സഈദ് നൂര്‍സി; ഉണര്‍വിന്റെ യുവ തുര്‍ക്കി

2955

1909 മാര്‍ച്ച് മാസം. ശൈത്യം ഇസ്താംപൂള്‍ നഗരത്തെ വിട്ടുപോയി തുടങ്ങുന്നേയുള്ളൂ. കാലാവസ്ഥ ഇപ്പോഴും തണുപ്പാണ്. നഗരം വസന്തത്തെ വരവേല്‍കാനായി തയ്യാറെടുക്കുകയാണ്. കാലാവസ്ഥ കൊണ്ട് ഇസ്താംപൂള്‍ സുന്ദരിയും ശാന്തയുമായിയിരിക്കുകയാണ്. പക്ഷേ, നഗരത്തിലെ വ്യവഹാരവും രാഷ്ട്രീയവും രൂക്ഷമായ ചൂടുകാലത്തെ ഹല്‍ഫ താഴ്വാരം പോലെ ചുട്ടു പൊള്ളുകയാണ്. നൂറ്റാണ്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപീകൃതമായിക്കൊണ്ടിരിക്കുന്ന ദശകത്തില്‍ ലോകത്തിന്റെ ഹൃദയമായി അറിയപ്പെടുന്ന പട്ടണം അതിവേഗം മിടിക്കുകയാണ്.
ഖുര്‍ഷിദ് പാഷയാണ് ആ കോടതിയില്‍ ന്യായാധിപന്‍. ഇത്തിഹാദേ മുഹമ്മദീ എന്ന പ്രസ്ഥാനത്തിലെ പത്തൊന്‍പത് പേരുടെ വധശിക്ഷ നടപ്പാക്കിയത് അയാളാണ്. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ അധികാര നഷ്ടടം ഉണ്ടാക്കിയ വിടവിലൂടെ തങ്ങളുടെ പദ്ധതികള്‍ കയറ്റിവിടാന്‍ പടിഞ്ഞാറന്‍ രീതികള്‍ പിന്‍പറ്റുന്ന കമ്മിറ്റി ഓഫ് യൂണിയന്‍ ആന്‍ഡ് പ്രോഗ്രസ്സ് എന്ന പ്രസ്ഥാനത്തെ പ്രതിരോധിച്ചതാണ് അവര്‍ ചെയ്ത കുറ്റം. ആ നഗരം ഭരിച്ചിരുന്ന ഹെറക്ലിയാസിന്റെ സംവിധാനത്തെ മുഹമ്മദിന്റെ (സ്വ) സംവിധാനത്തിന് മുകളില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച ഒരു സംഘത്തെ പ്രതിരോധിച്ചത്.
അന്ന് ഖുര്‍ഷിദ് പാഷ വിചാരണ ചെയ്യാന്‍ പോവുന്നവര്‍ കോടതിയില്‍ എത്തി. പതിനഞ്ച് പേരുടെ വിചാരണ പാഷ പൂര്‍ത്തിയാക്കി. പതിനഞ്ച് പേര്‍ക്കും അയാള്‍ വധശിക്ഷ വിധിച്ചു. അടുത്തതായി അദ്ദേഹം അവരിലെ പ്രമുഖനായ ഒരു ചെറുപ്പക്കാരനിലേക്ക് തിരിഞ്ഞു. ‘നിങ്ങള്‍ക്കും ഇസ്‌ലാമിക നിയമങ്ങള്‍ ഇവിടെ നടപ്പില്‍ വരുത്തിയാല്‍ കൊള്ളാമെന്നുണ്ടോ? ‘ പുച്ഛത്തോടെ പാഷ ചോദിച്ചു.
