നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി

1080

ഭൂമിയിലേക്ക് പ്രവാചകന്മാരെ പറഞ്ഞയക്കുമ്പോള്‍ അവരുടെ കൈയ്യില്‍ സ്രഷ്ടാവായ തമ്പുരാന്‍ വേദഗ്രന്ഥങ്ങള്‍ മാത്രമല്ല നല്‍കിയത്. വേദഗ്രന്ഥത്തോടൊപ്പം ഒരു തുലാസും നല്‍കാറുണ്ടെന്ന് ഖുര്‍ആന്‍. തുലാസ് എക്കാലത്തും ഒരു പ്രതീകമാണ്. നീതിയുടെ പ്രതീകം. നാട്ടില്‍ അനീതി നടമാടുമ്പോഴാണ് നീതിയുടെ സംസ്ഥാപനാര്‍ഥം പ്രവാചകാഗമനം സംഭവിക്കാറുള്ളത്. പ്രവാചകന്മാര്‍ പ്രാഥമികമായി അഭിസംബോധനം ചെയ്യുന്ന പാഗനിസവുമായി പ്രശ്നത്തില്‍ പോലും ഒരു അനീതിയുടെ അധിനിവേശം കാണാം. അതുകൊണ്ടാണ് പ്രവാചകന്മാരുടെ കൈയ്യില്‍ വേദഗ്രന്ഥത്തോടൊപ്പം ഒരു പ്രതീകാത്മക തുലാസും പ്രപഞ്ചനാഥന്‍ നല്‍കിയയച്ചത്.
ഒരു വസ്തുവിനെ അതിനനുയോജ്യമായ ഇടത്ത് അനിയോജ്യമായ രീതിയില്‍ വെക്കുന്നതിനെയാണ് നീതിയെന്ന് വിളിക്കാറ്. അഥവാ, ഓരോന്നും അതിന്റെ ക്രമത്തില്‍ തന്നെ നില്‍ക്കുക. അവിടെ ക്രമരാഹിത്യം ഉണ്ടായാല്‍, അക്രമവും അനീതിയുമായി. സ്വന്തം നിലനില്‍പ്പിനായി പലതിനെയും ആശ്രയിക്കുന്ന പ്രപഞ്ചിക പ്രതിഭാസങ്ങളോരോന്നും, സ്വയം വിളിച്ചുപറയുന്ന ഒരു കാര്യമുണ്ട്. അവയെല്ലാം ഉണ്ടാകല്‍ അനിവാര്യമായ മറ്റൊരു അസ്തിത്വത്തെ ആത്യന്തികമായി ആശ്രയിക്കുന്നു. അപ്പോള്‍, ആ അനിവാര്യമായ ആ അസ്തിത്വത്തെ നിഷേധിക്കുന്നത് ഈ പ്രപഞ്ചത്തോടും അതിന്റെ സ്രഷ്ടാവിനോടും സ്വന്തത്തോടു തന്നെയും കാണിക്കുന്ന അനീതിയാണ്.
ഒരു മുതലാളിയുടെ വീട്ടില്‍ താമസിക്കുകയും അവിടെത്തെ സുഖ സൗകര്യങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നതോടൊപ്പം, താമസക്കാരന്‍ ഇടക്കിടെ പുറത്തുവന്ന് ഈ വീടിന് ഒരു മുതലാളിയൊന്നും ഇല്ലെന്നും ഈ വീടു തന്നെ ആരുടെയും അധ്വാനമില്ലാതെ സ്വയം ഉണ്ടായതാണെന്നും വാദിക്കുന്നു. ഉടമയ്ക്ക് നന്ദി ചെയ്തില്ലെന്നതു വിടാം. വീട് ഉടമയുടേത് അല്ലെന്നു വാദിച്ചു അവിടെ തന്നെ കഴിയുന്ന ഈ താമസക്കാരന്‍ ചെയ്യുന്നത് വെച്ചുപൊറുപ്പിക്കാനാകാത്ത അപരാധമാണ്. അവന്‍ ഉടമയോട് അനീതിയും അക്രമവും കാണിക്കുന്നവനാണെന്ന് നാം ഉറപ്പിച്ചു പറയും. ഈ വീടു താമസക്കാരനെക്കാള്‍ വലിയ അനീതിയും അക്രമവുമാണ് പ്രാപഞ്ചിക പ്രതിഭാസങ്ങളെല്ലാം സ്വയം ഉണ്ടായതാണെന്നും അതിനൊരു ഉടമയില്ലെന്നും വാദിക്കുന്നവര്‍ ചെയ്യുന്നത്. ഉടമയുണ്ടെന്ന് ബോധ്യപ്പെടുത്താനും, അത് നിഷേധിക്കുന്നത് അനീതിയാണെന്നു പഠിപ്പിക്കാനുമാണ് പ്രവാചകന്മാര്‍ വന്നത്.
