എന്‍.ഇ.പി കാവിയണിയുന്ന വിദ്യാഭ്യാസ നയം

2964

സമൂഹനിര്‍മിതിയില്‍ വിദ്യാഭ്യാസ നയങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഇന്ത്യയില്‍ ജനാധിപത്യ,മതേതര ബോധമുള്ള സമൂഹത്തെ നിര്‍മിച്ചെടുത്തതില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ വിദ്യാഭ്യാസ നയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോത്താരി കമ്മീഷനും, 1968-ലെയും 1986-ലെയും ദേശീയ വിദ്യാഭ്യാസ നയങ്ങളും ഇന്ത്യന്‍ സമൂഹനിര്‍മിതിയില്‍ ഏറെ സ്വാധീനിച്ച നയരേഖകളായിരുന്നു. ഇതിനെയെല്ലാം തിരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ 34 വര്‍ഷത്തിനു ശേഷം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ്. നിലവില്‍ രാജ്യം പിന്തുടരുന്ന വിദ്യാഭ്യാസരീതികളില്‍ സമൂലമായ മാറ്റങ്ങളാണ് പുതിയ നയത്തിലൂടെ കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷമായി പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറയുന്ന പുതിയ നയം ഇതിനകം തന്നെ പൊതുമണ്ഡലങ്ങളില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന നയത്തിനെതിരെ നിരവധി വിമര്‍ശനങ്ങളുമായി വിദ്യാഭ്യാസ വിദഗ്ധരും പ്രതിപക്ഷ കക്ഷികളും രംഗത്ത് വരികയും ചെയ്തു. നയരൂപീകരണം ജനാധിപത്യരീതിയിലല്ല നടപ്പാക്കപ്പെട്ടതെന്നതാണ് ഒരു പ്രധാന വിമര്‍ശനം. ഒരു ജനാധിപത്യ രാജ്യത്തെ ജനതയെ പ്രതിനിധീകരിക്കുന്ന സംവാദവേദിയായ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് രാജ്യത്തെയൊന്നാകെ ബാധിക്കുന്ന പുതിയ നയം നടപ്പിലാക്കപ്പെടുന്നത് എന്നത് ഈ പ്രക്രിയയെ ഒന്നാകെ ജനാധിപത്യ വിരുദ്ധമാക്കിത്തീര്‍ക്കുന്നുണ്ട്.

ജനാധിപത്യ വിരുദ്ധതയും സുതാര്യമില്ലായ്മയും

ഈ ജനാധിപത്യവിരുദ്ധത നയ രൂപീകരണ പ്രക്രിയയുടെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തിയിരുന്നു. ഒന്നാം എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്താണ് പ്രസ്തുത പദ്ധതിയുടെ രൂപീകരണ പ്രക്രിയകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസ നയരൂപീകരണത്തിന് ചുക്കാന്‍ പിടിക്കേണ്ടത് സാധാരണരീതിയില്‍ പ്രമുഖരും നിഷ്പക്ഷമതികളുമായ വിദ്യാഭ്യാസ വിദഗ്ധരാണ്. എന്നാല്‍, അന്നത്തെ മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി, മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെയാണ് ഇതിനായി നിയമിച്ചത്. കമ്മിറ്റി 2016 മെയ് 27-ന് 230 പേജുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പൊതുജനാഭിപ്രായത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടില്ല. പകരം ടീാല കിുേൌ ളീൃ വേല ഉൃമള േഋറൗരമശേീിമഹ ജീഹശര്യ 2016 എന്ന 43 പേജ് മാത്രമുള്ള ഒരു രേഖ പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടു. പുറത്തുവന്ന രേഖയെ സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ വിചക്ഷണരും സര്‍ക്കാരിന് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുകയും സുശക്തമായ ജനാധിപത്യപ്രക്രിയയിലൂടെ ആയിരിക്കണം നയരൂപീകരണമെന്ന് ഉറപ്പു വരുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ ഒന്നും പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന്, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഒരു 11 അംഗ സമിതിയെ നിയമിച്ചു. ഈ കമ്മിറ്റി 2019 മെയ് 31-ന് 484 പേജുള്ള കരട് രേഖ സമര്‍പ്പിക്കുകയും പിന്നീടത് ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും വിദ്യാഭ്യാസ വിദഗധരില്‍ നിന്നുമായി രണ്ട് ലക്ഷത്തിനടുത്ത് നിര്‍ദേശങ്ങള്‍ ലഭിച്ചു എന്ന് പറയുമ്പോഴും ഇവയില്‍ ഒട്ടുമിക്ക നിര്‍ദേശങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല എന്നുവേണം കരുതാന്‍. മാത്രമല്ല, കോവിഡ് കാലത്തെ അവസരം മുതലാക്കി പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ഇടനല്‍കാതെ നടപ്പിലാക്കപ്പെടുന്നത് ഇത് എത്രമാത്രം സുതാര്യമാണെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള മാര്‍ഗമായി കാണുന്ന പുതിയ നയരേഖയുടെ ഒളിച്ചുകടത്തലായി ഈ പ്രക്രിയയെ കാണേണ്ടിയിരിക്കുന്നു.

