1921; വര്‍ഗീയ കലാപം എന്ന പെരുംനുണ

2152

ഇന്ത്യയില്‍ അഞ്ചു നൂറ്റാണ്ടോളം നിലനിന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ സവിശേഷമായ അധ്യായമാണ് മലബാര്‍ കലാപം. തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക രാഷ്ട്രീയ പരിസരത്തില്‍ നിഷ്‌കളങ്കമായ ദേശസ്‌നേഹവും പോരാട്ടവീര്യവും സമംചേര്‍ത്ത്, അര്‍ദ്ധ സംഘടിതമായി ഒരു ഗ്രാമീണ ജനത നടത്തിയ ചെറുത്തുനില്‍പിന്റെ ചരിത്രമാണത്. പതിനാറാം നൂറ്റാണ്ടുമുതല്‍ മലബാറിന്റെ തീരപ്രദേശങ്ങളില്‍ രൂപപ്പെട്ട സമരങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടോടെ വര്‍ദ്ധിത ജനപങ്കാളിത്തം കൈവരിക്കുകയും 1921 മലബാര്‍ കലാപത്തില്‍ കലാശിക്കുകയുമായിരുന്നു. ഓരോ കാലഘട്ടങ്ങളിലും മാപ്പിള പ്രതിരോധങ്ങള്‍ക്ക് ‘മാതൃ രാഷ്ട്രത്തിന്റെ സംരക്ഷണം’ എന്ന പൊതുവായ കാരണത്തോടെപ്പം സമകാലികമായ പുതിയൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു. മാപ്പിള ജീവിതത്തിന്റെ സകലമേഖലകളിലുമെന്ന പോലെ അവരുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ബൗദ്ധിക നേതൃത്വം നല്‍കിയത് മതപണ്ഡിതന്മാര്‍ തന്നെയാണ്. മലബാര്‍ കലാപവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പുതിയ മാനങ്ങള്‍ തേടുകയും പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിനെതിരെ മലബാറില്‍ നടന്ന സംഘടിത ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍ വികൃതമായും വര്‍ഗീയമായും പുനരവതരിപ്പിക്കാന്‍ കലാപാനന്തരം കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി. തങ്ങളുടെ കച്ചവട-മിഷിനറി-സാമ്രാജ്യത്വ അജണ്ടകള്‍ക്കെതിരെ പ്രതിരോധ സമരങ്ങള്‍തീര്‍ത്ത തദ്ദേശീയ ജനതക്കെതിരെ ഭരണകൂടം കെട്ടഴിച്ചുവിട്ട മൃഗീയ പീഡനങ്ങളും മനുഷ്യത്വ രഹിതമായ വംശഹത്യകളും വെളുപ്പിച്ചെടുക്കാന്‍ ഭരണകൂടം കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു അത്. എണ്ണമറ്റ കൂട്ടക്കൊലകളും ക്രൂരതകളും നടത്തിയ ബ്രിട്ടീഷ് പട്ടാളത്തിന് നേതൃത്വം നല്‍കിയ
ജി.ആര്‍.എഫ് ടോട്ടന്‍ഹാം(The Mappila Rebellion)‑, ആര്‍.എച്ച് ഹിച്ച്‌കോക്ക് (A History of Malabar Rebellion)‑, ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രചിച്ചുവച്ച മലബാര്‍ ചരിത്രഗ്രന്ഥങ്ങള്‍ കൊലയാളികളുടെ ആസൂത്രിതമായ മൊഴികളുടെ പകര്‍പ്പുകള്‍ മാത്രമാണ്.
കൊളോണിയല്‍ രചനകള്‍ക്കു ശേഷം അവ പകര്‍ത്തിയെഴുതിയും വിപുലപ്പെടുത്തിയും ആഖ്യാനങ്ങള്‍ നിര്‍മിച്ചത് കലാപത്തിന്റെ പഭോക്താക്കളിലെ രണ്ടാം വിഭാഗമായിരുന്നു സവര്‍ണ ഹിന്ദുക്കള്‍! ബ്രിട്ടീഷുകാര്‍ ചരിത്രാഖ്യാനം കൊണ്ട് അവരുടെ സാമ്രാജ്യത്വ വംശഹത്യകളെ നീതീകരിച്ചതു പോലെ സവര്‍ണ ചരിത്രകാരന്‍മാര്‍ ജന്മിമാരും പ്രഭുക്കളും മാപ്പിളമാരോടും ചെയ്ത ദയാരഹിതമായ അക്രമങ്ങളെയും ചൂഷണങ്ങളെയും നിയമ വത്കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ജി. ഗോപാലന്‍ നായര്‍ (The Mappila Rebellion), കെ മാധവന്‍ നായര്‍ (മലബാര്‍ കലാപം) പോലെയുള്ളവര്‍ മാപ്പിളമാരെ മത ഭ്രാന്തന്മാരും അക്രമസ്വഭാവമുള്ള വരുമായി ചിത്രീകരിക്കാന്‍ യാഥാര്‍ഥ്യങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവച്ചും ഊഹാപോഹങ്ങളെ പെരുപ്പിച്ചുകാട്ടിയും രചനകള്‍ നടത്തി.
അതേസമയം, ഇതിനിടയില്‍ സത്യസന്ധമായ ചരിത്രം പറഞ്ഞവരുമുണ്ട്. എം.പി നാരായണമേനോന്‍, മൊഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ചുരുക്കത്തില്‍, ബ്രിട്ടീഷ് രചനകളിലും ഭരണതലത്തില്‍ സ്വാധീനം ഉണ്ടായിരുന്ന സവര്‍ണ രചനകളിലും മലബാര്‍ സമരത്തിലെ മുഖ്യ പങ്കാളികളായ മാപ്പിളമാരുടെ ശബ്ദം പ്രതിഫലിച്ചില്ല
കെ കോയട്ടി മൗലവി രചിച്ച ‘1921 മലബാര്‍ ലഹളയുടെ’ ആമുഖത്തില്‍ കോഴിപ്പുറത്ത് മാധവമേനോന്‍ പറയുന്ന ഒരു കാര്യമുണ്ട്. ‘1921 മലബാര്‍ ലഹള ഒരു സാമുദായിക ലഹളയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഭയങ്കര അനീതിയാണ്. 1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘ശിപായിലഹള’ എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതു പോലെ തന്നെയായിരിക്കും ഇതിനെ മാപ്പിളലഹള എന്നു വിളിക്കുന്നത്. ഇതില്‍ ഒരു സാമുദായിക ഭ്രാന്തും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രമേണ ഹിന്ദുക്കളില്‍ ഒരു വിഭാഗം ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നു. ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നവര്‍ ലഹളക്കാരുടെ വിരോധികള്‍ ആയി മാറി. ഇതില്‍ മതപരമെന്നോ സാമുദായികമെന്നോ ഉണ്ടായിരുന്നില്ല.’


കലാപത്തിന്റെ വേരുകള്‍
1921 ലെ മലബാര്‍ കലാപം ഒറ്റപ്പെട്ട ഒരു സംഭവമോ ചരിത്രമോ അല്ല. പതിറ്റാണ്ടുകളായി നിലനിന്ന കാര്‍ഷിക രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഉജ്വലമായ പരിസമാപ്തിയായിരുന്നു. അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് തങ്ങളുടെ കൃഷിയും ഭൂമിയും പിടിച്ചെടുത്ത ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിനെതിരെ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന മാപ്പിള സമര (Mappila Outbreaks‑) പരമ്പരയുടെ തുടര്‍ച്ചയായിരുന്നു അത്. ഇന്ത്യന്‍ മുസ്‌ലിംകള്‍, വിശിഷ്യ മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളികളാകാന്‍ ചരിത്രപരമായി തന്നെ നിരവധി കാരണങ്ങളുണ്ട്. പോര്‍ച്ചുഗീസ് കാലംതൊട്ട് മലബാറില്‍ കാലുകുത്തിയ അധിനിവേശ ശക്തികളോട് ഒരിക്കല്‍ പോലും സന്ധിയാവാതെ നിരന്തരമായി കലഹിച്ചു കൊണ്ടിരുന്ന ഒരേയൊരു ജനതയാണവര്‍. പൊന്നാനി മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ പാരമ്പര്യ മുസ്‌ലിം പണ്ഡിത നേതൃത്വം ബൗദ്ധികമായ പിന്‍ബലം നല്‍കിയതോടെ വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടം മാപ്പിളമാരുടെ സിരകളില്‍ ചേര്‍ന്ന വികാരമായി. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അറബ്-മുസ്‌ലിം കച്ചവടബന്ധങ്ങള്‍ക്കാണ് പറങ്കികളുടെ വരവ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. കോഴിക്കോട്ടെ തുറമുഖ കച്ചവടത്തില്‍ നിന്ന് ചെങ്കടല്‍ ഭാഗത്തുനിന്നുള്ള അറബികളെ പുറത്താക്കണമെന്ന് അപേക്ഷിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് സാമൂതിരി രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘വിദേശികളായല്ല, സ്വദേശികളായാണ് അവരിവിടെ ജീവിക്കുന്നത്’. അധികാര വാഴ്ചയും ബലപ്രയോഗവും നടത്താതെ ഹൃദയബന്ധങ്ങള്‍കൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ പരമ്പരാഗത അറബ് കച്ചവടക്കാര്‍ അപ്രത്യക്ഷമായതോടെ മലബാറിലെ മാപ്പിള ജീവിതത്തിന്റെ സന്തുലിതാവസ്ഥ തന്നെ അപകടത്തിലായി. പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ജന്മി-കുടിയാന്‍ കാര്‍ഷിക സമ്പ്രദായത്തോടെയാണ് മലബാറിലെ സാമൂഹ്യ ജീവിതം പൂര്‍ണമായി പ്രക്ഷുബ്ധമാവുന്നത്. നിയമങ്ങള്‍ യഥേഷ്ടം പൊളിച്ചെഴുതാനും കുടിയാന്മാരെ കുടിയൊഴിപ്പിക്കാനുള്ള സമ്പൂര്‍ണ അധികാരവുമായി ജന്മിമാര്‍ സ്വതന്ത്രരായി വിഹരിച്ചു. ഇതത്രയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണയോടെയായിരുന്നു. ‘കോളനി ഭരണം തുടങ്ങുന്നതിനുമുമ്പ് കേട്ടുകേള്‍വി കൂടി ഇല്ലായിരുന്ന കുടിയൊഴിക്കല്‍ പതിവാക്കി തീര്‍ത്തത് കാണനിലത്തിന്റെ കച്ചവട വത്കരണത്തിന് ഭൂപ്രഭുക്കളെ സഹായിച്ച ബ്രിട്ടീഷുകാരുടെ റവന്യൂ നീതിയാണ് (കെ. എന്‍.പണിക്കര്‍: മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, പേജ് 53)
ജന്മിമാരില്‍ ഭൂരിഭാഗവും നായന്‍മാരും ബ്രാഹ്മണരും കുടിയാന്മാരില്‍ ഭൂരിഭാഗവും മാപ്പിളമാരും കീഴ്ജാതി ഹിന്ദുക്കളുമായിരുന്നു. അഴിമതിക്കും അനീതിക്കുമെതിരെ പോരാടേണ്ടത് മതപരമായ ബാധ്യതയായി കണ്ട മുസ്‌ലിംകള്‍ പ്രലോഭനങ്ങളുമായി വന്ന ബ്രിട്ടീഷ് മധ്യസ്ഥ ശ്രമങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ മുസ്‌ലിംകള്‍ മാത്രമുള്ള പോലീസ് സേന ഉണ്ടാക്കുക, ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് നേതൃനിരയിലുണ്ടായിരുന്ന എളമ്പുളിശ്ശേരി ഉണ്ണിമൂസക്ക് എളമ്പുളിശ്ശേരി ഗ്രാമത്തിന്റെ കരം ഒഴിവാക്കി കൊടുക്കുക, മഞ്ചേരി ഹസന്‍ കുരിക്കളെ പോലീസ് മേധാവി ആക്കുക തുടങ്ങിയവ ഈ പ്രലോഭനങ്ങളില്‍ ചിലതായിരുന്നു.
