പ്രണയ നിയമങ്ങള്‍ക്കപ്പുറം

2337

പ്രമുഖ തുര്‍ക്കിഷ്-ബ്രിട്ടീഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ ഏറെ ആഘോഷിക്കപ്പെട്ട നോവലാണ് ‘നാല്‍പത് പ്രണയ നിയമങ്ങള്‍’. അമേരിക്കയിലെ മാസച്ചുസെറ്റ്സില്‍ സാധാരണ കുടുംബ ജീവിതം നയിക്കുന്ന എല്ലാ എന്ന വനിത കടന്നുപോകുന്ന അസാധാരണമായ പരിണാമമാണ് കഥയുടെ പ്രധാന ഇതിവൃത്തം. ഒരു അമേരിക്കന്‍ മാഗസിന്‍ ഏജന്‍സിക്കു വേണ്ടി പുസ്തകങ്ങള്‍ റിവ്യൂ ചെയ്യുന്ന അവര്‍ക്ക് ആകസ്മികമായാണ് അസീസ് സഹ്റ എന്ന എഴുത്തുകാരന്റെ സ്വീറ്റ് ബ്ലാസ്ഫെമി എന്ന പുസ്തകം റിവ്യൂ ചെയ്യാനായി ലഭിക്കുന്നത്. ജലാലൂദ്ദീന്‍ റൂമിയുടെയും ശംസ് തബ്‌രീസിയുടെയും ദിവ്യ പ്രണയത്തിന്റെ കഥ പറയുന്ന ആ നോവലാണ് ഈ പുസ്തകത്തിലെ സമാന്തരമായ മറ്റൊരാഖ്യാനം. ഇതേ സമയം അവരുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന ചില താളഭ്രംശങ്ങള്‍ ഈ നോവലിന്റെ സാരാംശത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിക്കുകയും അത് അവരെ സമൂലമായ ഒരു പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതുമാണ് ഇതിന്റെ പ്രധാന പാശ്ചാത്തലം.
പുസ്തകം നിരൂപണ വിധേയമാക്കുന്നതിനേക്കാള്‍ ചില ചിന്തകള്‍ പങ്കുവക്കുകയെന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. കുറഞ്ഞകാലം കൊണ്ട് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച മികച്ച സാഹിത്യ രചനയാണിത്. ഇതിന്റെ ജനപ്രീതിയുടെ മൂല കാരണം ആഖ്യാനത്തിന്റെയോ ഭാഷയുടെയോ സൗകുമാര്യത്തെക്കാള്‍ വിഷയത്തിന്റെ സൗന്ദര്യവും അതിന്റെ പ്രമേയപരമായ അപൂര്‍വതയുമാണെന്ന് വ്യക്തമാണ്. ആധുനിക ജീവിതത്തിന്റെ ഏകതാനമായ ചുഴിയില്‍ ചുറ്റിത്തിരിയുന്ന ഒട്ടനേകം ജീവിതങ്ങള്‍ക്ക് വിശാലമായ മറ്റൊരു ലോകത്തേക്കുള്ള പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ജനപ്രീതിയുടെ ഒരു പ്രധാന കാരണം. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ സൂഫീകൃതികള്‍ നന്നായി വിറ്റഴിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
എന്താണ് ഇത്തരം സാഹിത്യ സൃഷ്ടികള്‍ ആധുനിക മനുഷ്യനോട് സംവദിക്കാന്‍ ശ്രമിക്കുന്നത്? മനുഷ്യ ജീവിതത്തില്‍ ആധുനികതയേല്‍പിച്ച മാരകമായ പരിക്കുകളൊന്നാണ് ജീവിതത്തിന്റെ നിഗൂഢമായ ഉറവിടത്തേക്കുറിച്ചുള്ള തികഞ്ഞ അജ്ഞത. ആധുനിക ജീവിതം പ്രദാനം ചെയ്യുന്ന സ്വഛന്ദമായ ഒഴുക്കിന്റെ ഉപരിപ്ലവതയിലാണ് മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്താന്‍ വെപ്രാളപ്പെടുന്നത്. നോവലിലെ ഡേവിഡും എല്ലയുടെ ആദ്യകാല ജീവിതവും ഇതിന്റെ മൂര്‍ത്തമായ ഉദാഹരണങ്ങളാണ്. മനുഷ്യന്‍ ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. രണ്ടു വഴിയാണ് മുന്നിലുള്ളത്. ഒന്നുകില്‍, ആധുനികതയെയും അതുത്പാദിപ്പിക്കുന്ന മൂല്യ വ്യവസ്ഥയെയും പൂര്‍ണമായി പിന്താങ്ങി സ്വഛന്ദതയില്‍ സഞ്ചാരം തുടരുക. അല്ലെങ്കില്‍, അവയെ നിരാകരിക്കുകയും സമരം ചെയ്യുകയും ചെയ്യുക. എന്നാല്‍, മിക്ക മനുഷ്യരുടെയും ജീവിതം ഇവ രണ്ടിനുമിടയിലുള്ള സംഘര്‍ഷത്തില്‍ അവസാനിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇവയൊന്നുമല്ലാത്ത മൂന്നാമതൊരു വഴി ചൂണ്ടിക്കാണിക്കുന്നുവെന്നതാണ് ഇത്തരം സാഹിത്യ കൃതികളെ ജനപ്രീതിയുള്ളതാക്കി മാറ്റുന്നത്.