‘എനിക്ക് ആയിരം ജന്മങ്ങള്‍ നല്‍കപ്പെട്ടാല്‍ അവയൊക്കെ ഞാനീ ദീനിന്റെ മാര്‍ഗത്തില്‍ ത്വജിക്കാന്‍ തയ്യാറാണ്, ഈ ദീനിന് അന്യമായതൊന്നും ഉള്‍കൊള്ളാന്‍ ഞാന്‍ തയ്യാറല്ല, ആഖിറത്തിലേക്ക് പോവാനായി ബര്‍സഖ് യാത്രവാഹനത്തില്‍ ഏറാനിരിക്കുന്നവനാണ് ഞാന്‍. നിങ്ങളുടെ ഏകധിപത്യത്തില്‍ നിന്ന് കഴുമരത്തിലൂടെ രക്ഷപ്പെട്ടു പോയ എന്റെ സുഹൃത്തുക്കളുമായി ചേരാന്‍ ഞാന്‍ തയ്യാറായിരിക്കുകയാണ്. ആഖിറത്തിന്റെ വിഷയത്തില്‍ ഞാന്‍ ആകാംക്ഷവാനും അക്ഷമനുമാണ്. ഒരിക്കല്‍ പോലും ഇസ്താംപൂള്‍ നഗരം കാണാത്ത ഒരു ഗ്രാമവാസി നഗരത്തിന്റെ പ്രതാപത്തെയും സമൃദ്ധിയെയും ക്ഷേമത്തേയും പറ്റി കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഉണ്ടാവാനിടയുള്ള അഭിലാഷത്തെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ. അപ്പോള്‍ നിങ്ങള്‍ക്ക് പരലോകത്തിന്റെ വിഷയത്തിലെ എന്റെ അക്ഷമയെ മനസ്സിലാവും. ആരാജകവാദികളെയും അവരുടെ കൂലിയെഴുത്തുകാരേയും വിമര്‍ശിച്ചു എന്നതാണ് എന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഞാനിപ്പളും പറയുന്നു അപചാരിയായ ഒരു മനുഷ്യന്റെ വസ്ത്രങ്ങള്‍ ബഹുമാന്യനായ ഒരു വ്യക്തിക്ക് ഒരിക്കലും ചേരില്ല. യൂറോപ്പിന്റെ ജീവിതരീതികള്‍ ഇസ്തംപൂളിലെ ജനങ്ങള്‍ക്കും, വിജയം അല്ലാഹുവിനും അവനിലേക്കുള്ള മാര്‍ഗത്തിനുമാണ്’.
ബദീഉ സമാന്‍ സഈദ് നൂര്‍സി അതായിരുന്നു അദ്ദേഹത്തിന്റെ നാമം. പലതരം ചരിത്രശകലങ്ങളിലൂടെ കടന്നുവന്ന ഒരു സമുദായം അന്നേ വരെ നേരിടാത്തത്ര രാഷ്ട്രീയം. പ്രതിസന്ധികള്‍ ഒരുമിച്ചു നേരിട്ടപ്പോള്‍ അതിനെതിരെ മഹാമേരുവായി നിലകൊണ്ട നൂറ്റാണ്ടിന്റെ മഹാമനീഷി. സമുദായം രാഷ്ട്രീയമായും സാംസ്‌കാരികമായും പലയിടങ്ങളില്‍ നിന്നായി ആക്രമിക്കപ്പെട്ടപ്പോള്‍ നൂര്‍സിയെ പോലുള്ള ചിലരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ ജനതക്ക് നല്‍കിയ ജീവവായു ചെറുതല്ല. തുര്‍ക്കിയില്‍ ബിറ്റ്‌ലിസ് പ്രവിശ്യയിലെ ഹിസന്‍ എന്ന പ്രദേശത്തു 1873 ല്‍ പ്രശസ്തമായ ഒരു കുര്‍ദ് കുടുംബത്തിലാണ് നൂര്‍സി ജനിക്കുന്നത്. ഒന്‍പതാം വയസ്സില്‍ പ്രഥമിക വിദ്യാഭ്യാസം ആരംഭിച്ച ബദീഉ സമാന്‍ അത് പൂര്‍ത്തിയാക്കിയ ഉടനെ അറിവിന്റെ കേന്ദ്രങ്ങള്‍ അന്വേഷിച്ചു യാത്ര തുടങ്ങി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍,ഹദീസ്, വാക് വൈഭവം, തത്വശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ അവഗാഹം നേടി. പിന്നീട് മറ്റ് ശാസ്ത്ര പഠനങ്ങളിലെക്ക് തിരിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഗണിതത്തിലും ജീവശാസ്ത്രത്തിലും അവഗാഹം നേടിയ നൂര്‍സി അനേകം വൈദേശികഭാഷകളിലും സമര്‍ത്ഥനായി. വളര്‍ച്ചയുടെ ഘട്ടങ്ങളിലായി നൂഴ്‌സിയിലെ ആത്മീയ പരിത്യാഗിയും പരിഷ്‌കര്‍ത്താവും വളരുന്നുണ്ടായിരുന്നു. നൂര്‍സിയുടെ ബാല്യത്തിലെയും കൗമാരത്തിലെയും തുര്‍ക്കി എന്നല്ല മുസ്‌ലിം ലോകം തന്നെ അതിന്റെ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന കാലമായിരുന്നു.
