നാഥന്റെ നിയോഗം പോലെ മനുഷ്യര്‍ ജനിക്കുകയും മരണം പുല്‍കുകയും ചെയ്യുന്നു. ചിലര്‍ ഭൂമിക്ക് ഭാരമായും മറ്റുചിലര്‍ തണലായും കടന്നു പോകുന്നു. പ്രകൃതി നിയമമാണത്. മരണത്തിനു ശേഷവും ചിലര്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. നന്മയുടെ ഓര്‍മകളിലൂടെ, തിരമാല കണക്കെ ആര്‍ത്തലക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസിലോകം അത് കെടാതെ സൂക്ഷിക്കുന്നു. സംസമിന്റെ ഓളങ്ങള്‍ സദാ പറഞ്ഞുകൊണ്ടിരിക്കുന്ന കഥയുണ്ട്. അര്‍പണബോധത്തിന്റെ തെളിമ പകര്‍ന്നുകൊണ്ട് നടന്നു പോയ ആലു ഇബ്‌റാഹീമിന്റെ കഥ. വിശ്വാസി ഹൃദയങ്ങളെ പ്രചോദിപ്പിച്ച ആ ചരിത്രത്തെ ജീവിത വിശുദ്ധി കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ബീവി ഹാജര്‍.
ഈജിപ്ഷ്യന്‍ രാജകുമാരിയായിരുന്നു ‘ബീവി ഹാജര്‍’. ഈജിപ്ഷ്യന്‍ രാജാവായ സെനുസ്രേറ്റിന്റെ സഹോദരി. ഹൈക്‌സോസ് ഈജിപ്ത് കൈവശപ്പെടുത്താന്‍ വന്നപ്പോള്‍, സകല സ്വത്തുകളും കൊള്ളയടിച്ച അവര്‍, പുരുഷന്മാരെ കൊന്നു കളയുകയും സ്ത്രീകളെ ബാക്കിയാക്കുകയും ചെയ്തു. ഒടുവില്‍ രാജാവിന്റെ അടുക്കല്‍ ഹാജറിനെ ഹാജരാക്കപ്പെട്ടു. സ്ത്രീകളോടുള്ള അതിയായ അഭിനിവേഷത്തില്‍ കുപ്രസിദ്ധനായ രാജാവ് ഹാജറയെ പ്രാപിക്കാനൊരുങ്ങുമ്പോഴെല്ലാം അസാധാരണമായ ഒരു വിറയല്‍ അയാളെ പിടികൂടിയിരുന്നു. അദൃശ്യമായ ഏതോ ഒരു ശക്തി ഹാജറിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നു രാജാവ് പലയാവര്‍ത്തി തിരിച്ചറിഞ്ഞു. മുമ്പൊരിക്കല്‍ ഇബ്‌റാഹീം നബി(അ)ന്റെ ഭാര്യ സാറ ബീവിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍, 3 തവണ കൈ തളരുകയുണ്ടായി. തന്റെ മുന്നിലുള്ള ഈ സ്ത്രീക്കും സാറാ ബീവിക്കുമിടയില്‍ പൊതുവായി എന്തോ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ സാറാ ബീവിയുടെ കൂടെ ഹാജറിനെ വിട്ടയക്കുകയായിരുന്നു.
പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെ ഭവനത്തില്‍ ചേര്‍ന്ന ആ പെണ്‍കുട്ടിയുടെ ജീവിതം പിന്നീടങ്ങോട്ട് അനിര്‍വചനീയമായ അംഗീകാരങ്ങള്‍ക്കും ഔന്നത്യത്തിനും വേണ്ടി സര്‍വശക്തനായ നാഥന്‍ തെരഞ്ഞെടുക്കുകയായിരുന്നു. അന്ത്യനാള്‍വരെ ഓര്‍മിക്കപ്പെടുന്ന വലിയ അത്ഭുതങ്ങളെ ഹാജറിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു അല്ലാഹു.
