പൊന്നാനിയും പുറങ്ങും പരിസര പ്രദേശങ്ങളും പണ്ഡിതന്മാരുടെ കേന്ദ്രമായിരുന്നല്ലോ. നാടിന്റെ ദീനീ പാരമ്പര്യം എങ്ങനെയെല്ലാം ഉസ്താദിനെ സ്വാധീനിച്ചിട്ടുണ്ട്?
യഥാര്‍ത്ഥത്തില്‍ ഞാന്‍ പുറങ്ങുകാരനല്ല. ഏകദേശം 8 കിലോമീറ്റര്‍ ദൂരത്തുള്ള നരിപ്പറമ്പാണ് എന്റെ സ്വദേശം. ജോലി ആവശ്യാര്‍ഥമാണ് പുറങ്ങിലെത്തുന്നത്. നീണ്ട കാലത്തെ (15 വര്‍ഷം) സേവനത്തിനിടെ പുറങ്ങില്‍ ഒരു പറമ്പും വീടും സൗകര്യപ്പെടുത്തി. പിന്നീടാണ്, ഞാന്‍ പുറങ്ങായി മാറിയത്. ഓതിപ്പഠിക്കുന്ന കാലത്ത് നരിപ്പറമ്പ് അബ്ദുല്ല മുസ്‌ലിയാര്‍ എന്നാണ് നാട്ടിക മൂസ മുസ്‌ലിയാരും, ഹൈദരലി തങ്ങളും അടങ്ങുന്ന സഹപാഠികള്‍ വിളിച്ചിരുന്നത്. ഇന്നും പഴമക്കാരെല്ലാം നരിപ്പറമ്പ് എന്നാണെന്നെ വിളിക്കുക. അതില്‍ പ്രധാനിയാണ് കിഴിശ്ശേരി ബീരാന്‍കുട്ടി ഹാജി.
ഉസ്താദിന്റെ കുടുംബ വേരുകള്‍ പണ്ഡിത പശ്ചാത്തലമുള്ളതായിരുന്നോ?
ഇല്ല. മാതാപിതാക്കളുടെ കുടുംബത്തിലൊന്നും പറയത്തക്ക പണ്ഡിതന്മാരുണ്ടായിരുന്നില്ല. വാപ്പ നാടനായിരുന്നു. ഒരു സാധാരണ കൃഷിക്കാരന്‍. പണ്ഡിതരുമായുള്ള കുടുംബ ബന്ധം ഭാര്യ വഴിയാണ്. ഭാര്യയുടെ വല്ലിപ്പ തികഞ്ഞപണ്ഡിതനായിരുന്നു. മൊയ്‌ല്യാര് എന്നായിരുന്നു നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. നാട്ടില്‍ നിരവധി പണ്ഡിതന്മാരുണ്ടായിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. പ്രത്യേകിച്ച്, പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ പോലെയുള്ളവരുടെ കാലത്ത്. പൊന്നാനി-കുറ്റിപ്പുറം പ്രദേശത്തെ കൃഷിക്കാരനായിരുന്നു വാപ്പ. മഊനത്ത് ഇസ്ലാം സഭയുടെ കൃഷിഭൂമിയെല്ലാം നോക്കി നടത്തിയിരുന്നത് വാപ്പയായിരുന്നു. പ്രത്യേകിച്ച്, പോത്തന്നൂരിലെ കൃഷി. വാപ്പയുടെ ശേഷം ജ്യേഷ്ഠനാണ് അതേറ്റെടുത്തത്. പിന്നെ, കൃഷി ചെയ്താല്‍ നഷ്ടം വിളയുന്ന കാലമായപ്പോള്‍ അതെല്ലാം ഉപേക്ഷിച്ചു. നിന്നുപോയി എന്നു പറയുന്നതാവും ഉചിതം.
ഉസ്താദ് ബാഖിയാത്തിലും ദുയൂബന്ദിലും പഠിച്ചിട്ടുണ്ടല്ലോ. ഒരു ആശയപരമായ സംഘട്ടനം ഉസ്താദിന്റെ ഉള്ളില്‍ തന്നെ സംഭവിച്ചിട്ടുണ്ടോ?
വാചകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ദുയൂബന്ദിയാണ് ഞാന്‍. വിശദീകരിക്കാം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നാനി മഊനത്ത് സഭയുടെ അറബിക് കോളേജിലാണ് ചേര്‍ന്നത്. ജാമിഅ:യുടെ സഹസ്ഥാപനമായിരുന്നു അത്. മുഖ്തസര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ജാമിഅ:യുടെ പരീക്ഷ വിജയിക്കുകയും ചെയ്തിരുന്നു. നാട്ടിക മൂസ മുസ്‌ലിയാരും, ഹൈദരലി തങ്ങളുമായിരുന്നു പ്രധാന സഹപാഠികള്‍. തങ്ങള്‍ ജാമിഅ:യിലേക്ക് പോയി. ഞാനും നാട്ടികയും ബാഖിയാത്തിലേക്കു പോയി. അന്നത്തെ വിദ്യാര്‍ഥികളുടെ ആഗ്രഹമായിരുന്നു വെല്ലൂര്‍. കുട്ടി മുസ്‌ലിയാരായിരുന്നു അന്നത്തെ പ്രിന്‍സിപ്പാള്‍. ഞങ്ങള്‍ മുതവ്വല്‍ കോഴ്‌സിലായിരുന്നു. അവിടന്ന് നാട്ടികക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പൊന്നാനിയിലേക്ക് തിരിച്ചുവരേണ്ടിവന്നു. ഈ വര്‍ഷമാണ് ഗ്രന്ഥ രചനയും, പ്രസംഗവും അദ്ദേഹം ആരംഭിക്കുന്നത്. ആ വര്‍ഷം കോളേജിലേക്ക് തിരിച്ചുവന്നില്ല. കെ.കെ ഉസ്താദിനോട് അന്വേഷിച്ചപ്പോള്‍ അടുത്ത വര്‍ഷം നാട്ടിക ദുയൂബന്ധിലേക്കു പോവുകയാണെന്ന് അറിഞ്ഞു. ഞാനും ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദിന്റെ നിര്‍ദേശ പ്രകാരം മുത്വവ്വല്‍ കോഴ്‌സില്‍ നിന്നും മുഖ്തസറിലേക്ക് ഞാന്‍ മാറി. ബാഖിയാത്തിലെ ഉസ്താദുമാര്‍ക്കെല്ലാം അത്തരം മാറ്റങ്ങള്‍ വളരെ ഇഷ്ടവുമായിരുന്നു. കാരണം, മുഖ്തസറില്‍ ശൈഖ് ഹസ്‌റത്തില്‍ നിന്നും ബുഖാരി ഓതിപ്പഠിക്കാനുള്ള അവസരം കൂടിയുണ്ടായിരുന്നു. വേല്ലൂരിലെ പഠനം പൂര്‍ത്തിയാക്കിയ ഞാനും നാട്ടികയും ദുയൂബന്ധിലെത്തി. ഒന്ന്-രണ്ട് മാസങ്ങള്‍ക്കിപ്പുറം നാട്ടികക്ക് വീണ്ടും അസുഖമായി. ചികിത്സിക്കാന്‍ നാട്ടിലേക്ക് തിരിച്ചുവരേണ്ടിയിരുന്നു. പിന്നീട്, ഒരു മാസം കഴിഞ്ഞാണ് തിരികെ പോയതും ക്ലാസ്സ് കേട്ടതും. അതാണ്, ഞങ്ങളുടെ ദുയൂബന്ദ് ഓര്‍മകള്‍. എക്കാലത്തും സമസ്തയുടെ ചട്ടക്കൂടില്‍ തന്നെയാണ് ജീവിച്ചിട്ടുള്ളത്. എന്നുപറഞ്ഞാല്‍, ആശയത്തിലില്ലാത്ത വാക്കുകളില്‍ മാത്രമൊതുങ്ങുന്ന ദുയൂബന്ദിയാണ് ഞാന്‍.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തെയും, രാഷ്ട്രീയത്തെയും നിയന്ത്രിച്ച വിദ്യാര്‍ഥികളായിരുന്നല്ലോ ഉസ്താദിന്റെ സഹപാഠികള്‍ ?
