ഒമാന്റെ കഥ പറയുന്ന നിലാവിന്റെ പെണ്ണുങ്ങള്‍

2681

എണ്ണയുടെ കണ്ടുപിടുത്തത്തോടെ ഗള്‍ഫ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍ സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലേക്ക് കുതിച്ചു ചാടുകയായിരുന്നു. സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്ന 6 മില്യന്‍ മാത്രം ജനസംഖ്യയുള്ള എണ്ണ ഉത്പാദനത്തില്‍ 21ാം സ്ഥാനത്തുള്ള ഒമാനും എണ്ണയുടെ കണ്ടുപിടുത്തത്തോടെ അതിവേഗത്തില്‍ കുതിച്ചുയര്‍ന്ന രാജ്യങ്ങളിലൊന്നാണ്. മാത്രമല്ല ഒമാന് ചില ചരിത്രപരമായ സവിശേഷതകള്‍ കൂടിയുണ്ട്. ഏറ്റവുമൊടുവിലായി, 1962 മാത്രം, അടിമക്കച്ചവടം നിരോധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഒമാന്‍. അതുകൊണ്ടുതന്നെ അടിമത്വത്തിന്റെ കറുത്ത അധ്യായങ്ങള്‍പുരണ്ട ചരിത്രമാണ് ഒമാന് പറയാനുള്ളത്. ഇമാമിന്റെ കീഴിലും ബ്രിട്ടീഷ് പിന്തുണയുള്ള സുല്‍ത്താന്റെ കീഴിലുമായി ഒരു കാലത്ത് ഒമാന്‍ വിഭജിക്കപ്പെടുകയും എണ്ണയുടെ കണ്ടുപിടുത്തത്തോടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും 1970തോടെ ഏകാധിപത്യ ഭരണ സംവിധാനത്തിലേക്ക് വഴി മാറുകയും ചെയ്ത ഏറെ സങ്കീര്‍ണതകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്ര നിമിഷങ്ങള്‍ക്ക് ഒമാന്‍ സാക്ഷിയായിട്ടുണ്ട്.

ഒമാനെ കുറിച്ച് ഇത്രയും പറഞ്ഞത് ജോഖ അല്‍ഹാരിസി എഴുതിയ ഇബ്രാഹിം ബാദുഷ വാഫി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘നിലാവിന്റെ പെണ്ണുങ്ങള്‍’ വായിച്ചപ്പോഴാണ്. 2019 ലെ മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡിനര്‍ഹമായതോടെ അറബി സാഹിത്യ ചരിത്രത്തില്‍ തന്നെ ആദ്യമായി മാന്‍ ബുക്കര്‍ അവാര്‍ഡ് നേടുന്ന കൃതിയെന്ന ചരിത്ര സവിശേഷതകൂടി ഈ നോവലിനുണ്ട്. മാരിലിന്‍ ബൂത്ത് എന്ന എഴുത്തുകാരിയാണ് ഈ നോവല്‍ ഇംഗ്ലീഷിലേക്ക് (സെലസ്റ്റ്യന്‍ ബോഡീസ്)വിവര്‍ത്തനം ചെയ്ത് മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. നോവലിസ്റ്റ് നിര്‍മിച്ചെടുക്കുന്ന ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക പ്രദേശത്തെ പശ്ചാത്തലമാക്കി അവിടെ ജീവിക്കുന്ന മൂന്ന് തലമുറകളുടെ കഥ പറയുകയാണ് നിലാവിന്റെ പെണ്ണുങ്ങള്‍. ഒമാനിലെ അടിമത്വ സമ്പ്രദായത്തെയും ആധുനിക ഒമാന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവുകളെയും അതിന്റെ അനന്തര ഫലങ്ങളെയും ജോഖ അല്‍ഹാരിസി നോവലില്‍ വരച്ചിടുന്നു.

സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയില്‍ ജീവിക്കുന്ന സമ്പന്ന കുടുംബത്തില്‍പ്പെട്ട മയ്യ എന്ന പെണ്‍കുട്ടിയും അബ്ദുല്ല എന്ന യുവാവും തമ്മിലുള്ള വിവാഹത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ശേഷം അല്‍ അവാഫിയിലെ മൂന്ന് തലമുറകളുടെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് കഥ വികസിക്കുന്നു.

