സൂഫികളുടെ സൂഫിയുടെ കഥ

1422

‘സ്വയം ഒന്നിനും മറ്റൊന്നാവാന്‍ കഴിയില്ല,
ഇരുമ്പ് ഒരിക്കലും സ്വയം വാളാവില്ല;
ശംസ് തബ്രീസിയുടെ അടിമയാവാതെ
റൂമിയുടെ മസ്നവിയും പിറക്കില്ല!’

ഡാന്റെയും ബിയാട്രീസും തമ്മിലുള്ള ഇണക്കംപോലെ വിഖ്യാതമാണ് ജലാലുദ്ദീന്‍ റൂമിയും ശംസ് തബ്രീസിയും തമ്മിലുണ്ടായിരുന്ന ബന്ധമെന്ന് അമേരിക്കന്‍ പണ്ഡിതന്‍ ഹസ്റ്റണ്‍ സ്മിത്ത് അദ്ദേഹത്തിന്റെ ‘വെ റിലീജ്യന്‍ മാറ്റേഴ്‌സ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ശംസിന്റെ സ്മരണയില്‍ നാല്‍പതിനായിരം വരികളുള്ള, മസ്നവിയെക്കാള്‍ വലിയ ദീവാനെ ശംസ് തബ്രീസി എഴുതാന്‍ റൂമിയെ പ്രേരിപ്പിച്ചത് ആ ആഴമേറിയ അടുപ്പമാണ്. കുറേക്കാലം കൂടെക്കഴിഞ്ഞതിനുശേഷം ശംസ് അപ്രത്യക്ഷനായപ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ കൊന്നുകൊണ്ടിരിക്കുന്നു എന്ന് റൂമി മകന്‍ വലീദിനോട് പരിതപിക്കുന്ന രംഗവും(ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്) ഇതിനോട് ചേര്‍ത്തുവായിക്കാം.
പാണ്ഡിത്യത്തിന്റെ ഗാംഭീര്യത്തില്‍നിന്ന് അധ്യാത്മികതയുടെ എളിമയിലേക്ക് റൂമിയെ ഇറക്കിക്കൊണ്ടുവന്ന ഗുരുവായിരുന്നു ശംസ് തബ്രീസ്. ഏകദേശം 1184 ല്‍ ഇറാനിലെ തബ്രീസിലാണ് ശംസ് പിറന്നത്. അസാധാരണത്വം കുഞ്ഞുനാള്‍മുതലേ ശംസിന്റെ കൂടെയുണ്ടായിരുന്നു. സഹപാഠികള്‍ അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പരിശീലിച്ചപ്പോള്‍ ശംസ് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി മികച്ചുനിന്നു. തത്ത്വശാസ്ത്രവും ഗോളശാസ്ത്രവും കര്‍മശാസ്ത്രവും അധ്യാത്മികജ്ഞാനവും പൊടുന്നനെ ആവാഹിച്ചു. പണ്ഡിതന്മാരുടെയും ദര്‍വീശുകളുടെയും ചങ്ങാതിയായി. ഗുരുക്കളെ തേടി പലയിടങ്ങളില്‍ അലഞ്ഞു. ശൈഖ് അബൂബക്ര്‍ സില്ലബാഫ് അടക്കം പലരേയും കണ്ടുമുട്ടി. ബാബാ കമാല്‍ ജുന്ദിയെ സന്ദര്‍ശിച്ചത് ശംസിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ശൈഖ് ഫഖ്റുദ്ദീന്‍ ഇറാഖിയുമുണ്ടായിരുന്നു അപ്പോള്‍ അവിടെ. വെളിപാടുകള്‍ എഴുതി ബാബാ കമാലിനെ കാണിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. ബാബാ കമാല്‍ ശംസിനോട് ചോദിച്ചു: നിനക്ക് ഇതുപോലെ ആത്മരഹസ്യങ്ങള്‍ വെളിപ്പെടുന്നില്ലേ? ഉണ്ട്, പക്ഷേ, എഴുതാന്‍ പറ്റുന്നില്ല. നിങ്ങള്‍ അന്വേഷണം നടത്തുക. നിങ്ങളുടെ ആശയങ്ങള്‍ക്ക് വാക്കുകളുടെ ഉടയാടകള്‍ അണിയിക്കുന്ന ഒരു സുഹൃത്തിനെ അല്ലാഹു നല്‍കും. തന്റെ ജ്ഞാനക്കലവറ തുറന്നുവക്കാന്‍ പ്രാപ്തിയുള്ള ഒരാളെ തേടിയായി പിന്നീട് ശംസിന്റെ നടത്തം. ആ അന്വേഷണമാണ് കൊനിയയിലേക്കും അവിടന്ന് റൂമിയിലേക്കും പടര്‍ന്നത്.