സുന്നത്ത് ജമാഅത്തിന്റെ കരുത്തുറ്റ പടനായകനായിരുന്ന നാട്ടിക മൂസ മുസ്‌ലിയാരും, സമുദായത്തിന്റെ നേതൃത്വമായിരുന്ന ഹൈദരലി തങ്ങളുമായിരുന്നു സഹപാഠികള്‍. സഹപാഠികള്‍ എന്ന് പറയുന്നതിനേക്കാള്‍ ആത്മമിത്രങ്ങളായിരുന്നു എന്നു പറയുന്നതാണ് നല്ലത്. ഞങ്ങളുടെ പരസ്പര ബന്ധത്തോട് നീതി പുലര്‍ത്തണമെങ്കില്‍ അങ്ങനെ തന്നെ പറയണം.
നരിപ്പറമ്പ് ഉസ്താദ് എങ്ങനെയാണ് പിന്നീട് പുറങ്ങ് ഉസ്താദ് ആയത് ?
ദുയൂബന്ദിലെ പഠനത്തിനു ശേഷം പൊന്നാനിയിലേക്ക് തന്നെ തിരിച്ചു. നാടിന്റെ അടുത്ത് മതസേവനം നടത്തണമെന്നതായിരുന്നു താല്‍പര്യം. പൊന്നാനി ബദ്‌രിയ്യ മദ്റസയിലേക്കായിരുന്നു നിയമിതനായത്. കൂടെ നാട്ടികയുമുണ്ടായിരുന്നു. രണ്ട് ദുയൂബന്ദികളെ വളരെ ആവേശത്തോടെയാണ് നാട്ടുകാര്‍ വരവേറ്റത്. നാട്ടികയായിരുന്നു മദ്രസയിലെ സദ്ര്‍. രണ്ട് മാസങ്ങള്‍ക്കിപ്പുറം നാട്ടികയെ മഊനത്ത് അറബിക് കോളേജിലേക്ക് വിളിച്ചു. എന്നെ, പുറങ്ങിലേക്കും. പള്ളിയും മഹല്ലും ദര്‍സും ഏല്‍പ്പിച്ചുതരാനായിരുന്നു ആ ക്ഷണം. പക്ഷേ, ബദ്‌രിയ്യ മാനേജ്‌മെന്റ് പോവാന്‍ അനുവദിച്ചില്ല. കെ.കെ ഉസ്താദിനോടും, ശേഷം എം.എം ഉസ്താദിനോടും ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഞങ്ങളുടെ കാര്യം തീരുമാനമായതും. ഞാന്‍ പുറങ്ങിലെത്തുന്നതും.
മൂസ മുസ്‌ലിയാര്‍ നാട്ടികയാവാന്‍ വീണ്ടും കാലങ്ങളെടുത്തു. കോളേജില്‍ നിന്നും സുന്നിയാര്‍ കോളേജിലേക്ക് അധ്യാപനാവശ്യാര്‍ഥം ചേക്കേറി. ഖണ്ഡന പ്രസംഗ രംഗത്തെ പ്രസിദ്ധ സ്ഥാപനമായിരുന്നു അത്. ശേഷം, നാട്ടികയില്‍ ഒരു ദര്‍സ് അധ്യാപകനായി നിയമിതനായി. അവിടെ നീണ്ടകാല സേവനമാണ് മൂസക്ക് ആ പേര് നേടിക്കൊടുത്തത്. നാട്ടിക വി. മൂസ മുസ്‌ലിയാര്‍.
ഉസ്താദിനെ സ്വാധീനിച്ച അധ്യാപകര്‍ ആരൊക്കെയായിരുന്നു?