അതുപോലെ തന്നെയാണ് ഉണ്ടാകല്‍ അനിവാര്യമായ ഉടമയുടെ വീട്ടില്‍ താമസിക്കുകയും അതിനിടയില്‍ താല്‍കാലിക താമസക്കാരെ ചൂണ്ടിക്കാണിച്ച് അവരെല്ലാം ഈ വീടിന്റെ യഥാര്‍ഥ ഉടമകളാണെന്നു വാദിച്ച്, വീട്ടുവാടകയും മറ്റും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നവന്റെ അവസ്ഥ. ഇതും അനീതിയും അക്രമവുമാണ്. ഇങ്ങനെ യഥാര്‍ഥ ഉടമയെ നിഷേധിച്ചും അവഗണിച്ചും കഴിയുന്നവര്‍ക്കിടയില്‍, യഥാര്‍ഥ ഉടമയെ ചൂണ്ടിക്കാണിച്ച് ആ ഉടമയോട് നന്ദിയും കടപ്പാടും കാണിക്കണമെന്ന നീതിയുടെ പാഠം പഠിപ്പിക്കുകയായിരുന്നു പ്രവാചകന്മാര്‍. അവര്‍ കൊണ്ടുവന്ന തുലാസിന്റെ താല്‍പര്യം ഈ നൈതികത സമൂഹത്തെ ബോധ്യപ്പെടുത്തലായിരുന്നു.

മുഹമ്മദീയ ദൗത്യം
നൈതിക മൂല്യങ്ങളുടെ സംസ്ഥാപനമാണ് ഓരോ പ്രവാചകന്മാരും ലക്ഷ്യം വച്ചിരുന്നതെങ്കിലും, സര്‍വ ലോകത്തേക്കുമുള്ള അന്തിമ പ്രവാചകന്‍ എന്ന നിലയ്ക്ക് മുഹമ്മദ് നബി(സ്വ) ഇടപെടലുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അവകളോരോന്നും സൂക്ഷ്മമായി ചരിത്രം രേഖപ്പെടുത്തിയവയുമാണ്. ഔദ്യോഗികമായി പ്രവാചകത്വം ലഭിക്കും മുമ്പ് തന്നെ മുഹമ്മദ്(സ്വ) നടത്തിയ ഇടപെടലുകള്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. സി.ഇ 590 ല്‍, പ്രവാചകന് ഇരുപത് വയസ്സ് മാത്രമുള്ള സമയത്ത്, മക്കയില്‍ അക്രമത്തിനും അനീതിക്കും ഇരയായവരെ സഹായിക്കാനും, അനര്‍ഹമായി അപഹരിക്കപ്പെട്ട അവരുടെ വസ്തുക്കള്‍ തിരിച്ചുകൊടുക്കുന്നതിന് നടപടികളുണ്ടാക്കാനും ഒരു സഖ്യം ഉണ്ടാക്കുന്നുണ്ട്. ഹല്‍ഫുല്‍ ഫുളൂല്‍ എന്നറിയപ്പെട്ട ആ ഉടമ്പടിയുടെ മുന്നില്‍ ചെറുപ്പക്കാരനായ മുഹമ്മദ്(സ്വ)യെ നമുക്ക് കാണാം.
സി.ഇ 605 ല്‍, പ്രവാചകന് മുപ്പത്തിയഞ്ച് വയസ്സു പ്രായമുളള സമയത്ത് മക്കയില്‍ കഅ്ബയുടെ പുന:ര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിവാദം നടക്കുന്നുണ്ട്. ഭക്തിയുടെ വിശുദ്ധ മുദ്രയായി അറിയപ്പെട്ടിരുന്ന ഹജറുല്‍ അസ്വദ് യഥാസ്ഥാനത്ത് ആര് പുന:സ്ഥാപിക്കും എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരസ്പര പോരാട്ടത്തിലേക്കു നയിക്കുന്ന സമയത്ത്, സര്‍വര്‍ക്കും സ്വീകാര്യമായ രീതിയില്‍ നീതിപൂര്‍വം ആ പ്രശ്നം അവസാനിപ്പിക്കാന്‍ ഓടിയെത്തുന്നുണ്ട് മുഹമ്മദ്(സ്വ). യുക്തിയും നീതിയും സമന്വയിച്ച ആ പരിഹാര ശ്രമത്തില്‍ എല്ലാവരും സംതൃപ്തരാകുന്നുണ്ട്. പ്രവാചകത്വമെന്ന പോലെ ഈ നീതിയുടെ തുലാസ് താളംതെറ്റാതെ ഉയര്‍ത്തിപ്പിടിക്കാനുള്ള സിദ്ധി ജന്മനാ മുഹമ്മദി(സ്വ)ല്‍ പ്രകടമായിരുന്നു എന്നു വ്യക്തം. അതു തിരിച്ചറിഞ്ഞപ്പോഴാണ് മക്കയിലെ വര്‍ത്തക മുഖ്യയായ ഖദീജ(റ) പ്രണയാഭ്യര്‍ഥനയുമായി പ്രവാചകനെ സമീപിച്ചത്.
