സൈബറിടത്തിലെ ചതിക്കുഴികള്‍; രക്ഷിതാക്കളറിയേണ്ട കാര്യങ്ങള്‍

1987

പത്രം തുറന്നപ്പോള്‍ സൈബര്‍ സ്പേസില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട രണ്ടു വാര്‍ത്തകള്‍ കണ്ടു. രണ്ടും സൈബര്‍ അതിക്രമവുമായി ബന്ധപ്പെട്ടതാണ്. സൈബര്‍ രംഗത്തേക്ക് ഓരോ ദിവസവും നാം പടിപടിയായി കയറികൊണ്ടിരിക്കുകയാണ്. സാഹചര്യം നമ്മെ അങ്ങനെ പടികയറ്റി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഓരോ ദിവസവും അതിക്രമങ്ങളുടെ വാര്‍ത്താ തലക്കെട്ടുകള്‍ വായിക്കുമ്പോഴും പുറംലോകമറിയാത്ത നിരവധി സംഭവ വികാസങ്ങള്‍ നമ്മുക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് കാലെടുത്തുവക്കുന്ന നമ്മുടെ കുട്ടികള്‍ ഇരിക്കും മുമ്പ് കാല്‍നീട്ടുന്നതാണ് ഒട്ടുമിക്ക പ്രശ്ങ്ങളുടെയും മൂല കാരണം. ഈ ഒരവസ്ഥയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. രോഗംവന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുക എന്നതല്ലേ?. പോസിറ്റീവായ സൈബര്‍ സ്പേസ് ഒരുക്കാനായി അവിടെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാനും അതിനെ മുളയിലേ നുള്ളിക്കളയാനും നമ്മുടെ മക്കളെ പ്രാപ്തരാക്കണം?
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൈബര്‍ സ്പേസില്‍ ts’ranger is danger’ എന്നത് ആദ്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുക. പലപ്പോഴും അപരിചിതര്‍ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും കുട്ടികളുടെ വിശ്വാസത്തെ കൈയ്യിലെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തുക. ഈ വിശ്വാസം നേടിയെടുത്തു കഴിയുന്നതോടെ ഇവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ നമ്മുടെ കുട്ടികള്‍ ഷെയര്‍ ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്.

  • റിയല്‍ സ്പേസില്‍ മുഖത്തോടു മുഖം നോക്കിയുള്ള ആശയ വിനിമയമാണ്. എന്നാല്‍, വെര്‍ച്വല്‍ സ്പേസില്‍ ഇതില്‍ ടെക്സ്റ്റ് മെസ്സേജുകളാണ്. അതുകൊണ്ടു തന്നെ പറയുന്നതിന്റെ വിശ്വസ്തത സംശയത്തിന്റെ നിഴലിലാണ്.
  • ചെയ്യുന്ന എന്തു പ്രവര്‍ത്തിയും വെര്‍ച്വല്‍ സ്പേസില്‍ റെക്കോര്‍ഡഡ് ആണ്. അതുകൊണ്ടു തന്നെ ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്തേക്കാം. റിയല്‍ സ്പേസില്‍ നടുക്കുന്നതൊക്കെ നമുക്ക് ഓര്‍ത്തുവക്കാനേ സാധിക്കൂ.
  • കുട്ടികള്‍ ചെയ്ത എന്തെങ്കിലും നല്ല കാര്യങ്ങളെ വാഴ്ത്തി പറയുക, അവരുടെ ഫോട്ടോ നന്നായിട്ടുണ്ട്, അവരുടെ ഡ്രസ്സ് കളര്‍ നന്നായിട്ടുണ്ട് തുടങ്ങിയവ പറഞ്ഞു അവരുടെ പ്രീതി നേടിയെടുക്കുക
  • ചെറിയ രീതിയിലുള്ള ലൈംഗിക ചുവയുള്ള സംസാരങ്ങള്‍ ഇവര്‍ ആരംഭിക്കുകയും കുട്ടികള്‍ ഇവര്‍ക്ക് അനുകൂലമായി പ്രതികരിക്കുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അപകടകരമായ രീതിയില്‍ സംസാരം നീളുകയും പല വ്യക്തിഗത വിവരങ്ങളും സ്വകാര്യത നഷ്ടപെടുന്ന വിവരങ്ങളും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.
  • സ്വകാര്യത, ലൈംഗികത തുടങ്ങിയവ പുറത്തു പറയുന്നതും, പ്രദര്‍ശിപ്പിക്കുന്നതും കുഴപ്പമല്ല എന്നും ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്നും ഇതിനെ സാധൂകരിക്കാന്‍ വേണ്ടി സമാനമായ രീതിയിലുള്ള ചിത്രങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍കാണിച്ചു കുട്ടികള്‍െ ഇവരുടെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യുക.
  • ഏതെങ്കിലും തരത്തിലുള്ള ഭീഷണിയിലൂടെയോ മറ്റോ സ്വകാര്യത നഷ്ടപ്പെടുന്ന വിവരങ്ങള്‍ കൊടുക്കാന്‍ പറയുക

