മിനാരറ്റ്സ് ഇന്‍ ദ മൗണ്ടെയിന്‍; മുസ്ലിം യൂറോപ്പിലേക്ക് ഒരു യാത്ര

1144

പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമന്‍ പര്യവേക്ഷകനായ എവ്ലിയ ചെലീബിയുടെ കാല്‍പ്പാടുകളെ സഞ്ചാര സാഹിത്യകാരനായ താരീഖ് ഹുസൈന്‍ തന്റെ പുതിയ പുസ്തകമായ മിനാരറ്റ്സ് ഇന്‍ ദ മൗണ്ടെയിനിലൂടെ വീണ്ടും കണ്ടെത്തുകയാണ്. മുസ്ലിം യൂറോപ്പിനെക്കുറിച്ചുള്ള അപൂര്‍വമായ വിവരങ്ങള്‍ പറയുന്ന ഈ പുസ്തകം അതിന്റെ ചരിത്രഘട്ടങ്ങളെ ജീവസുറ്റതാക്കുന്നു. കൂടാതെ ബാള്‍ക്കന്‍ ജനതയുടെയും അവരുടെ അറുനൂറു വര്‍ഷം പഴക്കമുള്ള ഓട്ടോമന്‍ മുസ്ലിം പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവചരിത്രം വെളിവാക്കുന്നു.
ഇസ്ലാമും മുസ്ലിമും യൂറോപ്പുമായി ചരിത്രപരമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളിലെ അവരുടെ സംഭാവന ചരിത്രപരമായ വിവരണങ്ങളും ഇപ്പോഴത്തെ ചര്‍ച്ചകളും അതിനെ അവഗണിക്കുന്നു എന്നതാണ് ബ്രിട്ടീഷ് മുസ്ലിമായ താരീഖ് ഹുസൈന്‍ പുസ്തകത്തിലൂടെ വിവരിക്കുന്നത്. യൂറോപ്പിലെ മുസ്ലിംകളുടെ ചരിത്രം പതിനാലു നൂറ്റാണ്ടുകളെ പൈതൃകമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്നും യൂറോപ്പിലെ മുസ്ലിംകളെ പുറത്തുനിന്നു വന്നവര്‍ എന്ന നിലയിലാണ് നോക്കികാണുന്നത്. ബാല്‍ക്കനെ യൂറോപ്പിന്റെ ശരിയായ ഭാഗമായി അംഗീകരിക്കാന്‍ വിമുഖതയുള്ളവരുണ്ട്. ഭൂമിശാസ്ത്രപരമായി ബാല്‍ക്കണിന്റെ ഭാഗമായ ഗ്രീസിനെ യൂറോപ്പിലായിട്ടാണ് അവര്‍ അംഗീകരിക്കുന്നു എന്നതും ഒരു വിചിത്രമാണ്. ‘അതിന് കാരണം പടിഞ്ഞാറന്‍ യൂറോപ്പ് ഗ്രീക്ക്, ഹെല്ലനിക് പൈതൃകത്തെ പാശ്ചാത്യ നാഗരികതയുടെ അടിത്തറയായി കണക്കാക്കുന്നു. അവര്‍ക്ക് പ്ലേറ്റോയെ വേണം, അരിസ്റ്റോട്ടിലിനെ വേണം, ഹിപ്പോക്രാറ്റസിനെ വേണം, പക്ഷേ, അവര്‍ക്ക് സുല്‍ത്താന്‍ സുലൈമാനോടോ മെഹമ്മദ് സോകൊല്ലു പാഷയോടോ അത്ര താല്‍പര്യമില്ല,’ എന്ന് താരീഖ് പറയുന്നു.
1300 കളുടെ അവസാനത്തിലാണ് ഓട്ടോമന്‍ സാമ്രാജ്യം ബാല്‍ക്കണില്‍ ഇസ്ലാമിനെ കൊണ്ടുവന്നത്. സാമ്രാജ്യം അന്ന് സാമൂഹിക-സാമ്പത്തിക സംവിധാനങ്ങളാല്‍ ശക്തവും സമ്പന്നവുമായിരുന്നു. മറുവശത്ത്, പാശ്ചാത്യ ശക്തികള്‍ ദുര്‍ബലരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പുരോഗതി കുറഞ്ഞവരുമായിരുന്നു. ഇത് ക്രിസ്ത്യന്‍ ലോകത്തെ മുസ്ലിംകളെ പിടിച്ചുനിര്‍ത്താനും കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതിലേക്കും നയിച്ചു. തല്‍ഫലമായി, അധികാര ചലനാത്മകത മാറിയപ്പോള്‍ ആഖ്യാനങ്ങള്‍ ക്രിസ്ത്യന്‍ പാശ്ചാത്യരാല്‍ നിയന്ത്രിക്കപ്പെടുകയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി മാറ്റുകയും ചെയ്തു.
