ബ്രിട്ടന്‍, അമേരിക്ക… അടുത്തതാര് ?

1710

സ്വതന്ത്ര്യ ഇന്ത്യയുടെ ഉദയവും ശൈശവവും ആധികാരികമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച, ദശ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍‘ എന്ന കൃതിയുടെ ആരംഭത്തില്‍ ഇങ്ങനെ എഴുതപ്പെട്ടതു കാണാം: ‘പതിവില്‍ നിന്നും വ്യത്യസ്തമായി 1947-ലെ പുതുവത്സര ദിനത്തില്‍ ലണ്ടന്‍ നഗരം വിജനമായിരുന്നു. ആഘോഷരാവിനെ വരവേല്‍ക്കാന്‍ ഒരു ഗ്ലാസ് ചായക്ക് വേണ്ട ചൂടുവെള്ളം പോലും ലണ്ടന്‍ നിവാസികള്‍ക്ക് അന്ന് ലഭ്യമായിരുന്നില്ല’.നൂറ്റാണ്ടുകളോളം ലോകം അടക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ആ പരിതസ്ഥിതിയിലെത്തിച്ചത് രണ്ട് ലോക മഹായുദ്ധങ്ങളായിരുന്നുവെന്നും അതാണ് പിന്നീട് ഇന്ത്യയടക്കമുള്ള കോളനി രാഷ്ട്രങ്ങളുടെ സ്വാതന്ത്രത്തിനു വഴിതെളിയിച്ചതെന്നും രചയിതാക്കളായ ലാരി കോളിന്‍സും ഡൊമിനിക് ലാംപിയറും എഴുതിയത് കാണാം.
രക്തരൂഷിതമായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് തിരശ്ശീല വീഴുമ്പോള്‍ ലോകത്തിന്റെ അധികാരകേന്ദ്രം ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു. ആധുനിക അധികാര വ്യവസ്ഥിതിയുടെ മാനദണ്ഡം സാമ്പത്തിക മേല്‍ക്കോയ്മയാണെന്നിരിക്കെ, ബ്രിട്ടന്‍ കേന്ദ്രമായ ‘മോഡേണിറ്റി’ ക്രമത്തില്‍ നിന്നും അമേരിക്ക കേന്ദ്രമായ ‘പോസ്റ്റ് മോഡേണിറ്റി’ ക്രമത്തിലേക്കുള്ള ഈ മാറ്റം അടിസ്ഥാനപരമായി ആഗോള സാമ്പത്തിക സമവാക്യങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയായിരുന്നു എന്ന് പറയാം. സാമ്പത്തിക വ്യവഹാരങ്ങളുടെ അവസാന വാക്കായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സ്ഥാനത്ത് വാഷിംഗ്ടണ്‍ കേന്ദ്രമായി ഐ.എം.എഫും (അന്താരാഷ്ട്ര നാണയ നിധി) ആഗോള കറന്‍സിയായി ബ്രിട്ടീഷ് പൗണ്ടിന്റെ സ്ഥാനത്ത് അമേരിക്കന്‍ ഡോളറും കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സോവിയറ്റ് യൂണിയനെ ശീതയുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ അമേരിക്കന്‍ മേധാവിത്വം പൂര്‍ണമായെങ്കിലും അതിന് അല്‍പായുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അധികാരം കൈക്കലാക്കുന്നതിലും പ്രയാസകരമാണ് അത് നിലനിര്‍ത്തുക എന്നത്. തങ്ങളുടെ സാമ്പത്തിക അധീശത്വത്തിനും രാഷ്ട്രീയ മേധാവിത്വത്തിനും വെല്ലുവിളി ഉയര്‍ത്തിയവരെ കോളനി രാഷ്ട്രങ്ങളില്‍ ബ്രിട്ടന്‍ നേരിട്ടപ്പോലേ ‘പെട്രോ ഡോളറിന്’ നേരെ വെല്ലുവിളി ഉയര്‍ത്തിയവരെ അമേരിക്ക നിശേഷം ഇല്ലാതാക്കുന്ന കാഴ്ചയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകം ദര്‍ശിച്ചത്. ഡോളറിനു പകരം യൂറോ കറന്‍സിയില്‍ എണ്ണ വില്‍ക്കാന്‍ ശ്രമിച്ച സദ്ദാം ഹുസൈനെയും ഗോള്‍ഡില്‍ വില്‍ക്കാന്‍ ശ്രമിച്ച ഗദ്ദാഫിയെയും ഇല്ലാതാക്കി അമേരിക്ക തങ്ങളുടെ അധികാരം കാത്തുസൂക്ഷിച്ചു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പിന്നാലെ ‘ഭീകരവാദത്തിനെതിരെയുള്ള യുദ്ധം’ എന്ന പേരില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ച് നടത്തിയ പശ്ചിമേഷ്യന്‍ അധിനിവേശങ്ങള്‍ താൽകാലികമായ ലക്ഷ്യം നേടിക്കൊടുത്തെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കക്ക് തന്നെ തിരിച്ചടിയായി മാറി. 2020 ഓടെ ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ പരാജയപ്പെട്ടതിനു ശേഷം അമേരിക്കന്‍ മേധാവിത്വത്തിന്റെ തകര്‍ച്ച കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങി.


