മഴവില്‍ ദേശത്തിന്റെ പടയാളികളാകുക

2019

ഇസ്‌ലാമിക ചരിത്രത്തിലെ ഒരു വഴിത്തിരിവായ കര്‍ബല യുദ്ധത്തിന് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്. റിഹാബ്ദത്ത് എന്ന ഒരു ബ്രാഹ്മണ വര്‍ത്തകപ്രമാണി ഇമാം ഹുസൈന്റെ കാലത്ത് ബാഗ്ദാദില്‍ ജീവിച്ചിരുന്നു. കുട്ടികളില്ലാത്ത അദ്ദേഹം ഇമാം ഹുസൈനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനാഫലമായി റിഹാബ്ദത്തിന് ഏഴു കുട്ടികള്‍ ഉണ്ടാകുകയും ചെയ്തു. കര്‍ബല യുദ്ധത്തില്‍ ഈ ഏഴു മക്കളും ഇമാം ഹുസൈനു വേണ്ടി രക്തസാക്ഷ്യം വഹിച്ചു. റിഹാബ്ദത്തിന്റെ പിന്‍മുറക്കാര്‍ ഇന്നും ഇന്ത്യയിലുണ്ട്. അവര്‍ ”ഹുസൈനി ബ്രാഹ്മണന്മാര്‍” എന്നറിയപ്പെടുന്നു. പ്രശസ്ത സിനിമാ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുനില്‍ദത്ത് ഈ സമുദായത്തില്‍പെട്ട ആളായിരുന്നു. ഈ സമുദായത്തെ പറ്റി ഹിന്ദിയില്‍ ഒരു പ്രശസ്തമായ കവിതയുണ്ട്:

വാഹ്, ദത്ത്‌സുല്‍ത്താന്‍ !
ഹിന്ദുകാ ധാം, മുസല്‍മാന്‍ കാ ഇമാന്‍
ആധ ഹിന്ദു, ആധമുസല്‍മാന്‍ !
(ദത്ത്പ്രഭുവിന്റെ കാര്യംഹാ, വിസ്മയാവഹം !
ഹിന്ദുവിന്റെ ദേഹം, മുസല്‍മാന്റെ വിശ്വാസം.
പകുതി ഹിന്ദു, പകുതി മുസല്‍മാന്‍ !)

ഈ കവിത ഹുസൈനി ബ്രാഹ്മണരെ സംബന്ധിച്ച് മാത്രമല്ല, മുഴുവന്‍ ഇന്ത്യയെകുറിച്ചും പ്രസക്തമാണ്. ഇന്ത്യ പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമാണ്. എല്ലാ മാനവരേയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ഇവിടെ ”ഉള്‍കൊള്ളല്‍ സംസ്‌ക്കാരത്തി”നു പകരം ”പുറന്തള്ളല്‍ ദേശീയത”യുടെ വിഷവൃക്ഷം വളരാന്‍ തുടങ്ങിയത് 1923-ല്‍ വി.ഡി.സവര്‍ക്കര്‍ ”ഹിന്ദുത്വ” എന്ന കൃതിയിലൂടെ സവര്‍ണ ഫാസിസം അവതരിപ്പിച്ചതോടെയാണ്. അത് ആര്യബ്രാഹ്മണരുടെ മാത്രം രാഷ്ട്രമായി ഇന്ത്യയെ അവതരിപ്പിച്ചു. ചാതുര്‍വര്‍ണ്യത്തില്‍ ഊന്നിയ സമൂഹം വിഭാവനം ചെയ്തു. ആ ചിന്താധാരയില്‍പെട്ട ഭരണകൂടമാണ് ഇന്ത്യയെ മതത്തില്‍ അധിഷ്ഠിതമായ പൗരത്വവും ഏകശിലാ സംസ്‌കാരവും അടിച്ചേല്‍പ്പിക്കുന്നത്.