ഒരുപിടി കരുത്തുറ്റ പെണ്‍കഥാപാത്രങ്ങളാണ് നിലാവിന്റെ പെണ്ണുങ്ങളെ സവിശേഷമാക്കുന്നത്. തയ്യല്‍ മെഷീനു മുന്നില്‍ ജീവിതം തുന്നികൂട്ടുന്ന മയ്യ, സദാ പുസ്തകപ്പുഴുവായ അസ്മയും അലമാരക്കകത്ത് ലിപ്സ്റ്റിക്ക് ഒളിപ്പിക്കുന്ന ഖൗലയുമടങ്ങുന്ന മയ്യയുടെ രണ്ട് സഹോദരികള്‍, അടിമത്വത്തിന്റെ വിയര്‍പ്പുകണങ്ങള്‍ തുടച്ചു തളരുന്ന ദരീഫ, മസ്ഊദ, നിലാവില്‍ സ്വപ്നം കണ്ടുറങ്ങുന്ന ഖമര്‍, കുടുംബ മഹിമയില്‍ ആവേശം കൊള്ളുന്ന മയ്യയുടെ മാതാവ് സാലിമ, പുതിയ കാലത്തിന്റെ സന്തതിയായ നഷ്ട പ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന മയ്യയുടെ മകള്‍ ലണ്ടന്‍ തുടങ്ങി അല്‍ അവാഫിയയിലെ പെണ്‍ജീവിതങ്ങള്‍ നോവലിലുടനീളം വായനക്കാരനോട് വാതോരാതെ സംസാരിക്കുന്നു.

മയ്യയുടെ സഹോദരിയായ അസ്മ എന്ന കഥാപാത്രം വായനക്കാരന്റെ മനം കവരുന്നു. വല്യുപ്പയുടെ വായനാശീലം കൈമുതലായി കിട്ടിയ വീട്ടില്‍ വലിയ ഗ്രന്ഥശാല കൊണ്ടുനടക്കുന്ന എന്തിനും ഏതിനും തന്റെ ഗ്രന്ഥശേഖരത്തില്‍ നിന്ന് പുസ്തകമെടുത്ത് മറുപടി പറയുന്ന അസ്മ. തന്റെ ഗ്രന്ഥശേഖരണത്തില്‍ നിന്ന് ഹദീസ് മുതല്‍ ഇബിനു മുഖഫഇന്റെ ഖലീല വ ദിംന വരെ എടുത്തുദ്ധരിച്ച് സഹോദരികള്‍കളോട് സംവദിക്കുന്ന അസ്മ വേറിട്ടൊരു കഥാപാത്രമാണ്.

എന്നാല്‍ തന്റെ ഗ്രന്ഥശാല പൂര്‍ണമല്ലെന്ന് ഒടുവില്‍ അസ്മ തിരിച്ചറിയുന്നു. സഹോദരി മയ്യ തന്റെ കുഞ്ഞിന്റെ മുടിയിഴകളിലൂടെ വിരലോടിക്കുന്നത് കണ്ടപ്പോള്‍ ആശ്ചര്യമടക്കി പിടിക്കാന്‍ ആവാതെ അസ്മ ചോദിച്ചു ‘ഇതാണോ മാതൃത്വം ? മാതൃത്വം എന്നു പറയുന്ന വികാരം എന്താണ് ? ലോകത്തിലെ ഏറ്റവും മഹത്തായ വികാരമാണോ അത് ?’ മയ്യ ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് ഗ്രന്ഥശേഖരണത്തില്‍ മാതൃത്വത്തെ തിരയുമ്പോള്‍ സുന്ദരമായ മാതൃത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം പോലും തന്റെ ഷെല്‍ഫില്‍ ഇല്ലല്ലോ എന്ന് അസ്മ നിരാശപ്പെടുന്നു. ഒരു പുസ്തകത്തിനും നല്‍കാനാവാത്ത അനുഭൂതിയാണോ മാതൃത്വം? അതോ മാതൃത്വത്തെ കുറിച്ച് എഴുതാന്‍ സാഹിത്യകാരന്മാര്‍ മറന്നു പോയതാണോ എന്ന് അസ്മ സംശയിച്ച് പോകുന്നതിലൂടെ മാതൃത്വത്തെ കുറിച്ചുള്ള ആലോചനകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുകയാണ് നോവലിസ്റ്റ്.