തന്നോടൊപ്പം ജീവിക്കാന്‍ മുന്‍കൈയ്യെടുക്കാത്തതിന്റെ പേരില്‍ എല്ല തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ അസീസുമായി കലഹിച്ച് കൊണ്ടു പറയുന്നുണ്ട് ‘ഒരു രോഗമുണ്ടെന്ന് കരുതി ജീവിതത്തെ ഇത്ര അശുഭമായി കാണേണ്ടതുണ്ടോ? രോഗത്തോട് നമുക്ക് പൊരുതി നില്‍ക്കാമല്ലോ?’ ഒരല്‍പം ഈര്‍ഷ്യതയോടെയായിരിക്കാം അദ്ദേഹം മറുപടി പറയുന്നുണ്ട്. ‘നാമെപ്പോഴും പോരാട്ടത്തെ കുറിച്ചാണല്ലോ സംസാരിക്കുന്നത്. എയ്ഡ്സിനെതിരെ, കാന്‍സറിനെതിരെ, പണപ്പെരുപ്പത്തിനെതിരെയെല്ലാം നാം പൊരുതുന്നു. ലോകവുമായി പോരാട്ടമല്ലാത്ത മറ്റൊരു ബന്ധവും നമുക്കില്ലാത്ത പോലെ.’ ഒരുപക്ഷേ, നോവിലിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങളിലൊന്നായിരിക്കും ഇത്. നാമും ലോകവുമായുള്ള ബന്ധത്തെ തികച്ചും അപരിചിതവും അത്യപൂര്‍വവുമായ മാനകത്തിലൂടെ മനസ്സിലാക്കുമ്പോഴാണ് ഒരു റൂമിയെങ്കിലും ആവാന്‍ കഴിയൂ എന്നതാണ് ഈ സംഭാഷണത്തിന്റെ പശ്ചാത്തലം നമ്മോട് സംസാരിക്കുന്നത്.
ആധുനിക ജീവിതത്തെ പൂര്‍ണമായി ആശ്ലേഷിക്കുകയോ പുറംതിരിഞ്ഞിരിക്കുകയോ ചെയ്യാതെ പുതിയൊരു ലോകവീക്ഷണത്തിലൂടെ സ്വയം പരിവര്‍ത്തനവിധേയമാവുകയെന്നതാണ് പ്രധാനം. എവിടെയാണ് നാം ഈ വഴിത്തിരിവിനെ തിരയേണ്ടത് എന്നതാണ് പ്രധാന ചോദ്യം. പ്രമുഖ ജര്‍മന്‍ കവി ഫ്രെഡറിക് ഹൂഡര്‍ലീന്‍ സൂചിപ്പിക്കുന്നതു പോലെ ‘എവിടെയാണോ അപായം പതിയിരിക്കുന്നത്, അവിടെത്തന്നെ രക്ഷാകവചവും ഉയര്‍ന്നു പൊങ്ങും’. ആധുനിക മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കുന്ന നിരര്‍ഥകതയും ശൂന്യതയുമാണ് പ്രശ്നങ്ങളുടെ ഉറവിടമെങ്ങില്‍ അവിടെത്തന്നെ അതിന്റെ ഉത്തരവും ലഭിക്കും. എലിഫ് തന്റെ പുസ്തകത്തിന്റെ അവസാന ഭാഗത്തിന് ശൂന്യത എന്നു പേര് നല്‍കിയത് അതുകൊണ്ട് തന്നെയായിരിക്കണം. ശൂന്യതയെന്നാല്‍ ഒന്നുമില്ലായ്മയെന്നാണ് നാം സാധാരണ മനസ്സിലാക്കാറുള്ളത്. എന്നാല്‍, ശൂന്യതയെന്നാല്‍ യഥാര്‍ഥത്തില്‍ ഒന്നുമല്ലായ്മയാണ്. ഒന്നുമില്ലായ്മയെന്നത് ശാസ്ത്ര ഭാഷയാണ്. മറിച്ച് ഒന്നുമല്ലായ്മയാണ് മനുഷ്യജീവിതത്തിന്റെ ഭാഷ. തന്റെ ഉണ്‍മയുടെ ആധാരത്തില്‍ താന്‍ ഒന്നും അല്ലായെന്ന ആത്യന്തിക ബോധമാണ് പ്രധാനം. അതാണ് പരിവര്‍ത്തനത്തിന്റെ ആദ്യ ബിന്ദു. തന്റെ ഉറവിടം തനിക്ക് പുറത്താണെന്നും അവ പ്രദാനം ചെയ്യപ്പെട്ടതാണെന്നും മനസ്സിലാക്കലാണ് ആ യാത്രയുടെ പ്രാരംഭ ഘട്ടം.