വ്യക്തമാകുന്ന ഹിന്ദുത്വ അജണ്ടകള്‍

ജനാധിപത്യ വിരുദ്ധത എന്നതിനപ്പുറം കാലങ്ങളായി ആര്‍.എസ്.എസ് നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ നിയമ സാധുതയുടെ പിന്തുണയോടെ പൊതുരംഗത്തേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമായും ഈ നയരേഖ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹിന്ദുത്വ അജണ്ടകള്‍ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൃത്യമായി പുതിയ നയത്തില്‍ കാണാന്‍ സാധിക്കും. ഭരണഘടനാമൂല്യങ്ങള്‍ പരിചയപ്പെടുത്തണമെന്ന് പറയുമ്പോഴും മതേതരത്വത്തെക്കുറിച്ച് രേഖ മൗനം പാലിക്കുന്നു. ജനാധിപത്യ-സോഷ്യലിസ്റ്റ് മതേതര കാഴ്ച്ചപ്പാടുകളെപ്പറ്റി കരട് റിപ്പോര്‍ട്ടിലോ അന്തിമ റിപ്പോര്‍ട്ടിലോ യാതൊരു പരാമര്‍ശവുമില്ല എന്നതാണ് ശ്രദ്ധേയം. ബഹുസ്വര ഇന്ത്യയിലെ ഏറെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ മൂല്യത്തെപ്പറ്റി നിശബ്ദത പാലിക്കുന്നതിലൂടെ മതാധിഷ്ടിതമായ ഒരു രാജ്യനിര്‍മാണത്തിന് ശക്തിപകരുകയാണ് ഭരണകൂടം ചെയ്യുന്നത്.

‘ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായമെന്ന’ നയത്തിലെ പ്രയോഗം ലക്ഷ്യമിടുന്നതും ഇത് തന്നെയാണ്. ഭാരതകേന്ദ്രീകൃത സമീപനമെന്ന ആശയത്തില്‍ പുരാതന ഇന്ത്യന്‍ സംസ്‌കാരം മാത്രമാണ് വിഷയീഭവിക്കുന്നത്. ഹിന്ദു സംസ്‌കൃതിയെ മാത്രം ലക്ഷ്യംവെച്ചുള്ള, അതേസമയം ഇതര ധാര്‍മിക മൂല്യങ്ങളെ തിരസ്‌കരിക്കുന്ന ചലനമാണിതെന്ന ആരോപണം വസ്തുതാപരവുമാണ്. പുരാധന ഇന്ത്യന്‍ സര്‍വകലാശാലകളായ നളന്ദ,തക്ഷശില, വിക്രമശില, വളഭി എന്നിവയുടെ വിജ്ഞാന സമ്പ്രദായത്തെയാണ് നയരേഖ സൂചിപ്പിക്കുന്നത്. എന്നാല്‍, ബൗദ്ധ-ജൈനമത സംസ്‌കാരം നിരാകരിച്ച് ഹിന്ദുമതാധിഷ്ഠിതമായ വിദ്യാഭ്യാസ സംസ്‌കാരമായാണ് നയരേഖ ഇവയെ അവതരിപ്പിക്കുന്നത്. ദേശീയ പാരമ്പര്യവും വിജ്ഞാനവുമെന്ന പേരില്‍ സംഘ്പരിവാറിന്റെ വികലമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്നോളം അവര്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