1836 നും 1852 നുമിടയില്‍ ചെറുതും വലുതുമായ പതിനെട്ടോളം കലാപങ്ങള്‍ നടന്നിട്ടുണ്ട് എന്നാണു കണക്ക്. ബ്രിട്ടീഷ്-ജന്മി വിരുദ്ധ കലാപങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നപേരില്‍ 1852 ല്‍ മമ്പുറം അലവിതങ്ങളുടെ പുത്രന്‍ ഫസല്‍പൂക്കോയ തങ്ങളെ അറേബ്യയിലേക്ക് നാടുകടത്തി. തങ്ങളുടെ പ്രിയ നേതാവിനെ നാടുകടത്തിയ ബ്രിട്ടീഷ് പദ്ധതിക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ കനോലിയെ 1855 ല്‍ മാപ്പിളമാര്‍ കൊലപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും കാര്‍ഷിക സംഘട്ടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1885 ല്‍ പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ്‌ചെയ്ത് വെല്ലൂരിലേക്ക് നാടുകടത്തി. ഫസല്‍ തങ്ങളുടേതിനു സമാനമായ കുറ്റം തന്നെയായിരുന്നു ആറ്റക്കോയ തങ്ങള്‍ക്കുമേലും ചുമത്തിയത്.


ഖിലാഫത്തും നിസ്സഹകരണവും
ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ പോരാട്ടങ്ങളും ജന്മിവിരുദ്ധ കര്‍ഷക സംഘട്ടനങ്ങളും കൊണ്ട് സ്‌ഫോടനാത്മകമായ മലബാറില്‍ കലാപത്തിന്റെ അഗ്‌നി കൊളുത്തിയത് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണ്. ഖിലാഫത്ത് മത മുഖമുള്ള ആശയമാണെങ്കിലും അതിനെ ഒരു സംഘടിത സമരമുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു.
1914-18 കാലത്ത് നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍,ഫ്രാന്‍സ്,റഷ്യ സഖ്യകക്ഷികള്‍ക്കെതിരെ ജര്‍മനി നയിച്ച സഖ്യത്തിന് ഓട്ടോമന്‍ സാമ്രാജ്യം പിന്തുണ നല്‍കി. തങ്ങളുടെ മതരാഷ്ട്രീയ നേതൃത്വമായ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ബ്രിട്ടനെതിരെ ലോക മുസ്‌ലിംകളുടെ വികാരമുണ്ടായി. വിശുദ്ധ മക്ക, മദീന എന്നിവയുടെ പരിപാലകര്‍ എന്ന നിലയില്‍ ഉസ്മാനിളോട് മുസ്‌ലിംലോകം പ്രത്യേകമായ അനുഭാവം പ്രകടിപ്പിക്കുകയും അവര്‍ക്ക് വിനാശകരമായ സംഭവങ്ങളില്‍ ആശങ്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മുസ്‌ലിംകളുടെ അതൃപ്തി പരിഹരിക്കാനും ലോകയുദ്ധത്തിന് അവരുടെ പിന്തുണ ഉറപ്പാക്കാനുമായി ഉസ്മാനിയ്യ ഖിലാഫത്തിനോ ഹിജാസ് ഉള്‍പ്പെടുന്ന പുണ്യസ്ഥലങ്ങള്‍ക്കോ ദോഷകരമായ ഒന്നും യുദ്ധത്തിലുണ്ടാവില്ല എന്ന ഒരു വിളംബരം ബ്രിട്ടന്‍ നടത്തിയിരുന്നു. എന്നാല്‍, വെള്ളക്കാര്‍ നല്‍കിയ ഉറപ്പ് ജലരേഖ പോലെ മാഞ്ഞു പോകുന്നതാണ് പിന്നീടു കണ്ടത്. യുദ്ധം ഓട്ടോമന്‍ തുര്‍ക്കികളെയും അവരുടെ ഖിലാഫത്ത് സംവിധാനങ്ങളെയും സാരമായി ബാധിച്ചു. ഹിജാസ് ഉള്‍പ്പെടെയുള്ള അറബ് പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥയും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടത് ജര്‍മനിയായിരുന്നെങ്കിലും യുദ്ധം കൊണ്ട് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടത് ഓട്ടോമാന്‍ സാമ്രാജ്യത്തിനായിരുന്നു. സൈക്‌സ് പിക്കോ ധാരണ (Sykes-Picot Agreement 1916)‑, സെവ്‌റസ് കരാര്‍ (Tretay of Sevres 1920) തുടങ്ങിയ ഉടമ്പടികളിലൂടെ മുസ്‌ലിം ലോകത്തിന്റെ ഹൃദയഭാഗമായ അറബ് ലോകം ഉസ്മാനികളില്‍നിന്ന് അടര്‍ത്തിയെടുത്ത് ബ്രിട്ടീഷ് ഫ്രഞ്ച് കോളനികളാക്കി മാറ്റി.
ഈ ചരിത്രവഞ്ചനക്കെതിരെ മുസ്‌ലിം ലോകത്ത് ശക്തമായ പ്രതിഷേധം അലയടിച്ചു. അക്കാലത്ത് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിലെ മുന്‍നിര മുസ്‌ലിം നേതാക്കളായ മൗലാന മുഹമ്മദലി, അബുല്‍ കലാം ആസാദ്, ഹസ്‌റത്ത് മൊഹാനി, ഹക്കീം അംജദ്ഖാന്‍ തുടങ്ങിയവര്‍ ആള്‍ ഇന്ത്യ ഖിലാഫത്ത് മൂവ്‌മെന്റിനു രൂപം നല്‍കി. വിവിധ സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു. മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ 1919 ല്‍ ഹിന്ദു-മുസ്‌ലിം സംയുക്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ സംഘടിതമായ ഒരു ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമായി. ഖിലാഫത്ത് സമരത്തോടൊപ്പം ഗാന്ധിജി മുന്നോട്ടുവച്ച നിസ്സഹകരണ പ്രസ്ഥാനം കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഹിന്ദു-മുസ്‌ലിം സഹകരണം ദൃശ്യമായി. 1920 ല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ റൗലത്ത് ആക്ട് പിന്‍വലിക്കുക, സ്വരാജ് യാഥാര്‍ഥ്യമാക്കുക, ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നീ ത്രിമാന ലക്ഷ്യങ്ങളുമായി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം അവതരിപ്പിച്ചു. തൊട്ടടുത്ത വര്‍ഷത്തെ നാഗ്പൂര്‍ സമ്മേളനത്തോടെ ഖിലാഫത്ത്-നിസ്സഹകരണ മുദ്രാവാക്യങ്ങള്‍ ഇന്ത്യയൊന്നാകെ മാറ്റൊലി കൊണ്ടു.
മലബാറില്‍ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ ജനകീയാടിത്തറ നേടിയെടുക്കുന്നതില്‍ 1920 ഏപ്രില്‍ 28, 29 തീയതികളില്‍ നടന്ന കോണ്‍ഗ്രസിന്റെ മഞ്ചേരി സമ്മേളനം നിര്‍ണായകമായി. ജന്മിമാരുടെയും മുതലാളിമാരുടെയും പാര്‍ട്ടി എന്ന കോണ്‍ഗ്രസിന്റെ പതിവ് രീതിക്ക് വിരുദ്ധമായി മാപ്പിളമാര്‍, കീഴ്ജാതി ഹിന്ദുക്കള്‍, കൃഷിപ്പണിക്കാര്‍ എന്നിവര്‍ കിഴക്കന്‍ മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് ഒഴുകിയെത്തി.(എം. പി നാരായണമേനോന്‍, മലബാര്‍ സമരം). ‘ഇന്ത്യന്‍ മുസ്‌ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് വിഷയത്തില്‍ യുക്തമായ തീരുമാനം ഗവണ്‍മെന്റ് കൈകൊള്ളാത്ത പക്ഷം, ഖിലാഫത്ത് വിഷയത്തില്‍ കോണ്‍ഫറന്‍സ് തീരുമാനപ്രകാരം ഗവണ്‍മെന്റുമായി നിസ്സഹകരിക്കാന്‍ മുസ്‌ലിംകളും അവരോടൊപ്പം ഹിന്ദുക്കളും ഒന്നിച്ചിറങ്ങുന്നതാണ്’ എന്ന പ്രമേയം സമ്മേളനം പാസാക്കി. അബുല്‍ കലാം ആസാദിന്റെ തര്‍ക്കെ മുവാലാത് ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി യോഗത്തില്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍, ബ്രിട്ടീഷ് വിദ്യാലയങ്ങളില്‍ പഠിക്കല്‍, സര്‍ക്കാറിന് നികുതി കൊടുക്കല്‍ എന്നിവ ഹറാമാണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. (ഇ. മൊയ്തു മൗലവി, മൗലവിയുടെ ആത്മകഥ: പേജ് 115)
കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരം ഗാന്ധിയും മൗലാന ഷൗക്കത്തലിയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. 1920 ഓഗസ്റ്റ് 18 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസമ്മേളനത്തില്‍ അവര്‍ സംബന്ധിച്ചു. കെ.പി രാമന്‍ മേനോന്‍, ഖാന്‍ബഹദൂര്‍ മുത്തുകോയ തങ്ങള്‍, എം.പി നാരായണ മേനോന്‍, കെ.പി കേശവ മേനോന്‍ തുടങ്ങിയവരായിരുന്നു സമ്മേളനത്തിന്റെ സംഘാടകര്‍. സമ്മേളനത്തിലെ വളണ്ടിയര്‍മാര്‍ പച്ചനിറത്തിലുള്ള യൂണിഫോമും ചന്ദ്രക്കലയുള്ള തൊപ്പിയും ബെല്‍റ്റും ധരിച്ചിരുന്നു.(എം. പി. നാരായണമേനോന്‍, മലബാര്‍ സമരം: പേജ് 63 )
സമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധി പ്രസംഗിച്ചത് ഇങ്ങനെയാണ് ‘ഏഴുകോടി മുസല്‍മാന്‍മാരോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് അനീതി കാണിച്ചു. തുര്‍ക്കിയിലെ ഖലീഫമാര്‍ മുഹമ്മദ് നബിയുടെ അനന്തരാവകാശികളാണ്. ലോകത്തിലെ എല്ലാമുസല്‍മാന്‍മാരുടെയും മതപരവും ആത്മീയവുമായ നേതാവാണ് അദ്ദേഹം. എന്നിരിക്കെ, ഖിലാഫത്ത് നിര്‍ത്തലാക്കല്‍ മുസല്‍മാന്‍മാരുടെ വിശ്വാസത്തിനെതിരായ ചെയ്തിയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് നിസഹകരിക്കേണ്ടത് എല്ലാ മുസല്‍മാന്‍മാരുടെയും കടമയാണ്. ഹിന്ദുക്കള്‍ തങ്ങളുടെ സഹോദരന്മാരായ മുസല്‍മാന്‍മാരോട് തോളോടുതോള്‍ ചേര്‍ന്ന് ഖിലാഫത്ത് പ്രസ്ഥാനത്തെ വിജയിപ്പിക്കണം. (ദ ഹിന്ദു 1920 ഓഗസ്റ്റ് 19,20 ഓഗസ്റ്റ്. 19,21 )
ഗാന്ധിയുടെയും ഷൗക്കത്തലിയുടെയും വികാരഭരിതമായ പ്രസംഗങ്ങള്‍ മാപ്പിളമാരെ സായുധ സമരത്തിന് ഇളക്കിവിടാന്‍ പാകത്തില്‍ പ്രകോപനപരവും തെറ്റിദ്ധാരണാജനകവുമായിരുന്നു. മുസല്‍മാന്മാര്‍ക്ക് ഖുര്‍ആനില്‍ പറഞ്ഞ പ്രത്യേക ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അഹിംസാപരമായ സഹകരണം കൊണ്ട് പ്രസ്ഥാനം വിജയിക്കുന്നിെല്ലങ്കില്‍ മുസല്‍മാന്മാര്‍ ഇസ്ാമിലെ പണ്ഡിതന്മാര്‍ കാണിച്ചുകൊടുക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും അവര്‍ ഉപദേശിക്കുന്ന ഏതുവിധ സമരത്തിലും ചേര്‍ന്ന് അവരുടെ മതത്തിനേറ്റ അപമാനത്തെ തുടച്ചുനീക്കാനും ബാധ്യസ്ഥരാണ്. (എം.പി നാരായണമേനോന്‍, മലബാര്‍ സമരം: പേജ് 53,54).