പ്രവാചകത്വത്തിന്റെ ആദ്യ നാളുകള്‍ മുഹമ്മദ്(സ്വ) മക്കയില്‍ പരിഹസിക്കപ്പെട്ടിരുന്ന സമയമായിരുന്നു. അന്നൊരിക്കല്‍ കഅ്ബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്ന ഖുറൈശി പ്രമുഖരുടെ അടുത്തേക്ക്, വിദേശിയായ ഒരു ഇറാശി വരുന്നു. അബൂജഹല്‍ അയാളുടെ ഒട്ടകത്തെ വാങ്ങിയിട്ട് പണം കൊടുക്കുന്നില്ലെന്ന് പരാതി പറയാന്‍ വന്നതായിരുന്നു അവര്‍. പ്രതി പ്രമുഖനായ അബൂജഹല്‍ ആയതുകൊണ്ടുതന്നെ എന്തു പറയണമെന്നറിയാതെ അങ്കലാപ്പിലാകുന്ന അവര്‍, തൊട്ടപ്പുറത്ത് വിശ്രമിക്കുന്ന മുഹമ്മദ്(സ്വ)യെ കാണുന്നു. പരിഹാസത്തോടെ ഇറാശിയോട് അവര്‍ പറയുന്നുണ്ട്; അതാ, അയാള്‍ നിങ്ങള്‍ക്ക് നീതി വാങ്ങി തരും. ഇരുകൂട്ടരെയും പരിചയമില്ലാത്ത ഇറാശി പ്രവാചകനെ സമീപിച്ചു കാര്യം പറയുന്നു. നബിയോര്‍ അയാളുടെ കൈപിടിച്ച് അബൂജഹലിന്റെ വീട്ടിലേക്ക് നടക്കുന്നു. കഠിന ശത്രുവായ അബൂജഹല്‍, മുഹമ്മദിനോട് ഏതു വിധത്തിലാണ് പെരുമാറുക എന്നറിയാന്‍ ദൂരെ വഴിമാറി ഖുറൈശി പ്രമുഖരും പിന്നാലെ വീക്ഷിക്കാന്‍ വരുന്നു. അബൂജഹലിന്റെ വാതില്‍ മുട്ടിയവര്‍ ആരാണെന്നറിയാന്‍ അയാള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍, ഇറാശിയുടെ കൈപിടിച്ചു മുഹമ്മദ്(സ്വ) മുന്നില്‍ വന്നു നില്‍ക്കുന്നു. ‘ഇയാള്‍ക്ക് കൊടുക്കാനുള്ള പണം വേഗം കൊടുക്കുക ‘ എന്ന ഉറച്ച ശബ്ദം കേട്ടപ്പോള്‍, നുബുവ്വത്തിന്റെ തിളക്കമുള്ള കണ്ണുകളില്‍ നീതിയുടെ തീ പാറുന്നത് കണ്ടപ്പോള്‍ അബൂ ജഹലിന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. വേഗം അകത്തുപോയി പണമെടുത്തു കൊടുക്കുകയാണയാള്‍. പിന്നീട് ഖുറൈശികള്‍, മുഹമ്മദിന്റെ മുന്നില്‍ പതറിയതിനെ കുറിച്ചു പരിഹസിച്ചപ്പോള്‍, പ്രവാചക നീതിയുടെ തീ പാറുന്ന മുഖഭാവത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അബൂജഹല്‍ പിടിച്ചു നിന്നത്.(ഇബ്നു കസീര്‍: സീറത്തുന്നബവിയ്യ 1/120, അല്‍ബിദായ വന്നിഹായ 3/45, )
ശത്രുവിനോടുള്ള പകയും അകല്‍ച്ചയും, അയാളോട് അനീതി കാണിക്കാന്‍ ഒരാളെയും പ്രേരിപ്പിക്കരുതെന്ന് ഉറക്കെ പറയുക മാത്രമല്ല, സ്വജീവിതം കൊണ്ട് നിരന്തരം അടയാളപ്പെടുത്തുക കൂടി ചെയ്തു മുഹമ്മദ് നബി(സ്വ). അതുകൊണ്ടുതന്നെ ശത്രുവിനുപോലും പ്രവാചകന്‍ നീതിക്കപ്പുറം പോകില്ലെന്നു ഉറപ്പായിരുന്നു. മക്കക്കാര്‍ നബിയെ ആദര്‍ശ ശത്രുവാക്കി നിര്‍ത്തി വേട്ടയാടുമ്പോഴും, തങ്ങളുടെ സ്വത്ത് വഹകളും പണവും സൂക്ഷിക്കാന്‍ ഏറ്റവും വിശ്വസ്തനായി മുഹമ്മദ്(സ്വ)യെ തന്നെ കണ്ടതും, അവര്‍ തന്നെ അക്രമിക്കുമ്പോഴും അവരുടെ സമ്പത്തില്‍ അന്യായം പ്രവര്‍ത്തിക്കാതിരിക്കാന്‍ പ്രവാചകന്‍ ജാഗ്രത കാണിച്ചതും ആ നീതിബോധം കാരണമാണ്.
