ചരിത്രപരമായ കാരണങ്ങളാല്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകളുടെ പിന്നാക്കാവസ്ഥ നേരിട്ടവരാണ് മാപ്പിള മുസ്ലിംകള്‍. ഉദ്യോഗമണ്ഡലങ്ങളിലും മറ്റും സാമുദായിക പ്രാതിനിധ്യം കുറഞ്ഞുപോകാനും രാഷ്ട്രീയ, ഭരണരംഗങ്ങളിലെല്ലാം മുസ്ലിംകള്‍ അവഗണിക്കപ്പെടാനും അത് കാരണമായി. ഈ പശ്ചാത്തലത്തില്‍ ഒരു വിദ്യാഭ്യാസ നവോത്ഥാനം ആവശ്യമായിരുന്നു. അതു ലക്ഷ്യം വെച്ചു 1964 ല്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്). മാപ്പിളമാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനമായിരുന്നു എം.ഇ.എസിന്‍റെ ലക്ഷ്യം. മെഡിക്കല്‍ പ്രൊഫസറായ ഡോ. പി.കെ. അബ്ദുല്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ സമുദായത്തിലെ ഡോക്ടര്‍മാരും വിദ്യാസമ്പന്നരുമായ ചില യുവാക്കള്‍ ആ സംരംഭവുമായി രംഗത്തുവന്നപ്പോള്‍ സമുദായം വലിയ പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടുതന്നെ എം.ഇ.എസിനെ പിന്തുണയ്ക്കാനും അതിന്‍റെ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കാനും സമസ്ത മടികാണിച്ചില്ല.
കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന കാലിക്കറ്റ് മുസ്ലിം അസോസിയേഷന്‍(സി.എം.എ), അലിഗര്‍ ഓള്‍ഡ് ബോയ്സ് അസോസിയോഷന്‍ എന്നീ രണ്ടുസംഘടനകളുടെ പ്രവര്‍ത്തകരാണ് കാര്യമായും എം.ഇ.എസിന്‍റെ രൂപീകരണത്തിനു മുന്നിട്ടിറങ്ങിയത്. ഡോ.പി.കെ. അബ്ദുല്‍ഗഫൂര്‍, പ്രൊഫ.ബഹാവുദ്ദീന്‍, സി.പി.കുഞ്ഞഹ്മദ്, ഡോ.എം.എ. അബ്ദുല്ല, അഡ്വ. എ.വി.മുഹമ്മദ്, ഡോ.കെ.മുഹമ്മദ്കുട്ടി തുടങ്ങിയവരാണ് അതിന്‍റെ സംഘാടകര്‍. 1964 സപ്തംബര്‍ 4 നു കോഴിക്കോട് സൗത്ത് ബീച്ച്റോഡിലെ സഭാഹാളില്‍ എം.ഇ.എസിന്‍റെ പ്രഥമ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. അതില്‍ വെച്ച് ഭാരവാഹികളായി ഡോ. പി.കെ. അബ്ദുല്‍ഗഫൂര്‍ (പ്രസിഡണ്ട്), ഡോ. കെ.മുഹമ്മദ്കുട്ടി (സെക്രട്ടറി), കെ.സി. ഹസന്‍കുട്ടി(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സമുദായത്തിന്‍റെ വിദ്യാഭ്യാസ പുരോഗമനത്തിനു വേണ്ടി യത്നിക്കുക എന്ന പദ്ധതിയുടെ ഭാഗമായി, സ്കോളര്‍ഷിപ്പ് പദ്ധതിയാണ് എം.ഇ.എസ്. ആദ്യം നടപ്പിലാക്കിയത്. സമര്‍ത്ഥരും പാവപ്പെട്ടവരുമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു എം.ഇ.എസ് സാമ്പത്തിക സഹായം നല്‍കി. കോളേജുകള്‍, സ്കൂളുകള്‍, തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍, കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ തുടങ്ങിയവയെല്ലാം സ്ഥാപിച്ചു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ചു. ഈ ഘട്ടങ്ങളിലെല്ലാംഎം.ഇ.എസിനെ സമസ്ത ഉള്‍പ്പെടെയുള്ള സര്‍വ മുസ്ലിം സംഘടനകളും പിന്തുണച്ചു.
