ഇസ്‌ലാമോഫോബിയയും മാധ്യമങ്ങളും: ഇസ്‌ലാമിക വിരോധത്തിന്റെ വര്‍ത്തമാന പ്രകടനങ്ങള്‍

2877

ഇസ്‌‌ലാം പേടി ഒരു ചിന്താ പ്രസ്ഥാനമായി മാറുന്നതും ഇസ്‌ലാമോഫോബിയക്ക് അക്കാദമിക വിദഗ്ധരുടെയടക്കം പിന്തുണ ലഭിക്കുന്നതും ഇപ്പറഞ്ഞ പ്രതിയോഗികള്‍ ചെറുതല്ല എന്ന സൂചനയാണ് നല്‍കുന്നത്. കാരണം, ഇസ്ലാമിനെ മതേതരത്വം, ജനാധിപത്യം, യൂറോപ്യന്‍ നാഗരികത എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നായി ചിത്രീകരിക്കുന്നതും ഇസ്‌ലാമിനെയും മുസ്ലിംകളെയും മധ്യകാല നൂറ്റാണ്ടുകളില്‍ നടന്ന ചില പ്രതിഭാസങ്ങളുടെ ഫലമായി രൂപംകൊണ്ട ഒരു വിഭാഗമായി മനസ്സിലാക്കിയതുമാണ് പ്രധാനമായി ഇസ്‌ലാം പേടിയും ശത്രുതയും പടര്‍ത്താന്‍ ഹേതുകമായിട്ടുള്ളത്.

തൊര്‍ഗായ് യര്‍ലിഖായ
വിവര്‍ത്തനം: ശാക്കിര്‍ മണിയറ

ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസം സെപ്തംബര്‍ 11 ആക്രമണത്തിനു ശേഷം, വിശേഷിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ചെലുത്തിയ സ്വാധീനം അന്വേഷിക്കുകയാണീ കുറിപ്പ്. സെപ്തംബര്‍ ആക്രമണത്തിനു ശേഷമാണ് ഈ ഇസ്ലാമിക വൈരം പാശ്ചാത്യ ലോകത്ത് ശക്തിയാര്‍ജിച്ചതെങ്കിലും, അതിന്റെ അടിവേരുകള്‍ മധ്യകാല നൂറ്റാണ്ടുകളിലെലേക്ക് വരെ ചെന്നെത്തുന്നുണ്ട്. ഇസ്ലാമിനെ അസഹിഷ്ണുതയുടെ ഉറവിടമായ കാണുന്ന തരത്തിലുള്ള വായനകളില്‍ നിന്നാണ് അത്തരത്തിലുള്ള പ്രസ്താവനകള്‍ ദൃശ്യ ശ്രാവ്യ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, മറിച്ച് കൊളോണിയലാനന്തര കാലത്ത് പുരോഗമനവാദത്തെ വാരിപ്പുണര്‍ന്ന ചില ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും ഈ നിലപാട് കാണാം എന്നതാണ് സത്യം.