പലയിടങ്ങളിലായി പഠിച്ചതിനാല്‍ നിരവധി ഉസ്താദുമാരുണ്ടായിരുന്നു. അവരെല്ലാം നമ്മളെ പലരീതിയിലായി രൂപപ്പെടുത്തുകയായിരുന്നു. മഊനത്തിലായിരുന്നു നമ്മുടെ സ്വഭാവ രൂപീകരണത്തിന്റെ കാലം. അന്നത്തെ ഉസ്താദുമാരാണ് നമ്മളെ ശരിക്കും സ്വധീനിച്ചത്. അഞ്ച് ഉസ്താദുമാരായിരുന്നു കോളേജിലുണ്ടായിരുന്നത്. കെ.കെ ഉസ്താദ്, ഹാജി ഉസ്താദ്, അച്ചിപ്പറ ഉസ്താദ്, മുഹമ്മദലി മുസ്‌ലിയാര്‍, എം.എം. ഉസ്താദ് എന്നിവര്‍. ജാമിഅ:യുടെ മുഖ്തസര്‍ കോഴ്‌സിലുള്ള ഖുതുബി, ജംഅ്, ബൈളാവി എന്നീ ഗ്രന്ഥങ്ങള്‍ വര്‍ഷാവര്‍ഷം മാറിമാറി ക്ലാസ്സെടുക്കുമായിരുന്നു. എല്ലാവരും കിതാബ് സിദ്ധിയും വശ്യമായ അവതരണ ശേഷിയും ഉള്ളവരായിരുന്നു. നല്ല ഇമ്പമുള്ള ക്ലാസ്സുകളായിരുന്നു എല്ലാവരുടേതും. ക്ലാസ്സിന് അകത്തും പുറത്തും പ്രസംഗ പരിശീലന രംഗത്തും ഞങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കുകയും സ്വയം ആവിഷ്‌കരിക്കാനുള്ള അവസരമൊരുക്കിത്തരികയും ചെയ്തിരുന്നു.
ഉസ്താദ് നേതൃത്വം നല്‍കിയ സമാജങ്ങളില്‍ പ്രസംഗിച്ചവര്‍ പില്‍ക്കാലത്ത് പ്രസിദ്ധരായ പ്രഭാഷകരായിട്ടുണ്ടല്ലോ?
കോളേജില്‍ എല്ലാ വ്യാഴായ്ച്ചകളിലും സമാജമുണ്ടായിരുന്നു. നീണ്ട കാലത്തേക്ക് തങ്ങളായിരുന്നു സമിതിയുടെ പ്രസിഡന്റ്. ഞാന്‍ വൈസ് പ്രസിഡന്റും നാട്ടിക സെക്രട്ടറിയും. പില്‍ക്കാലത്ത്, പ്രസിദ്ധരായ പ്രാസംഗികന്മാരൊന്നും അന്ന് കാര്യമായി പ്രസംഗിച്ചിരുന്നില്ല. നാട്ടിക പോലും. മുതിര്‍ന്ന കുട്ടികള്‍ക്ക് പൊന്നാനി കടപ്പുറത്ത് ഒരു പ്രസംഗ വേദി ലഭിക്കാറുണ്ടായിരുന്നു. അബ്ദുല്ല കുട്ടി ഹാജിയായിരുന്നു അതിന്റെ മുഖ്യ സംഘാടകന്‍. രണ്ട്-രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗമായിരുന്നു അത്. താല്‍പര്യമുള്ളവര്‍ പ്രസംഗിക്കും. ഒരിക്കല്‍ ഞങ്ങളുടെ നിര്‍ബന്ധപ്രകാരം നാട്ടിക പ്രസംഗത്തിനൊരുങ്ങി. അന്ന് കുറച്ച് നേരംമാത്രമാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം കഴിഞ്ഞ് തിരിച്ചുവന്ന് സ്വതസിദ്ധമായ ശൈലിയില്‍ ഞങ്ങളോട് പറഞ്ഞു: ചെങ്ങായിമാരെ ഇങ്ങളെങ്ങനെയാണ് രണ്ട് മണിക്കൂറൊക്കെ പ്രസംഗിക്കുന്നത്. ഞാനീക്കാലം ചൊല്ലിപ്പഠിച്ചതെല്ലാം തീര്‍ന്നുപോയല്ലോ..
നാട്ടികയെ രൂപപ്പെടുത്തിയത് കരുവാരകുണ്ട് കെ.കെ ഉസ്താദാണെന്ന് ഉസ്താദിന്റെ ഒരു ഓര്‍മക്കുറിപ്പില്‍ വായിച്ചതോര്‍ക്കുന്നു. കെ.കെ ഉസ്താദ് ഏതെല്ലാം തരത്തില്‍ വ്യത്യസ്തനായിരുന്നു?
