം.
നേരത്തേ ജനസംഘം നേതാക്കൾ പറഞ്ഞതും ഇന്നു ബി.ജെ.പി നേതാക്കൾ പറഞ്ഞു കൊണ്ടിരിക്കുന്നതും തങ്ങളുടെ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണം ഹിന്ദുത്വമാണെന്നാണ്. അങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണഘടനയും ഭരണവ്യവസ്ഥയും അംഗീകരിക്കാനാവില്ല. ലഭ്യമാകുന്ന ആദ്യസന്ദർഭത്തിൽ തന്നെ അതു തച്ചുടയ്ക്കാനും പൊളിച്ചെഴുതാനും ആ പ്രസ്ഥാനത്തിന്റെ അനുയായികൾ ശ്രമിക്കും.
അതുകൊണ്ടാണ്, എന്റെ ഭരണകൂടത്തിന്റെ മതം ഭരണഘടനയാണ് എന്ന ശ്ലാഘനീയമായ പ്രഖ്യാപനം നടത്തി നമ്മെയൊക്കെ അത്ഭുതപ്പെടുത്തി, 2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വന്ന് ഏറെക്കഴിയും മുമ്പ് അദ്ദേഹത്തിന്റെ തീവ്രാനുയായികളായ നേതാക്കളും പ്രവർത്തകരും ഭരണഘടന പൊളിച്ചെഴുതണമെന്ന ആക്രോശം മുഴക്കിയത്. അത് അറിയാതെയോ തെറ്റായോ മുഴക്കിയ മുദ്രാവാക്യമല്ല. അതാണ് ആത്യന്തിക ലക്ഷ്യം. ഏകമതാധിഷ്ഠിതമായ ഒരു ഭരണസംവിധാനത്തിനും സമ്പൂർണ്ണമായി മതേതരമാകാൻ കഴിയില്ല. അത് ഒരു പക്ഷേ, ഇതരമതങ്ങളെ സഹാനുഭൂതിയോടെ പരിഗണിച്ചേക്കും. അതുപക്ഷേ, അവകാശമെന്ന നിലയ്ക്കായിരിക്കില്ല, ഒൗദാര്യമെന്ന നിലയ്ക്കായിരിക്കും. മതാധിഷ്ഠിത ഭരണകൂടം വർഗ്ഗീയമാണെങ്കിൽ ആ ദാക്ഷിണ്യം പോലും പ്രതീക്ഷിക്കാൻ വയ്യ.
സമ്പൂർണ്ണ പ്രതാപത്തോടെ 2019 ൽ അധികാരത്തിലേറിയ മോദി സർക്കാരിന്റെ പ്രവർത്തനമെങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കേണ്ടത് 2014 മുതൽ 2019 വരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
മുകളിൽ പറഞ്ഞ പോലെ ‘എന്റെ സർക്കാരിന്റെ മതം ഭരണഘടനയാണ് ‘ എന്ന പ്രഖ്യാപനത്തോടെയാണ് മോദി അധികാരത്തിലേറിയത്. ആ പ്രഖ്യാപനത്തോടൊപ്പം അദ്ദേഹം മറ്റു ചില പ്രഖ്യാപനങ്ങളും അന്നു നടത്തിയിരുന്നു. മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ഒരു വിവേചനവും അധിക്ഷേപവും അക്രമവും തന്റെ ഭരണത്തിൻ കീഴിൽ നേരിടേണ്ടി വരില്ലെന്നതായിരുന്നു ഒരു പ്രഖ്യാപനം. അയൽക്കാരുമായി തികഞ്ഞ സൗഹൃദ ബന്ധം പുലർത്തുമെന്നതായിരുന്നു മറ്റൊന്ന്. ആ പ്രഖ്യാപനങ്ങളുടെ ചൂടാറും മുമ്പാണ് അഖ്ലാഖും ജുനൈദുമുൾപ്പെടെ അനേകം ന്യൂനപക്ഷ സമുദായാംഗങ്ങൾ തെരുവിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ആ പ്രഖ്യാപനങ്ങൾ വായുവിലലിയും മുമ്പാണ് അനേകം ദലിതർ മൃഗീയമായി ആക്രമിക്കപ്പെട്ടത്. ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും വണങ്ങാൻ പാടില്ലെന്ന വിശ്വാസത്തിന്റെ ഒറ്റക്കാരണത്താൽ, രാജ്യസ്നേഹമില്ലാത്തതിനാലല്ല, ‘വന്ദേ മാതരം’ ആലപിക്കില്ലെന്ന നിലപാടെടുത്ത ജനപ്രതിനിധിയുൾപ്പെടെയുള്ളവരോട് ‘എന്നാൽ, പോ പാകിസ്താനിലേയ്ക്ക് ‘ എന്ന് ആക്രോ ശിച്ചത്. ആ പ്രഖ്യാപനങ്ങളെല്ലാം നടത്തിയ മോദിയുടെ ഭരണം അന്ത്യഘട്ടത്തിലെത്തിയപ്പോഴാണല്ലോ ഒരു പറ്റം വർഗ്ഗീയവാദികൾ, ലോകം മുഴുവൻ ആദരവോടെ കാണുന്ന, രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ചു രണ്ടാം കൊല നടത്തിയത്.
കഴിഞ്ഞ അഞ്ചുവർഷക്കാലം ഇൗ ക്രൂരതകൾക്കെല്ലാം ശക്തിയും ഉൗർജ്ജവും നേതൃത്വവും നൽകിയ പ്രജ്ഞാ സിങ് താക്കൂറിനും സാക്ഷി മഹാരാജിനും ഗിരിരാജ് സിങ്ങിനും അനന്ത് കുമാറിനുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്ക് ബി.ജെ.പി പ്രവേശനം നൽകിക്കഴിഞ്ഞു. അവർക്ക് ഉൗർജ്ജവും ആവേശവും പകരാൻ ആഭ്യന്തരമന്ത്രിയായി അമിത്ഷായും എത്തിക്കഴിഞ്ഞു. ഗുജറാത്തിൽ അമിത്ഷാ ആഭ്യന്തരമന്ത്രിയായിരിക്കെയാണു കടുത്ത വംശഹത്യ അവിടെ നടന്നതെന്് ഒാർക്കണം.

എ. സജീവൻ