സമാ ഏ ബിസ്മില്‍; സൂഫീ സാഹിത്യത്തിന്റെ കാവ്യാത്മക വായന

961

നൂറ്റാണ്ടുകളോളം മലയാളീ സമൂഹം ചേര്‍ത്തുവച്ച സൂഫീ സംഗീതത്തിന്റെയും സൂഫിയാന സാഹിത്യത്തിന്റെയും തുടര്‍ച്ചയാണ് എം നൗഷാദിന്റെ ‘സമാ ഏ ബിസ്മില്‍, ഖവാലിയുടെ ഉള്‍ലോകങ്ങള്‍’ എന്ന പുസ്തകം. ദാര്‍ശനിക ഇസ്ലാമിലെ സൂഫിസത്തിന്റെ താളാത്മക കലാവിഷ്‌കാരങ്ങളായ ഖവാലിയുടെ മൊഴിമാറ്റവും വിശകലനവുമാണ് കൃതിയുടെ അകസാരം.
വിശാലമായ മൊഴിമാറ്റത്തിന്റെയും വിശകലനത്തിന്റെയും ഉമ്മറപ്പടി കടക്കുന്നതിനു മുമ്പ് ഖവാലിയെന്ന സൂഫീസംഗീത രൂപത്തിന്റെ ചരിത്രപശ്ചാത്തലവും ദര്‍ശനിക വഴികളും പ്രണയത്തിന്റെ മാന്ത്രിക ഹര്‍മ്യങ്ങളും അക്ഷരം തെറ്റാതെ രചയിതാവ് അവതരിപ്പിക്കുന്നുണ്ട്. അജ്മീര്‍ ദര്‍ഗയിലും ദില്ലി ഹസ്റത്ത് നിസാമുദ്ധീനിലും ഹൈദരാബാദ് യൂസുഫ് സൈനിലും ഖവ്വാലുകളും ഖവ്വാല്‍ ബച്ചകളും തൊണ്ടകീറി ഖവാലികള്‍ പാടിത്തീര്‍ക്കുമ്പോള്‍ കണ്ണടച്ച്, മനസ്സുതുറന്ന് ആസ്വാദനത്തിന്റെ സ്വര്‍ഗീയാരാമങ്ങളില്‍ ആനന്ദനൃത്തം ചവിട്ടുന്ന മനോഹരരംഗം പറഞ്ഞു തുടങ്ങുന്ന രചയിതാവ് അനുവാചകരെ ഖവാലിയുടെ സൗന്ദര്യാത്മക വായനാസ്വാദനത്തിനായി മെരുക്കിയെടുക്കുകയാണ്. പ്രവാചക പ്രേമവും ഗുരു പ്രണയവും അലിയാര്‍ തങ്ങളോടുള്ള അനുരാഗവും ഇഷ്ഖും സമന്വയിച്ച് വിഷയീഭവിക്കുന്ന വരികള്‍ പാടിപ്പാടി പൊരുളുറപ്പിക്കുന്ന രംഗങ്ങള്‍, ജലാലിയത്തും ജമാലിയ്യത്തും സമ്മേളിച്ച ഉള്ളുലക്കുന്ന ദക്ഷിണേന്ത്യന്‍ സൂഫീസംഗീത പാരമ്പര്യങ്ങള്‍, ഖാലയില്‍ നിന്ന് കൗല്‍,ഖവ്വല എന്നിങ്ങനെ രൂപമാറ്റം സംഭവിച്ച് ഖവാലിയില്‍ എത്തിചേര്‍ന്നതിന്റെ അടിവേരുകള്‍, രചനയിലെ ഖവാലിയും അവതരണത്തിലേക്ക് ഖവാലിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്നിങ്ങനെ ഖവാലിയുടെ സമഗ്രാവതരണത്തിന്റെ രീതിശാസ്ത്രം നിതാന്ത ശ്രദ്ധയോടെയാണ് രചയിതാവ് സമര്‍പ്പിക്കുന്നത്.