കലാപം വര്‍ഗീയമോ? ആഖ്യാനവും വസ്തുതയും
മലബാര്‍ കലാപത്തിന്റെ ഉള്ളറകളിലേക്കെത്തിനോക്കുമ്പോള്‍ ചരിത്രത്തോളം പ്രധാനമാണ് അതിന്റെ ചരിത്രരചനാ ചരിത്രം എന്ന വസ്തുത ബോധ്യമാകും. ബ്രിട്ടീഷ്-ഭൂവുടമ കൂട്ടുകെട്ടിനെതിരെ നടന്ന ഈ പടയോട്ടത്തിന്റ ചരിത്രം പ്രധാനമായും രേഖപ്പെടുത്തിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളായ സവര്‍ണ ഉദ്യോഗസ്ഥരുമാണെന്നത് ചരിത്രത്തിന്റെ വസ്തുതാന്വേഷണത്തില്‍ പ്രധാനമാണ്. പില്‍ക്കാലത്ത് രചിക്കപ്പെട്ട ‘നിഷ്പക്ഷ ചരിത്രം’ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളോ ആദ്യകാല രചനകളോ അധികരിച്ച് എഴുതപ്പെട്ടതാണ്.
നിഷ്‌കളങ്കരായ സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ നടത്തിയ കിരാതമായ നടപടികളെ സാധൂകരിക്കാന്‍ കലാപകാരികളെ സ്വഭാവഹത്യ നടത്തുകയാണുണ്ടായത്. കലാപവേളയിലെ അരാജകത്വം മുതലെടുത്ത് സാമൂഹ്യ ദ്രോഹികള്‍ നടത്തിയ നീചകൃത്യങ്ങള്‍ മാപ്പിളമാര്‍ക്കു മേല്‍ കെട്ടിവച്ചും ഊഹാപോഹങ്ങളെ പൊലിപ്പിച്ചു കാട്ടിയും കല്‍പിത കഥകള്‍ മെനഞ്ഞും ചരിത്രത്തെ വികലമാക്കാന്‍ ശ്രമങ്ങളുണ്ടായി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ അജണ്ടയുടെ ഭാഗമായി ഹിന്ദു-മുസ്‌ലിം ഐക്യത്തിന് കടക്കല്‍ കത്തിവക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.


വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
കിഴക്കന്‍ ഏറനാട്ടിലെ സായുധ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ കുഞ്ഞഹമ്മദ് ഹാജിയാണ് ‘ഹിന്ദുവിരുദ്ധ’മെന്ന കെട്ടുകഥയിലെ പ്രധാന പ്രതിനായകന്‍. വടക്കന്‍ മലബാറില്‍ അധിനിവേശ ശക്തികളോട് ഒരിക്കല്‍പോലും സന്ധിചെയ്യാതെ ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തിയ ആ ധീരനായ പോരാളിയുടെ ചരിത്രത്തെ പോലും അവര്‍ അത്രമേല്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍, കലാപത്തിന്റെ ദൃക്‌സാക്ഷി വിവരണത്തില്‍ കുഞ്ഞഹമ്മദ് ഹാജിയെ നീതിമാനും സത്യസന്ധനും സര്‍വോപരി ഹിന്ദുക്കളോടും മുസ്‌ലിംകളോടും മമതയില്‍ വര്‍ത്തിച്ചവരുമെന്നും ശത്രുക്കള്‍ പോലും അനുസ്മരിക്കുന്നുണ്ട്. കെ. മാധവന്‍ നായര്‍ എഴുതുന്നത് ഇങ്ങനെയാണ് ‘ഖിലാഫത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധം ചെയ്യാന്‍ ഒന്നാമതായി ഒരുങ്ങിപ്പുറപ്പെട്ടത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് എന്നതില്‍ സംശയമില്ല. ലഹളത്തലവന്‍മാരില്‍ ഏറ്റവും പ്രധാനിയും കുഞ്ഞഹമ്മദ് ഹാജി തന്നെയായിരുന്നു. ലഹളയുടെ ആരംഭത്തില്‍ അയാള്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ചു. കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവണ്‍മെന്റിനു സഹായമേകിയ മാപ്പിളമാരെ അയാള്‍ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളില്‍ അയാള്‍ മതപരിവര്‍ത്തനത്തിനു വലിയ വിരോധിയായിരുന്നു’ (കെ. മാധവന്‍നായര്‍, മലബാര്‍ കലാപം: പേജ് 162)
പോരാട്ടം വിപുലപ്പെടുകയും പല വിദൂര സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ ചിലയിടങ്ങളില്‍ അത് സമര നേതാക്കള്‍ ഉദ്ദേശിക്കാത്ത വഴികളിലേക്കു വഴുതിപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇതുണ്ടായിരുന്നത്. ഒന്ന്, സമരത്തെ അക്രമാസക്തമാക്കാനും ഗതിമാറ്റി വിടാനും ഭരണകക്ഷി ധാരാളമായി അകത്തുകയറി പ്രവര്‍ത്തിച്ചിരുന്നു. ലോയല്‍ (ബ്രിട്ടീഷ് അനുകൂല) മാപ്പിളമാരും ലോയല്‍ ഹിന്ദുക്കളും ഇതിലുണ്ടായിരുന്നു. പലയിടത്തും സമരം ചോരക്കളമാക്കി മാറ്റാന്‍ ഇത്തരം അജണ്ടയിലൂടെ അവര്‍ക്കു കഴിഞ്ഞു. രണ്ടാമതായി, സമരത്തിന്റെ മറവില്‍ പലവിധത്തിലുള്ള മുതലെടുപ്പ് നടത്താന്‍ അതിന്റെ രാഷ്ട്രീയ തലങ്ങളെക്കുറിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്ത ചില സാധാരണക്കാര്‍ ശ്രമിച്ചിരുന്നു. അനാവശ്യ ഇടങ്ങളില്‍ പോയി കൊള്ള ചെയ്യലായിരുന്നു അവരുടെ ജോലി. ഖിലാഫത്തുകാര്‍ എന്ന പേരുപറഞ്ഞു ഹിന്ദു വീടുകളിലും മറ്റും കയറി അവര്‍ പണം പിടിച്ചുപറിച്ചു. വാരിയംകുന്നത്തിന്റെ പേര് പറഞ്ഞുപോലും കോട്ടക്കല്‍, പറപ്പൂര്‍, ഇന്ത്യനൂര്‍ ഭാഗങ്ങളിലും മറ്റും വീടുകയറ്റവും പണപ്പിരിവും നടത്തിയിരുന്നത്രേ! സത്യത്തില്‍ ഇത്തരക്കാര്‍ക്കൊന്നും ഖിലാഫത്ത് പ്രസ്ഥാനവുമായോ അതിന്റെ നേതാക്കളുമായോ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. സമരം തെറ്റിദ്ധരിക്കപ്പെടാനും അതിന്റെ പേരില്‍ പലയിടത്തും പ്രശ്‌നങ്ങളുണ്ടാകാനും ഇത്തരം നിക്ഷിപ്ത താല്‍പര്യക്കാര്‍ നിമിത്തമായിട്ടുണ്ട് (കെ. കോയട്ടി മൗലവി, 1921 ലെ മലബാര്‍ ലഹള, പേജ് 40). സമരത്തിന്റെ ആരംഭത്തില്‍ ആയുധങ്ങള്‍ ശേഖരിക്കാന്‍ നടത്തിയ ചില ശ്രമങ്ങള്‍ അക്രമത്തില്‍ കലാശിച്ചത് ഈ പരിസരത്തില്‍ മനസ്സിലാക്കണം. ബ്രിട്ടീഷ് ഓഫീസുകളിലോ ഭരണകക്ഷിക്കാരുടെ കേന്ദ്രങ്ങളിലോ ആണ് ഇത്തരം അന്വേഷണങ്ങള്‍ നടന്നിരുന്നത്. ജന്മി കോവിലകങ്ങളും ഗവണ്‍മെന്റ് ഓഫീസുകളും മാത്രമാണ് ഇതിനു പാത്രീഭവിച്ചത് എന്നത് പ്രത്യേകം സ്മരണീയമാണ്. ചില കോവിലകങ്ങളും മനകളും കഴിച്ചാല്‍ മലബാറില്‍ അധികവും കാണക്കുടിയാന്മാരാണ് ഉണ്ടായിരുന്നത് (എ.കെ കോഡൂര്‍, ആംഗ്ലോ മാപ്പിള യുദ്ധം: പേജ് 135 )
