2006 ല്‍ കുറ്റിപ്പുറത്തെ വിജയത്തിലൂടെയാണ് താങ്കള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതും ആദ്യമായി നിയമസഭാ സാമാജികനാവുന്നതും. അന്ന് ജമാഅത്തെ ഇസ്‌ലാമി നിങ്ങളെ സഹായിച്ചു. വിജയിച്ചയുടനെ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ ജമാഅത്ത് അമീറായ ടി. ആരിഫലിയെ കാണാന്‍ പോയി താങ്കള്‍ നന്ദി രേഖപ്പെടുത്തി. നിങ്ങള്‍ പഠിച്ചതും ജമാഅത്ത് സ്ഥാപനത്തില്‍ തന്നെ. എന്നാല്‍, താങ്കള്‍ ഇപ്പോള്‍ ജമാഅത്ത് വിരുദ്ധ പക്ഷത്താണ്. എന്തുകൊണ്ട് ഇതു സംഭവിച്ചു ?
ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ വിശ്വാസ താത്പര്യത്തിനപ്പുറത്തേക്ക് വരുമ്പോഴുണ്ടാവുന്ന പരിണിതിയാണ്് ജമാഅത്തെ ഇസ്‌ലാമിയില്‍ ഇപ്പോള്‍ കാണുന്നത്. 2006 ല്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായി ജനങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ആ സമയത്ത് ഒട്ടുമിക്ക സംഘടനകളും യു.ഡി.എഫ് വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. അതിന്റെ ഭാഗമായി ജമാഅത്തും എല്‍.ഡി.എഫിനെ പിന്തുണച്ചു. അന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഒരാള്‍ വോട്ടു ചെയ്യാമെന്നു പറഞ്ഞാല്‍ അതു വേണ്ടാ എന്നു ഒരു സ്ഥാനാര്‍ഥിയും സാധാരണ പറയാറില്ല. ഒരു വ്യവസ്ഥയും അങ്ങോട്ടോ ഇങ്ങോട്ടോ വച്ചിട്ടുമില്ല. പിന്തുണ നിരുപാധികമായിരുന്നു എന്നര്‍ഥം. അന്നു ഞാന്‍ ഇടതുപക്ഷം പിന്തുണച്ച ഒരു ജനകീയ സ്ഥാനാര്‍ഥിയുമായിരുന്നു. എല്ലാ ഭാഗത്തുനിന്നും സഹായം ലഭിക്കുകയും ചെയ്തു. വോട്ടുചെയ്തു എന്നുള്ളതു കൊണ്ട് പിന്തുണച്ചവരുടെ ആളായി നില്‍ക്കാനാവില്ലല്ലോ? എല്ലാ മതസംഘടനകളോടും സമ സാമീപ്യം പുലര്‍ത്തണമെന്നാഗ്രഹിക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് അതു കഴിയുകയുമില്ല. അന്ന് ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യമുള്ളവര്‍ നടത്തുന്ന സ്ഥാപനത്തില്‍ പഠിച്ചത് കൊണ്ടു മാത്രം ഒരാള്‍ ജമാഅത്തെ ഇസ്‌ലാമി ആകണമെന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. സ്ഥാപന നടത്തിപ്പുകാരുടെ ഒരാനുകൂല്യവും ഞാന്‍ പറ്റിയിട്ടില്ല. പൂര്‍ണ ഫീസുകൊടുത്താണ് പഠിച്ചത്. ഒരു ഘട്ടത്തിലും ഞാന്‍ അന്ന് ജമാഅത്തെ ഇസ്‌ലാമിയിലോ അവരുടെ വിദ്യാര്‍ഥി സംഘടനയിലോ അംഗമായി പ്രവര്‍ത്തിച്ചിട്ടില്ല.
2006 നു ശേഷമാണു ജമാഅത്തെ ഇസ്‌ലാമി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. അതോടു കൂടി മത-സാമുദായിക സംഘടന എന്ന തലത്തില്‍ നിന്നും ഒരു സെമി പൊളിറ്റിക്കല്‍, സെമി റിലീജ്യസ് സ്വഭാവത്തിലേക്ക് അവര്‍ക്ക് പരിണാമം സംഭവിച്ചു. അതു കൊണ്ടുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയെ പൊളിറ്റിക്കലായി അംഗീകരിക്കുന്നവരെ മാത്രം പിന്തുണക്കുന്ന രീതിയിലേക്ക് അവര്‍ മാറുകയാണുണ്ടായത്. അതിനുദാഹരണമാണ് യു.ഡി.എഫുമായി രാഷ്ട്രീയ ധാരണയില്‍ ഇപ്പോളവര്‍ എത്തിയത്. വെല്‍ഫെയര്‍ സഖ്യം യു.ഡി.എഫിനു മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയും എന്നു തോന്നുന്നില്ല. കാരണം, മുസ്‌ലിംകളിലെ തന്നെ വലിയൊരു വിഭാഗം അവരുടെ രാഷ്ട്രീയ ആശയ നിലപാടുകളോട് വിയോജിക്കുന്നവരാണ്. ജമാഅത്ത് ബന്ധം ലീഗിനും യു.ഡി.എഫിനും നഷ്ടക്കച്ചവടമായി എന്നു അവര്‍ക്കുതന്നെ ബോധ്യമായിരിക്കുകയാണ്.