ആ സമയത് യൂറോപ്പിലും മുസ്‌ലിം ലോകത്തുമായി രൂപീകരിക്കപ്പെട്ട രാഷ്ട്രീയസമവാക്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു ബദീഉ സമാന്‍. ഓറിയന്റലിസം എന്ന കവാടം വഴി മുസ്‌ലിം ലോകത്തേക്ക് സംസ്‌കാരികമായി നുഴഞ്ഞു കേറുന്ന യൂറോപ്യന്‍ പദ്ധതികള്‍ അന്ന് സജീവമാക്കപ്പെട്ടിരുന്നു. ‘മുസ്‌ലിംകളുടെ കയ്യില്‍ ഖുര്‍ആന്‍ ഉള്ളിടത്തോളം കാലം അവര്‍ നമ്മുടെ വഴിക്ക് വരില്ല, അതിനാല്‍ അത് നമ്മള്‍ അവരുടെ ജീവിതത്തില്‍ നിന്ന് നീക്കം ചെയ്യണ്ടിയിരിക്കുന്നു ‘ എന്ന ബ്രിട്ടീഷ് വിദേശകാര്യ ഉദ്യോഗസ്ഥന്റെ പ്രഖ്യാപനം മുസ്‌ലിം ലോകത്ത് വലിയ രീതിയിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള നീക്കങ്ങള്‍ മുസ്‌ലിം ലോകത്ത് വ്യാപകമായി. യൂറോപ്യന്‍ പദ്ധതികളെ പ്രതിരോധിക്കാനും ഖുര്‍ആന്‍ അധ്യാപനങ്ങളെ സജീവമാക്കാനുമായി നൂര്‍സി കയ്‌റോയിലെ അസ്ഹര്‍ മാതൃകയില്‍ ഇസ്താംപൂളില്‍ സഹ്റ യൂണിവേഴ്‌സിറ്റി ആരംഭിച്ചു. മുസ്‌ലിം രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഖിലാഫത്തിനെ കൈപിടിച്ചുയര്‍ത്താനായി നിയോഗിതനായിരുന്ന മഹാനായ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ സ്വാധീനം ഒന്നൊന്നായി നഷ്ടടപ്പെട്ടു തുടങ്ങിയിരുന്നു. ആഗതമാവുന്ന ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലായി 1908 ല്‍ യുവതുര്‍ക്കികളുടെ കലാപത്തിന്റെ ഫലമായി സുല്‍ത്താന്‍ സ്ഥാനഭൃഷ്ടനാക്കപ്പെട്ടു. ജ്ഞാനികള്‍ക്കുണ്ടാവുന്ന ദീര്‍ഘവീക്ഷണത്തെ തുടര്‍ന്ന് സുല്‍ത്താന്റെ അട്ടിമറിയെ പ്രതിരോധിക്കാന്‍ ഒരു ശ്രമം ഇസ്താംപൂളില്‍ നടന്നു. അതിനെ തുടര്‍ന്നുണ്ടായ വിചാരണയെയാണ് മുകളില്‍ പ്രതിപാതിച്ചത്. നീക്കം പരാജയപ്പെട്ടെങ്കിലും സഈദ് നൂര്‍സി കുറ്റവിമുക്തനാക്കപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്താംപൂള്‍ വിട്ട നൂര്‍സി ദമസ്‌ക്കസിലേക്ക് പോയി.
