സ്‌നേഹത്തിന്റെ മൂന്ന് കപ്പ് ചായ

1707

ആതുര സേവനത്തിന്റെ കഥകള്‍ നമുക്ക് സുപരിചിതമാണ് ഓരോ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് ഹാത്തിം ത്വാഇ (അറബി സാഹിത്യത്തിലെ ഔദാര്യത്തിന്റെ പര്യായം) ആയും സന്നദ്ധ സേവകരായും ഒരുപാടു പേരെ ലഭിക്കാറുണ്ട്. പറഞ്ഞുവരുന്നത് ഒരു ആതുര സേവനത്തിന്റെ കഥയാണ് ബാക്കിയുള്ളവരില്‍ നിന്ന് വ്യത്യസ്തമല്ലാത്ത എന്നാല്‍, ദൃഢനിശ്ചയത്തിന്റെയും അനിതരസാധാരണമായ സമര്‍പണത്തിന്റെയും കഥ. കഥ പറയുന്ന പുസ്തകത്തിന്റെ പേരാണ് ‘ത്രീ കപ്‌സ് ഓഫ് ടീ’. കഥാകാരന്‍ ഒരു പര്‍വതാരോഹകന്‍ എന്നതില്‍ കവിഞ്ഞ് വലിയ ബോധ്യങ്ങളൊന്നുമില്ലാതിരുന്ന ഒരു സാധാരണ അമേരിക്കന്‍ പൗരന്‍: ഗ്രഗ് മോര്‍ട്ടിന്‍സണ്‍.
പുസ്തകത്തിന്റെ പേരില്‍ തുടങ്ങുന്ന കൗതുകം താളുകളോടൊപ്പം മറിഞ്ഞ് അവസാനം അദ്ദേഹത്തോടുള്ള സ്‌നേഹമായി പരിണമിക്കാന്‍ ഇടയുണ്ട്. വശ്യമായ എന്നാല്‍, ലളിതമായ ആഖ്യാനത്തോടൊപ്പം രസകരമായ ഭാഷയില്‍ ഒരു സാധാരണ മനുഷ്യനില്‍ നിന്ന് അനേകായിരങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള ഗ്രഗ് മോര്‍ട്ടിന്‍സണിന്റെ ആരോഹണത്തെക്കുറിച്ച് എഴുതിയെടുത്തത് ഡേവിഡ് ഒലിവറുടെ സഹായത്തോട് കകൂടെയാണ്.
ഒരു പര്‍വതാരോഹണത്തില്‍ കവിഞ്ഞ് വലിയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന ഗ്രഗിന്റെ ജീവിതം മാറിമറിയുന്നത് കാരക്കോറം പര്‍വതനിരകളിലെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി കെ-2 കീഴടക്കാനുള്ള ദൗത്യത്തില്‍ നിന്നായിരുന്നു. 1992 മരിച്ച തന്റെ സഹോദരി ക്രിസ്റ്റയുടെ നെക്ലൈസ് പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന കെ-2 കൊടുമുടിക്ക് മുകളില്‍ എത്തിക്കാന്‍ നടത്തിയ യാത്ര പകുതിവഴിയില്‍ പരാജയപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ ചാച്റ്ററും ‘പരാജയം’ എന്നാണ്. കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള യാത്രക്കിടയില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ ഗ്രഗിന് വഴി നഷ്ടപെടുകയായിരുന്നു. അപകടത്തില്‍ പെട്ട ഗ്രഗിനെ തങ്ങളുടെ ഗൈഡായിരുന്ന മുസാഫിര്‍ ഒരു ദിവസത്തിനു ശേഷം കണ്ടെത്തുകയും കയറ്റംനിര്‍ത്തി. പര്‍വതം തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, പിന്നീടുള്ള തിരിച്ചിറക്കത്തിലും വഴിതെറ്റി ഗ്രഗ് എത്തിപ്പെടുന്നത് കോര്‍ഫെ എന്ന വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ ഒരു മലയോര ഗ്രാമത്തില്‍ ആണ്.