ഭരണഘടനയുടെ ബഹുസ്വരരാഗം ഇന്ത്യന്‍ സഞ്ചിത സംസകൃതിയുടെ സമ്പന്ന പൈതൃകത്തെ പുലര്‍ത്തുക എന്നതും ഇന്ത്യന്‍ ജനതയുടെ മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങള്‍ക്കതീതമായി സാഹോദര്യവും ലയ-മൈത്രി സ്വരചേര്‍ച്ചയും വളര്‍ത്തുക എന്നതും നമ്മുടെ ഭരണഘടനയുടെ 51 എ (എഫ്) അനുച്ഛേദ പ്രകാരം ഓരോ ഇന്ത്യന്‍ പൗരന്റെയും മൗലിക കര്‍ത്തവ്യമാണ്. സാമൂഹ്യ പരിസരത്തില്‍ ബഹുസ്വരത വാദവും (പ്ലൂരലിസം) രാഷ്ട്രീയ അധികാരഘടനയില്‍ വികേന്ദ്രീകൃത അധികാര വ്യവസ്ഥയും(പൊളിയാര്‍ക്കി) ഇന്ത്യയില്‍ പ്രസക്തമാവുന്നത് ഈ വൈവിധ്യങ്ങളുടേയും ആദാന-പ്രദാന ആവാസ വ്യവസ്ഥയുടേയും പശ്ചാത്തലത്തിലാണ്. പ്ലൂരലിസവും പൊളിയാര്‍ക്കിയും നമ്മുടെ ഭരണഘടനാ മൂശയുടെ അടിസ്ഥാന ഘടകങ്ങളാകുന്നതും ഇതിനാല്‍ തന്നെ.
ബഹുസ്വരതാ വാദത്തിന്റെ (പ്ലൂറലിസത്തിന്റെ)ഭ്രമണപഥം വിശാലമാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ പരിപ്രേക്ഷ്യം അതിനുണ്ട്. പ്ലൂറലിസം വിഭാവനം ചെയ്യുന്ന മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍, അവയുടെ തനത് സംസ്‌കാരവും പ്രത്യേക താല്‍പര്യങ്ങളും നിലനിറുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയും എന്നാല്‍, അതോടൊപ്പം പൊതുനാഗരിക ചട്ടക്കൂട് നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു സാമൂഹ്യ-രാഷ്ട്രീയ ആവാസ വ്യവസ്ഥയെയാണ്. ഓരോ ചെറിയ സാമൂഹ്യ വിഭാഗത്തിനും അവരുടെ സംസ്‌കാരവും മൂല്യവ്യവസ്ഥയും വലിയ ഒരു ദേശീയ സമൂഹത്തിനകത്ത്, ദേശീയ സമൂഹത്തിന്റെ നിയമ-മൂല്യവ്യസ്ഥകളോടു ഉരസലില്ലാതെ തന്നെ, നിലനിറുത്താന്‍ അവസരം നല്‍കണം എന്നതാണ് സാംസ്‌കാരിക ബഹുസ്വരതാ വാദത്തിന്റെ (കള്‍ച്ചറല്‍ പ്ലൂരലിസം )കാതല്‍. ദേശീയ സമൂഹം അഥവാ ഒരു പ്രബല സംസ്‌കാരത്തിനു കീഴില്‍ മറ്റു ചെറു സംസ്‌കാരങ്ങളെ സജീവമായി നിലനിര്‍ത്തുക എന്നതാണ് സാംസ്‌കാരിക ബഹുസ്വരത. ഇന്ത്യയില്‍ ഭരണഘടന മുന്നോട്ടുവക്കുന്ന മതേതര സംസ്‌കാരമാണ് ആ പ്രബല സംസ്‌കാരം. അതിനു ഊനംതട്ടാതെ തന്നെ ഓരോ മത-വംശ-ഭാഷാ വിഭാഗത്തിനും അവരുടെ തനത് സംസ്‌കാരം നിലനിറുത്താനും വളര്‍ത്താനുമുള്ള ഭരണഘടനപരമായ അവകാശം നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയെ ഒരു ക്ഷേത്രത്തിനോട് ഉപമിച്ചാല്‍ മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളുമാണ് അതിന്റെ രണ്ടു ഗോപുരങ്ങള്‍. പീഠിക (ുൃലമായഹല) ആണ് അതിന്റെ ശ്രീകോവില്‍. അതില്‍ പ്രതിഷ്ടിതമായ പൂജാ വിഗ്രഹം ‘സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്ന സങ്കല്‍പമാണ്. മറ്റൊരു