നവ ഇജ്തിഹാദ്; മതത്തിനകത്തെ ലിബറലിസം

1370

ആധുനിക യുഗത്തില്‍ ഇസ്ലാമിക ശരീഅത്തിന്റെ പ്രസക്തിയെക്കുറിച്ച് നിരന്തരമായ സംവാദങ്ങള്‍ അരങ്ങുതകര്‍ക്കുകയാണല്ലോ. ഇസ്ലാം വിമര്‍ശനം പ്രാരംഭകാലം മുതലേ ഉണ്ടായിരുന്നുവെങ്കിലും ശരീഅത്തിനെതിരായ കടന്നാക്രമണം ആധുനിക സമൂഹത്തിലാണ് ശക്തിപ്രാപിച്ചത്. പാശ്ചാത്യരായിരുന്നു അതിനു പിന്നില്‍. ആദ്യമാദ്യം ഇസ്ലാമിലെ ക്രിമിനല്‍ നിയമങ്ങളെയായിരുന്നു അവര്‍ ആക്ഷേപിച്ചത്. നവലിബറല്‍ സ്വാധീനം ആഗോളതലത്തില്‍ ശക്തിപ്രാപിച്ചതോടെ പൗരസ്ത്യ ദേശങ്ങളിലും സഹസ്രാബ്ദങ്ങളായി മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചിരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പോലും ഇസ്ലാം വിമര്‍ശനം സാര്‍വത്രികമായി. വ്യക്തിനിയമങ്ങളടക്കം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. ഇസ്ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നവര്‍ ഇസ്ലാം വിമര്‍ശകരാകുന്നത് സ്വാഭാവികം. എന്നാല്‍, പ്രചണ്ഡമായ ഈ പ്രചാരവേല ഇസ്ലാമിക സമൂഹങ്ങളെ സാരമായി ബാധിച്ചുവെന്നതാണ് ഗൗരവതരം. സാധാരണക്കാരിലുപരി മുസ്ലിം ബുദ്ധിജീവികളെയും എന്തിനേറെ നിരവധി പണ്ഡിതരെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലും അവ ആഴത്തില്‍ സ്വാധീനിച്ചുവെന്നത് ദുഖകരമാണ്. മുസ്ലിം നാമധാരികളായ ഇസ്ലാം വിമര്‍ശകരെ, പുറമെ നിന്നുള്ളതായി അവഗണിക്കാം. കേരളത്തിലെ ഹമീദ് ചേന്ദമല്ലൂര്‍, എം.എന്‍ കാരശ്ശേരി തുടങ്ങിയവര്‍ ഉദാഹരണം. അവരുടേത് കേവല അപഹാസങ്ങളാണെങ്കില്‍ ഓറിയന്റലിസ്റ്റുകളെപ്പോലെ അക്കാദമികമായി ശരീഅത്തിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഗ്രന്ഥകാരന്‍മാര്‍ അറബ്-മുസ്ലിം ലോകത്ത് നിരവധിയാണ്. സിറിയയിലെ പ്രഫ. സ്വാദിഖ് അസ്മ്, ഈജിപ്ത്തിലെ അഹ്മദ് അമീന്‍ തുടങ്ങിയവരെപ്പോലെ. എന്നാല്‍, മതപണ്ഡിതരും ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇത്തരം സ്വാധീനങ്ങളിലകപ്പെട്ട് മതനിയമത്തെ പരിഷ്‌കരിക്കാനിറങ്ങുന്നത് അപകടകരമാണ്. അവരില്‍ ചിലര്‍ പാശ്ചാത്യ പ്രലോഭനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന ആരോപണം ആഗോളതലത്തില്‍ തന്നെ ശക്തമാണ്. എന്നാല്‍, പലതും ആധുനിക വെല്ലുവിളികളില്‍ നിന്ന് ഇസ്ലാമിനെ സംരക്ഷിക്കാനുള്ള