ദമസ്‌ക്കസില്‍ എത്തിയ നൂര്‍സി അറബ്-തുര്‍ക് ഐക്യതിനായുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. അന്ന് മുസ്‌ലിം ലോകം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധികളില്‍ ഒന്നായിരുന്നു അറബ്-തുര്‍ക് അനൈക്യം. ഒരിക്കല്‍ ഗ്രാന്റ് മസ്ജിദില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം ആധുനികതയുടെയും മുസ്‌ലിം ലോകത്തിന്റെയും ജീര്‍ണതകളെ പറ്റി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഉമ്മത്തില്‍ വ്യാപകമായ നൈരാശ്യത്തെ പറ്റിയും സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലെ സത്യസന്ധതയില്ലായ്മയും സഹോദര്യത്തെയും ശത്രുതയെയും പരസ്പരം വച്ചുമാറുന്നതിനെയും, ഐക്യമില്ലായ്മയെയും, അഹംഭാവത്തെയുമൊക്കെ അദ്ദേഹം വിമര്‍ശനാത്മകമായി അവതരിപ്പിച്ചു.
മതപരമായും സാമൂഹികമായും ശാസ്ത്രീയമായും ജനങ്ങളെ ഉദ്ബുദ്ധരാക്കാനായി ഒരു യൂണിവേഴ്‌സിറ്റി ദമസ്‌ക്കസില്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന് പദ്ധതി ഉണ്ടായിരുന്നു. പക്ഷേ, ഒന്നാം ലോകമഹായുദ്ധത്തിന്റെ കടന്നുവരവ് അദ്ദേഹത്തിന്റെ പദ്ധതി ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചു. ലോകമഹായുദ്ധത്തില്‍ ഉസ്മാനി സൈന്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നൂര്‍സി ഉന്നതമായ ക്ഷമതയും നേതൃത്വ പാടവവും പ്രകടിപ്പിച്ചു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനീയനായി. സൈന്യത്തെ ഖുര്‍ആനികമായി ഉദ്ബുദ്ധമാക്കുകയും യുദ്ധക്കളത്തിലും സ്വഹാബാക്കളെ പോലെ സദാചാരവും മാനവികതയും മുറുകെ പിടിക്കാനും അദ്ദേഹം കൂട്ടാളികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു.
റഷ്യക്കെതിരായ സൈനിക നീക്കത്തില്‍ പങ്കാളിയായ നൂര്‍സി ഒരു ഘട്ടത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ പിടിയില്‍ പെട്ടു. ജയില്‍ വാസത്തിനിടയില്‍ ഒരിക്കല്‍ റഷ്യന്‍ സൈനിക മേധാവി ജനറല്‍ നികോളാസ് നിക്കോളാവിച് ജയില്‍ സന്ദര്‍ശനം നടത്തി. നിക്കോളാവിച്ചിനെ കണ്ട പട്ടാളക്കാരും ജയില്‍ ജീവനക്കാരും ബഹുമാനപൂര്‍വം ആദരവ് പ്രകടിപ്പിച്ചു. നൂര്‍സി ഒഴികെ. ഇത് ശ്രദ്ധിച്ച ജനറല്‍ നൂര്‍സിയുടെ അരികില്‍ പോയി തന്നെ അറിയില്ലേ എന്ന് ചോദിച്ചു. ‘നിങ്ങള്‍ നികോളാസ് നിക്കോളവിച് ആണെന്ന് എനിക്കറിയാം, ഞാനൊരു മുസ്‌ലിമാണ്. ദൈവര്‍പ്പിതനായ ഏതൊരാളെയും അധര്‍മകാരിയെക്കാള്‍ ഉന്നതനായാണ് ഞാന്‍ കാണുന്നത്, എന്റെ നാഥന് മാത്രമേ ഞാന്‍ ആരാധനകള്‍ അര്‍പ്പിക്കാറുള്ളൂ. നിങ്ങളെ ബഹുമാനിക്കാന്‍ ഞാന്‍ തയ്യാറല്ല.’ നൂര്‍സി മറുപടി നല്‍കി.