മഊനത്തിലെ പരീക്ഷയൊക്കെ കഴിഞ്ഞ അവസരം. നാട്ടിക പുളിക്കല്‍ മുജാഹിദ് കോളേജില്‍ ചേര്‍ന്നു. അറബിക് മുന്‍ഷി എക്സാം എഴുതലായിരുന്നു ലക്ഷ്യം. നോമ്പ് കഴിഞ്ഞ് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിട്ടും അദ്ദേഹം കോളേജിലെത്തിയില്ല. കെ.കെ ഉസ്താദുമായി വിഷയം സംസാരിച്ചപ്പോള്‍ ഉസ്താദ് കുറച്ച് ഗൗരവം കാണിച്ചു. തിരിച്ച് വിളിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അവന്‍ അവിടെ നില്‍ക്കട്ടെയെന്നും പറഞ്ഞു. ആ ഗൗരവത്തിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. നാട്ടികയെ വളര്‍ത്തിയിരുന്നത് ഉമ്മയായിരുന്നു. വാപ്പ ഉണ്ടായിരുന്നെങ്കിലും വല്യ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉമ്മ കൈയ്യും പിടിച്ചു വന്ന് കെ.കെ ഉസ്താദിനെ ഏല്‍പ്പിക്കുകയായിരുന്നു. അതായത്, കെ.കെ ഉസ്താദ് നാട്ടികയുടെ ഉസ്താദും രക്ഷിതാവുമായിരുന്നു എന്നര്‍ഥം. കഴിവുള്ള വിദ്യാര്‍ഥിയുടെ കൂറുമാറ്റം എല്ലാവരെയും വിഷമിപ്പിച്ചു. പേടിച്ചിട്ടാണെങ്കിലും ഞാന്‍ ഉസ്താദിന്റെ അടുത്തു ചെന്ന് പലതവണ സംസാരിച്ചു. നാട്ടികയെ തിരിച്ചു വിളിക്കണമെന്ന് അഭ്യാര്‍ഥിച്ചു. ഒടുവില്‍ ഉസ്താദ് കത്ത് കൊടുത്തയച്ചു. തിരികെ വരണമെന്നൊന്നും കത്തില്‍ സൂചിപ്പിച്ചിരുന്നില്ല. പക്ഷേ, കത്ത് വായിച്ച് തീരുന്നതിനു മുമ്പേ നാട്ടിക പൊന്നാനിയിലേക്ക് തിരിച്ചിരുന്നു. അതായിരുന്നു അവര്‍ക്കിടയിലെ രസതന്ത്രം.
വിദ്യാര്‍ഥിയും സഹപാഠിയുമായിരുന്ന ഹൈദരലി തങ്ങളെ എങ്ങനെയാണ് ഓര്‍ക്കുന്നത്?
തങ്ങള്‍ അന്ന് ഞങ്ങളുടെ അമീറായിരുന്നു. ഇന്ന് നമ്മുടെ അമീറാണ്. പൂക്കോയ തങ്ങളായിരുന്നു സഭയുടെ പ്രസിഡന്റ്. അതിനാല്‍, പാണക്കാട്ടെ പൂക്കോയ തങ്ങളുടെ മകന്‍ വരുന്നുണ്ടെന്ന ഒരു വികാരം കോളേജിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് മാത്രമല്ല. ഉസ്താദുമാര്‍ക്കും അതുണ്ടായിരുന്നു. ഞങ്ങളെല്ലാം നിലത്ത് പായ വിരിച്ചായിരുന്നു കിടന്നിരുന്നത്. തങ്ങള്‍ക്കത് മതിയാവില്ലെന്നും ഒരു റൂം ശരിപ്പെടുത്തണമെന്നും കെ.