വെപ്രാളത്തില്‍ പാരമ്പര്യശൈലിയെ അവഗണിക്കുമ്പോള്‍ സംഭവിക്കുന്നതാണ്. ശാസ്ത്ര സാങ്കേതിക മേഖലിയിലെ പാശ്ചാത്യരുടെ പുരോഗതിയില്‍ ആകൃഷ്ടരായി അവരുടെ പല സാമൂഹിക,ധാര്‍മിക കാഴ്ച്ചപ്പാടുകളും മികവാര്‍ന്നതാണെന്ന് തെറ്റിദ്ധരിക്കുകയും അവര്‍ക്ക് കൂടി ഇസ്ലാമിനെ പ്രാപ്യമാക്കാന്‍ കാലാനുസൃതമായി മതനിയമങ്ങള്‍ പുന:ര്‍വ്യാഖ്യാനിക്കണമെന്ന് ധരിക്കുകയുമായിരുന്നു അവര്‍. മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്കു കാരണം പാരമ്പര്യ ശൈലിയാണെന്നും മദ്ഹബുകളെ അനുധാവനം ചെയ്യുന്ന തഖ്ലീദി സംസ്‌കാരത്തിന് അന്ത്യം വരുത്തി നവ ഇജ്തിഹാദിലൂടെ ആധുനികമായ ഇസ്ലാമിക നിയമങ്ങള്‍ പുന:രാവിഷ്‌കരിക്കണമെന്നാണ് അവരുടെ വാദത്തിന്റെ ആകെത്തുക. ബഹുഭാര്യത്വം, ഹിജാബ് തുടങ്ങിയവയെ വിമര്‍ശിച്ച് തുടങ്ങിയ നവ ഇജ്തിഹാദ് വാദം ഖുര്‍ആനില്‍ സ്ഥിരപ്പെട്ട നിയമങ്ങളെപ്പോലും പരിഷ്‌കരിക്കണമെന്ന അപകടകരമായ നിലപാടില്‍ എത്തിപ്പെട്ടു.


ചരിത്രം
കിരാതമായ പാശ്ചാത്യ-ക്രിസ്ത്യന്‍ അധിനിവേഷത്തിന് കീഴിലമര്‍ന്ന ഇസ്ലാമിക ലോകത്തിന്റെയും, എല്ലാ മേഖലകളിലും പരാജിതരായ മുസ്ലിം സമൂഹത്തിന്റെയും നവോഥാന ശ്രമങ്ങളുടെ ഭാഗമായാണ് ഇജ്തിഹാദ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. ഈജിപ്ത്തായിരുന്നു അതിന്റെ പ്രഭവകേന്ദ്രം. അധിനിവേശ ശക്തികള്‍ ഈജിപ്ത്ത് ഭരിച്ചിരുന്ന കാലത്ത് പലര്‍ക്കും പാശ്ചാത്യ രാജ്യങ്ങളില്‍ പോയി വിദ്യാഭ്യാസം നുകരാന്‍ അവസരം ലഭിക്കുകയും അവിടത്തെ പഠന,ഗവേഷണ,പുരോഗമന സംസ്‌കാരം ഇസ്ലാമിക ലോകത്തേക്ക് പറിച്ച് നടണമെന്ന കാഴ്ച്ചപ്പാട് രൂപപ്പെടുകയും ചെയ്തു. ഈജിപ്ത്തിലെ മുഫ്തിയായിരുന്ന മുഹമ്മദ് അബ്ദുവാണ് ആധുനികതാവാദ ശില്‍പികളില്‍ പ്രധാനി. മധ്യകാലഘട്ടത്തിലെ പല പണ്ഡിത വ്യാഖ്യാനങ്ങളും ആധുനിക കാലത്ത് അസ്വീകാര്യമാണെന്നും പുതിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ നവീന ഇജ്തിഹാദ് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ഒരു മദ്ഹബ് സ്വീകരിക്കുന്നതിനപ്പുറം വിവിധ മദ്ഹബുകളെ താരതമ്യം ചെയ്ത് പഠിക്കാനും എല്ലാത്തിലെയും മികച്ചത് സ്വീകരിക്കാനും മഖാസ്വിദ് പഠനത്തിനും പ്രോത്സാഹനം നല്‍കി. യുക്തിയാണ് അല്ലാഹു നല്‍കിയ വലിയ പ്രത്യേകതയെന്നും ബുദ്ധിയുടെ ശരിയായ ഉപയോഗത്തിലൂടെയാണ് യൂറോപ്പ് വികസിച്ചതെന്നും അധിനിവേശ വിമോചനത്തിനും മുസ്ലിം ലോകത്തിന്റെ പുരോഗതിക്കും യുക്തി ഉപയോഗിക്കുകയാണ് പോംവഴിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