അപരിചിതനായ അതിഥിയെ കോര്‍ഫെക്കാര്‍ സ്വീകരിക്കുന്നത് ഹൃദ്യമായാണ്. പക്ഷേ, അതിനേക്കാളേറെ അദ്ദേഹത്തെ ഉലച്ചത് അവിടത്തെ പരിതസ്ഥിതിയും ദാരിദ്ര്യവുമായിരുന്നു. തലമുറകളായി അവിടുത്തെ വിദ്യാഭ്യാസം ചില ആഴ്ചകളില്‍ വരാറുള്ള ഒരു മുല്ലയാണ്. പഠിക്കാന്‍ കൃത്യമായി സംവിധാനമോ ഉപകരണങ്ങളോ ഇല്ലാതെ നിലത്തെഴുതി, ചിലപ്പോഴൊക്കെ കനത്ത മഞ്ഞു വീഴ്ചയെയും ഋതുഭേദങ്ങളും പരിഗണിക്കാതെ വിദ്യ നുകരുന്ന കുരുന്നുകള്‍. അവിടെനിന്ന് തിരിച്ചുപോരുമ്പോള്‍ കോര്‍ഫെ ഗ്രാമമുഖ്യന്‍ ഹാജി അലിക്ക് അദ്ദേഹം തിരിച്ചുവന്ന് ഞാനൊരു സ്‌കൂള്‍ തുറന്നു തരും എന്ന വാക്ക് നല്‍കിയാണ് അമേരിക്കയിലേക്ക് വിമാനം കയറുന്നത്. പരാജയപ്പെട്ട പര്‍വതാരോഹണത്തില്‍ നിന്ന് ഒരു പുതിയ ഭാവിക്ക് വേണ്ടിയുള്ള കച്ചകെട്ടിയുള്ള ഇറക്കം.
തിരിച്ചെത്തിയ ഗ്രഗ് അമേരിക്കയിലെ സെലിബ്രിറ്റികള്‍ക്കും കോടീശ്വരന്‍മാര്‍ക്കും 580 ലേറെ ലെറ്ററുകള്‍, ഒരു സ്‌കൂള്‍ നിര്‍മാണാവശ്യപ്രകാരം ധനസഹായം ചോദിച്ചുകൊണ്ട് അയച്ചു. പക്ഷേ, മറുപടി വന്നത് ആകെ ഒന്നിനുമാത്രം. അത് ഗ്രഗിന് മുന്‍പരിചയമുണ്ടായിരുന്ന ടോം ബ്രോക്കര്‍ എന്ന ടെലിവിഷന്‍ അവതാരകനായിരുന്നു അയച്ചത്. അദ്ദേഹം 100 ഡോളറിന്റെ ഒരു ചെക്ക് അദ്ദേഹത്തിന് അയച്ചു നല്‍കി. എന്നാലും, സ്‌കൂള്‍ നിര്‍മാണത്തിനാവശ്യമായ തുകയുടെ വലിയൊരുഭാഗം ബാക്കിയായി ശേഷിച്ചിരുന്നു. തുടര്‍ന്ന് ധനസമാഹരാണാവശ്യപ്രകാരം ഗ്രഗ് അമേരിക്കന്‍ ഹിമാലയന്‍ ഫൗണ്ടേഷന്റെ ന്യൂസ് ലെറ്ററില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനം കണ്ട് കമ്പ്യൂട്ടര്‍ എന്‍ജിനീയറായിരുന്ന ജീന്‍ ഹൊറൈനി ആവശ്യമായ തുക നല്‍കിയത് മുതലാണ് ഗ്രഗിന്റെ ലക്ഷ്യങ്ങള്‍ക്ക് വേഗം ലഭിച്ചത്. പക്ഷേ, കോര്‍ഫെയില്‍ തിരിച്ചെത്തിയ ഗ്രഗിന് അവിടെ വിദ്യാലയത്തെക്കാള്‍ ആവശ്യം കോര്‍ഫെയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണെന്ന് നാട്ടുകാരിലൂടെ മനസ്സിലാകുന്നു. അതുകൊണ്ടുതന്നെ സ്‌കൂളിനുവേണ്ടി സമാഹരിച്ച സംഖ്യ പാലം നിര്‍മിക്കാന്‍ വകമാറ്റുകയും പാലം നിര്‍മിക്കുകയും ചെയ്യുന്നു.