മുസ്‌ലിം ലീഗ് മക്കരപ്പറമ്പും കൂട്ടിലങ്ങാടിയും പുഴക്കാട്ടിരിയും ചുറ്റിത്തിരിഞ്ഞു നില്‍ക്കേണ്ട ഒരു ‘മലപ്പുറം പാര്‍ട്ടി’യാണെന്നാണ് ദീര്‍ഘ വീക്ഷണമില്ലാത്ത നേതൃത്വത്തിന്റെ ധാരണ എന്നു തോന്നുന്നു. പ്രാദേശിക സ്വഭാവത്തോടെ പരിമിതപ്പെട്ട പല സംഘടനകളും പില്‍ക്കാലത്ത് മറ്റു ദിക്കുകളിലേക്ക് കൂടി വ്യാപിക്കാന്‍ ശ്രമിക്കുന്ന കാലത്താണ് (ഉവൈസിയുടെ ഹൈദരാബാദ് കേന്ദ്രീകൃത ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി) ലീഗ്, പേരിനെങ്കിലുമുണ്ടായിരുന്ന അതിന്റെ ദേശീയ സ്വഭാവത്തില്‍ നിന്ന് മണ്ണാര്‍ക്കാടിനും രാമനാട്ടുകരക്കുമിടയില്‍ ഒതുങ്ങാന്‍ പെടാപ്പാട് പെടുന്നത്.
ഹൈദരാബാദ് പാര്‍ട്ടി എന്നാണല്ലോ കാലങ്ങളായി ഉവൈസിയുടെ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് സ്ഥിതിഗതികള്‍ മാറി. മഹാരാഷട്രയിലും ബീഹാറിലും യു.പിയിലുമെല്ലാം അവര്‍ പ്രാതിനിധ്യം ഉറപ്പുവരുത്തി മുന്നോട്ടു പോവുകയാണ്. ബംഗാളില്‍ അവര്‍ മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തയും വന്നുകഴിഞ്ഞു. ഉവൈസിയുടെ പാര്‍ട്ടി ചിറക് വിശാലമാക്കുമ്പോഴാണ് ലീഗ് നേരത്തെയുണ്ടായ പ്രാതിനിധ്യങ്ങളില്‍ നിന്നും ചുരുങ്ങുന്നത്. ഈ പിരിമിതപ്പെടലിനു ആക്കം കൂട്ടിയിരിക്കുകയാണ് വെല്‍ഫെയറുമായുള്ള ബാന്ധവം. ഇനിയുള്ള കാലം മലപ്പുറത്ത് നിന്നു ജയിക്കുന്ന വിരലിലെണ്ണാവുന്നവരുടെ സംഘമായി മുന്നോട്ടു പോകാനാണോ ലീഗ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ സമഗ്ര ഭൂമിക പോലും ലീഗിന് നഷ്ടമാവുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് ഇക്കാലമത്രയും ലീഗിന് കേരളീയ പൊതുസമൂഹം കല്‍പിച്ചു നല്‍കിയിരുന്ന മതേതര പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുമെന്നുറപ്പാണ്. ദൗര്‍ഭാഗ്യവശാല്‍ അതു മനസ്സിലാക്കാനുള്ള ദീര്‍ഘ ദൃഷ്ടി ലീഗിനുണ്ടാകുന്നില്ല എന്നതാണ് സത്യം. സ്ഥാനത്തും അസ്ഥാനത്തും മുസ്‌ലിം ലീഗിനെ ശക്തമായി വിമര്‍ശിച്ച് ശരിയാക്കിയിരുന്ന മാധ്യമം പത്രവും മീഡിയാവണ്‍ ചാനലും നിലപാട് മാറി കുഴലൂതുന്നത് കാണാന്‍ നല്ല ചേലുണ്ട്. ലീഗിലെ തന്നെ പരിഷ്‌കരണവും നവോഥാനവും ആഗ്രഹിക്കുന്നവരുടെ മനോഗതം പ്രകടമാക്കിയിരുന്ന ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ ലീഗിലെ ജീര്‍ണതകള്‍ക്കെതിരെ ശബ്ദിച്ചത് ആരും മറന്നു കാണില്ല. അത്തരം വിമര്‍ശനങ്ങള്‍ക്ക് തടയിടുക എന്ന ഉദ്ദേശത്തോടെയും സ്വാര്‍ഥമായ രാഷട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ലീഗിലെ പുത്തന്‍ കൂറ്റുകാരായ നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. പുതിയ ‘സംബന്ധത്തിലൂടെ’ മാധ്യമം, മീഡിയാവണ്‍ എന്നിവയെ അതിസമര്‍ഥമായി നിശബ്ദമാക്കിയിരിക്കുകയാണ്. ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ ലീഗ് വിമര്‍ശനം നിര്‍ത്തിയപ്പോള്‍ അരുതായ്മകളെ തുറന്നുകാട്ടാന്‍ സമുദായത്തിനകത്തു നിന്നുതന്നെ പുതിയ ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നതാണ് നാം കാണുന്നത്.
ജമാഅത്തെ ഇസ്‌ലാമി മതസംഘടനയുടെ ലേബലില്‍ അറിയപ്പെടാനല്ല രാഷട്രീയ സംഘടനയായി കീര്‍ത്തി കിട്ടാനാണ് ആഗ്രഹിക്കുന്നത്. ഇതിനാണ് കോണ്‍ഗ്രസും ലീഗും വളംവച്ചു കൊടുക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു പരസ്യ വേഴ്ചക്ക് തയ്യാറായില്ലെങ്കിലും രഹസ്യ സഖ്യത്തിനു മുതിരുമെന്ന കാര്യത്തില്‍ സംശയമില്ല.
