കുട്ടി മുസ്‌ലിയാര്‍; ജ്ഞാന സപര്യയുടെ ഒമ്പത് പതിറ്റാണ്ട്

3378

ഉസ്താദിന്റെ ജനനം, കുടുംബം എന്നിവയെപറ്റി പറയാമോ….?
1928 ലാണ് ഞാന്‍ ജനിച്ചത്. ഓളങ്ങാടന്‍ മമ്മദ് മൊല്ല എന്നായിരുന്നു പിതാവിന്റെ പേര്. 8 മക്കളില്‍ ചെറിയയാള്‍ ഞാനായിരുന്നു. മൂത്ത രണ്ട് സഹോദരിമാരൊഴികെ ബാക്കി എല്ലാവരും ചെറിയ പ്രയത്തില്‍ തന്നെ മരണപ്പെട്ടുപോയി….

പഠനം എവിടെങ്ങളിലെല്ലാമായിരുന്നു?
പ്രാഥമിക പഠനം ഓത്തുപള്ളിയില്‍ നിന്നായിരുന്നു. എടപ്പറ്റ മോയിന്‍ മുസ്‌ലിയാരുടെ അടുത്തായിരുന്നു ആദ്യം. അവിടെ ഖുര്‍ആനും ഫിഖ്ഹും അഖീദയുമൊക്കെ പഠിപ്പിച്ചിരുന്നത് ഒരു മുഖ്‌രിഅതാ(ഓത്ത് പഠിപ്പിക്കാനും കിതാബോതിത്തരാനും പ്രാപ്തരായ സ്ത്രീകള്‍ക്കു പറയുന്ന പേര്)യിരുന്നു. അവരുടെ കാലശേഷം ഓത്തുപള്ളി ഏറ്റെടുക്കാനാളില്ലാതായതോടെയാണ്, ഇവിടെ അമ്പലക്കടവില്‍ ഇന്ന് പള്ളിയും മദ്രസ്സയുമൊക്കെ നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു ഓത്തുപള്ളി തുടങ്ങാന്‍ ബാപ്പ ക്ഷണിക്കപ്പെടുന്നത്. കുറച്ചുകാലം അവിടെ നിര്‍ത്തിതിനു ശേഷം പിന്നെ എന്നെ പള്ളിദര്‍സില്‍ കൊണ്ടുപോയാക്കി. പിന്നീടങ്ങോട്ട് പള്ളിശ്ശേരി,തുവ്വൂര്‍, കാളികാവ്,കരുവാരകുണ്ട്,വാഴക്കാട് എന്നി സ്ഥലങ്ങലില്‍ ഏകദേശം 13 വര്‍ഷക്കാലം ദര്‍സ് പഠനം നടത്തി. ശേഷമാണ് 1961ല്‍ ദുയൂബന്ദില്‍ പോകുന്നത്. ഞാന്‍ വാഴയൂരില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അവിടെ ഒരു വര്‍ഷത്തേക്ക് മറ്റൊരാളെ ചുമതലപ്പെടുത്തിയിട്ടാണ് ഞാന്‍ ഒരു വര്‍ഷത്തെ ബിരുദ പഠനത്തിന് ദയൂബന്ദില്‍ പോയത്. 1962ല്‍ ബിരുദം നേടി നാട്ടില്‍തിരിച്ചെത്തി.

പ്രധാന ഉസ്താദുമാര്‍ ആരൊക്കെയായിരുന്നു?
നെല്ലിക്കുത്ത് കുഞ്ഞി ഹസന്‍ ഹാജി, അരിപ്ര മൊയ്തീന്‍ ഹാജി, വണ്ടൂര്‍ ചെറീന്‍ മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് എന്റെ പ്രധാന ഉസ്താദുമാര്‍.