പരിഷ്‌കരണ നിര്‍ദേശങ്ങളെ പണ്ഡിതോചിതമായി അവതരിപ്പിച്ചതിനാല്‍ അബ്ദുവിന്റെ ശ്രമങ്ങള്‍ക്ക് ആധുനിക പണ്ഡിതര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭ്യമായി. അറബ്,മുസ്ലിം രാജ്യങ്ങളിലടക്കം ബുദ്ധിജീവികള്‍ക്ക് പുറമെ നിരവധി ഉലമാക്കളും ആ വഴി സ്വീകരിച്ചു. പാരമ്പര്യ കര്‍മശാസ്ത്രം പാടേ നിരാകരിക്കുകയും ഖുര്‍ആനും ആധികാരിക സുന്നത്തും മാത്രം വിലയിരുത്തി കാലികമായ മതനിയമം മനനം ചെയ്യണമെന്ന വാദക്കാര്‍ മതത്തിനകത്തെ ലിബറലുകളായി അറിയപ്പെട്ടു. എന്നാല്‍, അതിനെതിരെ കുറച്ചുകൂടി പാരമ്പര്യവാദികളായ പരിഷ്‌കരണവാദികള്‍ കടന്നുവന്നു. വസത്വികള്‍ എന്നറിയപ്പെടുന്ന അവര്‍ കര്‍മശാസത്ര പൈതൃകത്തെ പാടേ തിരസ്‌കരിച്ചില്ല. എന്നാല്‍, അവ മനുഷ്യ ഗവേഷണങ്ങളാണെന്നും അന്നത്തെ സാമൂഹിക സാഹചര്യങ്ങളുടെ കൂടി നിര്‍മിതിയാണെന്നും അതിനാല്‍ അവയില്‍ സാധ്യമായ പരിഷ്‌കാരങ്ങളാവാമെന്നുമായിരുന്നു അവരുടെ കാഴ്ച്ചപ്പാട്. മസ്വ്ലഹത് (നന്മ) അടിസ്ഥാന പ്രമാണമായി സ്വീകരിക്കുക, വിവിധ മദ്ഹബുകളില്‍ നിന്ന് ഏറ്റവും അനുയോജ്യമായത് സ്വീകരിക്കുക, നാലു മദ്ഹബുകള്‍ക്കപ്പുറം മറ്റു മുജ്തഹിദുകളുടെയും സ്വഹാബിമാരുടെയും അഭിപ്രായങ്ങള്‍ വരെ സ്വീകരിക്കുക, മതനിയമങ്ങള്‍ എളുപ്പമാക്കുക (തൈസീര്‍) തുടങ്ങിയവ അവര്‍ നിലപാടായി സ്വീകരിച്ചു. യൂസുഫുല്‍ ഖറളാവി, അബ്ദുല്‍ മാജിദ് അന്നജ്ജാര്‍ തുടങ്ങിയ വലിയ പണ്ഡിതനിര ഈ നിലപാടുകാരാണ്. ലിബറലുകളെ പ്രതിരോധിക്കുകയും ഖണ്ഡിത നിയമങ്ങള്‍ കാലാനുസൃതം മാറുന്നതല്ലെന്നും നിലപാടെടുക്കുന്നുണ്ടെങ്കിലും നവ ഇജ്തിഹാദ് വാദത്തിലൂടെ നൂറ്റാണ്ടുകളായി സ്വീകരിച്ച് പോരുന്ന മതനിയമങ്ങളെ പരിഷ്‌കരിക്കുന്നതിലേക്ക് അവരും നടന്നടുക്കുന്നു. യുദ്ധത്തിലൂടെ ഇസ്ലാമിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ അകത്തു നിന്ന് തന്നെ ശരീഅത്തിനെ തകര്‍ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് നവ ഇജ്തിഹാദ് വാദമെന്ന് സഈദ് റമളാന്‍ ബൂത്വി നിരീക്ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.