‘യു.ഡി.എഫിനെ ലീഗ് വിഴുങ്ങുന്നു, അമീര്‍, ഹസന്‍, കുഞ്ഞാലിക്കുട്ടി’ തുടങ്ങിയ ഇസ്‌ലാമോഫോബിക്കായ പ്രചാരണം ഫാസിസത്തിനല്ലോ ദീര്‍ഘാടിസ്ഥാനത്തില്‍ ബലമേകുക. ഈ ആരോപണം സംഘ്പരിവാര്‍ നേരത്തെ ഉന്നയിച്ചുവരുന്നതാണ്. ഇപ്പോള്‍ പിണറായിയും കൊടിയേരിയും വിജയരാഘവനും ഇതേ ഭാഷ്യം തന്നെ കടമെടുക്കുന്നു ?
ലീഗിനേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും വിമര്‍ശിക്കുന്നത് മുസ്‌ലിം സമുദായത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ശ്രമിക്കുന്നത്. മുസ്‌ലിംലീഗ് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. ലീഗിനെ ആരെങ്കിലും എതിര്‍ക്കുമ്പോള്‍ മുസ്‌ലിം സമുദായത്തെ വിമര്‍ശിക്കുന്നതായി ലീഗിന് തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’എന്ന പദം ഒഴിവാക്കാനല്ലേ അവര്‍ ശ്രമിക്കേണ്ടത്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ പല്ലി വാലു മുറിച്ചിട്ട് ഓടുമെന്ന് പറയാറുണ്ടല്ലോ. ഉത്തരം മുട്ടന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ മുസ്‌ലിം ലീഗും വാല് മുറിച്ചിട്ട് ‘മുസ്‌ലിമി’ല്‍ അഭയം തേടുന്നത് പതിവാക്കിയിരിക്കുകയാണ്. രാഷട്രീയ ഇഛാശക്തി ദുര്‍ബലമാകുമ്പോഴാണ് ഇത്തരം മലക്കംമറിച്ചിലിന് ലീഗ് മുതിരുന്നത്. യു.ഡി.എഫില്‍ ലീഗിന്റെ അപ്രമാധിത്വമുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ യു.ഡി.എഫില്‍ മുസ്‌ലിം മേധാവിത്വമുണ്ട് എന്നല്ല അതിന്റെ അര്‍ഥമെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതാണ് വര്‍ത്തമാന കാലത്തെ ലീഗിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. നെഹ്റു ലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞപ്പോള്‍ സി.എച്ച് കൊടുത്ത മറുപടി ചരിത്രപ്രധാനമാണ്. ‘അല്ല പണ്ഡിറ്റ്ജി, ലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ’് ഇതായിരുന്ന ആ മറുപടി. അന്ന് നെഹ്റു മുസ്‌ലിം സമുദായത്തെ ചത്തകുതിരയെന്നു വിളിച്ചു എന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല.
മത സ്വത്വത്തിലേക്ക് ഒരു രാഷട്രീയ പാര്‍ട്ടിക്ക് ഉള്‍വലിയേണ്ടിവരുന്നത് അവരുടെ രാഷട്രീയമായ ഉള്‍ക്കരുത്ത് ചോര്‍ന്നു പോകുമ്പോഴാണ്. ജമാഅത്തെ ഇസ്‌ലാമിയേയോ വെല്‍ഫെയര്‍ പാര്‍ട്ടിയേയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതു ഇസ്‌ലാമിനെ എതിര്‍ക്കലാണെന്ന് സമീകരിച്ച് ഇസ്‌ലാമോഫോബിയയെ എഴുന്നള്ളിക്കുന്നത് എത്രമാത്രം വിചിത്രമാണ്. ഇസ്‌ലാമിനെ സമഗ്രമായി പ്രതിനിധീകരിക്കുന്നത് ജമാഅത്താണെന്നാണ് എക്കാലത്തും അവരുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ സമസ്തയും കാന്തപുരം വിഭാഗവും മുജാഹിദ് സംഘടനകളും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? ഈ സംഘടനകളെ കൂട്ടിക്കെട്ടി ആരും ഒന്നും പറയാറില്ലല്ലോ?. രാഷട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴുണ്ടാവുന്ന വിമര്‍ശനങ്ങളെ രാഷട്രീയമായിത്തന്നെ കാണണം. അല്ലാതെ അതിനു സാമുദായികതയുടെയും മതത്തിന്റെയും പരിവേഷം നല്‍കുന്നത് വിരോധാഭാസമാണ്.
ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ എന്നതിനെ സാമുദായികമായി കാണുന്നതിനു പകരം ലീഗ്-വെല്‍ഫെയര്‍-കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ. കൂഞ്ഞൂഞ്ഞ്-മാണി-കുഞ്ഞാലിക്കുട്ടി എന്ന പ്രയോഗമുണ്ടായപ്പോള്‍ ആരും അത് വലിയ പ്രശ്നമാക്കിയതായി കണ്ടിട്ടില്ല. മുസ്‌ലിം പേരുകള്‍ കൂട്ടിപ്പറയുമ്പോഴേക്ക് അതിനെ ഇസ്‌ലാമോഫോബിയയാക്കി വഴിതിരിച്ചു വിടുന്നത് ശുദ്ധ അസംബന്ധമാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാടെന്നല്ലാതെ ഇതിനെയൊക്കെ മറ്റെന്താണ് പറയുക? ഹസന്‍ യു.ഡി.എഫ് കണ്‍വീനറാണ്, കുഞ്ഞാലിക്കുട്ടി ലീഗിന്റെ നേതാവാണ്, അമീര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആത്മീയ നേതാവാണ്. അവരാണ് യു.ഡി.എഫിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന രാഷട്രീയ പരാമര്‍ശമായിട്ടേ താങ്കള്‍ സൂചിപ്പിച്ച പ്രസ്താവനയെ കാണേണ്ടതുള്ളൂ.
യു.ഡി.എഫില്‍ ലീഗ് ആധിപത്യം നേടുകയോ നേടാതിരിക്കുകയോ ചെയ്യെട്ടെ, അതില്‍ സി.പി.എം എന്തിനു ഇടപെടണം. കേരളീയ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനയുടെ അര്‍ഥം വ്യത്യസ്തമല്ലേ ?
കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്തുന്നു എന്നു പറഞ്ഞാല്‍ ഉണ്ടാവാത്ത എന്തു വികാരമാണ് മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നു എന്നു പറഞ്ഞാല്‍ ഉണ്ടാവുന്നത്. ലീഗ് ആവശ്യപ്പെടുന്നത് എന്തും കോണ്‍ഗ്രസ് പാണക്കാട്ട് എത്തിക്കുമെന്നാണല്ലോ കാലങ്ങളായുള്ള ലീഗിന്റെ അവകാശവാദം. ഒരു പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സ്ട്രെങ്ങ്ത്തിനേയാണ് അത്തരം പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ലീഗ് ഇതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. യു.ഡി.എഫില്‍ അടിത്തറയുള്ള പാര്‍ട്ടിയാണല്ലോ ലീഗ്. അതുകൊണ്ടാണ് ലീഗ് പറയുന്നത് കോണ്‍ഗ്രസ്സിന് കേള്‍ക്കേണ്ടിവരുന്നത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റി ആന്റണിയെ കൊണ്ടുവരാന്‍ ആരാണ് ചരടുവലിച്ചത്? എന്തിനാണ് അന്നു ഐ.ഐ.സി.സി പാണക്കാട്ടേക്ക് ദൂതനെ പറഞ്ഞയച്ച് ലീഗിന്റെ അഭിപ്രായം ആരാഞ്ഞത്. അന്നും ഇത്യാദി പരാമര്‍ശങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. ലീഗ് അതിനെ തങ്ങളുടെ രാഷട്രീയ ശക്തിയുടെ ഉദാഹരണമായി അഭിമാനത്തോടെ കാണുകയും ചെയ്തിരുന്നു. അന്നു കാണാത്ത ദ്വയാര്‍ഥം ഇപ്പോഴെന്തിനാണ് ലീഗ് കാണാന്‍ തത്രപ്പെടുന്നത്. മഞ്ഞക്കണ്ണടയിലൂടെ നോക്കുമ്പോള്‍ എല്ലാം മഞ്ഞയായി തോന്നുന്നതാണ് അതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ എന്താകും മറുപടി? എല്ലാറ്റിനേയും വര്‍ഗീയമായും മതപരമായും മാത്രം കാണാന്‍ ശ്രമിക്കുന്ന ലീഗ് അവരകപ്പെട്ട പ്രതിസന്ധിയുടെ ആഴമാണ് മാലോകരെ ബോധ്യപ്പെടുത്തുന്നത്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്ക് അത് തങ്ങളെ കുറിച്ചാണെന്നുള്ള ഭയാശങ്ക ലീഗിനുണ്ടെങ്കില്‍ പാര്‍ട്ടി പിരിച്ചുവിടുന്നതിനെ കുറിച്ച് ആലോചിക്കലല്ലേ ഭംഗി.
വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ കഴിഞ്ഞ ത്രിതല പഞ്ചായത്തുകള്‍ പലതും എല്‍.ഡി.എഫ് ഭരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം മുന്‍സിപ്പാലിറ്റി മൂന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മെമ്പര്‍മാരുടെ പിന്തുണയോടെ അഞ്ചു വര്‍ഷമാണ് ഇടതുപക്ഷം ഭരിച്ചത്. നിങ്ങളുടെ വെല്‍ഫെയര്‍ വിരുദ്ധ സമീപനത്തില്‍ എന്തു അര്‍ഥമാണുള്ളത്. ഇതു പച്ചയായ രാഷട്രീയ കാപട്യമല്ലേ?
സംസ്ഥാന-ജില്ലാ കമ്മറ്റികളുടെ അറിവോടെ ഒരു സഖ്യവും വെല്‍ഫെയറുമായി ഇടതുമുന്നണി ഇതുവരേ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആദ്യമായി യു.ഡി.എഫാണ് സംസ്ഥാന വ്യാപകമായി ഇത്തരമൊരു ധാരണ സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെ നടത്തിയത്.
പ്രാദേശികമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ ഇടതുപക്ഷം ഉണ്ടാക്കിയല്ലോ?