ദയൂബന്ദില്‍ പോകുന്നതിനു മുമ്പ് തന്നെ ദര്‍സ്സ് ആരംഭിച്ചിരുന്നുവെന്ന് പറഞ്ഞു. സേവനം ചെയ്ത പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയായിരുന്നു?
വാഴയൂര്‍, കോട്ടയം, ഈരാറ്റുപേട്ട, നിലമ്പൂര്‍, കണ്ണാടിപ്പറമ്പ്, എടയാറ്റൂര്‍, തുവ്വൂര്‍ എന്നീ സ്ഥലങ്ങളിലെല്ലാം ദര്‍സ് നടത്തിട്ടുണ്ട്. ഇടക്ക് നിര്‍ബന്ധിതനായപ്പോള്‍ ഒന്ന് രണ്ട് സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പാളായും സേവനം ചെയ്തിട്ടുണ്ട്. കാരശ്ശേരിയിലാണ് അവസാനം ദര്‍സ് നടത്തിയത.് ശാരീരികമായ മറ്റു പ്രയാസങ്ങള്‍ കാരണം വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ്. ദര്‍സൊന്നും ഇല്ല

ഉസ്താദ് ഒരു ഹാഫിള് കൂടിയാണെന്നു കേട്ടിട്ടുണ്ട്..?
ആ…അത് അങ്ങനെയെവിടെ നിന്നും പഠിച്ചതല്ല. ബാപ്പ ഒരു മൊല്ലാക്കയായിരുന്നുവെന്നു പറഞ്ഞല്ലോ. അക്കാലത്ത് വീടുകളില്‍ പോയി ഓതുന്ന പതിവുണ്ടായിരുന്നു ‘കുടിയോത്ത്’ എന്നാണതിന് പറയുക അസ്വറിനു ശേഷവും മറ്റുമെക്കെ പലപ്പോഴും ഞാനാണ് കുടിയോത്തിന് പോയിരുന്നത്. ഇവിടെ നിന്ന് പോയ ശേഷവും നാട്ടില്‍ ലീവില്‍ വരുമ്പോഴെക്കെ അത് തുടര്‍ന്നു പോന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം എന്നുതന്നെ പറയാം, വീടുകളില്‍ ചെന്ന് അര ജുസുഉം ഒരു ജുസുമൊക്കെയായി ഓതിത്തുടങ്ങി. അങ്ങനെയങ്ങ് ഹിഫഌ ആയതാണ്. അല്ലാതെ ഒരു ഉസ്താദിന്റെ കീഴിലായി പഠിച്ചെടുത്തതല്ല.

ഉസ്താദിന്റെ ഭൗതിക വിദ്യാഭ്യാസത്തെ കുറിച്ച് പറയാമോ…?
അങ്ങനെ പറയത്തക്ക ഭൗതിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. അക്കാലത്ത് സൗകര്യവും കുറവായിരുന്നല്ലോ. മാതാപിതാക്കള്‍ക്ക് പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കൂട്ടുകാരില്ലാതിരുന്നതിനാലും ദൂരം കൂടുതലായതിനാലുമൊക്കെ അതുനടക്കാതെ പോയി. പിന്നെ സ്വന്തം പരിശ്രമം കൊണ്ട് ദര്‍സ് പഠനത്തിനിടക്ക് എഴുതാനും വായിക്കാനുമൊക്കെ പഠിച്ചു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ വച്ച് അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ടായി. അവിടെ ധാരാളം പുസ്തകങ്ങളും ഡിക്ഷ്ണറികളുമൊക്കെ ലഭ്യമായിരുന്നു അത് ഉപയോഗപ്പെടുത്തി ഭാഷയും മറ്റുമൊക്കെ സ്വായത്തമാക്കിയത് അക്കാലത്താണ്.