‘പിന്‍വലിയുന്ന’ അമേരിക്ക
ഭീകരവാദത്തെ തുടച്ചുനീക്കാന്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ അമേരിക്ക കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ യാതൊരു സൈനിക നീക്കവും നടത്താതെ താലിബാനെ തന്നെ അധികാരം ഏല്‍പ്പിച്ച് പിന്‍വലിയുകയാണുണ്ടായത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്ന അമേരിക്ക, അവസാന നിമിഷം വരെ ഉക്രൈനൊപ്പം നിന്നിരുന്നുവെങ്കിലും, യുദ്ധം ആരംഭിച്ചപ്പോള്‍ തങ്ങള്‍ ഇടപെടുന്നില്ല എന്നുപറഞ്ഞ് പിന്തിരിഞ്ഞോടിയത് കേവലം, ആണവ ശക്തിയായ റഷ്യയെ ഭയന്നുകൊണ്ട് മാത്രമല്ല. സാമ്പത്തികമായി ഇനിയൊരു യുദ്ധത്തിനുള്ള ശേഷി അമേരിക്കന്‍ ഖജനാവിനില്ല എന്ന് ബോധ്യമുള്ളത് കൊണ്ടുകൂടിയാണ്.
കൊവിഡ് മഹാമാരിയും തുടര്‍ന്നുവന്ന ഉക്രൈന്‍ യുദ്ധവും ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചത് അമേരിക്കന്‍ സമ്പദ്ഘടനയെയായിരുന്നു. അമേരിക്കയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും നാണയപ്പെരുപ്പവുമൊക്കെ കുതിച്ചു കയറുകയാണ്. ഈ വര്‍ഷത്തെ എല്ലാ പാദങ്ങളിലും നെഗറ്റീവ് ജി.ഡി.പി രേഖപ്പെടുത്തിയതു വഴി അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് മിക്ക സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍, അതൊരു തുടക്കം മാത്രമായിരുന്നു. ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ആമസോണും ഗൂഗിളും അടക്കമുള്ള ടെക് കമ്പനികള്‍ പതിനായിരത്തോളം പേരെയാണ് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടത്. വരാനിരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ‘മുണ്ട് മുറുക്കലുകളാണ്’ ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡോളര്‍ അല്ലാത്ത മറ്റു കറന്‍സികളില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില്‍ക്കാനുള്ള സൗദിയുടെയും യു.എ.ഇയുടെയും തീരുമാനം, ലോക പൊലീസിംഗില്‍ അമേരിക്കയുടെ കുറഞ്ഞുവരുന്ന സ്വാധീനത്തിന് തെളിവാണ്. എണ്ണ ഉല്‍പാദനം കുറച്ച് ക്രൂഡ്ഓയില്‍ വില ഉയര്‍ത്താനുള്ള സൗദിയുടെ തീരുമാനം, കുതിച്ചുയരുന്ന ഇന്ധനവില മൂലം പ്രതിസന്ധിയിലായ അമേരിക്കയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്.


ലിബറലിസവും അസ്തമിക്കുന്നുവോ ?