ഇസ്‌ലാമോഫോബിയ: അര്‍ത്ഥവും പ്രയോഗവും

ചുരുങ്ങിയ വാക്കില്‍ ഇസ്ലാമിനെതിരായ ശത്രുതയെ ഇസ്ലാമിനകത്ത് നിന്നുതന്നെ ഉത്ഭവിക്കുന്ന സംവാദങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ രൂപപ്പെടുത്തുന്ന ഒന്നായി മാറ്റുക എന്ന് നമുക്ക് ഇസ്ലാമോഫോബിയയെ നിര്‍വചിക്കാം. കാരണം, അതിന്റെ ചരിത്ര പശ്ചാത്തലം അന്വേഷിക്കുന്നതിനു മുമ്പു തന്നെ അതിന്റെ അര്‍ഥവും പ്രയോഗവും മനസ്സിലാക്കുന്നത് ഈ മേഖലയിലെ ആശയ സംവാദങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും. അപ്രകാരം, ഇസ്ലാമോഫോബിയ എന്നത് ഒരു മോഡേണ്‍ സാങ്കേതിക പ്രയോഗമാണെങ്കില്‍ പോലും അതിന്റെ ചരിത്ര പശ്ചാത്തലം കൂടി വിലയിരുത്തുമ്പോള്‍ മാത്രമേ അതേ കുറിച്ചുള്ള പഠനം പൂര്‍ത്തിയാകുന്നുള്ളൂ. ഫലത്തില്‍ ഇസ്ലാമോഫോബിയ എന്നത് സെപ്തംബര്‍ 11 ന് ശേഷം മുസ്ലിം കുടിയേറ്റക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന പരിസരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സമകാലിക സെക്കുലര്‍ ടേമായി മാറിയെങ്കിലും, സത്യത്തില്‍ അതിന്റെ വേരുകള്‍ യൂറോപ്യന്‍ ചരിത്രത്തിലെ നൂറ്റാണ്ടുകള്‍ മുമ്പിലേക്ക് നീണ്ടുകിടക്കുന്നുണ്ട്. ഇന്ന് ഉപയോഗിക്കപ്പെടുന്ന രീതിയിലുള്ള ഇസ്ലാമോഫോബിയ ആദ്യമായി ചര്‍ച്ച ചെയ്ത ഗ്രന്ഥമായി ഗണിക്കപ്പെടുന്നത് നസ്‌റുദ്ദീന്‍ ദീനാത്ത്, സുലൈമാന്‍ ബിന്‍ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഇസ്ലാമോഫോബിയ (acces de delire islamophobe) എന്ന ഗ്രന്ഥമാണ്. തുടര്‍ന്ന് റാനിമഡ് ട്രസ്റ്റ് എഴുതിയ Islamophia: A challenge for us all (1997) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉപയോഗിക്കുന്ന രീതിയിലുള്ള സാങ്കേതികാര്‍ഥം നിലവില്‍ വന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ എണ്‍പതുകളില്‍ വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്ന ഈ അര്‍ഥം ആദ്യമായി അച്ചടിച്ചു വന്നത് 1991ല്‍ അമേരിക്കയില്‍ നിന്നും ഇറങ്ങിയ റിപ്പോര്‍ട്ടിലാണ്. റാനിമഡ് ട്രസ്റ്റ് നടത്തിയ പഠനത്തില്‍ ഇസ്‌ലാമിനെതിരായ അടിസ്ഥാന രഹിതമായ വൈരാഗ്യം എന്നാണ് ഇസ്ലാമോഫോബിയയെ വിശേഷിപ്പിക്കുന്നത്. മുസ്ലിംകളെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ആക്രമണ സ്വഭാവമുള്ള ഒരുതരം വേര്‍തിരിവ് സൃഷ്ടിക്കലാണതെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടിലെ ഇസ്ലാമോഫോബിയയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഈ പഠനം, അതെ കുറിച്ച് പില്‍ക്കാലത്ത് നടന്നിട്ടുള്ള, നടക്കുന്ന എല്ലാവിധ ഗവേഷണങ്ങളുടെയും ഒരുത്തമ റഫറന്‍സാണ് എന്നു പറയാം. ഇസ്ലാമിക് ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ (IHRC) ഇസ്ലാമോഫോബിയക്ക് നല്‍കുന്ന ‘ഇസ്ലാം പേടി’ എന്ന നിര്‍വചനം സമ്പൂര്‍ണ അര്‍ത്ഥത്തില്‍ നിന്ന് ഒത്തിരി അകലെയാണ്. കാരണം അതിന്റെ ഒരു വിദൂര സാധ്യതയെ മാത്രമേ ആ നിര്‍വചനം ഉള്‍കൊള്ളുന്നുള്ളൂ.