“എല്ലാവിഭാഗങ്ങളില്‍ പെട്ട മാപ്പിളമാരും എം.ഇ.എസിന്‍റെ രൂപീകരണത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. സംസ്ഥാനം ഒട്ടാകെ അതിന്‍റെ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. എം.ഇ.എസിന്‍റെ സാമൂഹിക ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നിര്‍ലോഭം വന്നുചേര്‍ന്നു. വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ രൂപീകരണം, സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവ യുവാക്കളോടും ഭാവിയിലുള്ള അവരുടെ താല്‍പര്യം വ്യക്തമാക്കി. 1967 ഫെബ്രുവരിയില്‍ മണ്ണാര്‍ക്കാട്ട് അവര്‍ ആദ്യത്തെ കോളേജിന്‍റെ ശിലാസ്ഥാപനം നടത്തി. ജൂലൈയില്‍ ക്ലാസുകളാരംഭിച്ചപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിച്ചത് യാഥാസ്ഥിതിക ആത്മീയ നേതാവായിരുന്ന പൂക്കോയ തങ്ങളായിരുന്നു”.
ഇങ്ങനെ സമുദായത്തിലെ സര്‍വരുടെയും പ്രശംസ പിടിച്ചുപറ്റി മുന്നോട്ടുപോയ എം.ഇ.എസ് ഇടക്കാലത്ത് ട്രാക്ക് തെറ്റി ഓടാന്‍ തുടങ്ങി. സമുദായത്തിലെ ഭൗതിക പുരോഗതിക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന, അതിനും അപ്പുറത്തേക്കു നീങ്ങി. അവര്‍ മതത്തിനകത്തു കയറി നിരങ്ങാന്‍ തുടങ്ങി. സാമുദായിക പാരമ്പര്യങ്ങളെ ധിക്കരിച്ചുകൊണ്ട് ‘താര നിശ’യും മറ്റും സംഘടിപ്പിക്കുന്നതില്‍ അവര്‍ അത്യുത്സാഹം കാണിച്ചു. സിനിമ നടികളെ പങ്കെടുപ്പിച്ചു എറണാകുളത്ത് ‘സ്റ്റാര്‍ നൈറ്റ്’ സംഘടിപ്പിക്കുകയും എതിര്‍പ്പുകളുണ്ടായപ്പോള്‍ ‘മാര്‍ഗമെന്തായാലും ലക്ഷ്യം നന്നായാല്‍ മതി’ എന്നു ന്യായീകരിക്കുകയും ചെയ്തു. മതബോധവും മതവിജ്ഞാനവും വളരെ കുറവായിരുന്ന എം.ഇ.എസ് നേതൃത്വം ഇസ്ലാമിന്‍റെ മൗലിക നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഇസ്ലാമിക ശരീഅത്തിനെതിരെ അവരുടെ നാവും തൂലികയും ഉയരാന്‍ തുടങ്ങി. 1969 ജൂലൈ മുതല്‍ പുറത്തിറങ്ങിയ എം.ഇ.എസ് ജേര്‍ണല്‍ ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരെ വിഷം തുപ്പുന്ന ഉഗ്രസര്‍പ്പമായി മാറി. ഇസ്ലാമിക ശരീഅത്ത് ഭേദഗതി ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ഇല്ലെന്ന് ‘എം.ഇ.എസ് ജേര്‍ണല്‍’ മുഖപ്രസംഗമെഴുതി പരിഹസിച്ചു.73 അതോടൊപ്പം ചേകന്നൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഇസ്ലാമിലൊരു പൊളിച്ചെഴുത്തിനൊരുമ്പെട്ടിറങ്ങിയ ‘ഇസ്ലാം ആന്‍റ് മോഡേണ്‍ ഏജ് സൊസൈറ്റി’ (ഐ.എം.എ.എസ്)യുമായി എം.ഇ.എസ് കൈകോര്‍ത്തു. രണ്ടു സംഘടനകളുടെയും നേതൃത്വം ഒരേ വ്യക്തികളില്‍ വന്നു. ‘ഇസ്ലാം ആന്‍റ് മോഡേണ്‍ ഏജ് സൊസൈറ്റി’യുടെ മുഖ്യ സംഘാടകനായിരുന്ന ടി. അബ്ദുല്‍ അസീസ് ‘എം.ഇ.എസ് ജേര്‍ണല്‍’ പത്രാധിപര്‍ കൂടിയായിരുന്നു.74 മതത്തെ കാലത്തിനനുസരിച്ചു പൊളിച്ചെഴുതാം എന്ന നിലപാടിനെ സമര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം ‘മതപരമായ കാര്യങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുന്നതിനെ ഇസ്ലാം ഒരിക്കലും എതിര്‍ത്തിട്ടില്ല’75 എന്ന് ‘എം.ഇ.എസ് ജേര്‍ണലി’ല്‍ തുറന്നെഴുതി.