നവ മുഅ്തസിലിസം
മനുഷ്യ ബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കി ആധുനിക യുക്തിക്ക് അനുസൃതമായി മതനിയമങ്ങളെ വ്യാഖ്യാനിക്കാനുള്ള വ്യഗ്രതയാണ് വലിയ അബദ്ധങ്ങളിലേക്ക് പണ്ഡിതരെ നയിക്കുന്നത്. ഓരോ വസ്തുവിലും അന്തര്‍ലീനമായ വിശേഷണമാണ് നന്മ,തിന്മ(ഹുസ്ന്,ഖുബ്ഹ്)കളെന്നും അവ ബുദ്ധിക്ക് സ്വതന്ത്രമായി കണ്ടെത്താന്‍ സാധിക്കുമെന്നും അതിനനുസൃതമായാണ് ശരീഅത്ത് നിയമങ്ങളെന്നുമുള്ള മുഅ്തസിലി വാദത്തിന്റെ ആധുനിക പതിപ്പാണ് മോഡേണിസ്റ്റ് ലിബറലുകള്‍. അല്ലാഹു നിശ്ചയിക്കുന്നതിന് അനുസൃതമാണ് നന്മതിന്മകളെന്നും അതിനാല്‍ അവയുടെ മാനദണ്ഡം ശരീഅത്താകണമെന്നുമായിരുന്നുവല്ലോ അശ്അരികളുടെ നിലപാട്. അല്ലാഹു കല്‍പിച്ചതായതിനാല്‍ മതനിയമങ്ങളെല്ലാം യുക്തിഭദ്രമാണെന്നും അവ കണ്ടെത്തുകയാണ് ബുദ്ധിയുടെ ധര്‍മമെന്നും ചില നിയമങ്ങള്‍ പ്രത്യക്ഷത്തില്‍ യുക്തപരമല്ലെങ്കില്‍ കൂടി അവ സ്വീകരിക്കുകയാണ് പരീക്ഷണങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ ഉത്തരവാദിത്തമെന്നും ഇമാമുല്‍ ഹറമൈനി (റ) ബുര്‍ഹാനില്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ അടിസ്ഥാന പഞ്ച ലക്ഷ്യങ്ങളെ(മഖാസ്വിദ്) സംരക്ഷിക്കുന്നതാണ് നന്മയെന്നും അതിന് വിഘാതമാകുന്നതാണ് തിന്മയെന്നും ഇമാം ഗസ്സാലി(റ) മുസ്തസ്വ്ഫയില്‍ രേഖപ്പെടുത്തുന്നതും ശരീഅത്താണ് അടിസ്ഥാന മാനദണ്ഡമെന്ന പ്രഖ്യാപനമായിരുന്നു. എന്നാല്‍, മഖാസ്വിദാണ് നിയമങ്ങളുടെ അടിസ്ഥാനമെന്നും ഉസ്വൂലുല്‍ ഫിഖ്ഹിന്റെ മാനദണ്ഡങ്ങള്‍ക്കപ്പുറം മസ്വ്ലഹത് പരിഗണിച്ചായിരിക്കണം ആധുനിക ഇജ്തിഹാദെന്നുമാണ്(അല്‍ഇജ്തിഹാദുല്‍ മഖാസ്വിദി) പരിഷ്‌കരണവാദികളുടെ നിലപാട്. ഡോ. ജാസിര്‍ ഔദയുടെ നിരവധി ഗ്രന്ഥങ്ങളില്‍ ഈ വാദം ഉന്നയിക്കുന്നുണ്ട്. പക്ഷേ, മസ്വ്ലഹത്ത് എന്താണെന്ന് പലപ്പോഴും ആധുനിക യുക്തിക്ക് അനുസൃതമായായിരിക്കും തീരുമാനിക്കപ്പെടുക. അതുകൊണ്ട് തന്നെ ആധുനിക സങ്കല്‍പ്പമായ സെക്കുലറിസം, ലിംഗ സമത്വം, അഭിപ്രായ സ്വാതന്ത്രം തുടങ്ങിയവ അതേ അര്‍ഥത്തില്‍ സ്വാംശീകരിക്കുകയും അതിനനുസൃതമായി മതനിയമങ്ങളെ ചിട്ടപ്പെടുത്താനും അവര്‍ മുതിരുന്നു. നിരവധി ഇസ്ലാമിക നിയമങ്ങളെ മാറ്റിമറിക്കുന്നതിലേക്കാണ് ഇത് കൊണ്ടെത്തിക്കുക എന്നത് പറയേണ്ടതില്ലല്ലോ. സ്വതന്ത്ര ലൈംഗികതയും ലഹരിയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമൊക്കെ യുക്തിസഹവും ആധുനിക സമൂഹത്തിന്റെ ധാര്‍മിക ബോധത്തിന് അനുസൃതവുമാകമ്പോള്‍ മനുഷ്യ യുക്തിയെ മത നിയമത്തിന്റെ മാനദണ്ഡമായി സ്വീകരിക്കുന്നതിന്റെ അപകടം നാം അനുഭവിച്ചറിയുന്നു.