ഇസ്ലാമോഫോബിയയെ കുറിച്ചുള്ള ഏറ്റവും പ്രചുരപ്രചാരം നേടിയ പഠനമായി ഗണിക്കപ്പെടുന്ന റെയ്മണ്ട് ട്രസ്റ്റ് എഴുതിയ വിശദീകരണം അനുസരിച്ച് ഇസ്ലാമോഫോബിയ എന്നാല്‍ മുസ്ലിംകള്‍ക്കെതിരായ പകയോ വിദ്വേഷമോ മാത്രമല്ല, മറിച്ച് മുസ്ലിംകള്‍ക്കെതിരായ വംശീയവും അപരവത്കരണപരവുമായ എല്ലാ വിധ പ്രാക്ടീസുകളും, ഇടപെടലുകളും അതില്‍ പെടുന്നു. ഇത്തരം നീക്കങ്ങള്‍ മുസ്ലിംകളെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണമാകുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേടി എന്ന ഒരു വിശേഷണം ഇസ്ലാം എന്ന ഒരു മതത്തിനു നേരെ എടുത്തിട്ട് ശത്രുതാ മനോഭാവം സൃഷ്ടിച്ചെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്‌കാരികവുമായ ഒത്തിരി ഘടകങ്ങള്‍ കാണാം. റാനിമഡ് ട്രസ്റ്റിന്റെ വിശദീകരണത്തില്‍ പറഞ്ഞ പ്രകാരമുള്ള ഇസ്ലാം വിരുദ്ധതയുടെ തുടര്‍ച്ചക്ക്, ഇസ്ലാമോഫോബിക് മനസ്സുകളെ ഊട്ടുന്നതില്‍ വലിയ പങ്കുണ്ട്.
ചരിത്രപരമായ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്ന പൊതു ബോധത്തെ കുറിച്ച് പഠിക്കുമ്പോള്‍ പടിഞ്ഞാറ് ഇസ്ലാമോഫോബിക്ക് പ്രാക്ടീസുകള്‍ എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കാം. ട്രസ്റ്റിന്റെ വിശദീകരണം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഇസ്ലാമിക വിരോധത്തിന്റെ ചരിത്ര പശ്ചാത്തലം വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. ചരിത്രപരമായി തുടര്‍ന്നു വന്ന് എങ്ങനെ ഇന്നത്തെ സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നു എന്നു കുറിക്കാന്‍ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന സാഹചര്യത്തില്‍ നിന്നുമുള്ള ഉദാഹരണ സഹിത വിവരണം ഫലം ചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണമനുസരിച്ച് നമുക്ക് ഇങ്ങനെ വായിക്കാം.
‘1920ല്‍ ഫ്രഞ്ച് സൈന്യം ദമസ്‌കസിലേക്ക് കടന്നപ്പോള്‍ സൈന്യാധിപന്‍ നേരെ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖബ്‌റിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞു : ‘സ്വലാഹുദ്ദീന്‍… നമ്മള്‍ ഇതാ മടങ്ങി വന്നിരിക്കുന്നു’. പോപ് ഓര്‍ബന്‍ രണ്ടാമന്‍ 1095 ല്‍ ‘നീതിപൂര്‍ണമായ യുദ്ധം’ എന്ന പേരില്‍ മുസ്ലിംകള്‍ക്കെതിരായി ആരംഭിച്ച കുരിശു യുദ്ധം അവസാനിച്ചിട്ടില്ല എന്ന ഉത്തമ ബോധ്യത്തോടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ഈ സംഭവം ഉസ്മാനികളെ പോലും കുരിശു പടയാളികളുടെ കൂടെ ചേര്‍ക്കാന്‍ കാരണമായി എന്നാണ് ചരിത്രം. 