സാമ്പത്തിക,രാഷ്ട്രീയ മേധാവിത്വത്തിന്റെ പിന്‍ബലത്തിലാണ് അമേരിക്ക കഴിഞ്ഞ അരനൂറ്റാണ്ട് കാലം തങ്ങളുടെ ലിബറല്‍ അജണ്ടകള്‍ ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും പേരുപറഞ്ഞ് അവതരിപ്പിക്കപ്പെട്ട ലിബറലിസം കുടുംബ വ്യവസ്ഥിതിയെ ഇല്ലാതാക്കുകയും അതുവഴി സാമൂഹിക അരാജകത്വം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് ലോകം മാറിചിന്തിക്കാന്‍ തുടങ്ങിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും തുടര്‍ന്നുണ്ടായ ‘വാര്‍ ഓണ്‍ ടെററും’ വഴി ഇസ്‌ലാമോഫോബിയ വളര്‍ത്തുകയും അതിന്റെ മറവില്‍ ലിബറല്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതില്‍ അമേരിക്ക ഒരു പരിധിവരെ വിജയിച്ചു എന്നുപറയാം. എന്നാല്‍, ലിബറലിസം ഒരേ സമയം സാമൂഹ്യപരമായും സാമ്പത്തികപരമായും പരാജയമാണെന്ന് ലോകം തിരിച്ചറിഞ്ഞ ഉടന്‍ തന്നെയായിരുന്നു റഷ്യയുടെ ഉക്രൈന്‍ അധിനിവേശം.
ഉക്രൈനുമായുള്ള പ്രാദേശിക യുദ്ധമല്ല, മറിച്ച് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പ്രത്യയശാസ്ത്ര സംഘട്ടനമാണ് നിലവില്‍ നടക്കുന്നതെന്ന് ബോധ്യപ്പെടാന്‍ മാസങ്ങളെടുത്തു. ഉക്രൈനില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങളെ ഔദ്യോഗികമായി റഷ്യയോട് ചേര്‍ക്കുന്ന ചടങ്ങില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ നടത്തിയ പ്രസംഗം ഒരു തരത്തില്‍ ലിബറലിസത്തിനെതിരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനം കൂടിയായിരുന്നു. പ്രസ്തുത പ്രഭാഷത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം ഇങ്ങനെ പറയുന്നത് കാണാം:
‘എല്ലാവരോടുമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്, അച്ഛനും അമ്മക്കും പകരം നമ്മുടെ നാടായ റഷ്യയില്‍ ഉണ്ടാവേണ്ടത് പാരെന്റ് ഒന്ന്, പാരെന്റ് രണ്ട് പാരെന്റ് മൂന്ന് ഒക്കെയാണോ? ജീര്‍ണതയിലേക്കും നാശത്തിലേക്കും നയിക്കുന്ന കാര്യങ്ങളാണോ സ്‌കൂളുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടത്? ആണിനും പെണ്ണിനും പുറമെ വേറെയും െജന്‍ഡര്‍ ഉണ്ടെന്ന് കുട്ടികളുടെ തലയില്‍ അടിച്ച് കയറ്റാനും അതിലൂടെ അവരെ ലിംഗമാറ്റ ശസ്ത്രക്രിയയിലേക്കു നയിക്കലാണോ നമ്മുടെ ഉദ്ദേശ്യം? ശരിക്കും, നമ്മുടെ നാടിനും കുട്ടികള്‍ക്കും ഇതാണോ ആവശ്യം? അല്ല, ഇതൊന്നും നമുക്ക് സ്വീകാര്യമല്ല. നമുക്ക് നമ്മുടേതായ ഒരു ഭാവിയുണ്ട്. ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ്. അതായത്, പാശ്ചാത്യന്‍ വരേണ്യവര്‍ഗത്തിന്റെ സമഗ്രാധിപത്യം എല്ലാ സമൂഹങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുക, മത പാരമ്പര്യമൂല്യങ്ങളെ പിഴുതെറിയുക, സ്വാതന്ത്ര്യം അടിച്ചമര്‍ത്തുക തുടങ്ങിയ അവരുടെ രീതികള്‍ മതത്തെ തലതിരിച്ചിടുന്നത് പോലെയാണ്. അഥവാ, തനി പൈശാചികത! ഗിരി പ്രഭാഷണത്തില്‍ യേശു വ്യാജ മിശിഹമാരെ തുറന്നു കാട്ടിയത് ഇങ്ങനെയാണ്: ‘അവരുടെ ഫലങ്ങള്‍ നോക്കി അവരെ മനസ്സിലാക്കാം’ വിഷലിപ്തമായ ഈ ഫലങ്ങള്‍ ഇപ്പൊള്‍ എല്ലാ ജനങ്ങള്‍ക്കും അറിയാം’.