ബാരിസ്റ്റര്‍ എ.കെ പിള്ള എഴുതുന്നു ‘കുഞ്ഞഹമ്മദ് ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടുകൂടി ലഹളയുടെ ഉദ്ദേശം കുറേക്കൂടി വിപുലമായിതീര്‍ന്നു. അരാജകസ്ഥിതി കഴിയുന്നതും വരാതെ സൂക്ഷിച്ചു. എല്ലാം ക്രമമായും മുറപ്രകാരവും പോകണമെന്ന് ഹാജിക്ക് അഭിപ്രായമുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങള്‍ കൊണ്ടുവന്നു. അതില്‍നിന്ന് തെറ്റി നടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അയാളുടെ കല്‍പനകളില്‍ ഹിന്ദുക്കളെ ഉപദ്രവിച്ചു പോകരുതെന്നും തന്റെ പ്രത്യേക അനുമതിയോടു കൂടിയല്ലാതെ എതിര്‍പക്ഷത്തു നിന്ന് തടവുകാരായി പിടിക്കുന്ന ആരെയും വധിച്ചു പോകരുതെന്നും ഉണ്ടായിരുന്നു. സാമാന്യജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളോ പീടികകളോ കൊള്ളചെയ്യുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുമ്പാകെ വിചാരണ ചെയ്തു തക്കതായ ശിക്ഷ നല്‍കിയും വന്നു. (എ.കെ പിള്ള, കോണ്‍ഗ്രസും കേരളവും: പേജ് 74 )
കലാപത്തിനിടെ മഞ്ചേരിയില്‍ ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ വാരിയംകുന്നത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. മഞ്ചേരി നമ്പൂതിരി ബാങ്കില്‍ കര്‍ഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ ആഭരണങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. കലാപത്തിന്റെ മറവില്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള ഈ ബാങ്ക് കൊള്ളയടിക്കാമെന്ന് ചില സാമൂഹ്യദ്രോഹികള്‍ പദ്ധതിയിട്ടു. ബാങ്ക് നടത്തിപ്പുകാരനായ മനക്കല്‍ ദാമോദരന്‍ ഉടനെ നെല്ലിക്കുത്തു വന്ന് കുഞ്ഞഹമ്മദ് ഹാജിയോടു പരാതി പറഞ്ഞു. ഹാജി ചെറിയൊരു സംഘവുമായി മഞ്ചേരിയിലെത്തി. ആളുകള്‍ ബാങ്കിന്റെ കവാടം വെട്ടിപൊളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം അവിടെയെത്തിയത്. ഈ കടുംകൈ ചെയ്യുന്നതില്‍ ക്രൗര്യം പൂണ്ട അദ്ദേഹം അവര്‍ക്കെതിരെ ആഞ്ഞടിച്ചു. താമസിയാതെ അവരെല്ലാം ഇറങ്ങിയോടി. അടുത്ത ദിവസം സര്‍ക്കാര്‍ ബാങ്ക് ആക്രമിക്കപ്പെട്ടപ്പോള്‍ നമ്പൂതിരി ബാങ്കിന്റെ ബന്ധപ്പെട്ടവര്‍ വീണ്ടും വാരിയംകുന്നത്തിനെ സമീപിച്ചു ബാങ്കിന് ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് 24ന് വാരിയംകുന്നത്ത് മഞ്ചേരിയില്‍ വന്നു. ബാങ്കിന്റെ ആളുകളെ വിളിച്ചുവരുത്തി. ആനക്കയത്ത് ചേകുട്ടിയുടെ വീട്ടില്‍ അഭയം തേടിയതായിരുന്നു അവര്‍. ബാങ്ക് ക്ലര്‍ക്ക് ശങ്കുണ്ണി നായരുടെ അടുത്ത് അവര്‍ താക്കോല്‍ കൊടുത്തയച്ചു. വാരിയംകുന്നത്ത് ബാങ്ക് തുറന്ന് എല്ലാം പരിശോധിച്ചു. സ്വര്‍ണ പണയം വച്ചവരെല്ലാം തിരിച്ചുകൊണ്ടു പോകണമെന്ന് വിളംബരം നടത്തി. അതനുസരിച്ച് ആളുകള്‍ ഓരോരുത്തരും വന്ന് പണമടച്ച് തങ്ങളുടെ സ്വര്‍ണം കൊണ്ടുപോയി. ഇപ്പോള്‍ പണമടക്കാന്‍ കൈയ്യിലില്ലാത്തവര്‍ക്ക് പിന്നീട് അടക്കാം എന്ന നിബന്ധനയോടെ സ്വര്‍ണം വിട്ടുകൊടുക്കാമെന്നും തീരുമാനിച്ചു. രണ്ടു ദിവസത്തോളം ഇതു തുടര്‍ന്നു. ഈ ദിവസങ്ങളിലെല്ലാം വാരിയംകുന്നത്ത് ബാങ്കിന്റെ മുകളില്‍ തന്നെയാണ് താമസിച്ചിരുന്നത്. (എ.കെ കോഡൂര്‍ , ആംഗ്ലോ മാപ്പിള യുദ്ധം: പേജ് 136,137)
ഈ സംഭവം ഹിച്ച്‌കോക്ക് ഇങ്ങനെ രേഖപ്പെടുത്തുന്നതു കാണാം. ഓഗസ്റ്റ് 24 മുതല്‍ 26 വരെ കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയില്‍ ഉണ്ടായിരുന്നു. ഇതോടെ അയാള്‍ സ്വയം ഭരണാധികാരിയായി പ്രഖ്യാപിച്ചു. ശേഷം ചെയ്ത ആദ്യത്തെ കര്‍മം മഞ്ചേരി നമ്പൂതിരി ബാങ്ക് ആളുകള്‍ക്ക് തുറന്നു കൊടുത്തു എന്നതാണ്. കൊള്ളയടിച്ചില്ല എന്നു മാത്രമല്ല, അതിലെ സ്വര്‍ണം അവരുടെ യഥാര്‍ഥ ഉടമസ്ഥന്‍മാര്‍ക്ക് കൈമാറുകയും ചെയ്തു. (ഹിച്ച്‌കോക്ക്, A History of the Malabar Rebellion, 1921: പേജ് 58)
മൊഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് മറ്റൊരു സംഭവം കൂടി ഉദ്ധരിക്കുന്നുണ്ട്. അതിനിടക്ക് ഒരു മാപ്പിള താനെഴുതിയ പണയാധാരം ഒരു ഹിന്ദുവിന്റെ കൈയില്‍ നിന്ന് ബലംപ്രയോഗിച്ച് മടക്കി വാങ്ങി. ഹിന്ദു ഹാജിയാരുടെ അടുത്ത് വന്ന് സങ്കടം ബോധിപ്പിച്ചു. ഹാജിയാര്‍ പ്രതിയുടെ കൈ വെട്ടുവാന്‍ കല്‍പിച്ചു. മാപ്പിള പേടിച്ചു പണയാധാരം ഹിന്ദുവിനുതന്നെ മടക്കിക്കൊടുത്തു. അങ്ങനെ കൈവെട്ടുവാനുള്ള കല്‍പന നടപ്പാക്കിയില്ല. (ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഖിലാഫത്ത് സ്മരണകള്‍: പേജ് 52)
സ്വാതന്ത്ര്യത്തിനും കര്‍ഷക വിമോചനത്തിനുമായി തങ്ങള്‍ നടത്തുന്ന സമരത്തിന്റെ മറവില്‍ കൊള്ളയും അക്രമവും നടത്തുന്ന കള്ളനാണയങ്ങളെ പിടിച്ചുകെട്ടാനും ശിക്ഷിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് രേഖപ്പെടുത്തുന്നു ‘ആഗസ്റ്റ് 24ന് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ ഒരു സമാധാന സമ്മേളനം നടന്നു. ഹിന്ദുക്കള്‍ക്ക് രക്ഷയും സമാധാനവും കൊടുക്കാന്‍ തീരുമാനം ചെയ്തു. (ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്: പേജ് 52)
ബ്രിട്ടീഷ് അനുകൂലികളായ ‘കേരളപത്രിക’ പോലും ഇത് സ്ഥിരീകരിക്കുന്നുണ്ട്. കവര്‍ച്ചകള്‍ തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമായി ഹാജി നാട്ടിലുടനീളം സഞ്ചരിച്ചിരുന്നു. അവയവങ്ങള്‍ ഛേദിക്കുകയോ ചമ്മട്ടി കൊണ്ട് പരസ്യമായി അടിക്കുകയോ ആയിരുന്നു സാധാരണ നല്‍കിയ നല്‍കിയിരുന്ന ശിക്ഷ. എന്നാല്‍, അതൊന്നും തന്നിഷ്ടപ്രകാരമായിരുന്നില്ല. മതിയായ അന്വേഷണത്തിനും വിചാരണക്കു ശേഷം മാത്രമേ ശിക്ഷ നല്‍കിയിരുന്നുള്ളൂ. മാത്രമല്ല, നമ്പൂതിരി ബാങ്കിലെ വായ്പക്കാരില്‍ ഉരുപ്പടികള്‍ തിരികെകിട്ടിയ പലരും ഹിന്ദുക്കളായിരുന്നു.