റൂമിയെക്കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോഴും ശംസ് തബ്രീസി കൗതുകത്തോടെ കേള്‍വിക്കെത്തും. ആരെന്നും എവിടെയെന്നും പിടികൊടുക്കാതെ അഭിസംബോധകനെ കുഴക്കും. എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതം ആധികാരികവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുന്ന കൃതികള്‍ മലയാളത്തിലില്ലെന്നുതന്നെ പറയാം. ആ വിടവിലേക്കാണ് അബ്ദുല്‍ ഗഫൂര്‍ കൊമ്പങ്കല്ല് രചിച്ച ശംസ് തബ്രീസി: പ്രണയത്തിന്റെ പ്രമാണങ്ങള്‍ എന്ന ലഘുപുസ്തകം കയറിനില്‍ക്കുന്നത്.
ശംസ് തബ്രീസിയെക്കുറിച്ച് വായിക്കാന്‍ മറ്റു ഭാഷകളിലും ഗ്രന്ഥങ്ങളുണ്ടായിട്ടു കാലമേറെയായിട്ടില്ല. 1800 കളുടെ അവസാനത്തോടെയാണ് അദ്ദേഹത്തിന്റെ മഖാലാത്ത്(സംഭാഷണങ്ങള്‍) പേര്‍ഷ്യന്‍ ഭാഷയില്‍ പുസ്തകരൂപം പ്രാപിച്ചത്. പിന്നീട് വില്യം ചിറ്റിക്ക് ഭമി ആന്റ് റൂമി തയ്യാറാക്കിയതോടെയാണ് പടിഞ്ഞാറില്‍ ശംസ് വായിക്കപ്പെട്ടു തുടങ്ങിയതെന്ന് ആന്‍മേരി ഷിമ്മല്‍ എഴുതിയിട്ടുണ്ട്. തുര്‍ക്കി പണ്ഡിതന്‍ പ്രൊ. എര്‍ക്കാന്‍ തുര്‍ക്ക്മാന്‍ രചിച്ച ടീച്ചിംഗ്സ് ഓഫ് ശംസ് തബ്രീസി, രജാ താരിഖ് മഹ്മൂദ് നുഅ്മാനിയുടെ സവാനിഹെ ഹയാത്, അഹ്മദ് ഖുഷുനാസിന്റെ ഭമഖാലാതെ ശംസ് തബ്രീസി, എം. നൂരി ജന്‍ഗോസ്മാന്‍ രചിച്ച ടര്‍ക്കിഷ് വിവര്‍ത്തനം, എലിഫ് ഷഫാകിന്റെ ഭഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ് തുടങ്ങിയ പ്രഖ്യാത രചനകളെല്ലാം അവലംബിച്ചുകൊണ്ടാണ് മലയാളത്തിലെ ഈ ആദ്യത്തെ ശംസ് സാഹിത്യം അരങ്ങിലെത്തുന്നത് എന്നത് ഏറെ ആശാവഹമാണ്.