എം.ഇ.എസിന്‍റെ ലാളനയില്‍ ഐ.എം.എ.എസ് തഴച്ചുവളര്‍ന്നു. അവര്‍ ഇസ്ലാമിന്‍റെ കരിമ്പിന്‍ തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടങ്ങളായി മാറി. റോളണ്ട് ഇ. മില്ലര്‍ എഴുതുന്നു: ‘ഇടതുപക്ഷ/ആധുനിക ചായ്വുള്ള ഏതാനും മാപ്പിളമാര്‍ രൂപീകരിച്ച ‘ഇസ്ലാം ആന്‍റ് മോഡേണ്‍ ഏജ് സൊസൈറ്റി'(ഐ.എം.എ.എസ്)ക്ക് ഏതാനും ആഴ്ചയുടെ ആയുസ്സേ ഉണ്ടായിരുന്നുവെങ്കിലും അക്കാലത്ത് അത് സുപ്രധാനമായ വിവാദങ്ങള്‍ ഉയര്‍ത്തുകയും സമുദായത്തില്‍ അതുവരെ പ്രകടമാകാതെ കിടന്ന ഒരു പ്രസ്ഥാനത്തെ വെളിവാക്കുകയും ചെയ്തു. മാപ്പിള സാഹചര്യത്തില്‍ അവര്‍ ഉദാര സമീപനമാണ് സ്വീകരിച്ചത്. ശരീഅയുടെ നവീകരണം അവര്‍ ആവശ്യപ്പെട്ടു. ആ പ്രശ്നം പഠിക്കുന്നതിനു ഒരു കമീഷന്‍ രൂപീകരിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത പൊതു സിവില്‍നിയമം വികസിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ബഹുഭാര്യത്വം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, വഖ്ഫ് നിയന്ത്രണം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതാണെന്നു ഊന്നിപ്പറഞ്ഞു. അനേകം മുസ്ലിം രാജ്യങ്ങളില്‍ ഇത്തരം പരിഷ്കരണങ്ങള്‍ നടന്നുകഴിഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടി”.76
ഇന്ത്യയില്‍ ശരീഅത്ത് നിയമങ്ങള്‍ നിരോധിക്കണമെന്നും ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്നും തീവ്രഇടതിന്‍റെയും സംഘ്പരിവാരത്തിന്‍റെ നാവു കടംവാങ്ങി ശബ്ദിച്ച മോഡേണ്‍ ഏജുകാര്‍ എം.ഇ.എസിന്‍റെ സംഘടനാ സംവിധാനമാണ് അതിന് ഉപയോഗപ്പെടുത്തിയത്. അവസാനം ദൈവിക മതമായ ഇസ്ലാമിനെ മുഹമ്മദ് നബി(സ)യുടെ സൃഷ്ടിയും അല്ലാഹുവിന്‍റെ വചനമായ വിശുദ്ധ ഖുര്‍ആനിനെ പ്രവാചക വചനങ്ങളുമാക്കുന്നയിടത്തേക്ക് എം.ഇ.എസ് എത്തി. ഇസ്ലാം മതസ്ഥാപകന്‍ മുഹമ്മദ് നബിയാണെന്നും പ്രവാചകന്‍റെ വാക്കുകള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദ് ബിന്‍ സാബിത് രേഖപ്പെടുത്തിയതാണ് നിലവിലെ ഖുര്‍ആന്‍ എന്നുവരെ ‘എം.ഇ.എസ് ജേര്‍ണല്‍’ എഴുതി. ‘ഖുര്‍ആന്‍റെ കയ്യെഴുത്തു രേഖ’ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എഴുതിയത് ഇങ്ങനെ:
“ഹസ്രത്ത് ഉസ്മാന്‍റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്കന്‍റിലെ ഉസ്ബക് ചരിത്ര മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുരാതനമായ അറബി ലിഖിതരേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്ലാം മത സ്ഥാപകനായിരുന്ന മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈതു ബിന്‍ സാബിത് പ്രവാചകന്‍റെ വചനങ്ങളെല്ലാം ശേഖരിച്ചു ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായ ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സുറ:കള്‍ ക്രമീകരിക്കപ്പെട്ടിരുന്നത്”.77
ഇങ്ങനെ ഇസ്ലാമിന്‍റെ മൗലികതയെ തന്നെ ചോദ്യം ചെയ്യുന്ന വിധം എം.ഇ.എസും ഐ.എം.എ.എസും മാറിമറിഞ്ഞപ്പോള്‍, സമുദായത്തിന്‍റെ മതകാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അവരെ തുറന്ന് എതിര്‍ക്കേണ്ടി വന്നു. അങ്ങനെയാണ് 27.10.1970-ന് കോട്ടുമല ടി. അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന സമസ്ത മുശാവറ എം.ഇ.എസിനെതിരെ തീരുമാനം കൈക്കൊള്ളുന്നത്. അതിങ്ങനെ:
“എം.ഇ.എസിനെപ്പറ്റിയും ഇസ്ലാം ആന്‍റ് മോഡേണ്‍ എയ്ഡഡ് സൊസൈറ്റിയെ പറ്റിയും താഴെ കാണുന്ന പ്രമേയം പാസ്സാക്കി.
എം.ഇ.എസ്. ജേര്‍ണല്‍ പുസ്തകം രണ്ട്: ലക്കം- അഞ്ച് (സപ്തംബര്‍ 25) പേജ് 13-ല്‍ വിശുദ്ധ ഖുര്‍ആന്‍റെ കൈയെഴുത്ത് രേഖ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങളുടെ ദൃഷ്ടിയില്‍പെടുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: ‘ഹസ്റത്ത് ഉസ്മാന്‍റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്ക്കണ്ടിലെ ഉസ്ബക് ചരിത്ര മ്യൂസിയത്തില്‍ പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുരാതനമായ അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദുബിന്‍ സാബിത് പ്രവാചകന്‍റെ വചനങ്ങള്‍ എല്ലാം ശേഖരിച്ചു ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറകള്‍ ക്രമീകരിക്കപ്പെട്ടിരുന്നത്’.