ഒമാനിലെ അടിമത്വ സമ്പ്രദായം എത്രമേല്‍ ഒമാന്‍ ജനതയില്‍ വേരൂന്നിയിരുന്നു എന്ന് സുല്‍ത്താന്‍ സുലൈമാന്റെ അടിമ ദരീഫ എന്ന കഥാപാത്രത്തിലൂടെ ജോഖ അല്‍ഹാരിസി വരച്ചിടുന്നു. അടിമത്വം നിരോധിച്ചിട്ടും ‘അടിമയായ ഉമ്മ പ്രസവിച്ചതാണ് തന്നെ, സന്താനങ്ങളിലൂടെ അടിമത്വം കൈമാറപ്പെടും, അതിനാല്‍ സ്വതന്ത്രമായ ഒരു ജീവിതം സാധ്യമല്ല’ എന്ന വേരുറച്ച് പോയ വിശ്വാസത്തില്‍ ജീവിതം തള്ളിനീക്കുന്ന നിഷ്‌കളങ്കയായ ദരീഫ. തന്റെ അടുത്ത തലമുറ അടിമത്വത്തില്‍ നിന്നും കുതറിയോടി സ്വാതന്ത്ര്യം പുല്‍കുമ്പോള്‍ അത് വലിയൊരു പാപമായി ദരീഫ കാണുന്നു.
മകന്‍ സന്‍ജര്‍ സ്വന്തം കുട്ടിക്ക് യജമാനന്റെ കുടുംബാംഗങ്ങളുടെ പേരിടുമെന്ന് പറയുമ്പോള്‍ സുലൈമാന്‍ മുതലാളിയുടെ മക്കളുടെയോ ബന്ധുക്കളുടെയോ പേര് നിന്റെ കുഞ്ഞിനിടാനോ അദ്ദേഹം നിന്നെ കൊന്നുകളയും നിനക്ക് ഭ്രാന്ത് പിടിച്ചോ മോനേ. നീ ആരോടാണ് ഈ മത്സരിക്കുന്നത്. വലിയ ആളാവാന്‍ നോക്കുന്നത് നിന്നെ പോറ്റി വളര്‍ത്തി നിനക്ക് വേണ്ട വിദ്യാഭ്യാസം തന്ന നിനക്ക് പെണ്ണും കെട്ടിച്ചു തന്ന ആ മനുഷ്യനോടാണോ എന്ന് ദരീഫ വ്യാകുലപ്പെടുന്നത് കാണാം.

‘കേള്‍ക്ക് ദരീഫ സുലൈമാന്‍ മുതലാളി എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ച് തന്നതും അയാളുടെ ആവശ്യത്തിനാണ്. ഞാനും എന്റെ ഭാര്യയും കുട്ടികളും അയാള്‍ക്ക് ദാസ്യപ്പണി ചെയ്യാന്‍ വേണ്ടി. പക്ഷേ, ദരീഫ സുലൈമാന്‍ മുതലാളിക്ക് എന്റെ കാര്യത്തില്‍ യാതൊരു അധികാരവുമില്ല. നിയമം അനുസരിച്ച് നമ്മള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ ഒന്നു കണ്ണുതുറന്നു നോക്കൂ… ലോകം മുഴുവന്‍ മാറി. നിങ്ങള്‍ ഇപ്പോഴും യജമാനന്‍ എന്ന് വിളിച്ച് നടക്കുന്നു. ജനങ്ങള്‍ എല്ലാം പഠിച്ചു ഉദ്യോഗം നേടി. നിങ്ങള്‍ ഇപ്പോഴും പഴയിടത്തുതന്നെ. സുലൈമാന്‍ മുതലാളിയുടെ, ബുദ്ധി സ്ഥിരതയില്ലാത്ത ഈ കിളവന്റെ അടിമ. അത്ര തന്നെ. കണ്ണുതുറക്കൂ ദരീഫ്. അവനവന്റെ യജമാനന്‍ ആണ് ഓരോരുത്തരും. ആരും മറ്റൊരാളുടെ ഉടമസ്ഥന്‍ അല്ല. ഞാന്‍ സ്വതന്ത്രനാണ് എനിക്ക് തോന്നുന്നത് പോലെ ഞാന്‍ യാത്ര ചെയ്യും. എന്റെ മക്കള്‍ക്ക് എനിക്കിഷ്ടമുള്ള പേര് ഞാന്‍ ഇടും. ഇവിടെ നില്‍ക്കാന്‍ ആണ് നിങ്ങള്‍ക്ക് ഇഷ്ട ബങ്കില്‍ നിന്നോളൂ’ എന്ന് പറഞ്ഞ് മകന്‍ സന്‍ജര്‍ സ്വതന്ത്രമായ പുതിയൊരു ലോകത്തെക്കുറിച്ച് ദരീഫയെ കണ്ണ് തുറപ്പിക്കുമ്പോഴും സ്വാതന്ത്ര്യമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ മകന്‍ വിണ്ഡിത്വം പുലമ്പുകയാണെന്ന് പറഞ്ഞ് അടിമത്തത്തിന്റെ കരിമ്പടത്തിനുള്ളിലേക്ക് ദരീഫ ഉള്‍വലിയുന്നു.