1453 ല്‍ ഓട്ടോമന്‍ തുര്‍ക്കികളിലൂടെ ഇസ്താംബൂള്‍ കീഴടങ്ങിയപ്പോള്‍ കര്‍ദിനാള്‍ വെനീസിലേക്ക് ഇപ്രകാരം എഴുതി: ‘ഒരു കാലത്ത് ഏറെ വ്യത്യസ്തമായിരുന്നു ഈ നഗരം. പിന്നീട് മനുഷ്യത്വം എന്തെന്നറിയാത്ത ക്രൂരരാണ് ഇതിനെ തകര്‍ത്ത് തരിപ്പണമാക്കിയത്’. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എനസ്റ്റ് റെയ്‌നന്‍ നടത്തിയ പ്രസ്താവന മുസ്ലിംകള്‍ക്ക് പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള പ്രാപ്തിയില്ല എന്നായിരുന്നു. ഈ വിശ്വാസങ്ങളൊക്കെ യൂറോപ്യന്‍ കോളനിവത്കരണത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
ഇക്കാലത്ത് വ്യാപകമായ ഇസ്ലാമോഫോബിയ പ്രാക്ടീസുകളുടെ ചരിത്ര പശ്ചാത്തലം വ്യക്തമാക്കുന്ന ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്നത്തേതിന് സമാനമായ അധ്യായങ്ങള്‍ ചരിത്രത്തിലുടനീളം ഉണ്ടെന്ന് വസ്തുതയാണ്. ഒരേ ലക്ഷ്യത്തിനു വേണ്ടി പല കാലങ്ങളില്‍ പല രീതിയില്‍ അവ അവതരിപ്പിക്കപ്പെട്ടു എന്നു മാത്രം. മധ്യ കാലത്ത് കുരിശു പടയാളികളും തുടര്‍ന്ന് യൂറോപ്യന്‍ കൊളോണിയലിസം വക്താക്കളും അതു കഴിഞ്ഞ് കഴിഞ്ഞ നൂറ്റാണ്ടില്‍, തൊണ്ണൂറുകളില്‍ വ്യാപകമായ ഇസ്ലാമോഫോബിയ പ്രാക്ടീസുകളുമൊക്കെ മുമ്പ് സൂചിപ്പിച്ച ‘ ഇതാ നമ്മള്‍ മടങ്ങി വന്നിരിക്കുന്നു ‘ എന്ന ചരിത്ര പ്രസ്താവനയുടെ പ്രതിഫലനങ്ങളാണ്.
ഈ ഇസ്ലാം പേടി ഒരു ചിന്താ പ്രസ്ഥാനമായി മാറുന്നതും ഇസ്ലാമോഫോബിയക്ക് അക്കാദമിക വിദഗ്ധരുടെയടക്കം പിന്തുണ ലഭിക്കുന്നതും ഇപ്പറഞ്ഞ പ്രതിയോഗികള്‍ ചെറുതല്ല എന്ന സൂചനയാണ് നല്‍കുന്നത്. കാരണം, ഇസ്ലാമിനെ മതേതരത്വം, ജനാധിപത്യം, യൂറോപ്യന്‍ നാഗരികത എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നായി ചിത്രീകരിക്കുന്നതും ഇസ്ലാമിനെയും മുസ്ലിംകളെയും മധ്യകാല നൂറ്റാണ്ടുകളില്‍ നടന്ന ചില പ്രതിഭാസങ്ങളുടെ ഫലമായി രൂപംകൊണ്ട ഒരു വിഭാഗമായി മനസ്സിലാക്കിയതുമാണ് പ്രധാനമായി ഇസ്ലാം പേടിയും ശത്രുതയും പടര്‍ത്താന്‍ ഹേതുകമായിട്ടുള്ളത്. ബ്രിട്ടീഷ് സാഹചര്യത്തില്‍ ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍ എങ്ങനെയാണ് ശത്രുതാ മനോഭാവം രൂപപ്പെട്ടത് എന്ന് വ്യക്തമാക്കി ക്രിസ് അലന്‍ പറയുന്നു: നമ്മുടെ വിശ്വാസങ്ങള്‍, നമ്മുടെ മൂല്യങ്ങള്‍, നമ്മുടെ സ്ഥാപനങ്ങള്‍, നമ്മുടെ ജീവിത മാര്‍ഗങ്ങള്‍ തുടങ്ങിയ രീതിയിലുള്ള സംബോധനയും പ്രഭാഷണങ്ങളുമാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാം-വെസ്റ്റ് എന്ന ബൈനറി രൂപപ്പെടുത്തുന്നത്. മുകളില്‍ പറഞ്ഞ പ്രകാരം ഇസ്ലാം പേടി രൂപപ്പെടുത്തുന്നതിലും അത് ശക്തിപ്പെടുത്തുന്നതിലും ഈ ചരിത്രപരമായ കാരണങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി കൈവന്ന പരസ്പര ആദാന-പ്രദാനങ്ങള്‍ വഴി യൂറോപ്പില്‍ മുസ്ലിംകളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നു. പക്ഷേ, വിവിധ സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമെന്ന സ്വയം അഹന്ത നടിക്കുന്ന യൂറോപ്പ്, മുസ്ലിംകള്‍ തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്നത് നമുക്ക് ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള തീവ്ര ശ്രമങ്ങളിലായിരുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം യൂറോപ്യന്‍ രജ്യങ്ങളില്‍, വിശേഷിച്ച് ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഇസ്ലാമിനെതിരെയായി അപരവത്കരണം, അസഹിഷ്ണുത തുടങ്ങിയ പല ആയുധങ്ങളും ഉപയോഗിക്കുന്നത് വ്യാപകമായി.
വിഭാഗീയതുടെ പുതിയൊരു ഇനമായി ക്രിസ് അലന്‍ ചൂണ്ടി കാണിച്ച ഈ അവസ്ഥാ വിശേഷം ഇസ്ലാമിനും മുസ്ലിംകള്‍ക്കും പുതിയൊരു വിശേഷണം കൂടി നല്‍കുന്നതായിരുന്നു. കാരണം, ഇസ്ലാമിന്റെ പേരില്‍ അരങ്ങേറുന്ന ഓരോ തീവ്രവാദ ആക്രമണങ്ങളും കാരണമായി ഓരോ മുസ്ലിമും അവന്‍ തീവ്രവാദി ആയിരിക്കാം എന്ന കണ്ണോടു കൂടെ നോക്കപ്പെടുന്ന അവസ്ഥ പോലും സംജാതമായി. ഇതാണ് പിന്നീട് ഓരോ മേഖലയിലും മുസ്ലിംകള്‍ നേരിട്ടിരുന്ന വ്യക്തമായ അപരവത്കരണത്തിലേക്കും മുസ്ലിംകളെ പടിഞ്ഞാറിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നായി വ്യാപകമായി ചിത്രീകരിക്കുന്നതിലേക്കും വഴികള്‍ തുറന്നു കൊടുത്തത്. ഈ അവസ്ഥാ വിശേഷത്തെയാണ് ഹാന്‍സ് കൊച്ച്ലര്‍ ‘സാംസ്‌കാരിക വൈവിധ്യ പ്രതിസന്ധി ‘ എന്ന് വിശേഷിപ്പിച്ചത്.