പ്രാദേശികമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ പാടില്ലെന്നാണ് ഇടതു പാര്‍ട്ടികളുടെ പ്രഖ്യാപിത നയം. അങ്ങിനെ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍കാലത്ത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുകയാണല്ലോ വേണ്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തനിസ്വഭാവം എന്താണെന്ന് സമീപ കാലത്ത് കൂടുതല്‍ പ്രകടമായതും വിസ്മരിക്കാവതല്ല. അവര്‍ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാനുള്ള ശ്രമത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് ജനാധിപത്യത്തെയും തിരഞ്ഞെടുപ്പുകളെയും കാണുന്നത്. അതു തിരിച്ചറിയാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോട് ബി.ജെ.പിയോടെന്ന പോലെ അകലം പാലിക്കാന്‍ തീരുമാനിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനുള്ള ഉപാധി ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് പറയുന്നതു പോലെയാണ് ഭൂരിപക്ഷ മതരാഷട്രവാദത്തെ ന്യൂനപക്ഷ മത രാഷട്രവാദമുയര്‍ത്തി ചെറുക്കാന്‍ ശ്രമിക്കുന്നതും.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ലീഗിന്റെ ആഭ്യന്തര വിഷയമാണ്. എന്തിനാണ് ഇതിനെ സി.പി.എം ഭയപ്പെടുന്നത്. സത്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് സി.പി.എമിനെ ഭയപ്പെടുത്തുന്നുണ്ടോ ?
മുസ്‌ലിം സമുദയത്തിന്റെ താത്പര്യങ്ങളാണല്ലോ ലീഗിന്റെ പരമമായ ലക്ഷ്യം. അഹമ്മദ് സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണല്ലോ കുഞ്ഞാലിക്കുട്ടി പോയത്. ആ സാഹചര്യം ഇപ്പോള്‍ മാറിയോ? കുഞ്ഞാലിക്കുട്ടിയേക്കാള്‍ മികച്ച ആരെങ്കിലും ദേശീയ നേതൃത്വത്തിലേക്ക് പുതുതായി എത്തിയിട്ടുണ്ടോ? കുഞ്ഞാലിക്കുട്ടി പോയതു കൊണ്ട് ദേശീയ രാഷട്രീയത്തില്‍ പ്രതീക്ഷിച്ച മെച്ചമുണ്ടാക്കാന്‍ ലീഗിന് കഴിഞ്ഞില്ലേ? ഭാഷാനൈപുണ്യം വേണ്ടത്ര ഇല്ലാത്തത് കൊണ്ടാണോ അദ്ദേഹം തിരിച്ചുവരുന്നത്? ഒരു വാര്‍ഡ് മെമ്പറെ കേരളത്തിന്റെ പുറത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ലീഗിന് അധികമായി ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണോ ഈ മടക്കം? ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യത ലീഗിനുണ്ട്. അനവസരത്തിലെ കുഞ്ഞാലിക്കുട്ടിയുടെ ചുവടുമാറ്റം യു.ഡി.എഫിന്റെ വിദൂര സാധ്യതയെ പോലും തകര്‍ത്തു എന്നതാണ് വസ്തുത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ ഭരണം വന്നാല്‍ മന്ത്രിയാവാം
എന്നദ്ദേഹം മോഹിച്ചു. പക്ഷേ, അതിനു കഴിഞ്ഞില്ല. ഇനി ഇവിടെ വല്ല സാധ്യതയും ഉണ്ടോ എന്ന ഭാഗ്യാന്വേഷണമാണ് കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തുന്നത്. നരേന്ദ്രമോദി എല്ലാ പ്രതിപക്ഷ എം.പിമാര്‍ക്കും നേരെ ഇ.ഡിയെ ഉപയോഗിച്ചു അന്വേഷണം നടത്തുന്നുണ്ട് എന്നുകേട്ടു. ഈ ഭയവും അദ്ദേഹത്തിനുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
കുഞ്ഞാലിക്കുട്ടി-കുഞ്ഞൂഞ്ഞ് സഖ്യത്തെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ?
ഒരിക്കലുമില്ല. ഓടിത്തളര്‍ന്ന ജോഡികളെ എന്തിന് ഭയപ്പെടണം? കോണ്‍ഗ്രസ് കോണ്‍ഗ്രസിലെ ആളുകളെ സെക്യുലറൈസ് ചെയ്തിട്ടില്ല. അതിന്റെ ദുരന്തമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നത്.സി.പി.എം ആകട്ടേ വ്യവസ്ഥാപിതമായി അതുചെയ്തു. സി.പി.എം തങ്ങളുടെ അണികളെ സെക്യുലറൈസ് ചെയ്തതിന്റെ ഗുണമാണ് അവരിപ്പോള്‍ അനുഭവിക്കുന്നത്. ഇടതുപക്ഷത്തു നിന്ന് ആരും ആര്‍.എസ്.എസിലേക്കോ ബി.ജെ.പിയിലേക്കോ ചേക്കേറാത്തത് അതുകൊണ്ടാണ്. ആര്‍.എസ്.എസ് എന്താണെന്ന് സി.പി.എം അവരുടെ അണികളെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ആര്‍.എസ്.എസ് അല്ലാത്ത എന്തുമായിക്കൊള്ളൂ എന്നാണ് ഇടതുപക്ഷം അണികളെ പഠിപ്പിച്ചിട്ടുള്ളത്. പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കേണ്ടത് ആര്‍.എസ്.എസിനെ ആണെന്ന് ഒരു സഖാവിനറിയാം. ബി.ജെ.പി ജയിച്ച തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ടിംഗ്് നില നോക്കൂ. കോണ്‍ഗ്രസ് വോട്ട് എങ്ങോട്ടാണ് പോയതെന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടും. കേരളത്തിലെ കോണ്‍ഗ്രസിനേയും ബി.ജെ.പി വിഴുങ്ങുകയാണ്. ഇനിയും കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കാനാവില്ല. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് പോവാതെ ആരെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതു മതിയായ വില കിട്ടാത്തതുകൊണ്ട് മാത്രമായിരിക്കും. അമിത്ഷാ നല്ല വില വാഗ്ദാനം നല്‍കിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്ന കാര്യത്തില്‍ സന്ദേഹമേ വേണ്ട. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലാണ് ലീഗ് അകപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നും രക്ഷപ്പെട്ട് ലീഗിനു വേണമെങ്കില്‍ ഒരു തോണിയില്‍ കയറി രക്ഷപ്പെടാം. ഈ കപ്പലില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ ലീഗും മുങ്ങിച്ചാവുന്ന സ്ഥിതിയുണ്ടാകും.