ആധുനിക ഒമാന്റെ ചരിത്രം നോവലിലൂടെ ജോഖ അല്‍ഹാരിസി വരച്ചിടുന്നു. ആയുധ കച്ചവടത്തില്‍ നിന്നും അടിമ കച്ചവടത്തിലേക്ക് മാറിയ ഒമാന്‍ കച്ചവട സമ്പ്രദായവും ഗോത്ര-വംശ-പാരമ്പര്യവും അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ആഭിചാരങ്ങളും ഒമാനെ രണ്ടായി വിഭജിച്ച 1920 നിലവില്‍വന്ന സീബ് കരാറും എണ്ണയുടെ കണ്ടുപിടുത്തത്തോടെ സുല്‍ത്താനും ഇമാം മാലിക് അല്‍ഹനായിക്കും ഇടയില്‍ പൊട്ടിപ്പുറപ്പെട്ട അഖ്ദര്‍ യുദ്ധവും അതിന്റെ പരിണിത ഫലങ്ങളും തുടങ്ങി ആധുനിക ഒമാന്റെ പരിണാമ ദശകങ്ങളിലെ ചിത്രങ്ങള്‍ നോവല്‍ തുറന്നുകാട്ടുന്നു.

നോവലിന്റെ ആഖ്യാനരീതി വായനക്കാരെ കുഴക്കുന്നതാണ്. മുഖ്യകഥാപാത്രമായ അബ്ദുല്ല കഥ പറയുമ്പോള്‍ തന്നെ ഇടക്ക് കഥ പറച്ചില്‍ നോവലിസ്റ്റിലേക്ക് മാറുന്നത് കാണാം. ഭൂതവും വര്‍ത്തമാനവും കലങ്ങിമറിഞ്ഞുള്ള ആഖ്യാനരീതി വായനക്കാരെ ചിലപ്പോള്‍ സംശയത്തിലാക്കിയേക്കും.

കഥക്കിടയില്‍ കടന്നുവരുന്ന മുതനബ്ബിയുടെയും അബൂ മുസ്‌ലിം അബ്‌ലഹാനിയുടെയും കവിതകള്‍ പുസ്തകത്തിന്റെ മനോഹാരിത ഇരട്ടിയാകുന്നു.
അറബി മൂലകൃതിയില്‍ നിന്ന് തന്നെ വിവര്‍ത്തനം നിര്‍വഹിച്ചതിനാല്‍ ആത്മാവ് ചോരാതെ മലയാളത്തില്‍ നിലാവിന്റെ പെണ്ണുങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ വിവര്‍ത്തകന് സാധിച്ചിട്ടുണ്ട്. പുസ്തകത്തിലെ കവിതാ ശലകങ്ങളടക്കം വശ്യമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്തതിനാല്‍ വായാനാനുഭവം കൂടുതല്‍ മാധുര്യമുള്ളതാകുന്നു.

മുഹ്‌സിന്‍ ഷംനാദ് പാലാഴി