തരത്തില്‍ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ യാത്രയുടെ അന്തിമ ലക്ഷ്യസ്ഥാനം. അതില്‍തന്നെ സാമൂഹ്യ നീതി എന്ന ലക്ഷ്യത്തിനാണ് പ്രഥമസ്ഥാനം. എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ദേശീയ ജീവിതത്തില്‍ തുല്യവും നീതിപൂര്‍വവുമായ പങ്ക് നല്‍കുക എന്നതാണ് സാമൂഹ്യ നീതിയുടെ സാരം. വിശ്വാസത്തിനും ആവിഷ്‌കാരത്തിനും ആചാരണത്തിനുമുള്ള സ്വാതന്ത്ര്യം, സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം,വ്യക്തിയുടെ മഹത്വവും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യം എന്നീ പീഠിക തത്വങ്ങള്‍, സാമൂഹ്യ നീതിയിലേക്കും സാമൂഹ്യ-രാഷ്ട്രീയ ബഹുസ്വരതയിലേക്കുമുള്ള രാജപാതകളാണ്. പീഠികയില്‍ പറയുന്ന സെക്കുലറിസം എന്ന ആശയത്തിന്റെ വിപുലീകരം മത-വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അനുച്ഛേദം 25 മുതല്‍ 28 വരെയുള്ള മൗലികാവകാശത്തില്‍ കാണാം. അനുച്ഛേദം 14 പ്രകാരമുള്ള സമത്വമാവകാശമനുസരിച്ച് വ്യക്തികള്‍ക്കിടയില്‍ മാത്രമല്ല, സാമൂഹ്യ വിഭാഗങ്ങള്‍ക്കിടയിലും തുല്യതപാലിക്കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ് എന്ന് സുപ്രീംകോടതി ഇസ്മായില്‍ ഫാറൂഖി യൂണിയന്‍ ഓഫ് ഇന്ത്യാകേസില്‍ (1994)വ്യക്തമാക്കിയിട്ടുണ്ട്. അനുച്ഛേദം 29 പ്രകാരം സ്വന്തമായി ഭാഷയോ ലിപിയോ സംസ്‌കാരമോ ഉള്ള ഏതൊരു ജനവിഭാഗത്തിനും അവ സംരക്ഷിക്കാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.
സാമൂഹ്യ-സാംസ്‌കാരിക ബഹുസ്വരതയുടെ ഉപസിദ്ധന്തമാണ് രാഷ്ട്രീയ ബഹുസ്വരത. ഒരര്‍ഥത്തില്‍ സാമൂഹ്യ-സാംസ്‌കാരിക ബഹുസ്വരത നിലനിറുത്താനുള്ള യുക്തിപരമായ അനിവാര്യതയാണ് രാഷ്ട്രീയ ബഹുസ്വരത. രാഷ്ട്രീയ അധികാരം ഏതെങ്കിലും ഒരു വ്യക്തിയിലോ വിഭാഗത്തിലോ കുമിഞ്ഞു കൂടുന്നത് തടയുക എന്നതാണ് രാഷ്ട്രീയ ബഹുസ്വരതയുടെ ലക്ഷ്യം.”എല്ലാ അധികാരങ്ങളും ഒരേ കൈകളില്‍ കുമിഞ്ഞുകൂടുക എന്നത് നിഷ്ടൂര ഭരണത്തിന്റെ നിര്‍വചനമായി ന്യായമായും പ്രഖ്യാപിക്കാവുന്നതാണ്”-അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനായ ജെയിംസ് മാഡിസന്റെ ഈ വാക്കുകള്‍ ഏറെ വിഖ്യാതമാണ്. അധികാരം എവിടെയെങ്കിലും കുമിഞ്ഞു കൂടിയാല്‍ പൗരന്മാരുടെ മഹത്വവും സ്വാതന്ത്ര്യവും ചവിട്ടിമെതിക്കപ്പെടുമെന്നു മാത്രമല്ല, വിവിധ സാമൂഹ്യ-സാംസ്‌കാരിക വിഭാഗങ്ങളുടെ അസ്തിത്വം അപകടത്തിലാകുകയും ചെയ്യും. ഇത്തരം അധികാര കേന്ദ്രീകരണം ഒഴിവാക്കാന്‍ മാഡിസണ്‍ നിര്‍ദേശിച്ച മൂന്നു ഭരണഘടനാ തത്വങ്ങളാണ് അധികാര വിഭജനവും പരസ്പര നിയന്ത്രണവും, ഫെഡറലിസം,ദ്വിമണ്ഡല നിയമ നിര്‍മാണ സഭകള്‍ (ബൈകാമറലിസം) എന്നിവ.