സെക്കണ്ടറി സ്‌കൂളുകളില്‍ കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, റഷ്യന്‍ വിദേശഭാഷകള്‍ അനുവദിക്കുമ്പോള്‍ അറബിഭാഷയെ അവഗണിച്ചതായി കാണാം. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉപജീവനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന അറബിഭാഷയെ ഒഴിവാക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ടീയ ലക്ഷ്യങ്ങളാണെന്ന് വേണം മനസ്സിലാക്കാന്‍. സമാനമായ നിലപാടാണ് ഉര്‍ദുഭാഷയോടും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, മറ്റൊരു ഭാഷക്കും നല്‍കാത്ത പ്രാധാന്യം സംസ്‌കൃത ഭാഷക്ക് നല്‍കിയതായും കാണാം. ഇന്ത്യന്‍ സംസ്‌കാരത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ മധ്യകാലഘട്ടവും നവോഥാന ആധുനിക മുന്നേറ്റങ്ങളും പരാമര്‍ശിക്കാത്ത നയരേഖ സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നതാണ് യാഥാര്‍ഥ്യം. ഹിന്ദു വേദങ്ങള്‍ വിരചിതമായ ഭാഷ എന്നതിനപ്പുറം ഇന്ത്യയുടെ സാമ്പത്തിക-സാംസ്‌കാരിക രംഗത്തെ കേവലമായ രീതിയില്‍ പോലും സ്പര്‍ശിക്കാത്ത സംസ്‌കൃതത്തെ പരിഗണിക്കുന്നതിന്റെ യുക്തി ഇനിയും പൗരസമൂഹത്തിന് മനസ്സിലായിട്ടില്ല. യുക്തിഭദ്രമല്ലാത്തതാണ് പ്രശ്‌നമെന്നത് വ്യക്തമാണ്.