തുടര്‍ന്ന് റഷ്യന്‍ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. മാപ്പ് പറഞ്ഞു വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞ അനിയായികളോട് അദ്ദേഹം പറഞ്ഞു. ‘ ഈ വധശിക്ഷ അനന്തമായ സ്വര്‍ഗീയ ആരാമെത്തിലേക്കുള്ള എന്റെ പാസ്‌പോര്‍ട്ട് ആണ്, അതിനാല്‍ മാപ്പ് പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകാന്‍ ഞാന്‍ തയ്യാറല്ല. ‘ പിന്നീട് നൂര്‍സിയുടെ വിശ്വാസദര്‍പ്പണവും ദൃഢനിശ്ചയവും കണ്ട റഷ്യന്‍ കമാന്‍ഡര്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
രണ്ട് വര്‍ഷത്തെ സൈബിരിയന്‍ ജയില്‍ വാസത്തില്‍ നിന്ന് മോചിതനായി ഇസ്താംപൂളില്‍ എത്തിയ നൂര്‍സി അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു കഠിനമായ പരീക്ഷണ കാലത്തേക്ക് പ്രവേശിക്കുകയായിരുന്നു. ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് ഉസ്മാനിയ ഖിലാഫത് തകരുകയും മുസ്‌ലിം ലോകം മുഴുവനായി രാഷ്ട്രീയ അസ്ഥിരതയിലേക്ക് പ്രവേശിക്കുകയും ചെയ്ത കാലം. കമാല്‍ അതാതുര്‍ക് എന്ന തീവ്ര മതേതരവാദിയും തീവ്ര ദേശീയവാദിയുമായ ആളുടെ ഏകധിപത്യത്തിലേക്ക് തുര്‍ക്കി അമര്‍ന്നിരുന്നു. എങ്കിലും നൂര്‍സിയെ പോലൊരാളെ നേര്‍ക്കുനേര്‍ ശത്രു നിരയിലേക്ക് കയറ്റി വിടുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ അത്താതുര്‍ക് അദ്ദേഹത്തെ ആധുനിക തുര്‍ക്കി റിപബ്ലിക്കിലെ അനറ്റോളിയ പ്രാവിശ്യയിലെ മതകാര്യവകുപ് മന്ത്രിയായി ക്ഷണിച്ചു. ക്ഷണം നിരസിച്ച നൂര്‍സി ജനങ്ങള്‍കിടയില്‍ ഉത്‌ബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. നൂര്‍സിയുടെ സാംസ്‌കാരിക നവോഥാന പ്രവര്‍ത്തനങ്ങളെ തുര്‍ക്കിയിലെ തീവ്രമതേതര ഭരണകൂടം വക്രദൃഷ്ട്ടിയോടെയാണ് വീക്ഷിച്ചത്.
തുര്‍ക്കി റിപ്പബ്ലിക്ക് രൂപകരിക്കപ്പെടുകയും അത്താതുര്‍ക്കിന്റെ നയങ്ങള്‍ നടപ്പില്‍ വരുത്തി തുടങ്ങുകയും ചെയ്ത കാലത്ത് തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം അയച്ച ഒരു കത്ത് കാസിം പാഷ പാര്‍ലിമെന്റില്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.