സി.ഇ 622-ന്റെ ഒരു പാതിരാവില്‍ ശത്രുക്കള്‍ വീടുവളഞ്ഞ് പ്രവാചകനെ വധിക്കാന്‍ വരുന്നു. പ്രവാചകത്വത്തിന്റെ ആത്മീയ കരുത്തില്‍ അവിടെ നിന്ന് രക്ഷപ്പെടുമ്പോള്‍, ശത്രുക്കളുടെ സൂക്ഷിപ്പുപണം പ്രവാചകന്റെ കൈവശമുണ്ടായിരുന്നു. അവയെല്ലാം അവകാശികള്‍ക്ക് കൃത്യമായി വീതിച്ചു നല്‍കണമെന്ന് തന്റെ ജാമാതാവായ അലിയെ ഏല്‍പ്പിച്ച ശേഷമാണ് പ്രവാചകന്‍ നാടുവിടുന്നത്. അത്രമേല്‍ നീതിബോധത്താല്‍ ഊട്ടപ്പെട്ട ജീവിതത്തിന്റെ പേരാണ് മുഹമ്മദ്(സ്വ). പ്രവാചക ജീവിതത്തിന്റെ ഈ കര്‍മരേഖയാണ് ഖുര്‍ആന്‍ വിശ്വാസികളോട് പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്നത്; ‘വിശ്വാസിളേ, ഒരു ജനതയോടുള്ള വെറുപ്പ് അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതിപാലിക്കുക. ഭക്തിയോട് ഏറ്റവും അടുത്തതാണത്'(ഖുര്‍ആന്‍ 4:8)
നീതിയെന്നത് അവകാശി ചോദിച്ചു വാങ്ങേണ്ടതല്ലെന്നും, അതിനു മുമ്പ് അവന് നല്‍കപ്പെടേണ്ടതാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അനുയായികള്‍ പലരും സമ്മാനങ്ങളുമായി പ്രവാചക സദസ്സില്‍ വരും. സ്നേഹ മനസ്സോടെ നബി(സ്വ) അവ സ്വീകരിക്കും. പക്ഷേ, വാങ്ങി വയ്ക്കുന്നതിനപ്പുറം അതിലേറെ അവര്‍ക്കു തന്നെ തിരിച്ചു നല്‍കാന്‍ ഹൃദയ വിശാലത കാണിച്ച് ബന്ധങ്ങള്‍ക്കിടയിലെ നൈതികതയുടെ പുതിയ പാലം അവിടന്നു പണിതു.