1961-ല്‍ ഉസ്താദ് അഫഌലുല്‍ ഉലമ പാസ്സായതായി എവിടെയോ വായിച്ചതോര്‍ക്കുന്നു?
വാഴക്കാട് ഒാതുന്ന കാലത്ത് കണ്ണിയത്തുസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം വാഴയൂര്‍ എന്ന സ്ഥലത്ത് കുറച്ച് കാലം ഞാന്‍ ദര്‍സ് നടത്തിയിരുന്നു. ആയിടക്ക് ഒരിക്കല്‍ സമീപ പ്രദേശക്കാരനായ എ.പി അഹ്മദ് കുട്ടി നിസാമി എന്ന സ്‌നേഹിതന്‍ സുന്നികള്‍ക്കിടയില്‍ അഫഌലുല്‍ ഉലമ പാസ്സായവര്‍കൂടി ഉണ്ടാകേണ്ടതിന്റെ അവശ്യകത ഉണര്‍ത്തിയപ്പോള്‍ അങ്ങനെയൊരാവശ്യം ഞാനും ഉള്‍ക്കൊള്ളുകയായിരുന്നു. അങ്ങനെ ഞങ്ങളൊരുമിച്ച് റൗളത്തുല്‍ ഉലൂം അറബിക്ക് കോളേജ് അധികൃതരുമായി സംസാരിക്കുകയും അവരത് പരിഗണിക്കുകയും ചെയ്തു. ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും പരീക്ഷ എഴുതിക്കൊള്ളാമെന്നും ആദ്യമേ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരതിന് സൗകര്യം ചെയ്തുതന്നു.

സഹപാഠികളെ കുറിച്ചുള്ള ഓര്‍മകള്‍…..?
പ്രമുഖരായ പലരുമുണ്ടായിരുന്നു സഹപാഠികളായി. പലരും മരണപ്പെട്ടു പോയിട്ടുണ്ട.് കെ.കെ അബ്ദുള്ള മുസ്‌ലിയാരും കെ.ടി മാനു മുസ്‌ലിയാരും തന്നെയായിരുന്നു അവരില്‍ പ്രധാനികള്‍. പിന്നെ ദാറുല്‍ഉലൂമിലും ഉണ്ടായിരുന്നു പലരും. അവരിലെരാളായിരുന്നു ഖുത്വ്ബി ഉസ്താദിന്റെ മകന്‍ ഇബ്‌നു ഖുത്വ്ബി എന്നറിയപ്പെട്ടിരുന്ന സി.എച്ച് അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ മറ്റൊരാള്‍ പറവണ്ണ ഉസ്താദിന്റെ മകന്‍ മുഹമ്മദ് ഖാസിം. അവരൊക്കെ മരണപ്പെട്ടു പോയി…

എന്നു മുതലാണ് ഉസ്താദിന്റെ പ്രാസ്ഥാനിക ജീവിതം തുടങ്ങിയത് ?
1957-ല്‍ സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരാണ് എനിക്ക് സമസ്തയുടെ മെമ്പര്‍ഷിപ്പ് തന്നത്. അന്ന് മുതല്‍ ഞാന്‍ മെമ്പറാണ്. അക്കാലത്ത് കീഴ്ഘടകങ്ങളൊക്കെ ഉണ്ടായി വരുന്നേയുള്ളൂ. മാത്രമല്ല, അന്ന് ഞാന്‍ ഏറെക്കുറേ തെക്കന്‍ കേരളത്തിലും തിരു-കൊച്ചി ഭാഗങ്ങളിലായിരുന്നു തദ്‌രീസുമായി കൂടിയിരുന്നത്. അതുകെണ്ടുതന്നെ യോഗങ്ങളിലും മറ്റും എത്തിപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ പരിമിതമായ പങ്കാളിത്തം മാത്രമേ വഹിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നു ചുരുക്കം. പിന്നീട് 2009 ലാണ് മുശാവറയിലേക്ക് വിളിക്കപ്പെടുന്നത്. കോഴിക്കോട് കാരശ്ശേരിയില്‍ മുദരിസും ഖത്വീബുമായി സേവനം ചെയ്തുകെണ്ടിരിക്കുമ്പോഴായിരുന്നു അത്.
കെ.ടി ഉസ്താദുമായുള്ള താങ്കളുടെ വ്യക്തിബന്ധം എപ്രകാരമായിരുന്നു?
പഠന കാലത്ത് ഒന്നര വര്‍ഷം ഞങ്ങളൊരുമിച്ചുണ്ടായിരുന്നു കരുവാരകുണ്ടില്‍. അദ്ദേഹം അന്നു തന്നെ ഒരു ബഹുമുഖപ്രതിഭയായിരുന്നു. വലിയ ബുദ്ധിശാലിയായിരുന്നു. കിതാബിലുള്ള കഴിവിന് പുറമെ കവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായിരുന്നു. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുമായുള്ള വാദപ്രതിവാദത്തില്‍ നിന്ന് സി.എന്‍ അഹമദ് മൗലവി പിന്‍മാറിയതിനെ പറ്റി കെ.ടി അന്ന് എഴുതിയ വരികള്‍ ഞാനിപ്പോഴുമോര്‍ക്കുന്നുണ്ട്.
‘കേള്‍പ്പിന്‍ കരുവാരകുണ്ടതില്‍ സി.എന്നിന്റെ
കുതന്ത്രം
നോട്ടീസിലെ ചോദ്യോത്തരം വേണ്ടെന്നൊരുതന്ത്രം
മിക്ക ജനങ്ങളും കണ്ടൊരു വാദപ്രതിവാദം
പറ്റുല സി.എന്‍ മൗലവീ ഞങ്ങള്‍ക്കുണ്ട് ബോധം’