വികേന്ദ്രീകൃത അധികാര വ്യവസ്ഥ (പോളിയാര്‍ക്കി) എന്ന ആശയം അവതരിപ്പിച്ചത് അമേരിക്കന്‍ രാഷ്ട്രമീംസകനായ റോബര്‍ട്ട്ഡാല്‍ (1914-2014) ആണ്. ഡമോക്രസി ആന്‍ഡ് ഇറ്റ്‌സ് ക്രിട്ടിക്‌സ്(1989) എന്ന കൃതിയില്‍ ഡാല്‍, ജനാധിപത്യത്തെകുറിച്ചുള്ള തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചു. പൂര്‍ണ അര്‍ഥത്തിലുള്ള ജനാധിപത്യത്തെ ഡാല്‍ ”പോളിയാര്‍ക്കി” എന്നാണു വിളിച്ചത്. അത് നാമമാത്രമായ ജനാധിപത്യത്തില്‍ (ളീൃാമഹ റലാീരൃമര്യ)നിന്നു വ്യത്യസ്തമാണ്. ഇതു യാഥാര്‍ഥ്യമാക്കാന്‍ അഞ്ച് മുന്‍കൂര്‍ വ്യവസ്ഥകള്‍ ഡാല്‍ മുന്നോട്ടുവച്ചു:

  1. കാര്യക്ഷമമായ പങ്കാളിത്തം: എല്ലാ പൗരന്മാര്‍ക്കും അവരുടെ മുന്‍ഗണകള്‍ രൂപപ്പെടുത്താന്‍ തുല്യമായ അവസരം ഉണ്ടായിരിക്കും, ഈ മുന്‍ഗണകളെ പൊതു അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കാനും അവയെ സാധൂകരിക്കുന്ന വസ്തുതകളും വാദങ്ങളും പൊതു സംവാദത്തില്‍ അവതരിപ്പിക്കാനും സാധിക്കും.
  2. തുല്യമായ വോട്ടിംഗ് അവകാശം: പൊതു വിഷയങ്ങളില്‍ ഒരു പൗരന്‍ എത്തിച്ചേരുന്ന തീര്‍പ്പ്, മറ്റുപൗരന്മാരുടെ സമാനമായ തീര്‍പ്പിനു തുല്യമായി പരിഗണിക്കപ്പെടണം.
  3. പ്രബുദ്ധമായ ഗ്രഹണ ശക്തി: ഓരോ പൗരനും തന്റെ താല്‍പര്യങ്ങളെ ഏറ്റവും കാര്യക്ഷമമായി സംരക്ഷിക്കുന്ന തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം ഉണ്ടായിരിക്കണം.
  4. അജണ്ട തീരുമാനിക്കാനുള്ള അവകാശം: പൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഏതെന്ന് തീരുമാനിക്കാനുള്ള അവകാശം പൗരന്മാരില്‍ നിക്ഷിപ്തമായിരിക്കും.
  5. ആസകലത്വം (ശിരഹൗശെ്‌ലില)ൈ: രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാ പൗരന്മാര്‍ക്കും പങ്കെടുക്കാനുള്ള നിയമാനുസൃതമായ അവസരം ഉണ്ടായിരിക്കും.
    രാഷ്ട്രീയമായും സാംസ്‌കാരികമായും വളര്‍ച്ച പ്രാപിച്ച പൂര്‍ണ അര്‍ഥത്തിലുള്ള ജനാധിപത്യ ക്രമത്തെ യാണ്ഡാല്‍, പോളിയാര്‍ക്കി എന്നു വിശേഷിപ്പിച്ചത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ്, സര്‍വജനീനമായ വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സാമുദായിക സ്വയംഭരണം എന്നിവയാണ് പോളിയാര്‍ക്കിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍. ഭരണഘടനാപരമായി അധികാരം വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കും. അധികാരം ഒരു വ്യക്തിയിലോ വിഭാഗത്തിലോ കുമിഞ്ഞുകൂടാനുള്ള പഴുതുകളെല്ലാം നിയമപരമായും സാംസ്‌കാരികമായും അടച്ചിരിക്കും. രാഷ്ട്രീയ സംസ്‌കാരം പ്രബുദ്ധവും പങ്കാളിത്ത സ്വഭാവമുള്ളതും ആയിരിക്കും. സാമൂഹ്യ-സാംസ്‌കാരിക വൈവിധ്യം രാഷ്ട്രീയ അധികാര ഘടനയില്‍ പ്രതിഫലിക്കും എന്നു മാത്രമല്ല, വികേന്ദ്രീകൃത അധികാര ഘടന, സാമൂഹ്യ-സാംസ്‌കാരിക ബഹുസ്വരതയുടെ ഏറ്റവും മികച്ച സംരക്ഷണ കവചവുമായിരിക്കും. നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്ന രാഷ്ട്രീയ സംവിധാനം ഡാലിയന്‍ പോളിയാര്‍ക്കി തന്നെയാണ്. അത്തരം ഒരു രാഷ്ട്രീയ ആവാസ വ്യവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാര ഘടനയിലും നയരൂപീകരണത്തിലും കാര്യക്ഷമമായി പങ്കെടുക്കാമെന്ന് മാത്രമല്ല, അവരുടെ സാംസ്‌കാരിക അസ്തിത്വത്തെ സംരക്ഷിക്കാനും സാധിക്കും.