ബദര്‍ യുദ്ധത്തിനു പ്രവാചകന്‍ പുറപ്പെടുമ്പോള്‍ അനുയായികളായ അലിയും അബൂ ലുബാബയും കൂടെയുണ്ട്. മൂന്നു പേര്‍ക്കും കൂടി ഒരു ഒട്ടകം മാത്രം. നമുക്ക് ഊഴമിട്ടു ഒട്ടകത്തെ ഉപയോഗിക്കാമെന്നു പ്രവാചകന്‍ പറഞ്ഞപ്പോള്‍, ഇരുവരും അതു സമ്മതിച്ചില്ല. ‘ഞങ്ങള്‍ക്ക് നടന്നാല്‍ മതി. അങ്ങ് ഒട്ടകപ്പുറത്തേറണം’ എന്നവര്‍ പറഞ്ഞു. അതിന് നബിയോരുടെ മറുപടി ഇങ്ങനെ: നിങ്ങള്‍ ഇരുവരും എന്നെക്കാള്‍ ശക്തരല്ല. നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല ഞാന്‍'(അഹ്മദ്). നേതാവെന്ന നിലയില്‍ തനിക്ക് മറ്റുള്ളവരെക്കാള്‍ സ്ഥാനവും പദവിയും വേണമെന്ന് അവിടെന്ന് ആഗ്രഹിച്ചില്ല. യുദ്ധഭൂമിയില്‍, പള്ളിനിര്‍മാണത്തില്‍, കിടങ്ങുകീറുന്ന ഇടങ്ങളില്‍…. എല്ലാം അവരോടൊപ്പം നിന്നു പണിയെടുത്തു. അനുയായികളില്‍ ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ഇടംനല്‍കി ആദരിച്ചു. അതിനപ്പുറം ഇടപെടാന്‍ ശ്രമിച്ചവരെ മുഖം നോക്കാതെ തിരുത്തി. ഉസാമ ബിന്‍ സൈദ് (റ) പ്രവാചകന്റെ പ്രിയപ്പെട്ട സ്വഹാബിയായിരുന്നു. തന്റെ ദത്തുപുത്രനായ സൈദിന്റെ മകന്‍. പ്രവാചകനു വളര്‍ത്തമ്മയെ പോലെ തണലേകിയ ഉമ്മു ഐമന്റെ മകന്‍. നബികുടുംബത്തിലെ ഒരു അംഗമായിരുന്നു ഉസാമ എന്നു പറയാം. സ്വന്തം മടിയിലിരുത്തി താലോലിച്ചതാണ് ഉസാമയെ നബിയോര് വളര്‍ത്തിയത്. ഉസാമയോടുള്ള ആ അടുപ്പവും സ്നേഹ ബന്ധവും സ്വഹാബികള്‍ക്കുമറിയാം. ഒരിക്കല്‍ പ്രമുഖ തറവാട്ടുകാരായ മഖ്സൂമീ ഗോത്രത്തിലെ ഒരു സ്ത്രീയെ മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ടപ്പോള്‍, ശിക്ഷ ലഘൂകരിച്ചു കിട്ടാന്‍ ആ സ്ത്രീയുടെ ബന്ധുക്കള്‍ ഉസാമയെ സമീപ്പിച്ചു. നബിയുടെ മുന്നില്‍ ചെന്നു ഉസാമ ശുപാര്‍ശ ചെയ്താല്‍ അവിടന്ന് തട്ടിക്കളയില്ലെന്ന ഉറപ്പിലായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. ശുപാര്‍ശയുമായി ഉസാമ പ്രവാചകന്റെ മുന്നിലെത്തിയപ്പോഴാണ് നബിയുടെ തനിനിറം ഉസാമ കാണുന്നത്. കോപാകുലനായി ഉസാമയുടെ ശുപാര്‍ശ തള്ളിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ; നിങ്ങളുടെ മുന്‍ഗാമികളായ സമുദായങ്ങള്‍ നശിപ്പിക്കപ്പെടാനുണ്ടായ കാരണമിതാണ്. അവരിലെ വലിയവരും ശക്തരും തെറ്റു ചെയ്താല്‍ വെറുതെ വിടും. ചെറിയവരും ദുര്‍ബലരും തെറ്റു ചെയ്താല്‍ അവരെ പിടികൂടി ശിക്ഷിക്കും. അല്ലാഹുവാണേ സത്യം, എന്റെ മകള്‍ ഫാത്വിമ കട്ടാലും ഞാന്‍ അവളുടെ കൈ മുറിക്കുന്നതാണ്…'(ബുഖാരി, മുസ്ലിം)
ജാതി,മത,വര്‍ഗ പരിഗണനകള്‍ക്കനുസരിച്ച് വിവേചനം കാണിക്കുന്ന അന്യായ സമീപനം എക്കാലത്തുമുള്ള മനുഷ്യന്റെ വൈകല്യമാണ്. അതിനു തിരുത്തും തീര്‍പ്പുമായിട്ടാണ് മുഹമ്മദ്(സ്വ) ഇടപെട്ടത്. യമാമയുടെ ഭരണാധികാരിയായിരുന്ന സുമാമ ഇസ്ലാം സ്വീകരിച്ചപ്പോള്‍, ഇസ്ലാമിന്റെ കഠിന ശത്രുക്കളായിരുന്ന മക്കക്കാര്‍ക്ക് റേഷന്‍ നിഷേധിച്ചു. മക്കയിലേക്കുള്ള ഭക്ഷ്യ വിഭവങ്ങള്‍ എത്തിയിരുന്നത് യമാമയില്‍ നിന്നായിരുന്നു. മക്കക്കാര്‍ക്ക് യമാമയുടെ സുമാമ ഭക്ഷണം നിഷേധിച്ച വാര്‍ത്ത പ്രവാചകന്‍ അറിഞ്ഞു. ഉടന്‍ ഇടപെട്ടു. മത വിശ്വാസത്തിന്റെ പേരില്‍ ഒരാളുടെയും മൗലിക അവകാശം നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധം പ്രവാചകനുണ്ടായിരുന്നു. മറ്റൊരാളുടെ പടയങ്കി മോഷണം നടത്തിയ തുഉമത് ബിന്‍ ഉബൈക് എന്ന മുസ്ലിം, ആ കൃത്യം നിരപരാധിയായ ഒരു ജൂതന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. കുറ്റകൃത്യം മറച്ചു വയ്ക്കാന്‍ അയാള്‍ കുടുംബത്തെ കൂട്ടുപിടിച്ചു. പക്ഷേ, സ്രഷ്ടാവായ തമ്പുരാന്‍ വഹ്യിന്റെ ദിവ്യസന്ദേശത്തിലൂടെ പ്രവാചകന് കാര്യങ്ങള്‍ വ്യക്തമാക്കികൊടുത്തു. അപരാധി മുസ്ലിം ആണെന്നും, ജൂതന്‍ നിരപരാധിയാണെന്നും അവിടെന്ന് പ്രഖ്യാപിച്ചു.