ഹദീസ് നിഷേധം
പരിഷ്‌കരണവാദികളില്‍ വ്യാപകമായി കാണുന്നത് ഹദീസിന്റെ പ്രാധാന്യം ചെറുതായി കാണുകയോ നിഷേധിക്കുകയോ ചെയ്യുകയെന്നതാണ്. ആധുനിക ബുദ്ധിക്ക് നിരക്കാത്ത ഹദീസുകളെ തള്ളിക്കളയുന്ന സമീപനം റശീദ് രിളായുടെ ഗ്രന്ഥങ്ങളില്‍ തന്നെ കാണാം. പിന്നീട് അത് കൂടുതല്‍ ശക്തിപ്രാപിച്ചു. മുഹമ്മദുല്‍ ഗസ്സാലി രചിച്ച ‘കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍’ എന്ന കൃതി യുക്തിക്ക് നിരക്കാത്തതെന്ന പേരില്‍ നിരവധി ഹദീസുകള്‍ നിഷേധിക്കുന്നതായപ്പോള്‍ വസത്വി പണ്ഡിതനായ യൂസുഫുല്‍ ഖറളാവിക്ക് തന്നെ മറുരചന നിര്‍വഹിക്കേണ്ടി വന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഒരു മാതൃക മാത്രമാണ് ഹദീസെന്നും, അത് ഒരു സ്വതന്ത്ര നിയമ സ്രോതസ്സല്ലെന്നും അതില്‍ നിന്ന് പാഠമുള്‍കൊണ്ട് ഓരോ കാലത്തും ഖുര്‍ആനിനെ വ്യാഖ്യാനിക്കേണ്ടതാണെന്ന് പോലും ചിലര്‍ നിലപാടെടുത്തു. പാക്-അമേരിക്കന്‍ സ്‌കോളറായ ഫസ്ലു റഹ്മാന്‍, ജാവേദ് അഹ്മദ് ഗാമിദി തുടങ്ങിയവര്‍ ഉദാഹരണം. ഇമാം ശാഫിഈ(റ)യാണ് ഹദീസിന് അനാവശ്യ പ്രാധാന്യം അടിച്ചേല്‍പിച്ചതെന്ന് പറയുന്ന ഓറിയന്റലിസ്റ്റ് വാദം പേറുന്നവരെപ്പോലും ഇന്ന് ദര്‍ശിക്കാം. മുഹദ്ദിസുകള്‍ സനദിന് മാത്രമാണ് പ്രാധാന്യം നല്‍കിയതെന്നും ഉള്ളടക്കത്തെ നിരൂപണാത്മകമായി സമീപിച്ചില്ലെന്നും ആക്ഷേപിക്കുന്നു ചിലര്‍. ഇറാഖി-അമേരിക്കന്‍ പണ്ഡിതനും ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് സംസ്ഥാപകനുമായ ത്വാഹാ ജാബിര്‍ അല്‍വാനി ഈ വാദക്കാരനായിരുന്നു. ഈജിപ്ഷ്യന്‍ ചിന്തകനായ അഹ്മദ് സ്വബ്ഹി മന്‍സ്വൂറിനെപ്പോലെ ഹദീസിനെ പാടെ നിഷേധിക്കുന്ന മുസ്ലിം ബുദ്ധിജീവികള്‍ മുതല്‍ ഹദീസിനെ ഭാഗികമായി സ്വീകരിക്കുന്നവരും ഖുര്‍ആന്‍ വ്യാഖ്യാനത്തിനുള്ള ടൂളായി മാത്രം കാണുന്ന പണ്ഡിതര്‍ വരെയുളള വിശാലമായ ലോകമാണ് ആധുനിക ഹദീസ് നിഷേധികളുടേത്.