    അമേരിക്കന്‍ ഭരണഘടനാ ശില്‍പികളില്‍ പ്രമുഖനായ ജെയിംസ് മാഡിസണ്‍ മുന്നോട്ടുവച്ച ഭരണഘടനാ മാതൃകയില്‍ പ്രാധനപ്പെട്ട ഒരു ഘടകമാണ് ഫെഡറലിസം. അധികാരം ഒരു വ്യക്തിയിലോ സ്ഥാപനത്തിലോ കേന്ദ്രീകരിക്കുന്നതു തടയുകയും ഭരണകൂടത്തിന്റെ അധികാരം നിര്‍വചിതവും പരിമിതവുമാക്കുകയും ചെയ്യുക എന്നതാണ് മാഡിസണിയന്‍ ജനാധിപത്യ ക്രമത്തിന്റെ മുഖ്യലക്ഷ്യം. ഇന്ത്യയെ പോലെ ഭാഷാ-വംശ വൈവിധ്യങ്ങളുള്ള രാജ്യത്തില്‍ ഈ ഘടക വിഭാഗങ്ങള്‍ക്ക് സ്വയം ഭരണം അനുവദിച്ചുകൊണ്ട് ദേശീയ ഐക്യം നിലനിര്‍ത്തുന്നു എന്നതാണ് ഫെഡറലിസത്തിന്റെ സവിശേഷത. ലോകമെങ്ങുമുള്ള വംശീയ-മതന്യൂനപക്ഷങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ പിന്തുണക്കുന്നത് ദേശീയ ഐക്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരുടെ വ്യക്തിത്വവും പരിമിതമായ സ്വയംഭരണവും അതനുവദിക്കുന്നു എന്നതിനാലാണ്. ശ്രീലങ്കയിലെ തമിഴരും നേപ്പാളിലെ മധേസികളും ഫെഡറലിസത്തിനു വേണ്ടി വീറോടെ വാദിക്കുന്നത് ഇതിനാലാണ്.
    എന്നാല്‍, ഇന്നത്തെ കേന്ദ്ര ഭരണകക്ഷി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയധാര എന്നും ഫെഡറലിസം എന്ന ആശയത്തിന് എതിരായിരുന്നു. ഭരണഘടനാ നിര്‍മാണ പ്രക്രിയയിലെ ആദ്യ തദ്ദേശീയ കാല്‍വപ്പായ 1928-ലെ മോത്തിലാല്‍ നെഹ്‌റു റിപ്പോര്‍ട്ടില്‍ ഫെഡറലിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ഹിന്ദു മഹാസഭ അതിനെ നിശിതമായി എതിര്‍ക്കുകയും യൂണിറ്ററി സംവിധാനത്തിനു വേണ്ടി വാദിക്കുകയുമാണ് ചെയ്തത്. 1961-ല്‍ ദേശീയോദ്ഗ്രഥന സമിതിക്കു അയച്ച കത്തില്‍ സംഘ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യനായ എം.എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘ഇന്ന് നിലവിലുള്ള ഫെഡറല്‍ ഭരണസംവിധാനം വിഘടനാവാദത്തിനു ജന്മംനല്‍കുന്നു എന്നുമാത്രമല്ല, അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഏക രാഷ്ട്രം എന്ന വസ്തുത അത് നിഷേധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയുന്നു. ഫെഡറലിസത്തെ സമൂലം നീക്കം ചെയ്യണ്ടതു കൊണ്ട് ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്; അതിനു പകരം ഒരു യൂണിറ്ററി ഭരണ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്’.