പിന്നീട് അതിന്‍െ ശേഷവും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. മകന്‍ ഹമീദ് ഫൈസി മാനു മുസ്‌ലിയാരുടെ മകളെ വിവാഹം ചെയ്തതോടെ അത് കുടുതല്‍ ശക്തമായി. മരണം വരെ ആ സ്‌നേഹബന്ധം നില നില്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വഹിച്ച് കൊണ്ടിരിക്കുന്ന മറ്റു സ്ഥാനങ്ങള്‍ ?
ജില്ല ജംഇയത്തുല്‍ ഉലമയില്‍ മെമ്പറാണ്, നിലമ്പൂര്‍ താലൂക്ക് ജംഇയത്തുല്‍ ഉലമയുടെ പ്രസിഡന്റാണ്, കാളിക്കാവ് മേഖലാ എസ്.എം.എഫിന്റെ പ്രസിഡന്റാണ്.

ആദ്യകാല നേതക്കളുമായുള്ള ബന്ധം ?
മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും എന്റെ ഗുരുനാഥന്‍മാരായിരുന്നു. രണ്ടുപേരും സമസ്തയുടെ സമുന്നതരായ നോതാക്കളായിരുന്നല്ലോ. പറവണ്ണ ഉസ്താദിന്റെ അടുത്ത് ഏകദേശം ഒരു വര്‍ഷം മാത്രമേ ഞാന്‍ ഓതിയിട്ടുള്ളു. അപ്പോഴേക്ക് ഉസ്താദ് മറ്റൊരു സ്ഥലത്തേക്ക് ദര്‍സ് മാറിപ്പോയി. പിന്നെ വാഴക്കാട് കണ്ണിയത്തുസ്താദിന്റെ അടുത്തായിരുന്നു. പറവണ്ണ ഉസ്താദിനെ ഇടക്ക് ചെന്നു കാണുകയും വഫാത്തിനുശേഷം ഉസ്താദിന്റെ മക്കളുമായൊക്കെ ആസ്‌നേഹ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കണ്ണിയത്ത് ഉസ്താദുമായി അഭേദ്യമായ ബന്ധം സുദൃഢമകാന്‍ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു, ഒന്ന് ഹിഫഌ തന്നെ.
ക്ലാസിനിടയില്‍ ഉസ്താദ് ഓതുന്ന ആയത്തുകളുടെ ബാക്കി ആരോടെങ്കിലും ഓതാന്‍ പറയുന്ന പതിവുണ്ടായിരുന്നു. മിക്കപ്പോഴും ഞാന്‍ തന്നെയായിരുന്നു ഓതിക്കേള്‍പ്പിക്കാറുണ്ടായിരുന്നത.് ഇത് ഉസ്താദുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സഹായമായി. അക്കാലത്ത് ഞങ്ങള്‍ കുറച്ചാളുകള്‍ മുന്‍കൈയ്യെടുത്ത് ദര്‍സിലൊരു സാഹിത്യസമാജത്തിന് തുടക്കമിടുകയുണ്ടായി. അങ്ങനെ അത്യാവശ്യം പ്രസംഗിക്കാനും സംസാരിക്കാനുെമാക്കെ ശീലിച്ചു. അതുകാരണം സമീപ പ്രദേശങ്ങളില്‍ കണ്ണിയത്ത് ഉസ്താദ് ക്ഷണിക്കപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കാനും സംസാരിക്കാനുമൊക്കെ അവസരം കിട്ടി. അത് ഉസ്താദമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചു. പീന്നിട് അതിനു ശേഷവും ഇടക്കിടെ ഉസ്താദിനെ ചെന്ന് കാണാനും സുഖവിവരങ്ങള്‍ അന്വേഷിക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ടായിരുന്നു. ഞാന്‍ വരുന്നത് ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക ശൈലിയില്‍ ഒ.കെ (ഒ കുട്ടി മുസ്‌ലിയാര്‍) വരുന്നുണ്ട് വേഗം ചായയുണ്ടാക്ക് എന്ന് ഭര്യയോട് പറയാറുണ്ടായിരുന്നു. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കളോടും സംഘടനാ തലത്തിലും മറ്റു ദീനി വിഷയങ്ങളിലും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിച്ചിരുന്നു.