കേരളത്തില്‍ ലീഗ് ആദ്യമായി അധികാരത്തിലെത്തിയത് ഇടതുപക്ഷത്തോടൊപ്പമാണ്. എല്‍.ഡി.എഫ് മുന്നണിയിലേക്ക് ലീഗിന്റെ ചുവടുമാറ്റ സാധ്യതയെ എങ്ങനെ കാണുന്നു ?
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒപ്പത്തിനൊപ്പം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലീഗ് ആദ്യമായി സി.പി.എമിനൊപ്പം ചേര്‍ന്ന് അധികാരത്തിലെത്തിയ കാലത്ത് ഭൂരിപക്ഷ വര്‍ഗീയത എന്ന പ്രതിഭാസം സജീവമായിട്ടുണ്ടായിരുന്നില്ല. ഇന്നുപക്ഷേ ചിത്രം മാറി. ഭൂരിപക്ഷ വര്‍ഗീയത ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതക്ക് ഊര്‍ജം പകരുകയാണ്. ഒരുതരത്തിലുള്ള വര്‍ഗീയതയോടും സന്ധിയാവാന്‍ വര്‍ത്തമാന സാഹചര്യത്തില്‍ ഒരു മതേതര പാര്‍ട്ടിക്കും കഴിയില്ല. അതു ബി.ജെ.പിയോടായാലും വെല്‍ഫെയര്‍ പാര്‍ട്ടിയോടായാലും. ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ് എന്നു പറയാന്‍ പറ്റില്ലെങ്കിലും ഒരു സാമുദായിക പാര്‍ട്ടിയാണെന്ന് നിസ്സംശയം പറയാം. മുസ്‌ലിംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണ് എന്ന നിലയിലാണ് ബി.ജെ.പി നാടെങ്ങും പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്, ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികളായ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ തുടര്‍ച്ചയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ തണലിലാണ് രാഹുല്‍ എന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ലീഗിന്റെ കൊടി തെറ്റിദ്ധാരണാജനകമായി സംഘി സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. വാക്കിലോ നോക്കിലോ പേരിലോ ഭാവത്തിലോ വര്‍ഗീയ ചുവയുള്ള ഒരു പാര്‍ട്ടിയുമായിട്ടും യോജിച്ചു പോവാന്‍ കഴിയാത്ത രാഷട്രീയ സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോള്‍ രാജ്യം പോയിക്കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ സമൂഹത്തില്‍ മുസ്‌ലിം പേടി അതിഭീകരമായ രീതിയില്‍ വര്‍ധിച്ചു വരികയാണ്. ന്യൂനപക്ഷ സമുദായം അനര്‍ഹമായി പലതും നേടി എന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയാ കാംപയ്നിംഗും നടക്കുന്നുണ്ട്. മന്ത്രി കെ.ടി ജലീലും ഇതില്‍ ആരോപണ വിധേയനാണ്. ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്ന രീതിയില്‍ താങ്കളുടെ വകുപ്പ് വഴി മുസ്‌ലിം സമുദായത്തിനു പല ആനുകൂല്യങ്ങളും നല്‍കുന്നു എന്ന തെറ്റായ പ്രചാരണവും നടക്കുന്നു. എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടു സത്യസന്ധമായി ഒരു വിശദീകരണവും നല്‍കാത്തത്. ക്രൈസ്തവ സഭകളുടെ ഇസ്‌ലാമോഫോബിക്കായ പ്രചാരണങ്ങളുടെ പ്രിവിലേജ് ഇതിനോട് മൗനം പാലിച്ച് ഇടതുപക്ഷവും നേടുകയാണോ ?