ജീന്‍ ഹൊറൈനി അസുഖബാധിതനായി അവസാന നാളുകളിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ ഡൊണേഷണിലൂടെ ഗ്രഗ് തന്റെ ജീവിതത്തിലെ ആദ്യ സ്‌കൂള്‍ കോര്‍ഫയില്‍ പണി തീര്‍ക്കുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഉന്നതമായ സാമൂഹിക സേവനത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് ലഭിക്കുന്ന സംഭാവനകള്‍ സെന്‍ട്രല്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം തുടങ്ങി അതിനു കീഴില്‍ വ്യവസ്ഥാപിതമായി നടത്തി. ഇന്നും സി.എ.ഐ (സെന്‍ട്രല്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) ക്കു കീഴില്‍ പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമക്കെ വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
പുസ്തകത്തിന്റെ പ്രസക്തി സാമൂഹിക പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മറിച്ച് വെറുപ്പിന്റെ മാത്രം ഉല്‍പാദന കേന്ദ്രമായി നാം കരുതുന്ന പാക്കിസ്ഥാനിന്റെ സ്‌നേഹത്തിന്റെ നിസ്സഹായതയുടെ ചിത്രങ്ങള്‍ കൂടിയാണ് പങ്കുവക്കുന്നത്. ഗ്രഗിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പമുള്ള വായനക്കാരന്റെ യാത്രയില്‍ ഭയത്തിന്റെ മുള്‍മുനയില്‍ സ്തംഭിച്ചുനിന്നു പോകുന്ന ചില ഇടങ്ങളുണ്ട്. തന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തീവ്രവാദികളുടെ കൈയ്യില്‍ അകപ്പെടുന്നതും അവിടെ നിന്ന് രക്ഷപ്പെടന്നതുമൊക്കെ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കാന്‍ പറ്റുന്നതാണ്. മറ്റു ചിലയിടങ്ങള്‍ കണ്ണീരിന്റെ ഉപ്പുരുചി കലര്‍ന്നതാണ്. കോര്‍ഫയില്‍ ആദ്യമായി സ്‌കൂള്‍ തുറക്കുകയും അവിടെ നിന്ന് പഠിച്ചിറങ്ങുന്നവരുടെ വാക്കുകളിലെ അനുഭൂതിയില്‍ അറിയാതെ വായനക്കാരന്റെ കണ്ണുകളും ഈറനണിയുന്നു. സ്‌നേഹത്തിന്റെ മൂന്നുകപ്പ് ചായ എന്നാണ് ഗ്രഗ് പുസ്തകത്തിന് നാമകരണം ചെയ്യുന്നത്. അതിനുള്ള കാരണങ്ങളില്‍ ഒന്നായ അദ്ദേഹത്തിന്റെ അനുഭവം അവിടത്തുകാരുടെ സ്‌നേഹത്തെ കുറിക്കുന്നു. അതിപ്രകാരമാണ്: അവിടെയെത്തിയ എനിക്ക് കോര്‍ഫക്കാര്‍ തന്ന ആദ്യ കപ്പ് ചായ അപരിചിതനുള്ളതാണ്. രണ്ടാമത്തെ കപ്പ് ചായ അത് അതിഥികള്‍കുള്ളതാണ്. മൂന്നാമത്തെ കപ്പും കുടിച്ചാല്‍ അന്നേരം ഞാന്‍/നാം അവരില്‍ ഒരാളായി തീരുന്നു. ഇന്ന് ഗ്രഗിന്റെ മൂത്ത മകള്‍ ആമിറയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആഗോളതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച സൗജന്യ വിദ്യഭാസ സംരംഭമായ ‘പെന്നിസ് ഫോര്‍ പീസ്’ മൂവ്‌മെന്റിന്റെ മുന്നണി പ്രവര്‍ത്തകയാണ്. പില്‍കാലത്ത് ഗ്രഗിനെതിരെ അദ്ദേഹത്തിന്റെ ധൂര്‍ത്തിനെകുറിച്ചും സാമ്പത്തിക ക്രമകേടുകളെ കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം സി.എ.ഐ ല്‍ നിന്ന് രാജിവച്ച് വിശ്രമ ജീവിതത്തില്‍ പ്രവേശിച്ചു.
ഈ പുസ്തകം വായനക്കാര്‍ക്കു നല്‍കുന്നത് ഉദ്യോഗം നിറഞ്ഞ കെട്ടുകഥകളല്ല. മറിച്ച്, അതിനേക്കാളേറെ സങ്കീര്‍ണമായ ഒരു സാധാരണ മനുഷ്യന്റെ മനുഷ്യത്വത്തിലേക്കുള്ള നടത്തമാണ്. വായന കഴിയുമ്പോള്‍, ചിലപ്പോഴെങ്കിലും ഒരു വായനക്കാരനെ തന്റെ ജീവിതങ്ങളേക്കാള്‍ താഴെ ഇടങ്ങളിലുള്ളവര്‍ക്കു വേണ്ടി വല്ലതും ചെയ്യാന്‍ പ്രേരിപ്പിച്ചേക്കാം. അതു തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയവും.

ശംസ് തിബ് രീസ്‌