കെ ഉസ്താദ് പറഞ്ഞു. ലൈബ്രറിയാണ് റൂമായി സജ്ജീകരിച്ചത്. ചില കുട്ടികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അവരെല്ലാം തങ്ങളുടെ ഇഷ്ടക്കാരായി മാറി എന്നതാണ് സത്യം. കാരണം, തങ്ങള്‍ ഒരു ഗമയോ ഹുങ്കോ കാണിച്ചില്ല. സൗമ്യനായിരുന്നു. ഇന്നും അന്നും. ചില രാത്രികളില്‍ ഞങ്ങളുടെ കൂടെ പായില്‍ വന്ന് കിടക്കുകയും വൈകുന്നേരങ്ങളില്‍ കടപ്പുറത്ത് കളിക്കുകയും ചെയ്തിരുന്നു. ആ ബന്ധം പഠനത്തിനു ശേഷവും നീണ്ടുനിന്നു. ഒരു ദിവസം ഹൈദരലി തങ്ങള്‍ മുഖേന പൂക്കോയ തങ്ങള്‍ എന്നെ വിളിപ്പിച്ചു. കൂത്തിപ്പറമ്പില്‍ ഒരു ഖത്തീബ്, മുദരിസ് ഒഴിവിലേക്ക് എന്നെ നിയമിക്കുകയും കമ്മിറ്റി പ്രതിനിധികളോടൊപ്പം അയക്കുകയും ചെയ്തു. പാണക്കാട്ടെ നിര്‍ദേശമായതിനാല്‍ എന്റെ കഴിവും കഴിവുകേടും അവര്‍ നോക്കിയില്ല. തങ്ങളുടെ വാക്കായതിനാല്‍ ബുദ്ധിമുട്ടകളൊന്നും ഞാനും വകവച്ചില്ല. ചുറ്റിപ്പറ്റി നില്‍ക്കുന്ന മഹല്ലുകളും പ്രദേശങ്ങളും മാസപ്പിറവിക്കും മറ്റുമായി അവലംബിക്കുന്ന മഹല്ലായിരുന്നു അത്. പള്ളിയില്‍ ഒന്നോ രണ്ടോ കിതാബുകള്‍ മാത്രമാണുണ്ടായിരുന്നത്. അതെന്നെ മാനസികമായി തളര്‍ത്തി. മാത്രമല്ല, അസുഖബാധിതയായ ഉമ്മയെ വിട്ട് ഇത്രയും ദൂരം മാറിതാമസിക്കുന്നത് എന്റെ മനസ്സില്‍ അസ്വാരസ്യങ്ങളുണ്ടാക്കി. ഞാന്‍ അവിടെ നിന്നും തിരിച്ചു. പാണക്കാട് വഴിയാണ് പൊന്നാനിയിലേക്ക് വന്നത്. തങ്ങളെ കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നത്തേയും പോലെ സാരമില്ല എന്ന സമാശ്വാസവാക്യം നുകര്‍ന്നുതന്നു.
സുന്നത്ത് ജമാഅത്തിന്റെ ചര്‍ച്ചകളൊക്കെ കൊടുമ്പിരികൊള്ളുന്ന കാലമായിരുന്നു നിങ്ങളുടെ വിദ്യാര്‍ഥി ജീവിതം. അതിനെ കുറിച്ച്..?
തര്‍ക്ക വിഷയങ്ങളില്‍ ഒരുപാട് വാഗ്വാദങ്ങള്‍ നടത്തിയിട്ടുണ്ട്. സമാജങ്ങളിലാണ് അത് നടക്കാറുള്ളത്. അത്തരം വിഷയങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മോഡറേറ്ററായി ഒരു ഉസ്താദിനെ നിയമിക്കണമെന്നാണ് നിയമം. തര്‍ക്കം പിടുത്തം വിടാതിരിക്കാനും തെറ്റിദ്ധാരണ പരക്കാതിരിക്കാനുമുള്ള തന്ത്രമായിരുന്നു അത്. ഉസ്താദുമാരില്ലാത്ത സമാജങ്ങളില്‍ ആശയരാജാക്കന്മാര്‍ അഴിഞ്ഞാടും. പരിപാടി പിടുത്തംവിടും. സ്ത്രീ വിദ്യാഭ്യാസം പോലെയുള്ള വിഷയത്തില്‍ സമസ്തയുടെ നിലപാടുകളെ ചോദ്യംചെയ്ത് പ്രസംഗിച്ചിരുന്നവരൊക്കെ ഉണ്ടായിരുന്നു. ഖണ്ഡനങ്ങളും മണ്ഡനങ്ങളുമായി പരിപാടി കോലാഹലമാകുമായിരുന്നു. ആത്മവിമര്‍ശനം എന്നര്‍ഥത്തില്‍ മാത്രമായിരുന്നു അതെല്ലാം നടന്നിരുന്നത്. ഒരിക്കല്‍ തര്‍ക്കം മൂത്ത് സമാജം തന്നെ പിരിച്ചുവിട്ടത് ഓര്‍ക്കുന്നു.