അല്ലാഹുവിന്‍റെ തിരുവചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിതീര്‍ക്കുന്ന എം.ഇ.എസിന്‍റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചു മുസ്ലിംകള്‍ ബോധവാന്മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസിനോട് പെരുമാറണമെന്നും ഉദ്ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസിന്‍റെ ഇത്തരം അനിസ്ലാമിക വിശ്വാസപ്രമാണങ്ങളില്‍ മുസ്ലിം ബഹുജനങ്ങള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്ന് ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ ആശയങ്ങളില്‍നിന്ന് ഒരുപടി മുന്നോട്ടുപോയ ഇസ്ലാം ആന്‍റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ ഉദ്ഘാടനയോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്‍റെ ആശയാദര്‍ശങ്ങള്‍ തനി അനിസ്ലാമികവും ഇസ്ലാമിന്‍റെ നാരായവേരിന് തന്നെ കത്തിവെക്കുന്നതാണെന്ന് ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വശക്തിയും ഉപയോഗിച്ചു എതിര്‍ക്കേണമെന്ന് മുസ്ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു”.78
എം.ഇ.എസിനും ഐ.എം.എ.എസിനുമെതിരെ സമസ്ത രംഗത്തുവരികയും അവയെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെ സമുദായം അത് ഏറ്റെടുത്തു. എം.ഇ.എസിന്‍റെ വിദ്യാഭ്യാസ സമീപനങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുസ്ലിം ലീഗ് പരസ്യമായി തന്നെ അതിനെ തള്ളിപറഞ്ഞു.’എം.ഇ.എസില്‍ അംഗത്വമുണ്ടായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായികളും അതില്‍നിന്ന് രാജിവെച്ചു. ഇസ്ലാമിക വിശ്വാസത്തെ അട്ടിമറിക്കുന്ന എം.ഇ.എസുമായി സഹകരിക്കുന്നതില്‍ നിന്ന് 1970 ഡിസംബറില്‍ ലീഗ് ഔദ്യോഗികമായി എല്ലാ പ്രവര്‍ത്തകരെയും വിലക്കി. അനിസ്ലാമിക വീക്ഷണങ്ങളെ പിന്താങ്ങുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് എം.ഇ.എസിനെതിരെ അത് ഒരു കുറ്റപത്രം പുറപ്പെടുവിച്ചു. മുസ്ലിംലീഗ് പ്രസിഡണ്ടും കേരള നിയമ സഭാ സ്പീക്കര്‍ കെ.മൊയ്തീന്‍കുട്ടി ഹാജിയും സമുദായ ‘പരിഷ്കരണവാദി’കളെ എതിര്‍ക്കാന്‍ ആഹ്വാനം ചെയ്തു’.78
എം.ഇ.എസിനെതിരെയുള്ള സമസ്തയുടെ ആഹ്വാനവും അതില്‍നിന്ന് രാജിവെച്ചുകൊണ്ടുള്ള ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനവും ഒരേ ദിവസത്തെ പത്രത്തില്‍ ഒന്നിച്ച് അച്ചടിച്ചു വന്നു. മത വിഷയങ്ങളില്‍ സമസ്ത എടുക്കുന്ന നിലപാട് മുസ്ലിംലീഗിന്‍റെ കൂടി നിലപാടാണെന്നു തെളിയിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. സര്‍വോപരി ബാഫഖിതങ്ങളുടെ മുന്‍ഗണന മതത്തിനായിരുന്നതുകൊണ്ടുതന്നെ ഇത്തരം ഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റ മതവും രാഷ്ട്രീയവും പരസ്പരം ഏറ്റുമുട്ടിയില്ല. സി.എച്ച്. മുഹമ്മദ് കോയ എഴുതുന്നു:
“എം.ഇ.എസ് (മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി) സംഘടനയില്‍ നിന്ന് വ്യക്തമായ കാരണങ്ങളാല്‍ രാജിവെച്ചൊഴിയുവാന്‍ നിര്‍ബന്ധിതനാകുന്നതിനു മുമ്പ് ആ സംഘടനയിലും തങ്ങള്‍ സജീവ താല്‍പര്യം കാണിച്ചിരുന്നു. എം.ഇ.എസുകാര്‍ തങ്ങളുടെ ബഹുമാനാര്‍ത്ഥം ബീച്ച് ഹോട്ടലില്‍ ഒരു വിരുന്ന് ഏര്‍പ്പെടുത്തിയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പിന്നീടവര്‍ തങ്ങളെ വിദ്യാഭ്യാസ വിരോധിയെന്നും മറ്റും പറഞ്ഞാക്ഷേപിച്ചുവെങ്കിലും അവര്‍ക്കറിയാം തങ്ങള്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന്”.79
ലീഗിന്‍റെ എതിര്‍പ്പുകൂടി ശക്തമായി ഉയര്‍ന്നപ്പോള്‍ എം.ഇ.എസ് തീര്‍ത്തും ഒറ്റപ്പെട്ടു. 1970 ഡിസംബര്‍ 25,26,27 തിയതികളില്‍ എം.ഇ.എസ് ഫറോക്കില്‍ സംഘടിപ്പിച്ച അഖിലേന്ത്യ മുസ്ലിം എജ്യുക്കേഷന്‍ കോണ്‍ഫ്രന്‍സിലേക്ക് ലീഗ് കരിങ്കൊടി പ്രകടനം നടത്തി പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. 1972 ല്‍ എം.ഇഎസിന്‍റെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അവര്‍ക്ക് ധന സഹായം നല്‍കരുതെന്നും ലീഗിന്‍റെ പ്രവര്‍ത്തക സമിതി മുസ്ലിംകളോട് ആവശ്യപ്പെട്ടു.80 മുസ്ലിംലീഗിന്‍റെ രാഷ്ട്രീയവും സാമ്പത്തികവുമായ സഹായത്താല്‍ വളര്‍ന്നുവന്ന എം.ഇ.എസിന്‍റെ ധിക്കാര പ്രസ്താവനകള്‍ക്കും നടപടികള്‍ക്കുമെതിരെ ലീഗ് മുഖപത്രം ചന്ദ്രിക സധൈര്യം ശബ്ദിച്ചു.81
സമുദായത്തില്‍ സര്‍വ സ്വീകാര്യതയുണ്ടായിരുന്ന എം.ഇ.എസ്. ബോധപൂര്‍വം ചോദിച്ചുവാങ്ങിയതാണ് ഇതെല്ലാം. മതബോധമോ മതവിവരമോ ഇല്ലാതെ, കേവല ഭൗതിക വിവരങ്ങള്‍വെച്ച് അവര്‍ മതത്തിലിടപെടുകയും വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്തതാണ് എം.ഇ.എസിനു പറ്റിയ തെറ്റ്. അതേ കുറിച്ച് റോളണ്ട് ഇ. മില്ലര്‍ എഴുതുന്നു:
“എം.ഇ.എസ് നേതാക്കള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍, തങ്ങള്‍ ചുമലിലേറ്റിയ മഹത്തായ ഉത്തരവാദിത്വത്തെ കുറിച്ച് മുന്നറിവുള്ളവരായിരുന്നില്ല. അതുകൊണ്ട് തങ്ങളുടെ കര്‍മ പദ്ധതിയുടെ പ്രാധാന്യം വേണ്ടവണ്ണം മനസ്സിലാക്കുന്നതില്‍ അവര്‍ രണ്ടു തരത്തില്‍ പരാജയപ്പെട്ടുവെന്നു പറയാം. ഒന്നാമത്, അനിവാര്യമായും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്ന പുരോഗമന തത്ത്വങ്ങളെ ആധാരമാക്കിയതായിരുന്നു അത്. രണ്ടാമത്, അതിന്‍റെ വളര്‍ന്നുവന്ന അഖിലേന്ത്യാ പ്രാധാന്യം അതിനെ ഒരു രാഷ്ട്രീയ വെല്ലുവിളിയാക്കി മാറ്റി”.82
സമുദായത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട എം.ഇ.എസ് അതില്‍ നിന്ന് ഒരുപാട് പഠിച്ചു. മതത്തിനകത്ത് ഇറങ്ങികളിക്കുന്നത് അപകടമാണെന്നു തിരിച്ചറിഞ്ഞ അതിന്‍റെ നേതൃത്വം, മതകാര്യങ്ങളില്‍ തലയിടുന്നത് അവസാനിപ്പിച്ചു. 1980 ല്‍ എം.ഇ.എസ് പിളരുകയും അനേകം നേതാക്കള്‍ അതുവിട്ട് ‘മുസ്ലിം സര്‍വീസ് സൊസൈറ്റി'(എം.എസ്.എസ്) രൂപീകരിക്കുകയും
ചെയ്തു. ഗള്‍ഫ് ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണത്രെ പിളര്‍പ്പിലേക്ക് നയിച്ചത്. അതോടെ വിദ്യാഭ്യാസ- ഉദ്യോഗ മേഖലകള്‍ തന്നെയായി അവരുടെ അജണ്ട. സമസ്തയോടും മുസ്ലിംലീഗിനോടുമെല്ലാം അയഞ്ഞ സമീപനം സ്വീകരിച്ചു തുടങ്ങി. അങ്ങനെ പരസ്പരം അടുക്കുന്നയിടത്തേക്ക് പിന്നീട് കാര്യങ്ങളെത്തി.