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിലെ മാത്രം പിന്നാക്കാവസ്ഥ പഠിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സംവിധാനമായിരുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ എങ്ങനെ നടപ്പാക്കണം എന്നു പഠിക്കാനാണ് പാലോളി കമ്മിറ്റി രൂപീകൃതമായത്. ആ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ ഉദ്യോഗസ്ഥ മേഖലയില്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോച്ചിംഗ് സെന്ററുകളില്‍ മാത്രമാണ് 80 ശതമാനം സീറ്റുകള്‍ മുസ്‌ലിം സമുദായത്തനു നീക്കിവച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചില സ്‌കോളര്‍ഷിപ്പുകളും നടപ്പിലാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായം മുഴുവനായും കേരളത്തില്‍ സംവരണത്തിനു അര്‍ഹരായ വിഭാഗമാണ്. എന്നാല്‍, ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മാത്രമാണ് റിസര്‍വേഷനു അര്‍ഹതയുള്ളവരായിട്ടുള്ളത്. അവരെക്കൂടി പരിഗണിക്കാന്‍ വേണ്ടിയാണ് 80/20 എന്ന അനുപാതം നിശ്ചയിച്ചത്. ക്രൈസ്തവ സംഘടനകളുടെ ആവശ്യപ്രകാരം കേരളത്തിലെ ക്രൈസ്തവ സമുദായത്തിലെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈസ്തവ സമുദായത്തിന് ന്യായമായും അവകാശപ്പെട്ടത് അവര്‍ക്കും നല്‍കും. അതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്‌കരിച്ചു നടപ്പിലാക്കും.
മദ്റസാധ്യാപകര്‍ക്ക് അവരുടെ വിഹിതം കൂടി ചേര്‍ത്തു നല്‍കുന്ന പെന്‍ഷനെതിരേ വ്യാപകമായ തെറ്റിദ്ധാരണകളാണ് പരക്കുന്നത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറാണ് എന്നുവരേയുള്ള പ്രചാരണം ശക്തമാണ്. വകുപ്പ് മന്ത്രി എന്ന നിലയില്‍ ആരോപണം താങ്കള്‍ക്കെതിരേയുമുണ്ട് ?
മദ്റസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് മദ്റസാ മാനേജ്മെന്റുകളാണ്. അല്ലാതെ സര്‍ക്കാരല്ല. എല്ലാ ക്ഷേമനിധികളേയും പോലെ ഒരു ക്ഷേമനിധി, പാലോളി കമ്മറ്റി ശുപാര്‍ശ പ്രകാരം മദ്റസാ അധ്യാപകര്‍ക്കു വേണ്ടി രൂപംകൊടുത്തിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ മുപ്പതിനായിരത്തോളം അംഗങ്ങള്‍ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. മദ്‌റസാ അധ്യാപകരുടേയും മദ്റസാ മാനേജ്മെന്റിന്റേയും വിഹിതം വാങ്ങിയിട്ടാണ് ഇതു നടത്തി കൊണ്ടുപോവുന്നത്. അവരടച്ച തുകയില്‍ നിന്നാണ് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അവര്‍ക്കു ലഭിക്കുക. ആകെ ആയിരത്തഞ്ഞൂറോളം പേര്‍ക്കാണ് ക്ഷേമനിധിയില്‍ നിന്നും ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നത്. ഇതു നാട്ടിലെ എല്ലാ ക്ഷേമനിധികളെ പോലെയുള്ള ഒരു ക്ഷേമനിധി മാത്രമാണ്. എല്ലാ ക്ഷേമനിധികളിലേക്കുമുള്ള ഒരു വിഹിതം പോലെ ഒരു വിഹിതം ഈ ക്ഷേമനിധിയിലേക്കും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമാനമായി ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധിയിലേക്കും നല്‍കുന്നുണ്ട്. മദ്റസ ക്ഷേമനിധി എക്കൗണ്ട് മുഴുവന്‍ ട്രഷറിയിലാണ്. പലിശ പാടില്ല എന്ന കാരണത്താല്‍ പണം ഒരു ബാങ്കിലുമല്ല നിക്ഷേപിച്ചിട്ടുള്ളത്. ട്രഷറിയില്‍ നിക്ഷേപിക്കുക വഴി സര്‍ക്കാറിനെ സഹായിക്കുകയാണ് ബോര്‍ഡ് ചെയ്തത്. 25 കോടിയോളം വരുന്ന തുക സര്‍ക്കാറിനു യഥേഷ്ടം ഉപയോഗിക്കാം. ആവശ്യമുള്ള സമയത്ത് തിരിച്ചു നല്‍കിയാല്‍ മതി. അതിനു പകരമായി ഒരു ഇന്‍സെറ്റീവ് സര്‍ക്കാര്‍ ക്ഷേമനിധിയിലേക്ക് നല്‍കുന്നുണ്ട്. അതല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ കൊടുക്കുന്നില്ല.
പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പലതും പൂര്‍ണമായും നടപ്പിലാക്കിയില്ല. പലതിലും വെള്ളം ചേര്‍ക്കുകയും ചെയ്തു, മറ്റു ന്യൂനപക്ഷ സമുദായത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നതു കൊണ്ടാണോ ?
പാലോളി കമ്മിറ്റിയിലെ ആദ്യത്തെ ശുപാര്‍ശ മലബാറില്‍ വ്യാപകമായി ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ സ്ഥാപിക്കണം എന്നതായിരുന്നു. 178 ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ആ കാലത്ത് മലബാറില്‍ മാത്രം അനുവദിച്ചു. മലബാറില്‍ വളരെ കൂടുതല്‍ ഐ.ടി.ഐകള്‍ സ്ഥാപിച്ചതും പ്രസ്തുത ശുപാര്‍ശയെ തുടര്‍ന്നാണ്. മലപ്പുറം ജില്ലയില്‍ ഒരു ഐ.ടി.ഐ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അരീക്കോട് മാത്രം. ഇപ്പോള്‍ എത്രയെണ്ണമുണ്ട്? മക്കരപ്പറമ്പ്, ചെറിയമുണ്ടം, മാറഞ്ചേരി. നിര്‍ലോഭം ഐ.ടി.സികള്‍ അനുവദിച്ചു. മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചു. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ടപ്പെട്ട നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കിക്കഴിഞ്ഞു.