ഉസ്താദിന്റെ ഇജാസതും മറ്റുമൊക്കെ ?
അങ്ങനെ പറയത്ത ഇജാസത്തുകളൊന്നുമില്ല. മന്ത്രിച്ചൂതാനും മറ്റുമൊക്കെ ചെറിയരീതിയില്‍ പലരില്‍ നിന്നും വാങ്ങിയിട്ടുണ്ട് എന്നുമാത്രം.

വ്യക്തിപരമായ ചില കാര്യങ്ങള്‍കൂടി പറഞ്ഞു നിര്‍ത്താമെന്നു തോന്നുന്നു. കുറച്ച്കാലമായി ഉസ്താദ് തദ്‌രീസൊക്കെ നിര്‍ത്തി വിശ്രമ ജീവിതം നയിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വര്‍ഷങ്ങളായി ദര്‍സ് നിര്‍ത്തിയിട്ട്. മുമ്പ് ഒരു പനിബാധിച്ച് ഊരവേദനയും ശരീരവേദനയുമൊക്കെ പിടിപെട്ടു. എഴുന്നേറ്റിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അന്ന്. കുറച്ച് കാലം കാരശ്ശേരിയിലെ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പള്ളിയില്‍ തന്നെ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അസഹിനീയമായിത്തുടങ്ങിയപ്പോള്‍ തിരിച്ച് പേരേണ്ടി വന്നു. ഇപ്പോള്‍ ഇവിടെത്തന്നെയാണ്. ഭാര്യ ഫാത്തിമ ഏതാനും വര്‍ഷം മുമ്പ് മരണപ്പെട്ടു. എട്ട് മക്കളാണുണ്ടായിരുന്നത്. ഒരാള്‍ ചെറുപ്പതില്‍ തന്നെ മരണപ്പെട്ടു. ബാക്കി ഏഴു മക്കളില്‍ 4 പെണ്ണും 3 ആണുമാണ് മൂത്ത മകളുടെ ഭര്‍ത്താവ് സുലൈമാന്‍ ഫൈസി മാളയേക്കല്‍ അടുത്ത കാലത്ത മരണപ്പെട്ടു. രണ്ടാമത്തെ മകളുടെ ഭര്‍ത്താവ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട. ബഷീര്‍ ഫൈസി, അബ്ദുന്നാസ്വിര്‍ ഫൈസി എന്നിവരാണ് മറ്റു മരുമക്കള്‍ ഇതില്‍ ഇളയ മകളുടെ ഭര്‍ത്താവ് അബ്ദുനാസ്വിര്‍ ഫൈസി മരണപ്പെട്ടു. ഹമീദ് ഫൈസി, ജലീല്‍ മാസ്റ്റര്‍, മുഹമ്മദലി ഫൈസി എന്നിവരാണ് ആണ്‍മക്കള്‍.
2021 ഏപ്രില്‍ 23, 1442 റമളാന്‍ 11 ന് ആ വലിയ ജീവിതയാത്ര അവസാനിച്ചു.

ഒ കുട്ടി മുസ്‌ലിയാര്‍/മുആവിയ മുഹമ്മദ് ഫൈസി