വാരിയന്‍കുന്നനെ ഹിന്ദു വിരുദ്ധനും ക്രൂരനുമായി ചിത്രീകരിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉള്ളത് മാധവന്‍നായരുടെ ‘മലബാര്‍ കലാപ’ ത്തിലാണ്. ഗ്രന്ഥകര്‍ത്താവ് ഹാജിയുമായി നേരിട്ടുള്ള നിരവധി അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം സത്യസന്ധനും നീതിമാനുമായ സദുദ്ദേശക്കാരനുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ച കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ പങ്കുവക്കുമ്പോള്‍ ഹാജിയുടെ മറ്റൊരു രൂപമാണ് തെളിഞ്ഞുവരിക. അവയില്‍ പലതും സാക്ഷിമൊഴികളായല്ല. വസ്തുതകളായാണ് വിവരിച്ചിരിക്കുന്നത് എന്നു കാണാം. സുപ്രധാനമായ ഒരു ജനകീയ പ്രസ്ഥാനത്തെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ വിവരിക്കുമ്പോള്‍ ചരിത്രരചനയില്‍ പുലര്‍ത്തേണ്ട ശാസ്ത്രീയ രീതികളില്‍ അദ്ദേഹത്തിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചു എന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
ഹാജിയുമായി തന്റെ നേരിട്ടുള്ള ഒരു കൂടിക്കാഴ്ച നായര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് ‘ഇരുപത്തിനാലാം തിയ്യതി ഏകദേശം ഉച്ചയോടു കൂടി കുഞ്ഞഹമ്മദ് ഹാജി വയലില്‍ കൂടെ തെക്കോട്ട് പോകുന്നതായി കണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ അയാളുടെ അനുചരന്മാരില്‍ ഒരാള്‍ എന്റെ അടുത്തുവന്നു. ഹാജിക്ക് എന്നെ കാണണമെന്നുണ്ടെന്ന് അറിയിച്ചു. എന്റെ അനുജന്‍ കേശവന്‍നായരും ഞാനും അവിടെ ചെന്നപ്പോള്‍ അരുകിഴായ കുളത്തിന്റെ വക്കത്തുള്ള ആല്‍ത്തറയില്‍ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട ഉടനെ എഴുന്നേറ്റ് നിന്ന് അടുത്തേക്ക് വന്നു. ക്ഷീണം കൊണ്ടോ മറ്റോ നിവര്‍ന്നു നില്‍ക്കാന്‍ വയ്യാതെ വീണ്ടും ആല്‍ത്തറയില്‍ തന്നെ ഇരുന്നു. എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തി. ശേഷം ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെ ന്ന് എന്റെ കൈ പിടിച്ച് ഒരു അപേക്ഷാ ഭാവത്തില്‍ ചോദിച്ചു. ഞാന്‍ അല്‍പമൊന്ന് അന്ധാളിച്ചു. ഈ ചോദ്യം ഞാന്‍ ലേശംപോലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഉപദേശങ്ങള്‍ നിരസിച്ച് മാപ്പിളമാര്‍ വീണ്ടും ഒരു ഉപദേശത്തിന് ആവശ്യപ്പെട്ടു വരില്ല എന്നാണ് ഞാന്‍ കരുതിയത്. കുഞ്ഞഹമ്മദ്ഹാജി പുറത്ത് ഒരു ശത്രുവിനെ പോലെയല്ലെങ്കിലും ഒരു മിത്രത്തെ പോലെ എതിരേല്‍ക്കുകയില്ല എന്നും ഞാന്‍ സംശയിച്ചിരുന്നു. പക്ഷേ, ഈ ചോദ്യം വളരെ ആന്തരമായ ചോദിക്കുന്നതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ മറുപടിയായി ഇങ്ങനെ പറഞ്ഞു. കാര്യം മുഴുവന്‍ പിഴച്ചു. നാട് മുഴുവന്‍ കുട്ടിച്ചോറായി. ഞാന്‍ എന്താണ് നിങ്ങളോട് പറയേണ്ടത് ? പക്ഷേ, നിങ്ങള്‍ എന്നെ കേള്‍ക്കാന്‍ ഒരുക്കമാണെങ്കില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചു വീട്ടിലേക്ക് പോകണം. കൂടെയുള്ളവരെയും സമാധാനത്തോടു കൂടി ഇരിക്കാന്‍ ഉപദേശിക്കണം. എന്റെ വാക്കുകള്‍ ഹാജിയാരെ കുപിതനാക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, വളരെ ശാന്തസ്വരത്തില്‍ ഹാജിയാര്‍ എന്നോട് ഇങ്ങനെ പറഞ്ഞു: അത് ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ടു. ചിലതെല്ലാം ചെയ്തു. ഇനി പിന്തിരിയുക നിവൃത്തിയില്ല, എന്നു മാത്രമല്ല ആലി മുസ്‌ലിയാര്‍ അപകടത്തില്‍ പെട്ടിരിക്കുന്നു. അദ്ദേഹത്തെ സഹായിക്കാതെ എനിക്ക് തരമില്ല. ഇതല്ലാതെ മറ്റു വല്ലതും നിങ്ങള്‍ക്കു പറയുവാന്‍ ഉണ്ടോ? ഞാന്‍ പറഞ്ഞു എനിക്ക് മറ്റൊന്നും പറയാനില്ല. അക്രമങ്ങള്‍ എല്ലാം അതിരുവിട്ടു പോയിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഈ കൊള്ളകള്‍ നിര്‍ത്തുകയാണ് വേണ്ടത്. ഉടനെ ഹാജിയാര്‍ കണ്ണിറുക്കി എന്നോട് ഇങ്ങനെ പറഞ്ഞു ‘അതിനു തന്നെയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലുംകൂടിയ സ്ഥലത്തുവച്ച് ഞാന്‍ ഇപ്പോള്‍ ഇത് പറഞ്ഞ് തന്നെയാണ് വരുന്നത്. കൊള്ള ചെയ്യുന്ന ഏത് മാപ്പിളയെയും എന്റെ കയ്യില്‍ കിട്ടിയാല്‍ അവന്റെ വലതുകൈ ഞാന്‍ വെട്ടിമുറിക്കും. അതിനു സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഇപ്പോള്‍ തന്നെ ഞാന്‍ ഇങ്ങോട്ട് വന്നത്. കൈ മുറിക്കലെക്കെ സാഹസമാണ്, അതൊന്നും ചെയ്യരുത്. എങ്ങനെയെങ്കിലും കൊള്ള നിര്‍ത്തുകയാണ് ആവശ്യം. അപ്പോള്‍ ഹാജിയാര്‍ എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു. ‘അങ്ങിനെ പറഞ്ഞാലേ അവര്‍ പേടിക്കുകയുള്ളൂ’. (കെ മാധവന്‍നായര്‍, മലബാര്‍ കലാപം, പേജ്: 162, 164 )
തങ്ങളുടെ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ച് മലബാറില്‍ ഒരു സമാന്തര സാമ്രാജ്യം സ്ഥാപിച്ച വാരിയംകുന്നത്തും അനുയായികളും നടത്തിയ ധീരമായ മുന്നേറ്റങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നെഞ്ചിലേറ്റ പ്രഹരങ്ങളായിരുന്നു. ആ ധീര ദേശാഭിമാനിയുടെ ഓര്‍മകള്‍ എന്നും അവരെ വേട്ടയാടുമെന്നവര്‍ തിരിച്ചറിഞ്ഞിരുന്നു. വാരിയംകുന്നത്തും സംഘവും പിടിക്കപ്പെട്ടതോടെ അദ്ദേഹം സൂക്ഷിച്ചിരുന്ന രേഖകളും പട്ടാളത്തിന്റെ കൈകളിലായി. ഇതോടെ വിപ്ലവ സര്‍ക്കാര്‍ ഉപയോഗിച്ചിരുന്ന സീലുകള്‍, ഇഷ്യൂ ചെയ്യാന്‍ തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, വൈസ്രോയിമാര്‍, ഗവര്‍ണര്‍, ഗാന്ധിജി, ഷൗക്കത്തലി, തുടങ്ങിയവര്‍ക്കയച്ച കത്തുകളുടെ കോപ്പികള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി വിവിധ പത്രങ്ങള്‍ക്ക് എഴുതി അയച്ചിരുന്ന പ്രസ്താവനകളുടെ കോപ്പികള്‍ എല്ലാം അവര്‍ പിടിച്ചെടുത്തു. കുഞ്ഞഹമ്മദ് ഹാജിയെ വധിച്ചശേഷം ആയുധങ്ങള്‍ ഒഴികെ റിക്കാര്‍ഡുകള്‍ എല്ലാം അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം അവര്‍ പെട്രോളൊഴിച്ച് അഗ്‌നിക്കിരയാക്കുകയുമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ മലയാള രാജ്യത്തെ കുറിച്ച് പഠിക്കാന്‍ ഔദ്യോഗികമായി യാതൊരു രേഖയും ഇന്ന് നിലനില്‍ക്കുന്നതല്ലെന്നു തന്നെ പറയാം. പകരം, സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന വാരിയംകുന്നത്ത് പ്രവര്‍ത്തകരെയും ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ മാത്രമാണ് എവിടെയും ലഭ്യമായിട്ടുള്ളത്. അവ കൂടുതല്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ സഹായകമാണ് (എ.കെ കോഡൂര്‍: 132 , 133)


‘ഹിന്ദുവിരുദ്ധം’ എന്ന നുണ
മാപ്പിള സമരങ്ങളെ മതഭ്രാന്തും വര്‍ഗീയ സംഘര്‍ഷങ്ങളുമായി മുദ്രകുത്തുന്ന ബ്രിട്ടീഷ് രീതികള്‍ സവര്‍ണര്‍ പൂര്‍ണ മനസ്സോടെ അനുകരിച്ചു. മാതൃരാജ്യത്തെ ഒറ്റുകൊടുത്ത സവര്‍ണ ജന്മികളുടെ ബ്രിട്ടീഷ് വിധേയത്വം ന്യായീകരിക്കാനായിരുന്നു ഇത്. സമകാലിക ലോകത്ത് ഭരണകൂട ഭീകരതയോടു സമരം ചെയ്യുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് സമാനമായിരുന്നു ഇത്.
ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെ ശക്തിപ്പെട്ട ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കാന്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ അവിശ്വാസത്തിന്റെയും ശത്രുതയുടെയും വിത്തു പാകുകയായിരുന്നു അവര്‍. കലാപത്തിന്റെ വാര്‍ത്തകളും വിവരങ്ങളും പുറത്തു പോയിരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിതിവിവര റിപ്പോര്‍ട്ടുകള്‍, അവര്‍ രേഖപ്പെടുത്തിയ സാക്ഷിമൊഴികള്‍, കളക്ടര്‍മാരുടെയും മജിസ്‌ട്രേറ്റുമാരുടെയും വാരാന്ത റിപ്പോര്‍ട്ടുകള്‍, കോടതി വ്യവഹാര രേഖകള്‍ എന്നിവയായിരുന്നു വാര്‍ത്തകള്‍ക്കാധാരം. ഈസ്റ്റ് കോസ്റ്റ് സ്‌പെക്ടാറ്റര്‍, മദ്രാസ് മെയില്‍, മിതവാദി തുടങ്ങി പ്രാദേശികമായി പ്രസിദ്ധീകൃതമായിരുന്ന മലയാള പത്രങ്ങള്‍ പൂര്‍ണമായും ബ്രിട്ടീഷ് നിരീക്ഷണത്തിലായതിനാല്‍ ഗവണ്‍മെന്റനുകൂല വാര്‍ത്തകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. അധികാരികളെയും ഉദ്യോഗസ്ഥരെയും പരമാവധി സുഖിപ്പിക്കാനും അവ ശ്രമിച്ചിരുന്നു. ‘ബ്രിട്ടീഷുകാരുടെ നല്ലപിള്ള ചമയാന്‍ ആവശ്യമായതെല്ലാം ചെയ്തിരുന്ന ഇവയുടെ പത്രാധിപര്‍ക്ക് വാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല.’