    വിചാരധാരയില്‍ ഒന്നുകൂടി വ്യക്തമായി ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ എഴുതി: ”ഭാരതമെന്ന രാഷ്ട്രത്തിന്റെ ഉള്ളിലുള്ള സ്വയംഭരണമോ അര്‍ദ്ധ-സ്വയംഭരണമോ ഉള്ള സ്റ്റേറ്റുകളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവും ഫലപ്രദവുമായ കാല്‍വയ്പ്, നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച എല്ലാചര്‍ച്ചയും ആഴത്തില്‍ കുഴിച്ചുമൂടുക എന്നതാണ് . ‘ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിര്‍വഹണ വിഭാഗം’ എന്ന് ഉദ്‌ഘോഷിക്കുക. നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗംവരുത്താന്‍ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ അഭിമാനങ്ങളെ അനുവദിച്ചുകൂടാ. നമ്മുടെ ഭരണഘടനയെ പുനഃപരിശോധിക്കുകയും തിരുത്തി എഴുതുകയും ഒരു യൂണിറ്ററി ഭരണ സംവിധാനം സ്ഥാപിക്കുകയും വേണം”.
    ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഭരണ-രാഷ്ട്രീയ തലത്തില്‍ പ്രതിഫലിപ്പിക്കുന്ന ഫെഡറലിസത്തെ മാത്രമല്ല, വികേന്ദ്രീകൃത അധികാര ഘടനയേയും ജനാധിപത്യത്തേയും സാംസ്‌കാരിക ബഹുസ്വരതയേയുമെല്ലാം ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചവരാണ് ഫാസിസ്റ്റു ശക്തികള്‍. അവര്‍ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ അവരോധിതരായിരിക്കുന്നുവെന്ന ഒറ്റ കാരണംകൊണ്ടുതന്നെ ഇന്ത്യയുടെ ബഹുസ്വര സാമൂഹവും സംസ്‌കൃതിയും ഭയാനകമായ അസ്തിത്വ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ തത്വങ്ങള്‍ അധികാര കേന്ദ്രീകരണം ഒഴിവാക്കാനാണു ശ്രമിക്കുന്നതെങ്കില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അധികാര കേന്ദ്രീകരണത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഈ പ്രത്യയശാസ്ത്രവും ഭരണഘടനയുടെ ആത്മാവും യോജിച്ചു പോകുകയില്ല. ഇംഗ്ലീഷ് സാഹിത്യകാരനായ ഇ.എം ഫോസ്റ്റര്‍ തന്റെ ‘ടു ചിയേഴ്‌സ് ഫോര്‍ ഡെമോക്രസി’ എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നുണ്ട്: ”ജനാധിപത്യത്തിനു രണ്ട് അഭിനന്ദനങ്ങള്‍: ഒന്ന് അതു വൈവിധ്യം അംഗീകരിക്കുന്നു, രണ്ട് അത് വിമര്‍ശനം അനുവദിക്കുന്നു ”. വൈവിധ്യവും അഭിപ്രായ വ്യത്യാസങ്ങളും ബഹുമാനിക്കപ്പെടുന്ന ജനാധിപത്യക്രമം, ഫാസിസ്റ്റു മേല്‍ക്കോയ്മക്കു കീഴില്‍ സുരക്ഷിതമല്ല. ബഹുസ്വര സംസ്‌കൃതിക്കു പകരം ഹിന്ദുത്വത്തിലൂന്നിയ ഏകശിലാ സംസ്‌കാരമാണ് ഫാസിസ്റ്റുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
    ബഹുസ്വര സംസ്‌കാരത്തിനു നേരെ ഉയരുന്ന വെല്ലുവിളി ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് ന്യൂപക്ഷങ്ങള്‍ക്കും അവരുടെ സാംസ്‌കാരിക അസ്തിത്വത്തിനും നേരെയാണ്. ന്യൂനപക്ഷങ്ങള്‍, അവര്‍ ന്യൂനപക്ഷമാണ് എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ”ഒരു രാഷ്ട്രം യഥാര്‍ഥത്തില്‍ സ്വന്തന്ത്രമാണോ എന്നറിയാനുള്ള ഏറ്റവും വ്യക്തമായ മാനദണ്ഡം അവിടെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ അളവാണ്”- ബ്രിട്ടീഷ് ചരിത്രകാരനും രാഷ്ട്രതന്ത്രജ്ഞനുമായ ആക്ടന്‍ പ്രഭു നിരീക്ഷിക്കുകയുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ‘അഭിമാന പൂര്‍ണമായ അസ്തിത്വം’ അതിനാല്‍തന്നെ ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യത്തിന്റെ അളവുകോലാണ്.