കൂടെയുള്ള ഹാജറ ബീവിക്ക് സാറാ ബീവി ദീനും തൗഹീദും ദൈവികമായ വിജ്ഞാനങ്ങളും പകര്‍ന്നു നല്‍കി. നാഥന്റെ വഴിയില്‍ പരസ്പരം അവര്‍ സ്‌നേഹം പങ്കിട്ടു. ഒരുമിച്ചിരുന്ന് ഇബ്‌റാഹീം നബിയുടെ തണലിലിരുന്നും പഠിച്ചു. ഒടുവില്‍ സന്താനങ്ങളില്ലാത്ത സാറാബീവി തന്റെ ഭര്‍ത്താവിനോട്, കൂടെയുള്ള കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ പറയുകയും അങ്ങനെ പൂര്‍ണമായ തൃപ്തിയോടെ അവര്‍ തന്നെ മുന്‍കൈയ്യെടുത്ത വിവാഹം നടന്നു. ആ വല്ലരിയില്‍ വിടര്‍ന്ന കുസുമമായിരുന്നു മഹാനായ ഇസ്മാഈല്‍(അ). ഗര്‍ഭധാരണം ആ കുടുംബത്തെ അതിയായി സന്തോഷിപ്പിച്ചിരുന്നുവെങ്കിലും. തന്റെ കൂട്ടുകാരിയെ ഇത് തെല്ലെങ്കിലും വേദനിപ്പിക്കുമോ എന്നോര്‍ത്ത് ഹാജറ ബീവി ഭയന്നിരുന്നു. ഒരു വേള എല്ലാം ഉപേക്ഷിച്ച് പോകാനുള്ള തോന്നലുണ്ടാക്കാന്‍ മാത്രം ആധിയുണ്ടായിരുന്നു ഉള്ളില്‍. എന്നാല്‍, പകരം അവര്‍ക്ക് കുളിര് പാര്‍ക്കുന്ന നിമിഷങ്ങളായിരുന്നു നാഥന്‍ കാത്തുവച്ചത്. അന്ത്യനാള്‍വരെ സ്മര്യപുരുഷനായി അറിയപ്പെടുമെന്ന് മാലാഖ സന്തോഷവാര്‍ത്തയറിയിച്ചതായിരുന്നുവത്.
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ പരമ്പരയുടെ കണ്ണിചേര്‍ക്കപ്പെടുന്നത് ഇവിടെ നിന്നാണ്. കിഴക്കും പടിഞ്ഞാറും അറബികള്‍ ജയം വരിക്കുന്നതും തന്റെ മകനിലൂടെ, അതിനുമുമ്പ് ഒരു ജനതക്കും നല്‍കപ്പെടാത്ത അറിവും പ്രാപ്ത്തിയും കൊണ്ട് തന്റെ പുത്രന്‍ അനുഗ്രഹിക്കപ്പെടുന്നു. ഇതില്‍പരം ഒരു മാതൃഹൃദയം സന്തോഷിക്കാന്‍ മറ്റെന്തു വേണം. അന്നു മുതല്‍ മഹതി ഹാജറ ബീവി അറബികളുടെ ഉമ്മയെന്ന് അറിയപ്പെട്ടു തുടങ്ങി. ഇബ്‌റാഹീം നബിക്ക് തന്റെ ആദ്യ മകനെ സമ്മാനിക്കാന്‍ മഹതിക്കായി. സൃഷ്ടിപ്പിന്റെ മഹിമയില്‍ ഖുര്‍ആന്‍ സൂറത്തു മര്‍യമിലൂടെ ഇസ്മാഈല്‍ (അ)നെ പുകഴ്ത്തിയതിങ്ങനെ: ‘വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്റെ ആളുകളോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു’.