വില്യം ചിറ്റിക്ക് ശംസ് തബ്രീസിയുടെ ജീവചരിത്രം എന്ന് വിളിച്ച മഖാലാത് ആസ്പദമാക്കിയാണ് പ്രധാനമായും ശംസ് തബ്രീസി: പ്രണയത്തിന്റെ പ്രമാണങ്ങളുടെ രചന നിര്‍വഹിക്കപ്പെട്ടത്. ശംസിന്റെ ജീവിതവും റൂമിയുമായുള്ള സമാഗമവും സമഗ്രമായി ചര്‍ച്ച ചെയ്തശേഷം ശംസിന്റെ ചിന്തോദ്ദീപകമായ അധ്യാപനങ്ങളും ഹിക്മത്(യുക്തി) തുളുമ്പിനില്‍ക്കുന്ന കഥകളും സമകാലീനരും അല്ലാത്തവരുമായ സൂഫികളെക്കുറിച്ചുള്ള ചര്‍ച്ചകളും അവര്‍ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ഗ്രന്ഥകാരന്‍ ഇതില്‍ ഉള്ളടക്കിയിട്ടുണ്ട്. ഹല്ലാജുല്‍ മന്‍സൂര്‍, ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി അടക്കമുള്ള പ്രമുഖ സൂഫികളുടെ ചില നിലപാടുകളെ ശംസ് പ്രത്യക്ഷത്തില്‍ ചോദ്യം ചെയ്യുന്നതും ആശയ ഗാംഭീര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മലയാള വായനക്ക് മനസ്സിലാക്കാന്‍ ഏറെ പ്രയാസമെന്ന് തോന്നുന്ന ചില കഥകളെങ്കിലും ഗ്രന്ഥകാരന്‍ ബോധപൂര്‍വം മാറ്റിവച്ചിട്ടുണ്ട്. വിവിധ അവലംബങ്ങളിലെ ആശയപരമായ പൊരുത്തക്കേടുകളും ഒരു പരിധിവരെ അതിനു കാരണമായിട്ടുണ്ടാകുമെന്ന് വിലയിരുത്താം.
റൂമി കവിതകളില്‍ ശംസ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട് ഭറൂമി: പാസ്റ്റ് ആന്റ് പ്രസന്റ്, ഈസ്റ്റ് ആന്റ് വെസ്റ്റില്‍ ഫ്രാങ്ക്ളിന്‍ ലെവിസ്. മസ്നവിയിലും ദീവാനെ ശംസ് തബ്രീസിയിലും അത് പകല്‍വെളിച്ചം പോലെ പ്രകടമാണ്. ശംസിനെക്കുറിച്ച് റൂമി എഴുതിയ ഏതാനും ചില വരികളുടെ വിവര്‍ത്തനം സന്ദര്‍ഭാനുസരണം ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണാം:
നീ ആകാശമേടയിലെ ചന്ദ്രന്‍, ഞങ്ങള്‍ ഇരുള്‍ മുറ്റിയ രാത്രിയും.
രാത്രിയില്‍ ചന്ദ്രനില്ലെങ്കില്‍ കട്ടപിടിച്ച ഇരുള്‍ മാത്രം
(ദീവാന്‍).
നിശ്ശബ്ദത പാലിക്കൂ. എന്നാല്‍,
പുസ്തകങ്ങളില്‍നിന്നോ പ്രഭാഷണങ്ങളില്‍നിന്നോ കിട്ടാത്തവ ആ സൂര്യനില്‍നിന്ന് കരഗതമാകും(മസ്നവി).
ശംസ് ഉദിച്ചുവന്നു, എന്റെ മനസ്സ് കവര്‍ന്നു.
ദിവ്യാനുരാഗത്തിന്റെ വീഞ്ഞിനാല്‍ ഈ വാതില്‍പൊളികളും ചുമരുകളും ഉന്മാദലഹരിയിലായി(ദീവാന്‍).
ഗുരുവോ ദേശമോ ഇല്ലാത്ത യഥാര്‍ഥ സൂഫിയുടെ കഥയാണ് ഭശംസ് തബ്രീസി: പ്രണയത്തിന്റെ പ്രമാണങ്ങള്‍ഭ എന്ന് ചുരുക്കം. സൂഫികളുടെ സൂഫിയുടെ സമഗ്രമായ ചരിത്രമാണിത്. ബുക്പ്ലസാണ് പ്രസാധകര്‍.

ശാഫി ഹുദവി ചെങ്ങര