സമാനമായി 2005 ല്‍ ലണ്ടനില്‍ നടന്ന ആക്രമണവും ബ്രിട്ടനിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴി തുറന്ന ഒന്നാണ്. ‘സാംസ്‌കാരിക വൈവിധ്യ പ്രതിസന്ധി’ എന്നു വിളിക്കപ്പെട്ട ഈ അവസ്ഥ തന്നെയാണ് ക്രിസ് അലന്‍ ഇസ്ലാമോഫോബിയയുടെ ചെറിയ രീതിയിലുള്ള പ്രകടനമായി വിശേഷിപ്പിക്കുന്നത്. അതിനു ഉപോല്‍ബലകമാകുന്ന പല കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൊച്‌ലാര്‍ പറയുന്നതനുസരിച്ച് ഇസ്ലാം മതം യൂറോപ്യന്‍ സംസ്‌കാരമോ അവര്‍ ആസൂത്രണം ചെയ്യുന്ന ലോക ഘടനയോ അംഗീകരിക്കാത്തതാണ്/ അതുമായി ഒത്തുപോകാത്തതാണ് കൂടുതല്‍ പ്രതിയോഗികളെ സൃഷ്ടിക്കാന്‍ കാരണമായത് എന്നാണ്. ഇസ്ലാമിക നാഗരികതക്കെതിരെ വളര്‍ന്നു വരുന്ന ശത്രുതാ മനോഭാവത്തെ ഇസ്ലാമോഫോബിയ എന്ന് വിളിക്കുന്നത് അപൂര്‍ണമാണെന്നും മറിച്ച് ആന്റി ഇസ്ലാമിസം എന്നോ ഇസ്ലാം വിരോധം എന്നോ വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളെ സെമിറ്റിക് വിരോധം എന്നാണ് വിളിക്കുന്നതെന്നും ‘സാമിഫോബിയ’ എന്ന് ആരും അതിനെ അഭിസംബോധന ചെയ്യാറില്ല എന്നും അദ്ദേഹം പറയുന്നു. ആയതിനാല്‍ മുസ്ലിംകള്‍ നേരിടേണ്ടി വരുന്ന ഇസ്ലാമിനോടുള്ള ശത്രുതയില്‍ ഊന്നിയ ഈ അവസ്ഥയെ ആന്റി ഇസ്‌ലാമിസം എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സെമിറ്റിക് വിരോധത്തിന് ലഭിക്കുന്ന നിയമപരിരക്ഷയൊന്നും ഇരകളുടെ സ്ഥാനത്ത് ഇസ്ലാം, അല്ലെങ്കില്‍ മുസ്ലിംകള്‍ ആകുമ്പോള്‍ ലഭിക്കുന്നില്ല എന്നും ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഡിപ്ലോമാറ്റിക് അടിസ്ഥാനത്തില്‍ നടക്കുന്ന പഠനങ്ങളില്‍ പോലും ഇസ്ലാമോഫോബിയ പ്രാക്ടീസ് ഒരു നിയമ പരിരക്ഷയുടെ കീഴില്‍ നിന്ന് ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം എഴുതുന്നു.
ഇസ്ലാം, മുസ്ലിംകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതു മനസ്സുകളില്‍ തെളിഞ്ഞു വരുന്ന ഒരു രൂപത്തെ രണിമണ്ട് ട്രസ്റ്റ് അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. വൈവിധ്യങ്ങളെ സ്വീകരിക്കാത്ത, കോണ്‍ക്രീറ്റ് ആയ നയ നിലപാടുകള്‍ ആയതിനാല്‍ പുതു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇസ്ലാമിന് കഴിയുന്നില്ല, മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊള്ളാത്ത, മറ്റുള്ളവയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരു ഒറ്റപ്പെട്ട മതമാണ് ഇസ്ലാം, വെസ്റ്റിന്റെ ശരാശരി നിലവാരത്തിലേക്ക് എത്താന്‍ കഴിയാത്ത മതം, ആക്രമണ സ്വഭാവമുള്ള നിരക്ഷരായ ഒരു പറ്റം അനുയായികളുള്ള ഒരു മതം, ശത്രുതാ മനോഭാവം നിറഞ്ഞ അടിസ്ഥാന പ്രതിയോഗിയാണ് ഇസ്ലാം,
മുസ്ലിം വിരുദ്ധ സംസാരങ്ങള്‍, പ്രഭാഷണങ്ങള്‍ വെറും സ്വാഭാവിക സംസാരം മാത്രമായി കാണപ്പെടുന്നു ഇങ്ങനെ നീളുന്നു അദ്ദേഹം ഉന്നയിക്കുന്ന ആശങ്കകള്‍. സെപ്തംബര്‍ ആക്രമണത്തിനു ശേഷം മുസ്ലിം വിരോധം കുത്തിനിറച്ച് ഒരുപാട് പത്രങ്ങളും അക്കാദമിക് മാഗസിനുകളും പുറത്തിറങ്ങുകയുണ്ടായി. സത്യത്തില്‍ പടിഞ്ഞാറിന്റെ പൊതു നിലപാടിന്റെ പ്രകടനമായിരുന്നു അവയൊക്കെ. അങ്ങനെ യൂറോപ്പിലും ലോകത്ത് മുഴുവനും മുസ്ലിംകളുടെ ലോകം ഇടുങ്ങിയതാക്കാനുള്ള ശക്തമായ ഒരു സ്ട്രാറ്റജിയായി ഇസ്ലാമോഫോബിയ മാറി.