‘പ്രിയപ്പെട്ട ഭരണകാര്യകര്‍ത്താക്കളെ, നിങ്ങള്‍ നാഥന് മുന്‍പില്‍ നിങ്ങളെ തന്നെ സമര്‍പ്പിക്കുന്ന ദിവസത്തിന്റെ വിഷയത്തില്‍ സ്മരണയുള്ളവരാവുക, കുടിലരായ ശത്രുക്കളില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം നാഥന്‍ നമുക്ക് തന്ന വിജയത്തെ ജീര്‍ണതയിലാക്കാതിരിക്കുക. നിങ്ങള്‍ അനിസ്‌ലാമിക മാര്‍ഗത്തില്‍ പടിഞ്ഞാറിനെ പിന്‍പറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ക്കുക മുസ്‌ലിം ലോകം അവരുടെ നേതൃത്വത്തിന് വേറെ വല്ലവരെയും തിരഞ്ഞെടുക്കുന്നതാണ്. ‘
അത്താതുര്‍ക്കിന്റെ നയങ്ങളുടെ രൂക്ഷത കൂടുന്നതിനനുസരിച് സഈദ് നൂര്‍സി പ്രതിരോധവും വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ആ കാലത്താണ് അദ്ദേഹം റസാഇലുന്നൂര്‍ എന്ന അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിതുടങ്ങുന്നത്. ബാങ്ക് വിളി തുര്‍ക്കി ഭാഷയിലാക്കിക്കൊണ്ടുള്ള അത്താതുര്‍ക്കിന്റെ ഉത്തരവും അതിനെ എതിര്‍ത്തു കൊണ്ടുള്ള നൂര്‍സിയുടെ നിലപാടുകളും മറ്റൊരു ജയില്‍ വാസത്തിലേക്ക് നൂര്‍സിയെ എത്തിച്ചു. ഇത്തവണ അദ്ദേഹം വീട്ട് തടങ്കലിലായി. അവിടെ വച്ചാണ് നൂര്‍സി റസാഇലുന്നൂര്‍ പൂര്‍ത്തിയാക്കുന്നത്. രൂക്ഷമായ സാമൂഹിക പ്രതിസന്ധിയിലേക്ക് മുസ്‌ലിം സമൂഹത്തെ തള്ളിവിട്ട അത്താതുര്‍ക്കിനെ അദ്ദേഹം ഹദീസിന്റെ ആശയങ്ങളില്‍ വരുന്ന സുഫിയാനി എന്ന് അഭിസംബോധന ചെയ്തു.
തടങ്കല്‍ വാസത്തിനിടയില്‍ പൂരത്തിയാക്കിയ റസാഇലുന്നൂര്‍ അദ്ദേഹം ഓരോരോ കടലാസ്സിലാക്കി തന്റെ ശിഷ്യന്മാരിലേക്ക് കൈമാറിക്കൊണ്ടിരുന്നു. ബദീഉ സമാന്റെ ഈ പ്രവര്‍ത്തനത്തെ പിന്നീട് പ്രമുഖ ചരിത്രകാരന്‍ റംലി അവാങ് വിശേഷിപ്പിച്ചത് നുര്‍സു പോസ്റ്റല്‍ സംവിധാനം എന്നാണ്. പല ഘട്ടങ്ങളിലായി അക്കമിട്ടു നിരത്തിയ സന്ദേശങ്ങള്‍ എന്ന രീതിയിലാണ് റസാഇലുന്നൂര്‍ എഴുതപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍ വചനങ്ങള്‍ അതിന്റെ സന്ദേശത്തിന്റെ ആത്മാവോടെ അവതരിപ്പിക്കുന്നതില്‍ കാലഘട്ടത്തിന്റെ പണ്ഡിതന്‍ വിജയിച്ചതായിട്ട് നമുക്കാ വായനയില്‍ കണ്ടെത്താന്‍ കഴിയും. ആത്മീയവും രാഷ്ട്രീയവുമായ മേഖലയില്‍ ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയുള്ള ഒരു പണ്ഡിതന്റെ പരിശ്രമം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ലഘുലേഖകളായി റസാഇലുന്നൂര്‍ അഥവാ പ്രകാശ സന്ദേശം പരക്കുകയായിരുന്നു.