(എം. ആലിക്കുഞ്ഞി, മലബാര്‍ കലാപം ഒരു പഠനം, റഹ്മ ബുക്സ്റ്റാള്‍ 1972 പേജ്: 301 )
മലബാറിലെ സംഭവവികാസങ്ങളെ വര്‍ഗീയ സംഘര്‍ഷങ്ങളായാണ് ഇന്ത്യയിലൊട്ടാകെ പ്രചരിപ്പിക്കപ്പെട്ടത്. ദേശീയ നേതാക്കളുള്‍പ്പെടെ വീണുപോയ ഈ പ്രചണ്ഡമായ പ്രചാരവേലകള്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അസ്വസ്ഥമാക്കി. സംഭവത്തിന്റെ നിജസ്ഥിതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ദ ഹിന്ദു ദിനപത്രത്തിന് ഹാജി നേരിട്ട് ഒരു കത്ത് എഴുതുകയുണ്ടായി. ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ആ കത്തിലെ ഉള്ളടക്കം ഇതായിരുന്നു
ദ ഹിന്ദു, ഒക്ടോബര്‍ 18/1921
പന്തല്ലൂര്‍ മല 7/10/1921
ബഹുമാനപ്പെട്ട പത്രാധിപര്‍ക്ക്,
ഈ കത്ത് നിങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു
മലബാറില്‍ ഹിന്ദു-മുസ്‌ലിം ഐക്യം തീരെ നശിച്ചതാണ് പത്രങ്ങള്‍ വിവരിക്കുന്നത്. എന്റെ ആള്‍ക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നു എന്ന റിപ്പോര്‍ട്ട് അസത്യമാണ്. പോലീസ് ചാരന്മാര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തി എനിക്കു ചീത്തപ്പേര് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നതാണ് വാസ്തവം. ഗവണ്‍മെണ്ടിനെ സഹായിക്കുന്ന ചില ഹിന്ദുക്കളെ ആള്‍ക്കാര്‍ ഉപദ്രവിച്ചിരിക്കാം. നിലമ്പൂര്‍ ആറാം തമ്പുരാനും നിങ്ങളുടെ പത്രത്തില്‍ പറഞ്ഞ നമ്പൂതിരിയുമാണ് ഈ കലാപത്തിലെ തുടക്കത്തിന് കാരണക്കാര്‍. അവര്‍ക്ക് കുറച്ചു ഉപദ്രവങ്ങള്‍ സഹിക്കേണ്ടിവന്നു എന്നത് അത്ഭുതം അല്ലല്ലോ. പാവപ്പെട്ട ഹിന്ദുക്കളെ പട്ടാള കമാന്‍ഡര്‍ വീടുകളില്‍ നിന്ന് ആട്ടിപ്പായിച്ച് കാമ്പുകളിലേക്ക് അയക്കുകയാണ്. നിര്‍ദോഷികളായ സ്ത്രീകളെയും കുട്ടികളെയും യുദ്ധ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അവര്‍ സമ്മതിക്കുന്നില്ല. നിര്‍ബന്ധിച്ചു പട്ടാള പ്രവര്‍ത്തനത്തില്‍ ചേര്‍ക്കുകയാണ്. അതില്‍ നിന്ന് ഒഴിയാനായി വളരെയധികം ഹിന്ദുക്കള്‍ എന്റെ ഈ കുന്നില്‍ വന്ന് അഭയം പ്രാപിച്ചിരിക്കുകയാണ്. വളരെയധികം മാപ്പിളമാരും ഇവിടെ വന്നിട്ടുണ്ട്. നിര്‍ദോഷികളായ മനുഷ്യരെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ചെയ്യാന്‍ ഗവണ്‍മെന്റിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ലോകത്തിലുള്ള എല്ലാവരും അറിയട്ടെ. മഹാത്മാ ഗാന്ധി അറിയട്ടെ. മൗലാനാ അറിയട്ടെ… ഈ കത്ത് പ്രസിദ്ധം ചെയ്തില്ലെങ്കില്‍ അതിനുള്ള വിശദീകരണം നിങ്ങളോട് ഞാന്‍ ചോദിക്കുന്നതാണ്. മതത്തിന്റെ പേരില്‍ വാരിയംകുന്നത്ത് ആരെയും ദ്രോഹിച്ചിരുന്നില്ലെന്നും വല്ലവര്‍ക്കും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ബ്രിട്ടീഷുകാരെ പിന്തുണച്ചുകൊണ്ട് മാത്രമാണെന്നും കെ മാധവന്‍ നായര്‍ പോലും വ്യക്തമാക്കിയിട്ടുണ്ട് (മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്: 245). അടിസ്ഥാനപരമായി അവരാരും ഹിന്ദുവിരുദ്ധരല്ലെന്നും ബ്രിട്ടീഷുകാരെ പിന്തുണച്ചതു കൊണ്ട് മാത്രമാണ് അവര്‍ അത്തരക്കാരായ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞിരുന്നെതെന്ന് ഹിച്ച് കോക്ക് തുറന്നു പറയുന്നു (ഹിച്ച്‌കോകോക്ക്, ഹിസ്റ്ററി ഓഫ് ദി മലബാര്‍ 1921 പേജ്: 79).
മലബാര്‍ സമരസേനാനി കോയട്ടി മൗലവിയുടെ 1921 മലബാര്‍ ലഹള എന്ന പുസ്തകത്തിന്റെ അവതാരികയില്‍ കോണ്‍ഗ്രസ് നേതാവ് കെ മാധവമേനോന്‍ ഇങ്ങനെ എഴുതുന്നു ‘1921 ലെ മലബാര്‍ ലഹള വെറും സാമുദായികമായ മാപ്പിള ലഹളയാക്കി ചിത്രീകരിക്കുവാന്‍ ചിലര്‍ ശ്രമിച്ചത് ഭയങ്കരമായ ഒരു അനീതിയാണ്. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായി ലഹളയാക്കിയതുപോലെയായിരിക്കും 1921 ലെ ചരിത്രസംഭവം സാമുദായിക ലഹളയായി ചിത്രീകരിക്കുന്നത്. ഒരു ഘട്ടംവരെ യാതൊരു സാമുദായികതയും മതഭ്രാന്തും ലഹളയില്‍ ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നു. അങ്ങനെയുള്ള ദിക്കില്‍ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നവരും ലഹളക്കാരുടെ വിരോധികളായി അവര്‍ കരുതിയിട്ടുണ്ട് എങ്കില്‍ അതിനെ സാമുദായിക മതഭ്രാന്ത് എന്നോ മറ്റോ പറയുന്നതില്‍ അര്‍ഥമില്ല. രാജ്യത്ത് അരാജകത്വം ഉണ്ടാവുമ്പോള്‍ എല്ലാവിധ തെമ്മാടി കൂട്ടവും സാമുദായിക മനസ്ഥിതിക്കാരും മത ഭ്രാന്തന്മാരും ആ അവസരം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു സമുദായത്തെ മുഴുവനും ആക്ഷേപിക്കുന്നത് അന്യായമാണ് ‘ (കെ. കോയട്ടി മൗലവി, 1921 ലെ മലബാര്‍ ലഹള: പേജ്: 2,3)
കലാപത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് ഓഫീസുകള്‍ ആക്രമിക്കാനും സഞ്ചാരം തടസ്സപ്പെടുത്തുന്നതിനു വേണ്ടിയും പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സമയത്ത് അതില്‍ വ്യാപകമായി ഹിന്ദുക്കളും സംബന്ധിച്ചിരുന്നു. മാപ്പിളമാരോടൊപ്പം പലയിടത്തും ബ്രിട്ടീഷ് പട്ടാളത്തില്‍ അവര്‍ പിടിക്കപ്പെടുകയും ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ മലബാര്‍ സമരത്തില്‍ ഹിന്ദുവും മുസ്‌ലിമും വ്യത്യാസമില്ലാതെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്ന് ഇതു തെളിയിക്കുന്നുണ്ട്. സമര മുന്നേറ്റത്തിനിടയില്‍ പോലീസ് സ്റ്റേഷനുകള്‍, രജിസ്റ്റര്‍ ആഫീസുകള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവ തകര്‍ത്തതും എല്ലാവരും ഒന്നിച്ചാണ്. ഓഗസ്റ്റ് 21 ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ തകര്‍ത്ത കേസിലെ ഒന്നാംപ്രതി ആമയങ്ങോട് കുര്‍ശ്ശിക്കളത്തില്‍ കേശവന്‍ നായരായിരുന്നു. (ടോട്ടന്‍ഹാം മാപ്പിള റബല്യന്‍ 1921 പേജ്: 18). മണ്ണാര്‍ക്കാട് ചൂരിയോട് പാലം പൊളിച്ച കേസില്‍ പിടിക്കപ്പെട്ട ഒന്നും രണ്ടും പ്രതികള്‍ എടച്ചോല കുട്ടപ്പണിക്കര്‍, ചേനംപാറ അച്ചുപ്പണിക്കര്‍ എന്നിവരായിരുന്നു. നെല്ലിപ്പുഴ പാലം പൊളിച്ച കേസില്‍ അപ്പുള്ളി കേശവന്‍ നായര്‍, വാഴപ്പള്ളി അപ്പു എന്ന കേലു മേനോന്‍ തുടങ്ങിയവരാണ് പ്രതികള്‍. കുറ്റിപ്പുറം എടക്കുളം റെയില്‍വേ പാലം പൊളിച്ച കേസില്‍ അലിക്കുന്നത്ത് കൃഷ്ണന്‍ നായര്‍, ചെമ്പയില്‍ അവറാന്‍കുട്ടി മകന്‍ കമ്മു മുതലായവരായിരുന്നു പ്രതികള്‍. പ്രമുഖ കള്ള് ഷാപ്പ് കോണ്‍ട്രാക്ടര്‍ പറക്കോട് കുട്ടന്റെ വള്ളുവനാട്ടിലെ പുറ്റാനികോട് ഷാപ്പ് പിക്കറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ടത് താമരത്ത് വേലായുധന്‍ നായര്‍, കള്ളിക്കാട്ട് മൂത്ത കുട്ടി എന്നിവരാണ്. മാരായമംഗലത്തെ ജന്മി കുന്നന്‍പുറത്ത് ഗോവിന്ദന്‍ നായരുടെ വീട് ഓഗസ്റ്റ് 23ന് കൊള്ള ചെയ്ത കേസില്‍ പിടിക്കപ്പെട്ട 30 പേരില്‍ പൊഴുതയില്‍ ചങ്ങുണ്ണി നായര്‍, ആശാരി ശങ്കരന്‍, കൊട്ടിമഠത്തില്‍ ഗോപാലന്‍ നായര്‍, തണ്ണിയേരി ചാത്തന്‍കുട്ടി തുടങ്ങിയവരുമുണ്ടായിരുന്നു. (എ.കെ കോഡൂര്‍, ആംഗ്ലോ മാപ്പിള യുദ്ധം. പേജ്: 134 ). കൂടാതെ പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലെല്ലാം സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഹിന്ദുക്കള്‍ തന്നെയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി തന്റെ അധികാരവും ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രയോഗത്തില്‍ വരുത്തി കാട്ടിയത് പക്ഷപാതമില്ലാതെ നീതി നടപ്പില്‍ വരുത്തികൊണ്ടാണെന്ന് 1921 ലെ മലബാര്‍ സമരത്തെ പ്രത്യേകമായി പഠിച്ച എം ഗംഗാധരന്‍ പറയുന്നുണ്ട്.(എം ഗംഗാധരന്‍ മലബാര്‍ കലാപം 1921 പേജ്: 275).
സമരത്തിന്റെ ഗതി ചിട്ടപ്പെടുത്തുകയും അതിനാവശ്യമായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത പ്രധാന നേതാവായിരുന്നു ഹാജി. കടുത്ത പ്രതിസന്ധികളുണ്ടായിട്ടും ആറുമാസത്തോളം അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി എന്നാണ് കെ.എന്‍ പണിക്കരുടെ നിരീക്ഷണം (കെ.എന്‍ പണിക്കര്‍, മലബാര്‍ കലാപം, പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, ഡി.സി ബുക്‌സ് 2020: പേജ് 206)
കെ മാധവന്‍ നായര്‍ വളരെ വ്യക്തമായി ഇക്കാര്യം രേഖപ്പെടുത്തിയത് കാണാം. ‘തന്റെ അഭിപ്രായം പ്രകാരമുള്ള രാജനീതി ലഹളയുടെ ആരംഭം മുതല്‍ അവസാനം വരെ നടത്തി. അക്കാര്യത്തില്‍ ഹിന്ദുവെന്നും മുഹമ്മദീയര്‍ എന്നും യാതൊരു ഭേദവും ഉണ്ടായിരുന്നില്ല. അയാളുടെ യുദ്ധം ഹിന്ദുക്കളോടായിരുന്നില്ല. തന്റെ ശത്രു ആദ്യം മുതല്‍ അവസാനം വരെ ഗവണ്‍മെന്റും ഗവണ്‍മെണ്ടിനെ സഹായിക്കുന്നവരും തന്നെയായിരുന്നു. അക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നത് തന്റെ കടമയായി സ്വീകരിച്ച അയാള്‍ കൊള്ളയില്‍ ഏര്‍പ്പെട്ടിരുന്ന മാപ്പിളമാരെയും തരം കിട്ടിയ അവസരത്തില്‍ ശിക്ഷിച്ചിരുന്നു.’ (കെ മാധവന്‍ നായര്‍, മലബാര്‍ കലാപം പേജ്: 275)
ബ്രിട്ടീഷ് അനുകൂല നിലപാടെടുത്ത ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും മാപ്പിളമാര്‍ ആക്രമിച്ചിരുന്നു. അക്കൂട്ടത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്‌ലിംകളും ഉണ്ടായിരുന്നു. ഏറനാട്ടിലെ പൗരപ്രമുഖനും ധനാഢ്യനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സമുന്നത ഉദ്യോഗസ്ഥനുമായ ആനക്കയം ഖാന്‍ ബഹദൂര്‍ കൂരിമണ്ണില്‍ വലിയമണ്ണില്‍ ചേക്കുട്ടി അക്കൂട്ടത്തില്‍ ഒരാളാണ്. ഏറനാട് -വള്ളുവനാട് താലൂക്കുകളില്‍ നിന്നുള്ള ഏറ്റവും സമുന്നതനായ വിധേയ മാപ്പിള എന്ന് ഹിച്ച്‌കോക്ക് വിശേഷിപ്പിച്ച ചേക്കുട്ടി, മാപ്പിള സമരങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച ഒറ്റുകാരനായിരുന്നു.