ഇജ്മാഅ് നിരാകരണം
മതനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന വാദക്കാരുടെ മുന്നിലെ പ്രധാന തടസ്സം ഇജ്മാആണ്. ഹദീസിനെ പല കാരണങ്ങളാല്‍ നിരാകരിക്കുകയും ഖുര്‍ആനിന് പുതിയ വ്യാഖ്യാനങ്ങള്‍ ചമക്കുകയും ചെയ്യുമ്പോഴും ഇജ്മാഅ് എന്ന കവചം പല നിയമങ്ങള്‍ക്കും സംരക്ഷണമൊരുക്കി. അതിനാല്‍ ഇജ്മാഇന്റെ സാധ്യത അവര്‍ ചോദ്യം ചെയ്തു തുടങ്ങി. ജോസഫ് ശാക്ത് (Joseph Schacht) അടക്കമുള്ള ഓറിയന്റലിസ്റ്റുകളാണ് ഇജ്മാഇല്‍ സംശയം ജനിപ്പിച്ച് തുടങ്ങിയത്. പല മുസ്ലിം പണ്ഡിതരും പതിയെ അതേറ്റു പിടിച്ചു. ഇജ്മാഇനെ സ്വീകരിക്കുമ്പോഴും അത് സംഭവിക്കില്ലെന്നായിരുന്നു ആദ്യ വാദം. അബ്ദുല്‍ വഹ്ഹാബ് ഖല്ലാഫിനെപ്പോലുള്ള കഴിഞ്ഞ നൂറ്റാണ്ടിലെ പ്രഗത്ഭ ഉസ്വൂലികള്‍ പോലും ഇജ്മാഅ് സംഭവിക്കെല്ലന്ന് സ്ഥാപിച്ചു. ഉണ്ടെങ്കില്‍ തന്നെ സ്വഹാബതിന്റെ കാലത്ത് മാത്രമാണെന്ന സാഹിരികളുടെയും ഇബ്നു തെയ്മിയ്യയുടെയും വാദമായിരുന്നു പലരുടെയും അവലംബം. ഇജ്മാഅ് നിഷേധം ഖണ്ഡിതമായി സ്വീകരിച്ച് പോരുന്ന മതനിയമങ്ങളെപ്പോലും ചോദ്യം ചെയ്യാന്‍ ആധുനകര്‍ക്ക് ധൈര്യം നല്‍കി. ഇജ്മാഇനെ താത്വികമായി അംഗീകരിക്കുകയും അതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്യുന്ന ഖറളാവി പോലും തന്റെ നവ ഇജ്തിഹാദ് വാദത്തിന്റെ ഫലമായി പല ഇജ്മാഉകളെയും നിരാകരിക്കുന്നതായി ദര്‍ശിക്കാം. ചരിത്രത്തില്‍ ഏതെങ്കിലും പണ്ഡിതര്‍ പറഞ്ഞ ഒറ്റപ്പെട്ട അഭിപ്രായങ്ങളെ പരതി തങ്ങളുദ്ദേശിക്കുന്ന നിയമത്തിന് തെളിവായി ഉദ്ധരിക്കുന്നതാണ് അതിനു കാരണം. ആധുനിക ഇജ്തിഹാദിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്ത് ഖറളാവിയെയും സയ്യിദ് സാബിഖിനെയും താരതമ്യം ചെയ്ത് പഠിച്ച മുസ്തഫാ ബശീര്‍ അത്തരം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഇന്ത്യന്‍ ശബ്ദങ്ങള്‍
ആധുനിക സമൂഹത്തിന് സ്വീകാര്യമായ രീതിയില്‍ ഇസ്ലാമിക നിയമങ്ങളെ വ്യാഖ്യാനിക്കണമെന്ന കാഴ്ച്ചപ്പാട് ഇന്ത്യയില്‍ വളരെ നേരത്തേ രൂപപ്പെട്ടിരുന്നു. അലീഗര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഉദാഹരണം. ബ്രിട്ടീഷുകാര്‍ മുസ്ലിംകളെ പ്രത്യേകമായി പീഡിപ്പിക്കുകയും ഒന്നാം സ്വാതന്ത്ര പോരാട്ടാനന്തരം ഇന്ത്യന്‍ മുസ്ലിംകള്‍ അതീവ ഗുരുതരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോരാട്ടം