    ഭരണഘടനയെ ലംഘിക്കുന്ന പൗരത്വ നിയമം

ഭരണഘടനാ തത്വങ്ങളെ തകര്‍ക്കാന്‍, ഭരണഘടനാ സ്ഥാപനങ്ങളെതന്നെ ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ ശ്രമങ്ങളാണ് നമ്മുടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത്. സിറ്റിസണ്‍ഷിപ് അമെന്‍ഡ്‌മെന്റ് ആക്ട് 2019 ഇത്തരത്തിലുള്ള ഒരു നീക്കമാണ്. മതേതര വിരുദ്ധമായ, തീര്‍ത്തും വിവേചനപരമായ ഒരു ‘ക്ലാസ്ലെജിസ്ലേഷന്‍’ ആണിത്.
ഭരണഘടനയുടെ അനുച്ഛേദം 14 പക്ഷപാതപരമായ നിയമങ്ങള്‍ (ക്ലാസ്ലെജിസ്ലേഷന്‍) പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുണ്ട്. ക്ലാസ്ലെജിസ്ലേഷന്‍ എന്നാല്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ അനുചിതമായ വിവേചനം കാണിച്ചുകൊണ്ട്, ഒരേനിലയിലുള്ള വ്യക്തികളില്‍ നിന്ന് കുറച്ചുപേരെ ഒരു തത്വദിക്ഷയുമായില്ലാതെ തെരെഞ്ഞെടുത്ത് അവകര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമമാണ്. അത്തരം തെരഞ്ഞെടുക്കല്‍ നിയതവും വ്യക്തവുമായ ഒരു മാനദണ്ഡവുമുണ്ടാവില്ല. നിയമത്തിന്റെ ലക്ഷ്യം ഭരണഘടനാനുസൃതമായിരിക്കണം. മധുലിമായെ ്‌.െ സൂപ്രണ്ട് ഓഫ് തീഹാര്‍ ജയില്‍ കേസില്‍ (1975) ജയിലില്‍ യൂറോപ്യന്‍ തടവുകാര്‍ക്ക് ഇന്ത്യന്‍ തടവുകാരേക്കാള്‍ ഉയര്‍ന്ന സൗകര്യം നല്‍കുന്നത്. ക്ലാസ്ലെജിസ്ലേഷനാണെന്നും ആയതിനാല്‍ അതു ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധിച്ചത് ഇതിന് ഉദാഹരണമാണ്. 1955-ലെ സിറ്റിസണ്‍ഷിപ് ആക്ട് ഭേദഗതി ചെയ്യാനാണ് ഉദ്ദേശ്യം. പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് നിയമ പ്രകാരമുള്ള രേഖകളില്ലാതെ ഇന്ത്യയിലേക്കു വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പരിഗണിക്കരുത് എന്നാണ് ആക്ട് അനുശാസിക്കുന്നത്. അവരെ ഈ കാരണത്താല്‍, 1920-ലെ പാസ്‌പോര്‍ട്ട് ആക്ട്, 1946-ലെ ഫോറീനേഴ്‌സ് ആക്ട് എന്നിവ പ്രകാരമുള്ള നാടുകടത്തലിനു വിധേയരാക്കികൂട. അവര്‍ക്ക് എത്രയും പെട്ടന്ന് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഈ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ പന്ത്രണ്ടു വര്‍ഷം താമസിക്കണം. ഈ കാലാവധി ഏഴു വര്‍ഷമാക്കി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതും അതില്‍ ഒരു വിഭാഗത്തിനു പൗരത്വം നല്‍കുകയും മറു വിഭാഗത്തിന് പൗരത്വം നിഷേധിക്കുകയും ചെയുന്നത് മതേതരത്വത്തിനും സമത്വാവകാശത്തിനും എതിരാണ്. അനുച്ഛേദം 14 പ്രകാരമുള്ള സമത്വാവകാശം പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ലഭ്യമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.
ആസ്സാമില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ തയാറാക്കുന്ന തിരക്കിലാണ് ഭരണകൂടം. ഇതിലൂടെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദുചെയ്യുക എന്നതാണ് ലക്ഷ്യംവക്കുന്നത്. എന്നാല്‍, സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ പാസായതിനാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത ഹിന്ദുകുടിയേറ്റക്കാര്‍ക്ക് അനായാസം ഇന്ത്യന്‍ പൗരത്വം ലഭിക്കും. മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടുകയും ചെയ്യും. ഇത് കടുത്ത അനീതിയാണ്. ഇസ്രായേല്‍ ജൂതജനതക്ക് എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യ ഹിന്ദുജനതക്ക് എന്നൊരു സന്ദേശമാണ് ഇതിലൂടെ ഭരണകൂടം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതു ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര സങ്കല്‍പത്തിന് കടക വിരുദ്ധമാണ്.