ഇസ്‌ലാമോഫോബിയ മാധ്യമങ്ങളിലും നിത്യ ജീവിതത്തിലും

ഇസ്ലാമോഫോബിയ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതിലുപരി സാമൂഹിക ജീവിതത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നു തെളിയിക്കുന്ന പഠനങ്ങള്‍ മുസ്ലിംകള്‍ നേരിടുന്ന അപര വത്കരണത്തിന്റെ വ്യക്തമായ ചിത്രം വരച്ചു കാട്ടുന്നുണ്ട്. ഈ അപരത്വ നിലപാടിന് പ്രചാരണം നേടിക്കൊടുക്കാനും അതിനെ ഒരു സ്വാഭാവിക പ്രതിഭാസം മാത്രമായി മാറ്റിയെടുക്കാനുമുള്ള ഏറ്റവും വലിയ മാര്‍ഗമായി ഉപയോഗിക്കുന്നപ്പെടുന്നത് വാര്‍ത്താ മാധ്യമങ്ങള്‍ തന്നെയാണ്. ഇസ്ലാമും മുസ്ലിംകളും നേരിടുന്ന മാധ്യമ ആക്രമണങ്ങള്‍ ആദ്യമായി സമ്പൂര്‍ണമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് എഡ്വാര്‍ഡ് സൈദ് ആയിരുന്നു. അദ്ദേഹത്തിന്റെ കവറിംഗ് ഇസ്ലാം എന്ന പുസ്തകം ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു. വെസ്റ്റേണ്‍ മീഡിയകള്‍ എങ്ങനെയാണ്, വിശേഷിച്ച് ഇറാനിയന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിനെ സമീപിച്ചത് എന്ന് കൃത്യമായി എഡ്വാര്‍ഡ് സൈദ് നിരീക്ഷിക്കുന്നു.
‘അസഹിഷ്ണുത ഇസ്ലാമില്‍ നിന്ന് രൂപം കൊള്ളുന്നതാണ്, കാരണം, അത് ഇസ്ലാമാണ് എന്നതു തന്നെ ‘ എന്ന വാക്കുകള്‍, മാധ്യമങ്ങള്‍ മുസ്ലിംകള്‍ക്ക് നേരെ ഉപയോഗിച്ച് പോരുന്ന നിലപാടിന്റെ വ്യക്തമായ സാക്ഷ്യമാണ്. അദ്ദേഹം കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് പറയുന്നു: നിങ്ങള്‍ ഇസ്ലാം എന്നതിന്റെ അര്‍ഥം ചോദിക്കുക. തീവ്രവാദികള്‍, ആയുധ ധാരികള്‍, വര്‍ഗീയ ഭ്രാന്തന്മാര്‍, തങ്ങളുടെ പ്രധാന ശത്രുവായ അമേരിക്കക്ക് ദ്രോഹം ചെയ്യാന്‍ വേണ്ടി ഓടി നടക്കുന്ന താടിക്കാര്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളാവും നിങ്ങള്‍ക്ക് ലഭിക്കുക. സയ്യിദ് രിദ ആമിലി എങ്ങനെയാണ് മാധ്യമങ്ങള്‍ ഫേബ്രിക്കറ്റഡ് സത്യങ്ങള്‍ പടച്ചു വിടുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം സത്യങ്ങള്‍ പലപോഴും ലോകത്ത് നിലവിലുള്ള യഥാര്‍ഥ സത്യത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വീകാര്യത നേടുന്നു എന്നും അദ്ദേഹം പറയുന്നു.