ലിബറലിസം തകര്‍ത്തെറിഞ്ഞ കുടുംബ വ്യവസ്ഥിതികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. 1980 മുതല്‍ 2015 വരെ ‘ഒരു കുട്ടി’ നയം നടപ്പാക്കിയിരുന്ന ചൈന, ഗര്‍ഭചിത്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ശിശു സംരക്ഷണ സേവനങ്ങളും ജോലിസ്ഥലങ്ങളിലെ ‘കുടുംബ സൗഹൃദങ്ങളും’ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തങ്ങളിലാണ്. പന്ത്രണ്ട് മക്കളുണ്ടായാല്‍ അമ്മമാര്‍ക്ക് പന്ത്രണ്ട് ലക്ഷം രൂപ വരുന്ന മദര്‍ ഹീറോയിന്‍ പുരസ്‌കാരം നല്‍കാനുള്ള റഷ്യയുടെ തീരുമാനവും ലിബറലുകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഏറ്റവും അവസാനമായി, ഖത്തര്‍ ഫുട്ബാള്‍ വേള്‍ഡ് കപ്പിന്റെ തുടക്കം മുതല്‍ നടക്കുന്ന വിവാദങ്ങള്‍ പരിശോധിച്ചാല്‍ ലിബറലിസം എത്രമാത്രം അപ്രസക്തമാവുന്നു എന്നു ബോധ്യപ്പെടും. വേള്‍ഡ് കപ്പ് എന്ന ആഗോള സംഗമത്തെ കള്ളും പെണ്ണും കച്ചവടം ചെയ്യാനുള്ള ‘ചന്തയായി’ മാറ്റിയെടുക്കാറുള്ള പതിവ് രീതികള്‍ തെറ്റിച്ച്, കളിക്കാനും കളി കാണാനും ഉദ്ദേശിച്ച് മാത്രം ഇങ്ങോട്ടു വന്നാല്‍മതിയെന്ന ഖത്തറിന്റെ തീരുമാനം മനസ്സില്ലാമനസ്സോടെ ലിബറലുകള്‍ക്ക് അംഗീകരിക്കേണ്ടി വന്നു. എല്‍.ജി.ബി.ടി.ക്യൂ രാഷ്രീയ മുന്നേറ്റങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കൈയ്യില്‍ ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിച്ചു വരുന്ന കളിക്കാര്‍ക്ക് ‘റെഡ് കാര്‍ഡ്’ നല്‍കുമെന്ന ഫിഫ യുടെ തീരുമാനവും വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. ഇതിനു മറുപടിയായി ജപ്പാനെതിരെയുള്ള മത്സരത്തിന് മുമ്പായി വായ് കൈ കൊണ്ട് മൂടി ജര്‍മന്‍ കളിക്കാര്‍ പ്രതിഷേധിച്ചെങ്കിലും, കഴിഞ്ഞ ലോകക്കപ്പില്‍ ജര്‍മനി തോറ്റപ്പോള്‍ വംശീയ അധിക്ഷേപം കാരണം ടീമില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന മസൂദ് ഓസിലിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി അതേ നാണയത്തില്‍ ഖത്തരികള്‍ അതിന് മറുപടി നല്‍കി.


തീവ്ര വലതുപക്ഷം യൂറോപ്പ്പി ടിച്ചടക്കുന്നു ?