ഈ ആക്ടിനെ ഭരണഘടനാ വിരുദ്ധമായ ഒരു ക്ലാസ്ലെജിസ്ലേഷന്‍ ആക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. വിഭജനത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ പാകിസ്താനേയും ബംഗ്ലാദേശിനേയും ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് ദുര്‍ബലമായ ന്യായീകരണമെങ്കിലും ഉന്നയിക്കാം. എന്നാല്‍, അഫ്ഘാനിസ്ഥാന്‍ എങ്ങനെ ഈ ലിസ്റ്റില്‍ വന്നു?. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഢിത ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുക എന്ന ലക്ഷ്യമാണുള്ളതെങ്കില്‍ ലോകത്തിലെതന്നെ ഏറ്റവും പീഢിത ന്യൂനപക്ഷമായ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ എന്തുകൊണ്ട് ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തുന്നില്ല? അവരെ പുറന്തള്ളാന്‍ എന്തുകൊണ്ട് തിടുക്കം കാണിക്കുന്നു?. പാകിസ്ഥാനിലെ പീഢിത ന്യൂനപക്ഷമായ അഹ്മദിയ്യാ വിഭാഗത്തെ എന്തുകൊണ്ട് ഈ ലിസ്റ്റില്‍ നിന്നൊഴിവാക്കി?
മേല്‍പറഞ്ഞ കാരണങ്ങള്‍കൊണ്ട് തീര്‍ത്തും ഭരണഘടനാ വിരുദ്ധവും നീതിവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണ് സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ആക്ട്. മാത്രമല്ല, ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ പാരമ്പര്യത്തിന്റെ നിരാകരണം കൂടിയാണിത്. ഈ നയം ഇന്ത്യയുടെ പൈതൃകത്തിനു വിരുദ്ധമാണ്. ഇത് ‘അഭാരതീയം ‘(ഡികിറശമി) ആണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്ത നടപടി, ഡല്‍ഹി വംശീയ കലാപം, ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന ‘ലൗജിഹാദ് നിരോധന നിയമം’ എന്നിവയെല്ലാം ഇന്ത്യയുടെ ബഹുസ്വര താളത്തെ മായ്ച്ചുകളയാനുള്ള ഭരണകൂടത്തിന്റെ ആസൂത്രിത നീക്കങ്ങളാണ്. ഇന്ത്യയുടെ സര്‍വ വര്‍ണവും അഖില സുഗന്ധവുമുള്ള പൂന്തോപ്പിനെ ഫാസിസത്തിന്റെ വിഷവൃക്ഷം മാത്രമുള്ള പാഴ്‌നിലമാവാന്‍ അനുവദിച്ചികൂടാ. ഇന്ത്യന്‍ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയത് 1947 ഓഗസ്റ്റ് 15 നു പുലര്‍കാലത്ത് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ വച്ചായിരുന്നു. ഇന്ത്യയുടെ വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭു പതാകയുയര്‍ത്തിയായപ്പോള്‍ ചക്രവാളത്തില്‍ ഒരുമഴവില്‍ വിരിഞ്ഞു. അത് നവജാത രാഷ്ട്രത്തിന്റെ സകല നിറങ്ങളേയും സ്വരങ്ങളേയും ഉള്‍കൊള്ളുന്ന സവിശേഷതയുടെ പ്രതീകമായിരുന്നു. നമ്മുടെ രാഷ്ട്രം ഒരു മഴവില്‍ ദേശമാണ്. നമ്മള്‍ ആ മഴവില്‍ ദേശത്തിന്റെ പടയാളികളാവുക !

‘നാം തളര്‍ന്നു വീണതോ,
തകര്‍ന്നുപോയതോ,
അവരറിയണ്ട.
നാം വസന്തത്തെ വരവേല്‍ക്കാനായി,
പഴയ ഇലകള്‍
പൊഴിക്കുകയാണെന്ന്
അവര്‍ ധരിച്ചു കൊള്ളട്ടെ’
-മൗലാനാ ജലാലുദ്ദീന്റൂമി.

സി.കെ ഫൈസല്‍ പുത്തനഴി