ഉപേക്ഷിച്ച് അനുനയ പാത സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത്. ഇസ്ലാമാണ് യഥാര്‍ഥ മതമെന്ന് ഉറച്ച് വിശ്വസിച്ച അദ്ദേഹം, പശ്ചാത്യര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഇസ്ലാമിനെ വ്യാഖ്യാനിക്കാന്‍ മുതിര്‍ന്നു. ശാസ്ത്ര നിഗമനങ്ങളെല്ലാം ഖണ്ഡിതമായ സത്യങ്ങളാണെന്നും അതിന് എതിരാകുന്ന മതനിയമങ്ങളെ തള്ളിക്കളയുകയോ വ്യാഖ്യാനിക്കുകയോ ചെയ്യണമെന്നും അദ്ദേഹം വാദിച്ചു. ദൈവികമാണെന്ന് ഉറപ്പുള്ള ഖുര്‍ആന്‍ മാത്രം അവലംബിച്ച് അല്ലാഹുവല്ലാതെ മറ്റൊരു നിയമദാതാവില്ലാത്തതിനാല്‍ ഫുഖഹാക്കള്‍, ഉലമാക്കള്‍, സ്വൂഫികള്‍ തുടങ്ങിയവര്‍ ഇസ്ലാമിലേക്ക് കൂട്ടിച്ചേര്‍ത്ത നിയമങ്ങള്‍ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അസ്ഗറലി എഞ്ചിനീയറാണ് മറ്റൊരു പ്രധാനി. ശീഈ-ബോറാ വിഭാഗത്തില്‍ പെട്ട അദ്ദേഹവും ആധുനിക ഇന്ത്യയില്‍ പീഡിതരായ മുസ്ലിംകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടു വെച്ചത്. ഖുര്‍ആന്റെ വെളിച്ചത്തിലാണ് തന്റെ വാദഗതികള്‍ സമര്‍ഥിക്കുന്നത്. മതനിയമങ്ങളും ആരാധനാകര്‍മങ്ങളുമല്ല, ഇസ്ലാമിന്റെ ധാര്‍മിക സങ്കല്‍പ്പമാണ് പ്രധാനമെന്ന് വാദിച്ച് തുടങ്ങിയ അദ്ദേഹം വിശ്വാസം ശരിയല്ലെങ്കിലും പ്രവര്‍ത്തനം മികച്ചതാകണമെന്ന സര്‍വമത സത്യവാദത്തിലാണ് ചെന്നെത്തിയത്.
ഇത്തരം വാദഗതികള്‍ പല അളവിലായി ഇസ്ലാമിക പാശ്ചാത്തലമുള്ള പലരെയും സ്വാധീനിക്കുന്നുണ്ട്. നിരന്തരമായി പശ്ചാത്യ അധിനിവേഷത്തെക്കുറിച്ച് സംസാരിക്കുന്ന പലരും അറിയാതെ അവരുടെ ചിന്താഗതികള്‍ സ്വാംശീകരിക്കുന്നുവെന്നത് പരിതാപകരമാണ്. ഇസ്ലാമിനെ സമഗ്രവും കാലികവുമാക്കണമെന്ന വാദക്കാരാണ് പലപ്പോഴും മതനിയമങ്ങളെ പൊളിച്ചെഴുതുന്നതില്‍ കലാശിക്കുന്നത്. അല്ലാഹുവല്ലാത്തവരുടെ അധികാരം അസ്വീകാര്യമാണെന്നും ഇസ്ലാമിക രാജ്യം സ്ഥാപിക്കലാണ് ആത്യന്തിക ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിച്ച മത നിയമങ്ങളെപ്പോലും കാലികമായി വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നത് എത്ര വലിയ ദുരന്തമാണ്. ഖണ്ഡിതമായ മതനിയമം പോലും മസ്വ്ലഹതും സാഹചര്യവും പരിഗണിച്ച് പരിഷ്‌കരിച്ചാല്‍ പിന്നെ അതെങ്ങനെ അല്ലാഹുവിന്റെ നിയമമാകും. അവ മുസ്ലിം ചിന്തകരുടെ വ്യക്തികത അഭിപ്രായമെന്നതിലുപരി മതനിയമമായി സ്വീകരിക്കാവതല്ല.