കേന്ദ്രീകൃത സ്വഭാവം

രാജ്യത്തിന്റെ ഫെഡറലിസം തകര്‍ത്ത് ഒരു കേന്ദ്രീകൃത സ്വഭാവത്തിലേക്ക് വിദ്യാഭ്യാസസമ്പദ്രായത്തെ കൊണ്ടുപോവാനുള്ള ശ്രമവും പുതിയ നയത്തില്‍ കാണാം. ഫെഡറല്‍ വ്യവസ്ഥ കണക്കിലെടുത്ത് വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ചിട്ടയായി നടപ്പിലാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യമായ പങ്ക് തിരിച്ചറിഞ്ഞതുകൊണ്ടാണ് 1976-ലെ ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറിയത്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ ദേശീയ നയം ദേശീയമാവുന്നതോടുകൂടെ പ്രാദേശിക വൈവിധ്യങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതാവണം. എന്നാല്‍, പുതിയ നയത്തിലൂടെ വ്യക്തമാവുന്ന ഏകാധിപത്യ പ്രവണത വിദ്യാഭ്യാസ രംഗം ഏതാണ്ട് കേന്ദ്രഭരണകൂടത്തിന്റെ കയ്യിലൊതുങ്ങുന്നു എന്നതിലേക്കാണ് സൂചിപ്പിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവത്കരണത്തിന് കൂടുതല്‍ ശക്തി പകരും എന്നതാണ് ഇത്തരം ഒരു നീക്കത്തിന്റെ പരിണിതഫലം. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും തകര്‍ത്ത് ഒരു ഹിന്ദുത്വരാഷ്ട്രം സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. എല്ലാം മേഖലകളിലും കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവരുന്ന അമിത കേന്ദ്രീകരണത്തിന്റെ ഭാഗമാണ് ഇതും. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാരം കുറക്കാന്‍ സിലബസ് പരിഷ്‌കരണം എന്ന നിര്‍ദേശം വന്നപ്പോഴും കേന്ദ്രഭരണകൂടം സ്വീകരിച്ച നിലപാടുകളില്‍ ഇത് വ്യക്തമാണ്. ഭരണഘടനയുടെ പ്രധാനഭാഗങ്ങളായ മതേതരത്വവും ഫെഡറലിസവും ഒഴിവാക്കിയുള്ള സിലബസ് പരിഷ്‌കരണം സംഘ്പരിവാര്‍ അജണ്ടകളുടെ തുടര്‍ച്ചയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ മതഭ്രാന്ത•ാരായി ചിത്രീകരിക്കുകയും, സ്വാതന്ത്ര്യ പോരാട്ടങ്ങളെ ഒറ്റിക്കൊടുത്ത സംഘ്പരിവാര്‍ നേതാക്കളെ ധീരദേശാഭിമാനികളാക്കി ചിത്രീകരിക്കുന്നതും, രാജ്യത്തെ അഖണ്ഡതയെ തകര്‍ക്കുന്ന സംഘ്പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത വര്‍ഗീയകലാപങ്ങളെ വെള്ളപൂശാനുമുള്ള ശ്രമങ്ങളും പല സമയങ്ങളിലായി നടന്ന പാഠപുസ്തക തിരുത്തലുകളില്‍ നാം കണ്ടതാണ്. രാഷ്ട്രപിതാവിന്റെ ഘാതകനെ വരെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ആദ്യ മോദിസര്‍ക്കാര്‍ അധികാരത്തിലേറ്റത് മുതല്‍ ഇത്തരം നീക്കങ്ങള്‍ ശക്തമായിരുന്നു. അധികാരത്തിലേറി ഒരു മാസം തികയുന്നതിനു മുമ്പുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ 11,100 ഫയലുകള്‍ കാണാതായതും അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇല്ലാത്തതും ഇതിന്റെ വ്യക്തമായ തെളിവായി ആല്യീിറ വേല ഉീൗേെയ (സംശയാതീതം) എന്ന പുസതകത്തിലൂടെ മാധ്യമപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് പറയുന്നു. ഇതിനെല്ലാം ഒരു ശക്തമായ പിന്‍ബലം നല്‍കുകയാണ് പുതിയ നയരേഖയിലൂടെ കേന്ദ്രഭരണകൂടം ചെയ്യുന്നത്. രാജ്യത്തെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് പാരമ്പര്യത്തെ തകര്‍ത്തുകൊണ്ട് ഹൈന്ദവ രാഷ്ട്രമാക്കി ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടിയുള്ള ആശയ രൂപീകരണത്തിനായി യുവജനതയുടെ പുതുതലമുറയുടെയും മനോഭാവങ്ങളെ പുനസൃഷ്ടിക്കുവാനുള്ള ഒരു മാര്‍ഗമായി ആര്‍.എസ്.എസ് ഇതിനെ കാണുന്നു.