ഇങ്ങനെയുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ കുട്ടികളോട് വിവരങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞു ലോക്കല്‍ പോലീസിലോ, സൈബര്‍സെല്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യുക

ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട
അപകട സാധ്യതകള്‍ താഴെ ചേര്‍ക്കുന്നു

  • പല ഓണ്‍ലൈന്‍ ഗെയിമുകളിലും കുട്ടികളുടെ കൂടെ കളിക്കുന്നത് ലോകത്തെ ഏതെങ്കിലും ഭാഗത്തുനിന്നുള്ള ആളുകളാണ്. ഇതില്‍ തന്നെ അപകടകരമായ പ്രവണതയുള്ള ആളുകളുണ്ടാകും. ഇത് അപകടങ്ങള്‍ സൃഷ്ടിക്കും.
  • ചിലര്‍ ഗെയിമുകളില്‍ തോറ്റാല്‍ ഉണ്ടാകുന്ന അപകടകരമായ ഭവിഷത്തുകള്‍ പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുക, സ്വയം അപകടപരമായ പ്രവണതക്കു പ്രേരിപ്പിക്കുക, സാമ്പത്തികമായ തട്ടിപ്പുകള്‍ നടത്തുക.
  • ഗെയിമിലെ ചില സ്റ്റെപ്പുകള്‍ വിജയിക്കാന്‍ സഹായിക്കുകയും, ഗെയിം എളുപ്പമാകാനുള്ള ടിപ്സ് പറഞ്ഞു കൊടുക്കുകയും അതുവഴി ബന്ധം സ്ഥാപിക്കുകയും കുട്ടികളുടെ വ്യക്തിപര വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. പിന്നീട് നേരില്‍ കാണാനും മറ്റും കുട്ടികളെ പ്രേരിപ്പിക്കുക.
  • ഓണ്‍ലൈന്‍ ഗെയിം നിരന്തരമായി കളിക്കുന്നതു കൊണ്ടുണ്ടാവുന്ന ശാരീരിക പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, അഡിക്ഷന്‍ തുടങ്ങിയവ.
    സുരക്ഷിതമായ സൈബര്‍ സ്പേസ്
    ഒരുക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

*കൗമാര പ്രായത്തിലെ എല്ലാവിധ ശാരീരിക മാനസിക വൈകാരിക മാറ്റങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ ബോധവാന്മാരാകുകയും ഇതിനെ കുറിച്ച് കുട്ടികള്‍ക്ക് കൃത്യമായ ബോധവത്കരണം നടത്തുകയും ചെയ്യുക.

  • അപരിചിതര്‍ സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവരെ ബ്ലോക്ക് ചെയ്യുകയും, മോശമായ രീതിയില്‍ പെരുമാറുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക.
  • സ്വകാര്യത വ്യക്തമാകുന്ന രീതിയിലുള്ള ഫോട്ടോസ് ആരുമായും ഷെയര്‍ ചെയ്യാതിരിക്കുക.
  • അപരിചിതരുമായി വെബ്ക്യാം ഓണ്‍ ചെയ്യുകയോ, വോയിസ് മെസ്സേജ് അയക്കുകയോ ചെയ്യാതിരിക്കുക.
  • നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ, അതാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ഒരു ബുദ്ധിമുട്ടാകുമോ, അത് നിയമാനുസൃതമാണോ നിയമ വിരുദ്ധമാണോ, അത് ആവശ്യമുള്ളതാണോ തുടങ്ങിയവ അറിഞ്ഞു പോസ്റ്റ് ചെയ്യുക.
  • അപകടകരമായ സാഹചര്യം വന്നാല്‍ രക്ഷിതാക്കളുമായോ, അധ്യാപകരുമായോ, വിശ്വാസമുള്ള ആളുമായോ ഷെയര്‍ ചെയ്യുക, പോലീസ്, സൈബര്‍ സെല്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ ഹെല്‍പ്ലൈനായ ചൈല്‍ഡ്ലൈനില്‍ 1098 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കുക…
    (കോഴിക്കോട്് ജില്ലാ ചൈല്‍ഡ്‌ലൈന്‍
    കോര്‍ഡിനേറ്ററാണ് ലേഖകന്‍)

മുഹമ്മദ് അഫ്‌സല്‍