വിധവകള്‍ക്കുള്ള ഭവന നിര്‍മാണം നിലച്ചു. മദ്റസാ അധ്യാപകര്‍ക്കുള്ള ഭവന സഹായത്തിനുള്ള ഫണ്ടുകള്‍ മുടങ്ങി ?
വിധവകള്‍ക്കുള്ള ഭവന പദ്ധതി ഏകീകരിച്ച് ലൈഫ് മിഷന്റെ ഭാഗമാക്കി. രണ്ടു ലക്ഷം രൂപ ലഭിച്ചിടത്ത് ഇപ്പോള്‍ ലൈഫ് മിഷന്റെ ഭാഗമായി നാലു ലക്ഷം രൂപ മുസ്‌ലിം വിധവകള്‍ക്ക് ലഭിക്കുന്നുണ്ട്. മദ്റസാ അധ്യാപകര്‍ക്കുള്ള ഭവന സഹായം ഇപ്പോഴും തുടരുന്ന സ്‌കീമാണ്.
മലപ്പുറം ജില്ലയിലെ ജനസംഖ്യ വളരെ കുടൂതലാണ്. ജില്ലയുടെ വികസനത്തിനു ജില്ലാ വിഭജനം എന്ന ആശയം എന്തുകൊണ്ടാണ് സി.പി.എം എതിര്‍ക്കുന്നത് ?
ജില്ലാ വിഭജനം ഇപ്പോള്‍ ആവശ്യമില്ല. ജില്ലക്കുള്ള ആനുകൂല്യങ്ങള്‍ കുറയുമ്പോഴല്ലേ ജില്ല വിഭജിക്കപ്പെടേണ്ടത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 16 അസംബ്ലി മണ്ഡലങ്ങള്‍ ജില്ലയിലുണ്ട്. ആവശ്യത്തിന് താലൂക്കുകളുണ്ട്. റവന്യൂ ഭരണത്തിനു ഒരു തടസ്സവുമില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ ഫണ്ടുകളും ജനസംഖ്യാനുപാതികമായാണ് അനുവദിക്കപ്പെടുന്നത്. മലപ്പുറത്തിന് രണ്ടു കലക്ടര്‍മാരും രണ്ടു കലകട്രേറ്റും ഉണ്ടാവില്ല എന്നു മാത്രമേയുള്ളൂ. മലപ്പുറത്തെ സംബന്ധിച്ചേടത്തോളം തല്‍സ്ഥിതി തുടരുന്നതാണ് ഉത്തമം.
ഇതുവരെ താങ്കള്‍ സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല, പാര്‍ട്ടി അംഗവുമല്ല, ഇനി മത്സരംഗത്തേക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണോ ?
വ്യക്തിപരമായി എന്റെ ആഗ്രഹം അധ്യാപനത്തിലേക്ക് തിരിച്ചു പോവണം എന്നാണ്. എന്നാല്‍, അവസാനമായി അതു പറയേണ്ടത് പാര്‍ട്ടിയാണ്. കാരണം എന്നെ ഒരു പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവരുടെ തീരുമാനമായിരിക്കും എന്റെ അക്കാര്യത്തിലുള്ള അന്തിമ തീരുമാനം. വ്യക്തപരമായ ആഗ്രഹങ്ങള്‍ നമുക്ക് ഏറെ കടപ്പാടുള്ളവര്‍ക്കയി മാറ്റിവക്കുക സ്വാഭാവികമാണല്ലോ.
കൊല്ലപ്പെട്ട ഔഫിനെ സി.പി.എം രക്തസാക്ഷിയാക്കി രാഷട്രീയ മുതലെടുപ്പിനുപയോഗിക്കുകയാണെന്ന ആരോപണത്തെ കുറിച്ച് ?
ഔഫ് എസ്.എസ്.എഫിന്റെ പ്രവര്‍ത്തകനാണെങ്കിലും ഡി.വൈ.എഫ്.ഐയിലും അംഗത്വം എടുത്തിട്ടുണ്ട്. സി.പി.എമിന്റെ അനുഭാവിയുമാണ്. അങ്ങനെയുള്ള ഒരാളുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുത്താല്‍ എന്താണ് പ്രശ്നം. വളരെ പാവപ്പെട്ട കുടുംബമാണ് ഔഫിന്റേത്. ആ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കും എന്നു പറഞ്ഞാല്‍ അതിനെ എന്തിനാണ് വഴിപോക്കര്‍ എതിര്‍ക്കുന്നത്. ഓരോ പാര്‍ട്ടിക്കാരും അവരപരുടെ അനുഭാവികള്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വധിക്കപ്പെടുമ്പോള്‍ അവരവരുടെ കൊടി പുതപ്പിക്കുക സാധാരണമാണ്. ലീഗ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട ഔഫിന്റെ മൃതദേഹത്തിനുമേല്‍ ചെങ്കൊടി പുതപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
ഡോ.കെ.ടി ജലീല്‍ / ശഫീഖ് പന്നൂര്‍