കച്ചവടവത്കരണവും അരികുവത്കരണവും

കമ്പോളത്തിലധിഷ്ഠിതമായ ഒരു നയരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള ഇത്തരം മാറ്റങ്ങളെ മുഴുവന്‍ ഈ നയരേഖയിലൂടെ സ്ഥാപനവത്കരിക്കുന്നു എന്നത് വലിയ പ്രശ്‌നമാണ്. തന്ത്രപ്രധാന മേഖലകളായ ഡിഫന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍, ബഹിരാകാശ ഗവേഷണം തുടങ്ങിയവയെല്ലാം സ്വകാര്യവത്കരിക്കുകയും ബഹുരാഷ്ട്രകുത്തകവത്കരിക്കുകയും ചെയ്യുന്ന വിനാശകരമായ നയമാണ് മോദി സര്‍ക്കാര്‍ ഇന്നോളം സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തന്നെയാണ് വിദ്യാഭ്യാസരംഗത്തെയും കച്ചവടവത്കരണം മനസ്സിലാക്കപ്പെടേണ്ടത്. ഗ്രാമീണ ഇന്ത്യയിലെ കടുത്ത സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്ന ദരിദ്രവിദ്യാര്‍ത്ഥികളെ ഇത് ദോഷമായി ബാധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. സമ്പന്നരെയും വരേണ്യവര്‍ഗത്തെയും ലക്ഷ്യമാക്കിയുള്ള പുതിയ നയരേഖയിലൂടെ ശക്തമായ അരികുവത്കരണമാണ് ഉണ്ടാവാന്‍ പോകുന്നത്. ദേശീയ വിദ്യാഭ്യാസാവകാശ നിയമം നിര്‍ദേശിച്ച സ്വകാര്യവിദ്യാലയങ്ങളിലേക്കുള്ള മാര്‍ജിനലൈസ്ഡ് വിഭാഗങ്ങളുടെ ഇരുപത്തഞ്ച് ശതമാനം സംവരണം ദേശീയനയത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ആ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനസാധ്യതകളെ പരിമിതപ്പെടുത്തും. അനിയന്ത്രിതമായ സ്വയംഭരണാവകാശം വിദ്യാഭ്യാസത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ-സാമ്പത്തിക വിടവുകളെ ശക്തമാക്കുമെന്നുറപ്പ്.
ഇങ്ങനെ അതിശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഒരു വിദ്യാഭ്യാസ നയത്തിനാണ് കേന്ദ്രഭരണകൂടം രൂപം കൊടുത്തിരിക്കുന്നത്. ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ഇടനല്‍കാതെ ഇത്തരം ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള ബി.ജെ.പി ശ്രമം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയേയും ഭരണഘടനാ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. ലോകത്ത് കടന്നുവന്ന ഒട്ടുമിക്ക ഫാഷിസ്റ്റ് ഭരണകൂടങ്ങളും ഇതേനയം തന്നെയായിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നുവേണം പറയാന്‍. തങ്ങളുടെ രാഷ്ട്രീയ അജണ്ടകളുടെ വിജയത്തിനായി അവര്‍ തെരെഞ്ഞെടുത്ത വഴി വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റവും ചരിത്രത്തിന്റെ അപനിര്‍മിതിയുമാണ്. ജര്‍മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറും ഇതേ നയം പിന്തുടര്‍ന്നതായി കാണാം. അധിനിവേശ ശക്തികളായി കടന്നുവന്ന ബ്രിട്ടീഷുകാരും ശ്രമിച്ചത് ഇതേ അപനിര്‍മിതിക്കായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുണ്ടായിരുന്ന ടിപ്പുസുല്‍ത്താനെ പോലുള്ളവരെ മതഭ്രാന്ത•ാരാക്കി ചിത്രീകരിക്കുക വഴി, വര്‍ഗീയതക്ക് വളമിട്ട് തങ്ങളുടെ അധിനിവേശത്തിന് ശക്തിപകരാനായിരുന്നു അവര്‍ ശ്രമിച്ചത്. 1921-ലെ മലബാര്‍ കലാപത്തിന്റെ ചരിത്രവും വ്യത്യസ്ഥമല്ല. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ വരെ ഇത്തരം പാശ്ചാത്യന്‍ അധിനിവേശം കാണാന്‍ കഴിയുമെന്ന് റൊമിലാ ഥാപ്പറിനെപ്പോലെയുള്ള ചരിത്രകാര•ാര്‍ നിരീക്ഷിക്കുന്നുണ്ട്. ചരിത്ര അപനിര്‍മിതിയിലൂടെയും വിദ്യാഭ്യാസ രീതികളില്‍ കൊണ്ടുവന്ന മാറ്റങ്ങളിലൂടെയുമാണ് ലോകത്തെ ഒട്ടുമിക്ക ഏകാധിപത്യ രാഷ്ട്രങ്ങളും നിലയുറപ്പിച്ചിട്ടുള്ളത്. ഇതേ നയം തന്നെയാണ് തീവ്രഹിന്ദുത്വശക്തികളും നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നതും.

വഖാസ് മന്ദലംകുന്ന്