ഖവാലിയവതരണത്തിലെ രീതിശാസ്ത്രത്തിന്റെ ചുവടൊപ്പിച്ച് ഗ്രന്ഥം പ്രധാനമായും നാലു ഭാഗങ്ങളായാണ് രചയിതാവ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ‘ഇഷ്ഖ്’ എന്ന് നാമകരണം ചെയ്ത പ്രവേശന കവാട ഭാഗത്ത് അര്‍ഥവും പൊരുളുമുള്ള പ്രണയത്തിന്റെ പിരിശക്കഥകളും ദാര്‍ശനിക പ്രേമത്തെ പൂരിപ്പിക്കാനുള്ള നിതാന്തശ്രമവുമാണ് നിറഞ്ഞുനില്‍ക്കുന്നത്. ഹസ്റത്ത് മൊഹാനിയുടെയും വാരിസ്ഷായുടെയും അസീസ് മിയാന്റെയും ദാര്‍ശനിക പ്രണയ ലഹരിയുടെ നിഗൂഢാര്‍ഥങ്ങള്‍ നിറഞ്ഞൊഴുകുന്ന വരികളുടെ മൊഴിമാറ്റമാണ് ആദ്യഭാഗത്തിന്റെ ഉള്ളടക്കം. ‘ബൈഅത്തെ’ന്ന് മേല്‍വിലാസത്തിലുള്ള രണ്ടാം ഭാഗം ഗുരുസമാഗമത്തിന്റെ സ്നേഹപരിലാളനയുടെ കലാമുകള്‍ കൊണ്ട് സമൃദ്ധമാണ്. പര്‍ണശാലകളുടെ അകത്തിരുന്ന് ആത്മീയ പരിശീലനത്തിന്റെ വെട്ടം വിതറുന്ന ഗുരുവചനങ്ങളും നിര്‍ദേശങ്ങളുമാണ് ബൈഅത്തിന്റെ ആകെത്തുക. ദക്ഷിണേഷ്യന്‍ അദ്ധ്യാത്മികതക്കും സാംസ്‌കാരികതക്കും അനിഷേധ്യമായ ചൈതന്യം പകര്‍ന്ന അമീര്‍ ഖുസ്റുവിന്റെ ചാപ് തിലക് എന്ന പ്രസിദ്ധ രചനയും ബുല്ലേ ഷാഹ്, ഹകീം നാസിര്‍ തുടങ്ങിയവരുടെ രചനകളുമാണ് പ്രസ്തുത ഭാഗത്തിന്റെ അകസാരങ്ങള്‍.
‘മിഅ്റാജ്’ എന്ന മൂന്നാം ഭാഗത്തിലൂടെ കളങ്കമേല്‍ക്കാത്ത ഗുരുവഴിയില്‍ കാലൊപ്പിച്ചു നടന്ന് ആത്മീയതയുടെ അനന്തവിഹായത്തിലേക്ക് യാത്രപോകുന്നതാണ് വിഷയീഭവിക്കുന്നത്. ഹൃദയത്തിന്റെ വേദനയോടും വെമ്പലിനോടും വേപഥുവിനോടും വിടപറഞ്ഞ് സത്യത്തിന്റെ പൂര്‍ണതയിലേക്ക് കയറിചെല്ലാനുള്ള ചെറുശ്രമമാണ് നടക്കുന്നത്. ദക്ഷിണേഷ്യന്‍ സൂഫിയാനാ കലാമുകളില്‍ മിഅ്റാജുമായി ബന്ധപ്പെട്ട രചനകളും വരികളും ജനകീയവും ശ്രദ്ധേയവുമാണ്. മദീനയുടെ മഹബ്ബത്തിന്റെ മണല്‍ത്തരുകളോടും പുലര്‍കാറ്റിനോടും സലാമോതി പ്രാരംഭം കുറിക്കുന്ന പൂര്‍നം അലഹബാദിയുടെ പ്രശസ്തമായ താജ് ദാറെ ഹറം, തീവ്രാനുരാഗിന്റെ ലയസന്ധികളില്‍ അനുരാഗികള്‍ തൊണ്ട കീറി പാടിയ മുസഫര്‍ വാര്‍സിയുടെ തൂ കുജാ മന്‍ കുജയും തന്നെയാണ് ഈയൊരു