ഡോ.അബ്ദുല്‍ ഗഫൂറിന്‍റെ മരണശേഷം എം.ഇ.എസിന്‍റെ പ്രസിഡണ്ടായി വന്ന ഡോ.ഫസല്‍ഗഫൂര്‍ എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു. 2008 ഏപ്രില്‍ 12 നു മലപ്പുറത്തു നടന്ന സുന്നീ ജില്ലാ സമ്മേളനത്തില്‍ വെച്ച്, തന്‍റെ പിതാവിനും എം.ഇ.എസ് നേതാക്കള്‍ക്കും ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ പിഴവു പറ്റിയെന്ന് പരസ്യമായി പ്രസംഗിച്ചു.83
ഫസല്‍ ഗഫൂര്‍ എഴുതുന്നു: “എം.ഇ.സും സമസ്തയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു ഒരു കാലത്ത്. ശരീഅത്തിനെതിരെ ചില അംഗങ്ങള്‍ രംഗത്തു വന്നതായിരുന്നു ഇതിനു കാരണം. ഇസ്ലാം ആന്‍റ് മോഡേണ്‍ സൊസൈറ്റി എന്ന സംഘടനയിലൂടെ സ്ത്രീ സ്വാതന്ത്ര്യം, അനന്തര സ്വത്തിലെ സമത്വം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ അവതരിപ്പിക്കുകയുണ്ടായി. മുജാഹിദ് പ്രസ്ഥാനത്തെ പോലെ ഇതുമൊരു പുത്തന്‍ പ്രസ്ഥാനമാണെന്ന നിലയില്‍ ബഹുജനങ്ങള്‍ അന്ന് എം.ഇ.എസിനെ തള്ളി പറഞ്ഞു. എന്നാല്‍ എന്‍റെ പിതാവിനെപോലുള്ളവര്‍ പറഞ്ഞത് മതപരമായ കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടേണ്ടെന്നായിരുന്നു. ഇന്ന് ആ അവസ്ഥ മാറി. പാണക്കാട് കുടുംബവുമായുള്ള ബന്ധവും മറ്റു നിലപാടു പരമായ മാറ്റവുമാണ് ഇതിനു വഴിവെച്ചത്. ഇന്നു ഞങ്ങളുടെ തിയറി തന്നെ വ്യത്യസ്തമാണ്.”84
എന്നാല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടു പിന്നീടുണ്ടായ ചില വിവാദങ്ങളിലെല്ലാം സമുദായ ശത്രുക്കളുടെ കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന രംഗവും എം.ഇ.എസ് നേതാവിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായി. വിവാഹ പ്രായം, യതീംഖാന യിലേക്ക് അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെത്തുന്ന കാര്യം, സ്ത്രീകള്‍ മുഖം മറക്കുന്ന വിഷയം തുടങ്ങിയവ ഉദാഹരണം.
പഴയ കാലത്തിന്‍റെ ദുരനുഭവങ്ങളില്‍ നിന്ന് എം.ഇ.എസിന്‍റെ പുതിയ നേതൃത്വം കൂടുതലൊന്നും പഠിച്ചിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ചരിത്രം പിന്നെയും ആവര്‍ത്തിക്കാനാണിട. അതുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ബാധ്യതയാണ്.
പി. എ സ്വാദിഖ് ഫൈസി