മുസ്‌ലിം ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) രൂപീകരണത്തില്‍ നാട്ടിക ഉസ്താദിന്റെ പങ്ക് എന്തായിരുന്നു. സുന്നി മാത്ര രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഉസ്താദ് അടങ്ങുന്ന പണ്ഡിതന്മാര്‍ ചിന്തിച്ചിരുന്നോ?
സുന്നികളും അസുന്നികളും ചേര്‍ന്ന മുസ്‌ലിം സമുദായത്തിന്റെ ജനറലായ പാര്‍ട്ടിയായിരുന്നു മുസ്‌ലിം ലീഗ്. ചിലര്‍ സുന്നി മാത്ര രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിക്കാണിച്ചു. അങ്ങനെയാണ് എം.ഡി.പി എന്ന ആശയം രൂപപ്പെടുന്നത്. ഫാറൂഖ് മൗലവിയായിരുന്നു അതിന്റെ തലപ്പത്ത്. അതിന്റെ രൂപീകരണ പൊതു യോഗത്തിലേക്ക് നാട്ടികയെ പലതവണ ക്ഷണിക്കുകയും അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഒടുവില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടി വന്നു. പ്രസ്തുത പാര്‍ട്ടിക്കെതിരെ നാട്ടിക ശക്തമായി വാദിച്ചു. പക്ഷേ, ഭൂരിപക്ഷത്തിന്റെ താല്‍പര്യം മാനിച്ച് പാര്‍ട്ടി രൂപീകരിക്കപ്പെടുകയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത നാട്ടിക പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. യോഗം കഴിഞ്ഞയുടനെ അദ്ദേഹം ജാമിഅ:യിലെത്തി. വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും പാര്‍ട്ടി പിരിച്ചുവിടുകയാണെന്ന് തീരുമാനമെടുക്കുകയും ചെയ്തു. പിന്നെ നാട്ടിക അതു വഴി പോയിട്ടില്ല. വിശ്വാസം പറയുന്നത് പോലെ രാഷ്ട്രീയം പറഞ്ഞാല്‍ ശരിയാവില്ലല്ലോ.
അപ്പോള്‍ ഉസ്താദിന്റെ രാഷ്ട്രീയ നിലപാട് എന്താണ്?
തങ്ങന്മാര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകുമ്പോള്‍ മറ്റൊന്നിനെ കുറിച്ച് ചിന്താക്കാനാവില്ല.
ഉസ്താദിന്റെ സംഘടനാ ജീവിതം രണ്ട് ഘട്ടങ്ങളായി തിരിക്കാം എന്ന് കരുതുന്നു. നാട്ടിലും മസ്‌ക്കറ്റിലും. നാട്ടിലെ സംഘാടനത്തെ കുറിച്ച് പറയാമോ?
നാട്ടിലായിരിക്കുമ്പോള്‍ സംഘടനാ രംഗത്ത് കാര്യമായി പ്രവര്‍ത്തിച്ചിരുന്നു. എല്ലാ സമിതികളിലും ഇടപെട്ടിരുന്നു. എസ്.വൈ.എസായിരുന്നു എന്റെ സുപ്രധാന ഇടം. മസ്‌കത്തിലേക്ക് പോകുമ്പോള്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമയിലെ അംഗമായിരുന്നു. എസ്.വൈ.എസിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
സംഘടനാ തലത്തില്‍ വഹിച്ചിട്ടുള്ള പദവികള്‍ ഏതൊക്കെയാണ്?
നിലവില്‍ സുപ്രഭാതം ഡയറക്ടറാണ്. ജംഇയ്യത്തുല്‍ ഉലമ മണ്ഡലം പ്രസിഡന്റാണ്. അവിഭക്ത സമസ്തയിലെ എസ്.വൈ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി. ദാറുല്‍ ഹിദായ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. എസ്.എം.എഫിന്റെ ആദ്യകാല ജില്ലാ കമ്മിറ്റി അംഗം.