സൂറത്തുല്‍ അമ്പിയാഇല്‍ 85ാം സൂക്തത്തിലൂടെ ഖുര്‍ആന്‍ വീണ്ടും പറയുന്നു :’ഇസ്മാഈലിനെയും, ഇദ്രീസിനെയും, ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു. അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്വൃത്തരുടെ കൂട്ടത്തിലാകുന്നു. സന്തോഷ വാര്‍ത്ത അറിയിക്കുക, തന്റെ മകനെക്കുറിച്ച് സര്‍വശക്തനായ അല്ലാഹു സ്തുതി പാടിയിരിക്കുന്നു, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനില്‍ അവ എന്നന്നേക്കുമായി നിലനില്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരു ഉമ്മയുടെ ഹൃദയാന്തരങ്ങളില്‍ അള്ളാഹു വിതാനിച്ച സന്തോഷമെത്രയാണ്. തീര്‍ത്തും അനുഗ്രഹീതയായിരുന്നു അവര്‍.
അഭേദ്യമായ മനസ്സുറപ്പും സ്ഥൈര്യവുമാണ് ബീവിയെ ചരിത്രത്തില്‍ അത്യുന്നതിയിലെത്തിച്ചത്. നാഥന്റെ കല്‍പന മാനിച്ച് പ്രവാചകന്‍ ഇബ്‌റാഹീം(അ) അരുമ മകനെയും ഭാര്യയെയും മക്കയുടെ വരണ്ട താഴ്‌വാരങ്ങളില്‍ തനിച്ചാക്കി തിരിഞ്ഞു നടന്നപ്പോള്‍ ഭാര്യയുടെ തകരാത്ത മനസ്സിന്റെ തെളിച്ചം അദ്ദേഹത്തിനു നല്‍കിയ ആവേശം ചെറുതല്ലായിരുന്നു. നിന്റെ കായ്കനികളില്‍ നിന്ന് നീ അവരെ ഭക്ഷിപ്പിക്കേണമേ എന്ന ഉള്ളു നിറഞ്ഞ പ്രാര്‍ഥനയോടെ പ്രവാചകന്‍ ഇബ്‌റാഹീം(അ) തുല്യതയില്ലാത്ത ചരിത്രത്തിന് തുടക്കമിടുകയായിരുന്നു.
ഒരിറ്റ് വെള്ളം പോലും ബാക്കിവക്കാത്ത വരള്‍ച്ച കാര്‍ന്നുതിന്ന മക്കയില്‍ രക്ഷിതാവിന്റെ കരുണയല്ലാതെ മറ്റൊന്നും അവര്‍ക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല. ദാഹിച്ച് കരഞ്ഞ പൈതലിന്റെ മുഖത്ത് നോക്കി വെള്ളംതേടി എങ്ങോട്ടെന്നില്ലാതെ സ്വഫാ-മര്‍വ താഴ്‌വാരങ്ങള്‍ ഓടിത്തീര്‍ക്കുമ്പോള്‍ ആ കാലുകള്‍ക്ക് അടിയുറച്ച വിശ്വാസത്തിന്റെ ബലമുണ്ടായിരുന്നു. വിശ്വാസി ലോകത്തിന്റെ കാലതീതമായ പരിശുദ്ധ കര്‍മത്തിന്റെ വഴിയായിരുന്നു ബീവി അന്നവിടെ വരച്ചിട്ടത്. അടിപതറാത്ത വിശ്വാസത്തിന്റെ കാതലാണ് അടിവേര്. അന്നവിടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ കാലിട്ടടിച്ചിടത്ത് നിന്ന് നിലംപൊട്ടി നിറഞ്ഞൊഴുകിയ വെള്ളം, പരന്നൊഴുകിയ വെള്ളത്തിനോടടങ്ങാന്‍ ആജ്ഞാപിക്കുകയായിരുന്ന മഹതി, ‘സംസം’ തളംകെട്ടിയപ്പോള്‍, വിശ്വാസി ലോകത്തിന്റെ സ്വര്‍ഗീയമൃതിന് ബീവി സംസം എന്നുതന്നെ പേരുവക്കുകയായിരുന്നു.