മുഹമ്മദ് നബി(സ്വ) മക്ക കീഴടക്കിയതിനു ശേഷവും അവിടെ ബഹുദൈവ വിശ്വാസിയായി തുടര്‍ന്നയാളാണ് സഫ്വാന്‍ ബിന്‍ ഉമയ്യ. ആയുധക്കച്ചവടക്കാനായിരുന്ന അദ്ദേഹത്തിത്തില്‍ നിന്ന് ആയുധം പിടിച്ചടക്കാന്‍ മക്കയുടെ അധികാരി എന്ന നിലയില്‍ പ്രവാചകന് കഴിയുമായിരുന്നു. എന്നിട്ടും നബി(സ്വ) അയാളെ സമീപിച്ചു കൊണ്ടു പറഞ്ഞത്, എനിക്ക് ഹുനൈന്‍ യുദ്ധത്തിനായി കുറച്ച് ആയുധങ്ങള്‍ ആവശ്യമുണ്ടെന്ന്. ചോദ്യം മനസ്സിലാകാതെ അയാള്‍ വീണ്ടും പ്രവാചകനോട് ചോദിക്കുന്നു; അങ്ങേക്ക് നിര്‍ബന്ധപൂര്‍വം ഞാന്‍ നല്‍കണമെന്നാണോ, അതോ വായ്പയായി നല്‍കണമെന്നാണോ? വായ്പയായി മതി എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം. അങ്ങനെ നാല്‍പതോളം പടയങ്കികള്‍ പ്രവാചകന്‍ വായ്പയായി വാങ്ങി. ഹുനൈന്‍ യുദ്ധത്തില്‍ വച്ചു അവയില്‍ ചില പടയങ്കികള്‍ നഷ്ടപ്പെട്ടു. നബി(സ്വ) സഫ് വാനെ സമീപ്പിച്ചു വിവരം പറഞ്ഞു. നഷ്ടപ്പെട്ടതിനു പകരം കടം വീട്ടാമെന്നു പറഞ്ഞു. സഫ്വാന്‍ സമ്മതിച്ചില്ല. അപ്പോഴേക്ക് അയാളുടെ മനസ്സില്‍ ഇസ്ലാമിന്റെ വെളിച്ചം എത്തിത്തുടങ്ങിയിരുന്നു.(അബൂദാവൂദ്).
തന്റെ ശിഷ്യനായ ജാബിര്‍ ബിന്‍ അബ്ദില്ല ഒരു ജൂതന്റെ കൈയ്യില്‍ നിന്ന് പണം കടംവാങ്ങി. തിരിച്ചടക്കാന്‍ സമയമായിട്ടും അദ്ദേഹത്തിനു അടയ്ക്കാന്‍ പറ്റിയില്ല. അവര്‍ക്കിടയില്‍ മധ്യസ്ഥനായി പ്രവാചകന്‍ ഇടപെട്ടു. ജാബിറിനു കുറച്ചു കാലം കൂടി താമസം ചെയ്തു കൊടുക്കാന്‍ ജൂതനോട് അഭ്യര്‍ഥിച്ചു. അയാള്‍ അതിനു സമ്മതിച്ചില്ല. പലവട്ടം പറഞ്ഞു നോക്കി. അയാള്‍ വഴങ്ങാന്‍ തയാറായില്ല. നിരാശനായ പ്രവാചകന്‍, മദീനയുടെ അധികാര ശക്തി കൈയ്യിലുണ്ടായിരുന്നിട്ടും അയാളെ നിര്‍ബന്ധിക്കാന്‍ തയാറായില്ല. ജാബിറിന്റെ അടുത്തു വന്നു പറഞ്ഞു; പണം അയാളുടെ അവകാശമാണ്. പെട്ടന്ന് കൊടുത്തു വീട്ടുക.(ബുഖാരി). ഇതായിരുന്നു പ്രവാചകന്റെ സമീപനം. ശിഷ്യനായ അശ്അസ് ബിന്‍ ഖൈസും ഒരു ജൂതനും തമ്മില്‍ ഭൂമി ഇടപാടിന്റെ പ്രശ്നമുണ്ടായിരുന്നു. ഭൂമി തന്റെതാണ് എന്ന് ഖണ്ഡിതമായി തെളിയിക്കാന്‍ തെളിവുകളൊന്നും അശ്അസിനു ഇല്ലായിരുന്നു. പ്രവാചകന്‍ അവിടെ, ഭൂമി നിലവില്‍ കൈകാര്യം ചെയ്യുന്ന ജൂതനോട് സത്യം ചെയ്യാന്‍ പറഞ്ഞു. ഇടപാടുകളില്‍ അയാള്‍ യാതൊരു മനസങ്കോചവും ഇല്ലാതെ സത്യം ചെയ്യാന്‍ ഒരുക്കമായിരുന്നു. പക്ഷേ, അശ്അസിനു തെളിവില്ലാത്തതിന്റെ കാരണത്താല്‍ അത് ജൂതന് തന്നെ വിധിക്കുകയായിരുന്നു പ്രവാചകന്‍.