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം അനുസ്മരിപ്പിക്കുന്ന അതേ രീതിയില്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വര്‍ധിച്ചു വരുന്ന സ്വാധീനം ആഗോള ലിബറല്‍ വ്യവസ്തിയുടെ പരാജയം തിരിച്ചറിഞ്ഞത് കൊണ്ടുള്ള ഭൂരിപക്ഷ ജനതയുടെ പ്രതികരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അടിസ്ഥാനമായ ലിബറല്‍ പ്രത്യയശാസ്ത്രത്തോടുള്ള ജനവികാരം ഫാസിസത്തിന്റെ രൂപത്തില്‍ ഇറ്റലിയിലും നാസിസത്തിന്റെ രൂപത്തില്‍ ജര്‍മനിയിലും ഉയര്‍ന്നു വരുകയാണുണ്ടായത്. സമാനമായ രീതിയില്‍ അമേരിക്ക വിഭാവനം ചെയ്യുന്ന പോസ്റ്റ് ലിബറല്‍ വ്യവസ്ഥിതിതി അഗോളീകരണം വഴി തങ്ങളുടെ സമ്പത്ത് ഊറ്റിയെടുക്കയാണെന്നും തങ്ങളുടെ കുടുംബത്തിന്റെയും അതുവഴി രാഷ്ട്രത്തിന്റെയും കെട്ടുറപ്പ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും തിരിച്ചറിഞ്ഞതു മുതല്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ലിബറലിസത്തില്‍ നിന്നും പിന്‍വലിഞ്ഞ് തീവ്ര വലതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കാന്‍ തുടങ്ങി. ‘ബ്രെക്‌സിറ്റ്’ ലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിരിഞ്ഞുപോയതോടെ ലിബറലുകള്‍ക്കിടയിലെ അസ്വാരസ്യത്തിന്റെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. ഈയടുത്ത വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളിലെല്ലാം അധികാരത്തിലെത്തിയത് തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ്. ഹംഗെറിയന്‍ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിക്ടര്‍ ഓര്‍ബനും സെര്‍ബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലക്‌സാണ്ടര്‍ വൂസിക്കും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ കൊണ്ട് അറിയപ്പെട്ടവരാണ്. എല്‍.ജി.ബി.ടി.ക്യൂ രാഷ്ട്രീയത്തെ എതിര്‍ത്ത ആന്‍ഡ്രസ് ദുദയാണ് പോളണ്ട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മക്രോണിന് അധികാരം നിലനിര്‍ത്താന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന മരിന്‍ ലി പെന്നുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തേണ്ടി വന്നു. ഇറ്റലിയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റ ജോര്‍ജിയ മേലൊണിയുടെ രാഷ്രീയ ജീവിതം, മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് തുടങ്ങിയത്. ഫെമിനിസം, വനിതാ സംവരണം എന്നിവ നിരാകരിക്കുകയും എല്‍.ജി.ബി.ടി ലോബിക്കെതിരില്‍ സംസാരിക്കുകയും ചെയ്യുന്ന നേതാവാണ് ജോര്‍ജിയ മെലോണി. ഇപ്പറഞ്ഞ നേതാക്കളില്‍ മിക്കവരും തീവ്രവംശീയത വെച്ച് പുലര്‍ത്തുന്നവരായിട്ടും അവരോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിന് പ്രധാന കാരണം ലിബറല്‍ രാഷ്രീയത്തോടുള്ള വെറുപ്പും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ്.


നവലോക ക്രമത്തിന്റെ തുടക്കം
നിലവിലെ ആഗോള സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ സാഹചര്യം സസൂക്ഷമം പരിശോധിച്ചാല്‍ ഒരു കാര്യം ബോധ്യപ്പെടും. ആഗോള അധികാര കേന്ദ്രം എന്നനിലയില്‍ അധികകാലം തുടരാന്‍ അമേരിക്കക്കാവില്ല. ബ്രിട്ടനും അമേരിക്കക്കും ശേഷം മറ്റൊരു അധികാര വ്യവസ്ഥിതിയും ലോകക്രമവും രൂപപ്പെടാന്‍ പോകുന്നതിന്റെ സൂചനകളായി നിലവിലെ സംഭവവികാസങ്ങളെ കാണേണ്ടതുണ്ട്. വ്യവസായിക വിപ്ലവത്തിന്റെ ബലത്തില്‍ മോഡേണിസത്തെ ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത് ബ്രിട്ടീഷ് കൊളോണിയലിസമായിരുന്നുവെങ്കില്‍, ഡിജിറ്റല്‍ വിപ്ലവത്തിന്റെ മറവില്‍ പോസ്റ്റ് മോഡേണിസത്തെ ലോകമെങ്ങും പ്രചരിപ്പിച്ചത് അമേരിക്കന്‍ ‘കൊളോണിയലിസ’ മായിരുന്നു. ‘മോഡേണിറ്റി’ ക്കും ‘പോസ്റ്റ് മോഡേണിറ്റി’ ക്കും ശേഷമുള്ള മെറ്റാ മോഡേണിറ്റി എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ ഘട്ടം കഴിഞ്ഞുപോയ രണ്ട് കൊളോണിയല്‍ ഘട്ടത്തെക്കാള്‍ ഭീകരമായിരിക്കും എന്നുറപ്പാണ്.
(തുടരും)

സ്വാലിഹ് താനൂര്‍