പണ്ഡിതരുടെ ഉത്തരവാദിത്തം
ശരീഅത്ത് പരിഷ്‌കരണവാദികള്‍ മതത്തിനകത്തും പുറത്തും നിറഞ്ഞാടുകയും സ്വയം മുജ്തഹിദ് വാദികളായ പലരും കളം നിറയുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍, പാരമ്പര്യ മദ്ഹബീ പണ്ഡിതരുടെ ഉത്തരവാദിത്തമെന്താണ്?. ഈ കോളിളക്കത്തിലും ശരീഅത്തിനെ സംരക്ഷിച്ചുനിര്‍ത്തേണ്ട ചരിത്രപരമായ ബാധ്യത ഉലമാക്കളുടേതാണല്ലോ. ഭരണ സംവിധാനങ്ങളുടെ പീഡനങ്ങളെയും സാഹചര്യ സമ്മര്‍ദ്ദങ്ങളെയും അതിജയിച്ചാണ് സാത്വികരായ ഉലമാഅ് നൂറ്റാണ്ടികള്‍ക്കിപ്പുറവും പ്രവാചകരും അനുയായികളും പകര്‍ന്നു തന്ന ശരീഅത്തിന്റെ തനതായ രൂപം ആധികാരികമായി തലമുറകളിലേക്ക് കൈമാറിവരുന്നത്. ഓരോ കാലത്തേയും വെല്ലുവിളികളും വൈജ്ഞാനിക ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. അവ തരണംചെയ്യാന്‍ മുന്‍ഗാമികള്‍ കാണിച്ചു തന്ന രീതിശാസ്ത്രമുപയോഗിച്ച് കാലികമായ പ്രതിവിധികളായിരുന്നുവല്ലോ പാരമ്പര്യ പണ്ഡിതരുടെ ശൈലി. ഹദീസുകളെ എങ്ങനെ സമീപിക്കണം, മതനിയമം മനസ്സിലാക്കുന്നതില്‍ യുക്തിക്ക് എത്രമാത്രം സ്ഥാനം നല്‍കാം എന്നീ ആദ്യ നൂറ്റാണ്ടിലെ ചര്‍ച്ചകള്‍ക്ക് ഇമാം ശാഫിഈ(റ)യുടെ പരിഹാരമായിരുന്നല്ലോ ഇജ്തിഹാദിന് ആധികാരികമായ അടിസ്ഥാന ശാസ്ത്രം ക്രോഡീകരിക്കുന്നത്. പിന്നീട് വിശ്വാസശാസ്ത്രത്തില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് ഇമാം അശ്അരി(റ) അതിന് വ്യക്തമായ മാനദണ്ഡം പ്രഖ്യാപിക്കുന്നത്. നേരത്തേ വ്യാഖ്യാനിക്കാന്‍ പേടിച്ചിരുന്ന അല്ലാഹുവിന്റെ സ്വിഫാത്തുകള്‍ക്ക് മുഅ്തസിലികള്‍ അബദ്ധജടിലമായ അര്‍ഥം കല്‍പിച്ച് നല്‍കിയപ്പോള്‍ അവക്ക് ആധികാരികമായ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ അശ്അരികള്‍ നിര്‍ബന്ധിതരായി. പിന്നീട് അഖീദാ ചര്‍ച്ചകളുടെ രൂപവും ഭാവവും മാറി കലാമീ വിജ്ഞാനശാഖയായി. അക്കാലത്തെ സമൂഹത്തിന് അനുഗണമായ രീതിയില്‍ അത് വികാസം പ്രാപിച്ചു. ഇസ്ലാമിക ശരീഅത്തിന്റെ ചരിത്രത്തില്‍ പലപ്പോഴായി നേരിട്ട വെല്ലുവിളികള്‍ പുതിയ രൂപത്തിലും ഭാവത്തിലും, കൂടതല്‍ സംഘടിതമായും സുശക്തമായും വ്യാപകമായും ഉയര്‍ന്നു വരികയാണല്ലോ ആധുനിക സമൂഹത്തില്‍. അവ നേരിടാന്‍ ഫലപ്രദമായ, ക്രിയാത്മകമായ പദ്ധതികള്‍ അനിവാര്യമാണ്. വൈജ്ഞാനിക വിസ്ഫോടനത്തിലൂടെ ദിനംപ്രതി ഉയര്‍ന്നുവരുന്ന പുതിയ സമസ്യകളെയും ആഗോളവത്കരണത്തിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ നാം തയ്യാറാകണം. പുതിയ കര്‍മശാസ്ത്ര ചോദ്യങ്ങള്‍ക്ക് മദ്ഹബീ പാരമ്പര്യത്തിലൂന്നിയ ആധികാരിക ഫത്വകള്‍ ലഭ്യമാകണം. അകത്തു നിന്നും പുറത്തു നിന്നും വരുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ വൈജ്ഞാനികമായും ബൗദ്ധികമായും നാം കരുത്തരാകണം. എല്ലാം മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതാണെന്ന അവകാശവാദത്തോടൊപ്പം അവ പ്രായോഗികമായി ലഭ്യമാക്കണം. അതിന് മതപഠനം കൂടതല്‍ കാര്യക്ഷമവും സമര്‍പ്പിതവുമാകണം. നമ്മുടെ മുന്‍ഗാമികളുടെ രീതിശാസ്ത്രവും സമീപനവും പഠിച്ച് പ്രയോഗവത്കരിക്കണം. ആ ദിശയില്‍ പല ചലനങ്ങളും നടക്കുന്നുവെന്നത് പ്രതീക്ഷാ നിര്‍ഭരമാണ്.

ഡോ. എം.കെ ജാബിര്‍ അലി ഹുദവി