ഭാഗത്തിന്റെ ഹൃദയം. വാക്കുകള്‍ തോറ്റുപോകുന്ന ദിവ്യലയനത്തിന്റെ മാസ്മരിക നിമിഷങ്ങളാണ് ‘ഫനാ’ എന്ന പടിയിറക്കത്തിന്റെ ഭാഗത്ത് ചര്‍ച്ചയാകുന്നത്. സുന്ദര മനോഹരമായ ദൈവിക നാമങ്ങളും വിശേഷങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാടി പൊരുളുപ്പിക്കുന്ന വരികളും സുകൃത ദര്‍ശനത്തിലൂടെയുള്ള സ്തുതിപാടലുമാണ് പ്രസ്തുത ഭാഗത്തെ പ്രമേയം. ഇലാഹിയ്യത്തിന്റെ അചഞ്ചലതയും സ്തുതിപാടലിന്റെ മഹോത്സവവുമായ ഈയൊരു ഭാഗത്ത് ഉസ്താദ് നുസ്റത്ത് ഫതേഹ് അലിഖാന്റെ അള്ളാഹ് ഹൂ,അള്ളാഹ് ഹൂ എന്ന വരികളും നാസ് ഖിയാല്‍വിയുടെയും ഹസ്റത്ത് ഷാഹ് നിയാസിന്റെയും രചനകളാണ് നിറഞ്ഞു നില്‍ക്കുന്നത്.
ഇങ്ങനെ,സൂഫി സംഗീതത്തിന്റെ സര്‍വ മേഖലകളും സ്പര്‍ശിക്കുന്ന ഖവാലികളുടെ മൊഴിമാറ്റങ്ങളാണ് കൃതിയുടെ ആധാരം. സൂഫിയാന കലാമുകളിലെ ഉപമാലങ്കാരങ്ങളെക്കുറിച്ചുള്ള ഭാഷാപരമായ അറിവുകള്‍ക്കപ്പുറം, ഖവാലിയുടെ ദാര്‍ശനിക വശങ്ങളും അദ്ധ്യാത്മിക വീക്ഷണങ്ങളുമാണ് കൃതിയെ മികവുറ്റതാക്കുന്നത്. ഓരോ കവിതക്കും മുമ്പുള്ള ആമുഖങ്ങള്‍ വായിക്കുന്നതു വഴി അനുവാചകര്‍ക്ക് കവിതയുടെ സാധ്യമായ ആശയവഴികള്‍ ലഭിക്കുന്നതോടൊപ്പം തന്നെ സൂഫിയാന സാഹിത്യത്തിന്റെയും കലാമകളുടെയും സവിശേഷതയും രീതിശാസ്ത്രവും വ്യക്തമാകുന്നു. മലയാളത്തിലെ ഖവാലിയുടെ ശ്രവണ സംഗീതസൂഫി പരിസരത്തെ കൃത്യമായി വരച്ചുവെക്കുന്ന രചനയാണ് സമാ ഏ ബിസ്മില്‍. സുപ്രഭാതം ദിനപത്രത്തിലെ ഞായര്‍പ്രഭാതത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചുവന്ന ഖവാലിമൊഴിമാറ്റങ്ങളുടെ സമാഹാരമാണ് പ്രസ്തുതകൃതി. സൂഫി സംഗീതങ്ങളുടെയും സൂഫിയാനാ കലാമുകളിലെ ദാര്‍ശനിക കവിതകളുടെയും പരിഭാഷകള്‍ മലയാളത്തില്‍ പൊതുവേ കുറവാണ്. എന്നാല്‍,ഖവാലികളുടെ ചന്തവും ആശയവും ചോരാത്ത മൊഴിമാറ്റമാണ് സമാ ഏ ബിസ്മിലില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബുക്ക് പ്ലസാണ് ഈ മനോഹര ഗ്രന്ഥത്തിന്റെ പ്രസാധകര്‍.

മിന്‍ഹാജ് ഇ.കെ ചാഴിയോട്