ഓഗസ്റ്റ് 29ന് 24 പേര്‍ അടങ്ങുന്ന ഒരു സംഘം ആനക്കയത്ത് ചേക്കുട്ടിയുടെ വീട്ടിലെത്തി. അപ്പോള്‍ അദ്ദേഹം മുകളില്‍ ഇരിക്കുകയായിരുന്നു. ആഗതരെ കണ്ട് അദ്ദേഹം എന്താണ് ആവശ്യം എന്ന് അന്വേഷിച്ചു. ഞങ്ങളുടെ തോക്കുകള്‍ ഇവിടെ ഹാജരാക്കാന്‍ വേണ്ടി വന്നതാണെന്ന് അവരില്‍ ചിലര്‍ പ്രതികരിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ അധികാരികളെ ഏല്‍പ്പിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിറക്കിയ സമയമായിരുന്നു അത്. തോക്കുകള്‍ വാങ്ങാന്‍ എനിക്ക് അധികാരമില്ല, അത് മലപ്പുറം തുക്കിടി സായിപ്പിന്റെ അടുത്ത് കൊണ്ടുപോയി നല്‍കുക. വേണമെങ്കില്‍ ഞാന്‍ ഒരു എഴുത്തു തരാം എന്നദ്ദേഹം പ്രതികരിച്ചു. അപ്പോഴേക്കും എല്ലാം ഞങ്ങള്‍ ഇവിടെ തന്നെ സമര്‍പിക്കുകയാണ് എന്നും പറഞ്ഞു സംഘം അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തു. ചേക്കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മഞ്ചേരിയില്‍ വാരിയംകുന്നത്ത് നടത്തിയ പ്രഖ്യാപനം ഇവിടെ ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് -ജന്മി അധികാരങ്ങള്‍ക്കെതിരെയാണ് ഈ പോരാട്ടങ്ങളെന്നു തെളിയിക്കുന്നതായിരുന്നു അതിലെ ഓരോ ആഹ്വാനവും. ഹിന്ദുവിരുദ്ധത എന്നൊരു വിഷയം അവിടെ ഉദിക്കുകപോലും ചെയ്തിരുന്നില്ല. ഇക്കാര്യം കെ മാധവന്‍ നായര്‍ തന്നെ എടുത്തുപറയുന്നു ‘ഖാന്‍ ബഹദൂര്‍ ചേകുട്ടിയെ ഐദ്രു ഹാജി വെടിവച്ചു കൊന്നതും കൊണ്ടോട്ടി തങ്ങളോട് എതിര്‍ത്തതും മറ്റും ഗവണ്‍മെന്റ് പക്ഷക്കാരോടുള്ള ശത്രുതയുടെ പ്രദര്‍ശനമായി കരുതുവാനേ തരമുള്ളൂ. (കെ മാധവന്‍ നായര്‍ മലബാര്‍ കലാപം പേജ്: 173). അല്ലാതെ ഇതില്‍ ഏതെങ്കിലും സാമുദായിക വിരുദ്ധതയോ എതിര്‍പ്പോ ഉണ്ടെന്നു കാണാന്‍ യാതൊരു വഴിയുമില്ല.
മഞ്ചേരിയില്‍ തന്റെ അനുയായികളെ മുന്നില്‍നിര്‍ത്തി വാരിയംകുന്നത്ത് ചെയ്ത പ്രസംഗം സര്‍ദാര്‍ ചന്ദ്രോത്ത് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് ‘നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യന്മാരുടെ ചൊല്‍പ്പടിക്കു നില്‍ക്കേണ്ടവരായിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെണ്ടാണ് ഇതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും തീര്‍ക്കണം. എനിക്കു മറ്റൊന്ന് പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ ഇഷ്ടം കൂടാതെ ദീനില്‍ ചേര്‍ക്കരുത്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഗവണ്‍മെന്റിന്റെ ഭാഗംചേരും. അത് നമ്മുടെ തോല്‍വിക്ക് കാരണമാകും. അവരും നമ്മളെപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരം അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ ! ഹിന്ദുക്കളോട് നമുക്ക് പകയില്ല. എന്നാല്‍ ഗവണ്‍മെണ്ടിനെ സഹായിക്കുകയോ അവര്‍ക്ക് ഒറ്റ കൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്‍ രാജ്യമാക്കാന്‍ ആഗ്രഹമില്ല.’
(സര്‍ദാര്‍ ചന്ദ്രോത്ത്, കുഞ്ഞഹമ്മദ് ഹാജി വീര മാപ്പിള നേതാവ്, ദേശാഭിമാനി, 25 ഓഗസ്റ്റ് 1946)
ബ്രിട്ടീഷുകാര്‍ക്ക് ദാസ്യപ്പണി എടുത്തതിന് മാപ്പിളമാരുടെ ആക്രമണം നേരിട്ട മറ്റൊരു കൂട്ടരാണ് കൊണ്ടോട്ടി തങ്ങന്മാര്‍. സര്‍ക്കാര്‍ നിലപാടുകളെ അനുകൂലിച്ചുകൊണ്ടായിരുന്നു അവരുടെ എല്ലാ തീരുമാനങ്ങളും. അതുകൊണ്ടുതന്നെ സുരക്ഷ തേടി ഏറനാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കൊണ്ടോട്ടിയില്‍ വന്നു താമസിക്കുക പതിവാക്കി. വാരിയംകുന്നത്ത് പടിഞ്ഞാറന്‍ ഏറനാട്ടിലേക്ക് കാല്‍വച്ചതോടെ കൊണ്ടോട്ടി ആക്രമിക്കുവാനും ആയുധങ്ങള്‍ പിടിച്ചെടുക്കാനും പദ്ധതിയിട്ടിരുന്നു. ഈ വിവരം അറിഞ്ഞ കൊണ്ടോട്ടി ഷൈഖ് മുഷ്താഖ് ഷാഹ് വലിയ തങ്ങള്‍ ബ്രിട്ടീഷ് പട്ടാള മേധാവിക്കയച്ച കത്ത് പ്രസിദ്ധമാണ്. വാരിയം കുന്നത്ത് പൂക്കോട്ടൂരിനടുത്ത് എത്തിയിട്ടുണ്ടെന്നും പട്ടാളത്തെ എതിര്‍ക്കാന്‍ അവര്‍ക്ക് ആയുധങ്ങള്‍ കുറവായതിനാല്‍ കൊണ്ടോട്ടിയില്‍ വന്നു ഞങ്ങളുടെ ആയുധങ്ങള്‍ എടുക്കണമെന്നും അതിലേക്ക് ലഹളക്കാര്‍ കൊണ്ടോട്ടിക്ക് വരാന്‍ ഒരുങ്ങിയിട്ടുണ്ട് എന്നും നമുക്ക് വിവരം കിട്ടിയിരിക്കുന്നു. ഈ ലഹളക്കാരെ അന്വേഷിക്കുന്നതിന് പട്ടാളക്കാരെ അയക്കണമെന്നും കൊണ്ടോട്ടിയില്‍ കുറേപട്ടാളം വെക്കണം എന്നുമായിരുന്നു ഈ കത്തിന്റെ ഉള്ളടക്കം. (കെ.കെ മുഹമ്മദ് അബുദുല്‍ കരീം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കലിമ ബുക്‌സ് കോഴിക്കോട് 1992 പേജ്: 117) ഒരു മാസത്തിനകം കൊണ്ടോട്ടിയില്‍ അവര്‍ മാപ്പിളമാരുടെ ആക്രമണം നേരിടേണ്ടി വരികയും ചെയ്തു.