സംസമൊരുവട്ടം കൂടി കുടിച്ച് നോക്കണം. ത്യാഗപൂര്‍ണമായ വിയര്‍പ്പിന്റെ സുഗന്ധമുണ്ടതിന്. മതില്‍ പണിയാത്ത പുത്രവാത്സല്യത്തിന്റെ രുചിയാണതിന്. അര്‍പണബോധത്തിന്റെ തെളിച്ചമാണതിന്. ഇണപ്രാവ് നല്‍കിയ വിശ്വാസത്തിന്റെ ഉറപ്പില്‍ ബീവി ഹാജറ കത്തിച്ചുവച്ച വഴിവിളക്ക് ഇന്നും തെളിഞ്ഞു കത്തുന്നു. ഇരുട്ട് കട്ടപിടിച്ച ലോകത്തിന്റെ ഉമ്മറവാതിലില്‍ ചാരി പ്രണയത്തിന്റെ ഒരിറ്റ് കലര്‍പ്പില്ലാത്ത അമൃതാണ് നമ്മള്‍ ചുണ്ടോടു ചേര്‍ക്കുന്നത്.
ജീവിത സമര്‍പണത്തിന്റെ മുദ്രയായിരുന്നു അവര്‍. ദൈവിക പരീക്ഷണങ്ങള്‍ മഹതിയെ വിട്ടുമാറാതെ നിന്നപ്പോഴും ജീവിത യാത്രയില്‍ സുന്ദരമായി വിജയിക്കു കയായിരുന്നു അവര്‍. അറുക്കാന്‍ കല്‍പന വന്നപ്പോള്‍ മകന്റെ കൈപിടിച്ച് വീടുവിട്ടകന്ന് നടന്നു പോകുമ്പോഴും റബ്ബിനു വേണ്ടി എന്തുവന്നാലും കുടെനില്‍ക്കുമെന്ന ഉറപ്പ് ഭര്‍ത്താവിന് നല്‍കുകയായിരുന്നു അവര്‍. ഉമ്മുദബീഹ് എന്ന പേരില്‍ ബീവി ചരിത്രത്തില്‍ ഇടം പിടിച്ചത് ഈ ഈമാന്‍ തണലിട്ട ജീവിത വിശുദ്ധിയുടെ അടയാളപ്പെടുത്തലാണ്.
സംസം ഒരു നാഗരികതയുടെ തുടക്കമായിരുന്നു. കെട്ടിടങ്ങളും പാര്‍പ്പിടങ്ങളുമായി അവ പച്ച പിടിച്ചു. ബീവി ഹാജറക്ക് ജനങ്ങള്‍ക്കിടയില്‍ തികഞ്ഞ ആദരവും സ്‌നേഹവും ഉണ്ടായിരുന്നു. ജുര്‍ഹൂം ഗോത്രത്തില്‍ നിന്നും അറബി ഭാഷ സ്വായത്തമാക്കിയ ഇസ്മാഈല്‍(അ) യുവാവായി വളര്‍ന്നു. മാതൃഹൃദയത്തെ കണ്‍കുളിര്‍മ പകര്‍ന്നുകൊണ്ട് വൈജ്ഞാനികലോകത്ത് അനിഷേധ്യമായ കയ്യൊപ്പുകള്‍ ചേര്‍ത്തുവച്ച് ആ മഹാന്‍ വളര്‍ന്നു പന്തലിച്ചു. തൊണ്ണൂറാം വയസ്സില്‍ മഹതി ലോകത്തോട് വിട പറഞ്ഞു. പൊന്നുമോന്റെ കരങ്ങള്‍കൊണ്ട് ആ മാതൃശരീരം കഅ്ബയുടെ മണ്ണില്‍വച്ചു. മികവുള്ള ഭാര്യയുടെയും തികവുള്ള സ്ഥൈര്യത്തിന്റെയും നിറഞ്ഞ സ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകകള്‍ കൊത്തിവച്ച് ആ മഹിള ഇന്നും ഓര്‍മകളില്‍ ജീവിക്കുന്നു. വിശ്വ മാനവികതക്ക് ശിലയിട്ട ആ കുടുംബം ലോക ചരിത്രത്തില്‍ നിരന്തരം വായിക്കപ്പെടുന്നു.
ഫഹ്മിദ സഹ്‌റവിയ്യ തറയിട്ടാല്‍