എട്ട് വര്‍ഷത്തെ ഗാര്‍ഹിക തടങ്കലിന് ശേഷം പുറത്തിറങ്ങിയ നൂര്‍സി രാഷ്ട്രീയ മുന്നേറ്റങ്ങളിലൊന്നും പങ്കെടുത്തില്ലെങ്കിലും തുര്‍ക്കി ഗവണ്മെന്റിന് അദ്ദേഹത്തില്‍ ഉണ്ടായിരുന്ന സംശയം മാറിയിരുന്നില്ല. മറ്റൊരിക്കല്‍ ഭരണകൂട അട്ടിമറി ആരോപിച്ചു വിചാരണ ചെയ്യപ്പെട്ട അവസരത്തില്‍ അദ്ദേഹം പറഞ്ഞത് ‘ഒരാള്‍ തീപ്പെട്ടി ഉരച്ചു പ്രകാശം വരുത്തുന്നത് വീടിന് വെളിച്ചം പകരാനാണ് അല്ലാതെ വീട് കത്തിക്കാനല്ല ‘ എന്നായിരുന്നു.
റസാഇലുന്നൂര്‍ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്നും ആത്മീയമായും സാസ്‌കാരികമായും തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് ഉണര്‍ത്തുപാട്ടുകള്‍ നല്‍കിയും ജീവിച്ച നൂര്‍സി പിന്നീടും പല തവണയായി ഭരണകൂടത്തിന്റെ പീഢനത്തിന് വിധേയമാക്കപ്പെട്ടു. പലഘട്ടങ്ങളിലായി മുഖാമുഖം വന്നപ്പോഴൊക്കെ ഖുര്‍ആന്‍ മുറുകെ പിടിക്കുന്ന കാര്യത്തിലും പ്രവാചക മാതൃക പിന്‍പറ്റുന്ന വിഷയത്തിലും യാതൊരു വിട്ട് വീഴ്ചക്കും തയ്യാറല്ല എന്നത് നൂര്‍സി പ്രഖ്യാപിച്ചു കൊണ്ടേ ഇരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ജനങ്ങള്‍ക്കിടയിലെ അദ്ദേഹത്തിന്റെ സ്വീകാര്യത തുര്‍ക്കി ഭരണകൂടത്തെ പ്രതിരോധത്തിലാക്കിക്കൊണ്ടിരുന്നു. 1947 ആവുമ്പോഴേക്കും അര മില്യനില്‍ അധികം പേര്‍ അദ്ദേഹത്തിന്റെ റസാഇലുന്നൂര്‍ വായനക്കാരായി മാറിയിരുന്നു. ജീവിതം മുഴുവന്‍ ദൈവമാര്‍ഗത്തിലെ പോരാട്ടത്തിന് വിനിയോഗിച്ച മഹാനുഭാവനെതിരെ പത്തൊന്‍പത് തവണ വധശ്രമങ്ങളുണ്ടായതായാണ് കണക്ക്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റും ഭരണകൂടഅടിമകള്‍ ആ പ്രകാശം കെടുത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. 1960 മറ്റൊരു മാര്‍ച്ച് മാസം, ഇരുപത്തിമൂന്നാം തീയതി കിഴക്കന്‍ തുര്‍ക്കിയിലെ ദൈവദൂതന്മാരുടെ നഗരം എന്നറിയപ്പെടുന്ന ഉര്‍ഫ പട്ടണത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചക അനന്തരാവകാശി ദൈവവിളിക്കുത്തരം നല്‍കി ആലമുല്‍ ബര്‍സഖിലേക്ക് യാത്രയായി. ആഖിറത്തോടുള്ള അടങ്ങാത്ത അഭിനിവേശം പൂര്‍ത്തിയാക്കാനായി.

മുഹമ്മജദ് ഇസ്മാഈല്‍ ഇബ്‌റാഹീം