വാസ്തവത്തില്‍, മുസ്ലിം ഭൂരിപക്ഷമുള്ള ബോസ്നിയ, കൊസോവോ, അല്‍ബേനിയ എന്നിവ ഒഴികെയുള്ള രാജ്യങ്ങളില്‍ താരീഖിന്റെ യാത്രകളിലൂടെ അദ്ദേഹം വളരെ വലിയ രീതിയിലുള്ള മുസ്ലിം സാന്നിധ്യത്തെ അനാവരണം ചെയ്യുന്നു. മുസ്ലിം ബന്ധമില്ലാത്ത ബള്‍ഗേറിയ, സെര്‍ബിയ, നോര്‍ത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളില്‍ താമസിക്കുന്ന മുസ്ലിം സമൂഹങ്ങളെ അദ്ദേഹം കണ്ടുമുട്ടുന്നു. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒട്ടോമന്‍ വാസ്തുശില്‍പിയായ മിമര്‍ സിനാന്റെ ഒട്ടോമന്‍ നിര്‍മിത പള്ളികളും വാസ്തുവിദ്യയും ഇന്നും നിലനില്‍ക്കുന്നു. സ്ഥലങ്ങളുടെ പേരുകള്‍, പാചകരീതികള്‍, മുസ്ലിം ആതിഥ്യമര്യാദ, സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന രീതി തുടങ്ങിയ സാംസ്‌കാരിക മാനദണ്ഡങ്ങള്‍ എല്ലാം ഈ പ്രദേശങ്ങളില്‍ പ്രയേഗവത്കരിക്കപ്പെടുന്നു. ഉസ്മാനികളുടെ മറ്റൊരു പാരമ്പര്യമായ സൂഫീ പൈതൃകവും ഈ ദേശങ്ങളിലുണ്ട്.
മസ്ജിദുകള്‍ തകര്‍ത്ത് ചരിത്രം തിരുത്തിയെഴുതി വംശഹത്യയടക്കം നടത്തി മുസ്ലിം പൈതൃകം തുടച്ചുനീക്കണമെന്ന മോഹമുയരുമ്പോള്‍ എവ്ലിയ തന്റെ പുസ്തകത്തില്‍ വിവരിച്ച ചില പൈതൃകങ്ങള്‍ ഇപ്പോഴും പലയിടത്തുമുണ്ട് എന്നത് താരീഖിനെ അമ്പരപ്പിക്കുന്നുണ്ട്. ചില പൈതൃകങ്ങള്‍ നശിപ്പിക്കപ്പെട്ടെങ്കിലും, തുര്‍ക്കി ചരിത്രം സംരക്ഷിക്കാന്‍ താല്‍പ്പര്യമുള്ള പ്രാദേശിക സമൂഹങ്ങളും ടര്‍ക്കിഷ് കോ-ഓപ്പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സിയും ഇത് പുനര്‍നിര്‍മിച്ചു നല്‍കുന്നു.
യൂറോപ്യന്‍ ഇസ്ലാം ജീവിച്ചിരിക്കുമ്പോള്‍, ‘തുര്‍ക്കികള്‍’, ‘മുസ്ലിംകള്‍’ എന്നിവരോടുള്ള നിഷേധാത്മക മനോഭാവം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തഴച്ചുവളരുന്നത് തുടരുന്നു. ബ്രെക്സിറ്റ് കാമ്പയിനിലൂടെ യു.എസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും അത് കളിക്കുന്നത് നാം കണ്ടു. തന്റെ പുസ്തകത്തില്‍ താരീഖ് എഴുതുന്നു: ‘ബ്രെക്സിറ്റ് പ്രചാരണത്തില്‍, മുസ്ലിം അഭയാര്‍ഥികള്‍ യൂറോപ്പില്‍ തമ്പടിക്കുന്നു എന്ന ആശയം ബ്രിട്ടന്‍ പ്രചരിപ്പിച്ചിരുന്നു.’ അതു പോലെ തന്നെ തുര്‍ക്കി യുറോപ്യന്‍ യൂണിയനില്‍ ചേരുമോ എന്ന് ഭയപ്പെടുന്നവരുമുണ്ട്. ഇസ്ലാമോഫോബിയ നൂറ്റാണ്ടുകളായി രൂപപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ഫലമായി പാശ്ചാത്യ മനസ്സിലും സംസ്‌കാരത്തിലും ദൃഢീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും താരീഖ് ശരിയായ രീതിയില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്റെ മുസ്ലിം കഥകളും ചരിത്രവും നോര്‍മലൈസ് ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പാശ്ചാത്യ രാജ്യങ്ങള്‍ മുസ്ലിംകളെ ഉടന്‍ അംഗീകരിക്കുന്നില്ലെങ്കിലും, മുസ്ലിംകള്‍ സ്വന്തം ചരിത്രമെങ്കിലും അറിയേണ്ടത് പ്രധാനമാണെന്ന് താരീഖ് വിശ്വസിക്കുന്നു. യൂറോപ്യന്‍ ഇസ്ലാമിനെയും അതിന്റെ ജീവിത പൈതൃകത്തെയും കുറിച്ച് അവബോധം വളര്‍ത്താന്‍ താരീഖ് പ്രതിജ്ഞാബദ്ധനാണ്. കൂടാതെ, അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്ന മറ്റു നിരവധി പ്രോജക്റ്റുകളുടെ ഭാഗമായാണ് മിനാരറ്റ്സ് ഇന്‍ ദ മൗണ്ടെയിന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, മുസ്ലിംകളെക്കുറിച്ചുള്ള ധാരണ അദ്ദേഹം ആഗ്രഹിക്കുന്നത്ര വേഗത്തില്‍ മാറില്ലെങ്കിലും, ഈ പുസ്തകം വായിക്കുന്നവരില്‍ ശാശ്വതമായ സ്വാധീനം ചെലുത്തും.

സ്വാദിഖ് ചുഴലി