എന്നാല്‍, ഈ യാത്രയില്‍ ഇത്തരം സാഹിത്യ കൃതികള്‍ക്ക് വല്ല സഹായവും ചെയ്യാന്‍ കഴിയുമോ? ഇല്ലാ എന്നുള്ളതാണ് മറുപടി. അതു കൊണ്ടാണ് അവ പ്രണയനിയമങ്ങളായി അവശേഷിക്കുന്നത്. അഥവാ, സൂഫീ ജീവിതത്തിന്റെ ഉല്‍കൃഷ്ടമായ ലോകത്തേക്കുള്ള പ്രവേശനം അക്ഷരങ്ങളുടെ അകമ്പടിയില്‍ സാധ്യമല്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ശംസ് തബ്‌രീസി മൗലാനാ റൂമിയുടെ ജീവ സമ്പാദ്യമായ ഗ്രന്ഥങ്ങളെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞത്. എല്ലയുടെ പരിവര്‍ത്തന ഘട്ടത്തില്‍ തന്റെ ആദ്യ കുടുംബ ജീവിതം വിട്ട് അസീസ് സഹ്റയോടൊപ്പം ജീവിക്കാന്‍ പ്രേരിപ്പിച്ചുവെന്നത് അതിലേക്കുള്ള സൂചനയായി മനസ്സിലാക്കാവുന്നതാണ്. അഥവാ, ഗുരു സാന്നിധ്യത്തിലല്ലാതെ അവ സ്വായത്തമാക്കാന്‍ സാധ്യമല്ല തന്നെ. ഇവിടെയാണ് ഈ കൃതിയടക്കമുള്ള സൂഫീ സത്യങ്ങള്‍ പ്രമേയമാക്കിയ രചനകള്‍ പലപ്പോഴും പരാജയപ്പെട്ടുപോകുന്നത്. അവ നാം നേരത്തെ പറഞ്ഞ മൂന്നാമതൊരു മാര്‍ഗം തുറക്കുന്നതിനു പകരം മനുഷ്യ ജീവിതത്തിന്റെ ഒന്നുമല്ലായ്മയെ തന്നെ മറച്ചുവക്കുന്ന കേവലം വില കുറഞ്ഞ സാഹിത്യമായി പരിണമിച്ചു പോകുന്നു. അഥവാ, ഏതൊരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണോ ഈ കൃതികള്‍ രചിക്കപ്പെടുന്നത് അതിനെ ഇത്തരം രചനകള്‍ തന്നെ റദ്ദു ചെയ്യുന്നുവെന്നര്‍ഥം.
ഇമാം ഗസാലി (റ)യുടെ വീക്ഷണം ഇവിടെ പ്രസക്തമാണ്. ദൈവശാസ്ത്രപരമായ കാഴ്ച്ചപ്പാടുകളും വാദമുഖങ്ങളും പരംപൊരുളിന്റെ വാതില്‍ക്കലേ കൊണ്ടെത്തിക്കുകയുള്ളൂ. അവിടുന്നങ്ങോട്ട് അനുഭവങ്ങളുടെ ലോകമാണ്. ചിരപരിചിതനായ ആത്മമിത്രത്തിന്റെ സഹായത്തോടെയാല്ലാതെ അവിടെ പ്രവേശനം പ്രയാസകരമാണ്. ഗുരുവിന്റെ കൈകളില്‍ സ്വയം ഉരുകിത്തീരുമ്പോഴാണ് അത് സാധ്യമാവുക. അതുകൊണ്ടാണ് തന്റെ അവസാന പരീക്ഷണമെന്ന നിലയില്‍ റൂമിയോട് ബാറിലേക്ക് പോയി ആളുകള്‍ കാണ്‍കേ മദ്യം വാങ്ങിക്കൊണ്ടുവരാന്‍ പറയുന്നത്. അഹംഭാവത്തിന്റെ അവസാനത്തെ കുപ്പായവും അഴിപ്പിച്ചുവച്ചതിനു ശേഷമാണ് തബ്‌രീസ് തന്റെ സഞ്ചാരം അവസാനിപ്പിക്കുന്നത്. ആദ്ധ്യാത്മ ലോകത്തെ സങ്കീര്‍ണമായ അവസ്ഥകളെ ഗൗരവമായി സമീപിച്ച് കൊണ്ട് മാത്രമേ നമുക്ക് ഇത്തരം രചനകളെ അഭിമുഖീകരിക്കാന്‍ കഴിയൂ.

സുഹൈലത്തുല്‍ മിസ്‌രിയ്യ