കലാപത്തിന്റെ സ്വഭാവം മതപരമായിരുന്നില്ലെന്നും രാഷ്ട്രീയമായിരുന്നുവെന്നും തെളിയിക്കുന്നതാണ് നിലമ്പൂര്‍ കോവിലകത്തെ ആക്രമണ സംഭവം. എം.പി നാരായണ മേനോന്‍ വിവരിക്കുന്നത് കാണുക ‘നിലമ്പൂര്‍ കോവിലകത്തെ ആറാം തമ്പുരാന്‍ മാപ്പിളമാരുടെ ആക്രമണത്തെ ഭയന്നിരുന്നു. കോവിലകത്തെ വലിയ തമ്പുരാന്‍ കോവിലകത്തിനകത്തും പുറത്തും കാവല്‍ക്കാരെ ഏര്‍പ്പാട് ചെയ്തിരുന്നു. കാവല്‍കാരില്‍ മാപ്പിളമാരും ഉണ്ടായിരുന്നു എന്നതിനാല്‍ തമ്പുരാന് മാപ്പിളമാരോടൊ മാപ്പിളമാര്‍ക്ക് വലിയ തമ്പുരാനോടോ സാമുദായിക വിദ്വേഷം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ നിലമ്പൂര്‍ കോവിലകം ആക്രമിക്കണമെന്ന് തീരുമാനിച്ചത് ആറാം തമ്പുരാനും ഖിലാഫത്ത് നേതാവായ മുഹമ്മദും തമ്മിലുണ്ടായ ഉരസലില്‍ നിന്നുള്ള പകയാണ്. കുടിയാന്മാരെ ദ്രോഹിക്കുന്ന ആറാംതമ്പുരാനെതിരായിരുന്നു മാപ്പിളമാര്‍. ഈ ഉദ്ദേശത്തോടെ നിലമ്പൂരിലേക്ക് തിരിച്ച മാപ്പിളമാര്‍ എടവണ്ണ പോലീസ് സ്റ്റേഷന്‍ കയ്യേറി തോക്കുകള്‍ കരസ്ഥമാക്കി എന്നതൊഴിച്ചാല്‍ വഴിയില്‍ ആരെയും ദ്രോഹിച്ചില്ല. കോവിലകത്ത് എത്തിയപ്പോള്‍ പഠിക്കല്‍ കാവല്‍ നിന്നിരുന്നവര്‍ മാപ്പിളമാര്‍ക്കു നേരെ വെടിവച്ചു. മാപ്പിളമാരുമായി നടന്ന പോരാട്ടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. കാവല്‍ക്കാരെ വധിച്ച ശേഷം മാപ്പിളമാര്‍ കോവിലകത്തെ ഉള്ളില്‍ കടന്നു. വലിയ തമ്പുരാനും തമ്പുരാട്ടിയും ഒരു മുറിയില്‍ വാതിലടച്ച് ഇരിപ്പായി. തമ്പുരാന്‍ എവിടെ, അവനെ പിടി എന്ന മാപ്പിളമാരുടെ ആക്രോശം കേട്ട് ഇളയതമ്പുരാന്‍ കോണിയിറങ്ങി വന്നു. അദ്ദേഹം വിദ്യാഭ്യാസമുള്ള ആളും കോണ്‍ഗ്രസ് ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് കാട്ടാത്ത പുരോഗമന മനസ്ഥിതിക്കാരനുമായിരുന്നു. മാപ്പിളമാര്‍ക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലായിരുന്നു. ഞാനാണ് ഇളയ തമ്പുരാന്‍, തമ്പുരാനെ കൊല്ലണം എന്നാണെങ്കില്‍ നിങ്ങള്‍ക്കെന്നെ കൊല്ലാം എന്ന് സധൈര്യം പറഞ്ഞു മുന്നോട്ടുവന്ന തമ്പുരാനെ മാപ്പിളമാര്‍ ഒന്നും ചെയ്തില്ല. വലിയ തമ്പുരാന്റെ കീഴില്‍ ഒരു മരകരാറുകാരനായിരുന്ന അരിഞ്ഞിക്കല്‍ വീരാന്‍കുട്ടി, തമ്പുരാനെയും കുടുംബത്തെയും രക്ഷിച്ച് സെപ്റ്റംബര്‍ ആദ്യത്തില്‍ ബോട്ട് വഴി കോഴിക്കോട് എത്തിച്ചു. മാപ്പിളമാര്‍ പൊതുവേ ഹിന്ദുക്കള്‍ക്ക് എതിരായിരുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഇത്തരം വളരെയധികം സഹായങ്ങള്‍ മാപ്പിളമാര്‍ തന്നെ ചെയ്തിരുന്നു. ബ്രിട്ടീഷുകാര്‍ പറഞ്ഞു പരത്തുകയും മറ്റുപലരും ഏറ്റുപറയുകയും ചെയ്ത മാപ്പിളമാരുടെ മതഭ്രാന്ത്, ഹിന്ദു വിരോധ മന:സ്ഥിതി എന്നീ ആരോപണങ്ങള്‍ പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു (എം.പി നാരായണ മേനോന്‍ പേജ്: 100)


തൂവ്വൂര്‍ കിണര്‍; കുഴിച്ചു മൂടാത്ത സത്യങ്ങള്‍
കോണ്‍ഗ്രസ് നേതൃത്വത്തില്‍ കിഴക്കന്‍ ഏറനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്‍പ്പെടെ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഖിലാഫത്ത് കമ്മറ്റികള്‍ രൂപീകരിച്ച് സാധാരണക്കാരായ മാപ്പിള ജനങ്ങളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. ഗാന്ധിയുടെയും ഷൗക്കത്തലിയുടെയും കോഴിക്കോട് പ്രസംഗവും മഞ്ചേരിയിലെ കോണ്‍ഗ്രസ് സമ്മേളനവും മാപ്പിള ഹൃദയങ്ങളില്‍ മതാവേശത്തില്‍ ചാലിച്ച സമരജ്വാലക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍, പാരമ്പര്യ മുസ്‌ലിം മുഖ്യധാരാ പണ്ഡിതന്‍മാരും ഉമറാക്കളും ഒരു സായുധ കലാപത്തിന് പദ്ധതിയിട്ടിരുന്നില്ലെന്ന് മാത്രമല്ല, മതപരമമായ ലക്ഷ്യം നേടാനോ മതാധികാരം സ്ഥാപിക്കാനോ ഉള്ള അവസരമായി ഖിലാഫത്ത് സമരത്തെ കണ്ടിരുന്നില്ല എന്നു വ്യക്തമാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി കേന്ദ്രമായി സ്ഥാപിച്ച ഭരണപ്രദേശത്തിന്, എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ‘ഖിലാഫത്ത് രാജ്യ’ മെന്നോ ‘ഇസ്‌ലാമിക രാജ്യം’എന്നോ നാമകരണം ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, സാധാരണക്കാരായ മാപ്പിളമാര്‍ക്കിടയില്‍ ഹാജിക്ക് തന്റെ ഭരണത്തെയും സംവിധാനങ്ങളെയും ഒരുപടികൂടി ജനകീയമാക്കാനും അധികാരം സുഭദ്രമാക്കാനും സാധിച്ചേനെ! എന്നാല്‍, ഹാജി തന്റെ രാജ്യത്തിന് പേരിട്ടത് ‘മലയാള രാജ്യം’ എന്നാണ്. ജാതി-മതങ്ങള്‍ക്കതീതമായി തന്റെ പ്രജകളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാവണം തന്റെ രാജ്യമെന്ന സങ്കല്‍പം അദ്ദേഹത്തിനുണ്ടായിരുന്നു.
മലബാര്‍ സമരത്തെ ഹിന്ദു വിരുദ്ധവും മതഭ്രാന്തുമായി ചിത്രീകരിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്ന ആരോപണമാണ് തുവ്വൂര്‍ കിണര്‍ സംഭവം. പഴയ കിഴക്കന്‍ ഏറനാട്ടിലെ ഒരു കാര്‍ഷിക ഗ്രാമമാണ് തുവ്വൂര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാകുടുംബം താമസിച്ചിരുന്ന നാടായിരുന്നു അത്. അതിനാല്‍ തന്നെ മലബാര്‍ സമരകാലത്ത് ബ്രിട്ടീഷ് പട്ടാളം നിരന്തരമായി ഇവിടം നിരീക്ഷിക്കുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 1921 സെപ്റ്റംബര്‍ മാസത്തില്‍ ബ്രിട്ടീഷ് പട്ടാളം ഇവിടെ ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തു. മാപ്പിളമാരുടെ വീടുകള്‍ വ്യാപകമായി തീവച്ച് നശിപ്പിക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ ചെമ്പ്രശ്ശേരിയിലെ പാറത്തോട് അഹമ്മദ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ‘പട്ടാളം മണ്ണെണ്ണപാട്ടയും ചൂട്ടുമേന്തി കൂടെ ഹിന്ദുക്കളും വരുന്നതോടെ ആണുങ്ങള്‍ മുഴുവന്‍ ഓടിയൊളിക്കും. കണ്ണില്‍ കണ്ടവരെ അവര്‍ വെടിവച്ചു കൊല്ലും. സ്ത്രീകളെ പട്ടാളക്കാരും കൂടെ വന്ന ഹിന്ദുക്കളും ബലാത്സംഗം ചെയ്യും. പല സ്ത്രീകളും മരിക്കും. ബാക്കിയാവുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ അലമുറകള്‍ കേള്‍ക്കാതിരിക്കാന്‍ ബയണറ്റ് കൊണ്ട് അവരെ ദയാവധം നടത്തും. എല്ലാം കഴിഞ്ഞ് മണ്ണെണ്ണ തെളിച്ചു പുരക്ക് തീവച്ചാണ് അവര്‍ മടങ്ങിപ്പോവുക. ഇതുതന്നെയാണ് തുവ്വൂരിലും പട്ടാളവും അനുഗാമികളും ചെയ്തിരുന്നത്.’ (എ.കെ കോഡൂര്‍, പേജ്: 169,170)
പ്രസ്തുത സംഭവങ്ങള്‍ കെ മാധവന്‍നായരും ശരിവക്കുന്നുണ്ട്. പട്ടാളക്കാര്‍ പോയതോടുകൂടി അവരെ സഹായിച്ചവരോ അവരുടെ വരവില്‍ സന്തോഷിച്ചവരോ ആയ ഹിന്ദുക്കളുടെ നേരെ സമരക്കാര്‍ തിരിഞ്ഞു. അങ്ങനെ സഹായം ചെയ്തവരില്‍ ചില മാപ്പിളമാരും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ഇരുപത്തി നാലാം തീയതി രാത്രിയായിരുന്നു അത്. സമരക്കാര്‍ അവരുടെ വീട് വളഞ്ഞു. പുരുഷന്മാരെ ബന്ദികളാക്കി . സ്ത്രീകളെയും കുട്ടികളെയും യാതൊരു ദ്രോഹവും ചെയ്തില്ല. ശേഷം ആ വീടുകള്‍ അഗ്‌നിക്കിരയാക്കി. ബന്ധുക്കളായ പുരുഷന്മാരില്‍ ചിലരെ വിചാരണ ചെയ്തു വധിച്ചു. പരിസരത്തെ ഒരു കിണറ്റില്‍ തള്ളി. (കെ മാധവന്‍ നായര്‍, പേജ്199 201). സമരക്കാരുടെ വീടുകള്‍ നശിപ്പിക്കാനും അവരോട് ദ്രോഹം ചെയ്യാനും വന്ന പട്ടാളക്കാര്‍ക്ക് കൂട്ടുനിന്ന ബ്രിട്ടീഷ് അനുകൂലികളായ ഒറ്റുകാര്‍ക്ക് നേരെയാണ് തുവ്വൂര്‍ സംഭവം നടന്നതെന്ന് മാധവന്‍ നായരുടെ വാക്കുകളില്‍ വ്യക്തമാണ്. ഹിച്ച് കോക്കും ഇങ്ങനെ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സെപ്റ്റംബര്‍ 25 ന് തൃശൂരില്‍ നടന്ന സംഭവത്തില്‍ മുമ്പ് പട്ടാളത്തെ സഹായിച്ച 35 പേര്‍ സമരക്കാരാല്‍ കൊല്ലപ്പെട്ടുവെന്നും കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ മാപ്പിളമാരായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഒറ്റുകാരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കപെട്ടതും അദ്ദേഹം സൂചിപ്പിക്കുന്നു. (ഹിച്ച്‌കോക്ക് പേജ്: 65 ) പ്രസ്തുത സംഭവത്തില്‍ വാരിയംകുന്നത്തിനോ ചെമ്പ്രശ്ശേരി തങ്ങള്‍ക്കോ പങ്കുണ്ടായിരുന്നില്ലെന്നാണ് കെ മാധവന്‍ നായര്‍ അനുമാനിക്കുന്നത് (കെ മാധവന്‍ നായര്‍, പേജ്: 202, 203). ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നേതാക്കള്‍ക്ക് തുവ്വൂര്‍ സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ടായിരുന്നില്ലെന്നും പ്രാദേശികമായ ചിലയാളുകളാണ് ഇതിനു പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതികളെ തന്റെ കാമ്പില്‍ വിളിച്ചുവരുത്തുകയും ശിക്ഷ നല്‍കുകയും ചെയ്തുവെന്ന് കാണാം (എ.കെ കോഡൂര്‍, പേജ് 170,171)
മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്നും സാമ്രാജ്യത്വ വിരുദ്ധമായിരുന്നുവെന്നും ഈ സംഭവങ്ങളിലൂടെ വ്യക്തമാണ്. അല്ലാതെ, ഇതിനെ ചില അജണ്ടകള്‍ മുന്നില്‍വച്ച് വര്‍ഗീയവത്കരിച്ച് ചരിത്രത്തില്‍ തിരുത്തുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനമില്ല. സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റില്‍ നിന്ന് മലബാര്‍ സമര നായകരെ പുറത്താക്കുകയും വാഗണ്‍ട്രാജഡിയടക്കമുള്ള സംഭവങ്ങളെ ചെറുതായി കാണുകയും ചെയ്യുന്നവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല.

(ലേഖകന്‍ മമ്പാട് എം.ഇ.എസ് കോളേജ് ഇസ്‌ലാമിക ചരിത്ര വിഭാഗം തലവനാണ്)

അബ്ദുല്‍ വാഹിദ് ഹുദവി