തന്റെ മകന് നുഅ്മാന്‍ എന്ന സ്വഹാബിക്ക് പ്രത്യേകമായി അദ്ദേഹത്തിന്റെ പിതാവ് ബശീര്‍ ഒരു വസ്തു ദാനംചെയ്ത സംഭവം പ്രവാചകനെ അവര്‍ അറിയിച്ചപ്പോള്‍, നിങ്ങള്‍ എല്ലാമക്കള്‍ക്കും ഇതുപോലെ ദാനം നല്‍കിട്ടുണ്ടോ എന്നായിരുന്നു പ്രവാചകന്റെ ചോദ്യം. ഇല്ലെന്ന മറുപടി കിട്ടിയപ്പോള്‍, മക്കള്‍ക്കിടയില്‍ നീതിപാലിക്കണമെന്ന് നബി(സ്വ) അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറഞ്ഞു. ഇത് കേവലം പറച്ചില്‍ മാത്രമായിരുന്നില്ല. സ്വന്തം ജീവിതം കൊണ്ട് അവ നിരന്തരം വരച്ചുകാണിച്ചു. ഭാര്യമാര്‍ക്കിടയില്‍ ദിവസങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ജാഗ്രതയോടെ അത് ശ്രദ്ധിച്ചു. യാത്ര പോകുമ്പോള്‍, ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ടു യാത്ര പോകുന്നവരെ നിശ്ചയിച്ചു.
ബദ്‌റ് യുദ്ധത്തിന് അനുയായികളുടെ അണി ശരിയാക്കിക്കൊണ്ടിരിക്കുകയാണ് പ്രവാചകന്‍. കൈയ്യില്‍ ഒരു വടിയുണ്ട്. അതിനിടയില്‍, വരിയില്‍ നിന്ന് തെറ്റിനിന്ന സവാദിന്റെ വയറ്റില്‍ ആ വടി കൊണ്ട് ഒന്നു കുത്തിയിട്ടു പ്രവാചകന്‍ പറഞ്ഞു; ശരിക്ക് നില്‍ക്കൂ സവാദ്. അന്നേരം സവാദ് പറഞ്ഞു; എനിക്ക് വേദനിച്ചു പ്രവാചകാ, അങ്ങ് നീതിയുടെ പ്രവാചകനാണ്. എനിക്ക് പ്രതികാരം ചെയ്യണം’. നബി(സ) സമ്മതിച്ചു. പ്രതികാരം ചെയ്തോളൂ എന്നു പറഞ്ഞു. അപ്പോഴാണ് സവാദിന്റെ പുതിയ നിബന്ധന; ‘കുപ്പായമിടാത്ത എന്റെ ശരീരത്തിലാണ് അങ്ങ് കുത്തിയത്. അതു കൊണ്ട് അങ്ങയുടെ കുപ്പായം അഴിക്കണം.’ നബി(സ്വ) അതും സമ്മതിച്ചു. കുപ്പായം മാറ്റി. തങ്ങളുടെ കൂട്ടുകാരന്‍ നേതാവിനോട് എന്താണിങ്ങനെ പെരുമാറുന്നത് എന്ന് ആശ്ചര്യത്തോടെ അനുയായികള്‍ നോക്കുമ്പോള്‍, പ്രവാചകന്റെ നഗ്നമായ വയറില്‍ ചുംബിക്കുന്ന സവാദിനെയാണ് അവര്‍ കണ്ടത്. ഇത്രമേല്‍ വ്യക്തിജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹിക രംഗങ്ങളില്‍, രാഷ്ട്രീയ കാര്യങ്ങളില്‍, ഭരണ മേഖലയില്‍ നീതിയുടെ നിറസൂര്യനായി ജ്വലിച്ചു നിന്ന മറ്റൊരു മനുഷ്യനെ ചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല

നീതി നീങ്ങുന്ന ലോകം
സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കൂടി മുന്‍ഗണന നല്‍കുന്നയിടത്താണ് നൈതിക മൂല്യങ്ങള്‍ മുന്തിനില്‍ക്കുക. എന്നാല്‍, പുതിയ കാലവും ലോകവും വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചാണ്. വ്യക്തിയുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കാണ് പലപ്പോഴും മുന്‍ഗണന. മുതലാളിത്തം പിടിമുറുക്കിയത് അവിടെയാണ്. അതിന്റെ തണലിലാണ് ലിബറലിസവും ഇന്‍ന്റിവിജലിസവും വളര്‍ന്നു പന്തലിച്ചത്. നീതി, ദയ, അനുകമ്പ എന്നിങ്ങനെയുള്ള വാക്കുകള്‍ക്ക് അവിടെ വലിയ പ്രസക്തിയില്ല. ഒരാള്‍ തന്റെ മിടുക്കും കഴിവും ഉപയോഗിച്ച് എത്രയെങ്കിലും പണം സമ്പാദിക്കുകയും, അത് അയാള്‍ തനിക്ക് തോന്നിയ വിധം വിനിയോഗിക്കുകയും ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്തു ചേതം? പ്രത്യക്ഷത്തില്‍ മറ്റൊരു വ്യക്തിക്ക് ഉപദ്രവമാകാതിരുന്നാല്‍ മതിയല്ലോ. ഈ ചിന്തയാണ് അനീതിയുടെ പ്രാരംഭം. ദൗര്‍ഭാഗ്യവശാല്‍ ആധുനികതാവാദങ്ങളും അതിനനുസരിച്ചു പാകപ്പെടുന്ന മനസ്സുകളും ഇപ്പോള്‍ ആ വഴിക്കാണ്.
അനീതി കാണിക്കുന്നവര്‍ക്ക് അത് മിക്കപ്പോഴും അനീതിയാണെന്ന് ബോധ്യപ്പെടുകയില്ല. ഐക്യരാഷ്ട്രസഭയില്‍ വീറ്റോ പവറുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ വീറ്റോ പവറിനെ ന്യായീകരിക്കാന്‍ ആയിരം നാവുകള്‍ കാണും. അതിന്റെ കെടുതികള്‍ അറിയണമെങ്കില്‍ ഇരകളായ രാജ്യങ്ങളോടും ജനതകളോടും ചോദിക്കണം. ഒരു രാജ്യത്തിന്റെ പരാമാധികാരത്തിനകത്തേക്ക് മറ്റുള്ളവര്‍ കയറി മേയുന്ന കാഴ്ചകള്‍ ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നു. വേട്ടക്കാര്‍ അതിന് നൂറായിരം
ന്യായങ്ങളും നിരത്തുന്നു. ഒരു രാഷ്ട്രം തന്നെ അതിനകത്തുള്ള വിവിധ പ്രദേശങ്ങളോ പ്രവിശ്യകളോ
ജാതി,മത,വര്‍ഗ,വര്‍ണ,ഭാഷകളുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുകയും അനീതിയോടെ വര്‍ത്തിക്കുകയും ചെയ്യുന്നു. കോടതികള്‍ അധികാരിവര്‍ഗത്തിന്റെ കുഴലൂത്തുകാരായി വിധി പ്രസ്താവം നടത്തുന്നത് പൗരസമൂഹം പച്ചയ്ക്ക് അനുഭവിക്കേണ്ടി വരുന്നു. ഇതെല്ലാം നമ്മള്‍ ആരെങ്കിലും വിചാരിച്ചാല്‍ ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ സാധിക്കുന്നതല്ല. പക്ഷേ, നമുക്ക് സാധിക്കുന്ന ഒന്നുണ്ട്. നമ്മുടെ വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, നമുക്ക് കീഴില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ എല്ലാവരോടും നീതിയോടെ പെരുമാറുക. അനീതി കാണിക്കാതിരിക്കുക. അങ്ങനെയായാല്‍ സമൂഹം നന്നാവും. പ്രവാചക ജീവിതത്തില്‍ അതിനും എമ്പാടും മാതൃകകള്‍ കാണാം.

പി.എ സ്വാദിഖ് ഫൈസി താനൂര്‍