എന്തായിരുന്നു മസ്‌കറ്റ് യാത്രയുടെ ലക്ഷ്യം? അവിടുത്തെ സാഹചര്യങ്ങള്‍ എങ്ങനെയായിരുന്നു?
സുന്നി സെന്ററിലെ ജോലിക്കാരനായാണ് 1989 നവംബറില്‍ മസ്‌കറ്റിലെത്തുന്നത്. അന്‍സാറുല്‍ മുസ്‌ലിമീന്‍ എന്നായിരുന്നു അതിന്റെ പേര്. മസ്‌ക്കറ്റിന്റെ പല പ്രദേശങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്നത് എരമംഗലം ഉസ്താദാണ്. മൂപ്പരുടെ ഒഴിവിലേക്കായിരുന്നു ഞാന്‍ നിയമിതനായത്. നിയമപരമായി തടസ്സങ്ങളുണ്ടായിട്ടും രഹസ്യമായിട്ടാണെങ്കിലും ആഴ്ചയില്‍ പതിനഞ്ചോളം ഖുര്‍ആന്‍ ക്ലാസ്സുകള്‍ അവിടെ ഞങ്ങള്‍ നടത്തിയിരുന്നു. മാത്രമല്ല, തല്‍പരരായ മലയാളികള്‍ക്ക് ഞാന്‍ ദര്‍സും ഓതിക്കൊടുത്തിരുന്നു. ഒരു ചെറിയ സംഘം ഇടക്കിടെ ഓതിപ്പഠിക്കാനായി സമീപിക്കുകയും ചെയ്തിരുന്നു. അല്‍ഫിയ്യ, ഫത്ഹുല്‍ മുഈന്‍ തുടങ്ങി പരമ്പരാഗത ഗ്രന്ഥങ്ങളായിരുന്നു ഓതിക്കൊടുത്തിരുന്നത്.
അന്‍സാറുല്‍ മുസ്‌ലിമീന്‍ എങ്ങനെയാണ് സുന്നി സെന്ററായി മാറിയത്?
വിദേശികളുടെ സംഘടനകളെല്ലാം അതത് രാജ്യത്തിന്റെ എംബസിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടണമെന്നതായിരുന്നു ഒമാനിലെ നിയമം. അതനുസരിച്ച്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് എന്ന സംഘടനക്ക് കീഴിലായി ഇന്ത്യക്കാരുടെ സംഘടനകളെല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. അന്‍സാറുല്‍ മുസ്‌ലിമീനും അംഗത്വം ലഭിച്ചിരുന്നു. പിന്നീട്, ചില അഭ്യന്തര പ്രശ്നങ്ങള്‍ കാരണം, വിദേശ സംഘടനകളും വിദേശികളുടെ കൂട്ടായമകളും എല്ലാം നിരോധിക്കപ്പെട്ടു. തുടര്‍ന്ന്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നോട്ടീസ് വന്നു. സംഘടന പിരിച്ചുവിട്ട് മുഴുവന്‍ രേഖകളും തിരിച്ചേല്‍പ്പിക്കണമെന്നതായിരുന്നു അതിന്റെ ചുരുക്കം. ഔദ്യോഗികമായി രേഖപ്പെടുത്തിയതിനാല്‍ രഹസ്യമായി പ്രവര്‍ത്തിക്കുക എന്ന ആശയം തന്നെ അസാധ്യമായിരുന്നു. അങ്ങനെ അന്‍സാറുല്‍ മുസ്‌ലിമീന്‍ നേതാക്കള്‍ തന്നെ പിരിച്ചുവിട്ടു. മാസങ്ങളോളം ആ നിരോധനം നീണ്ടുനിന്നിരുന്നു. പിന്നീട് സംഘടനകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാം എന്ന സാഹചര്യമായി. നിരോധിതമായ അന്‍സാറുല്‍ ഇസ്‌ലാം എന്ന പേര് നമ്മുടെ കൂട്ടായ്മക്ക് വീണ്ടും ഉപയോഗിക്കുന്നത് ഭാവിയില്‍ വരുത്തിവച്ചേക്കാവുന്ന പ്രശ്നങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുന്നി സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അന്‍സാറുല്‍ മുസ്‌ലിമീന്‍ പിരിച്ചുവിട്ടതും, സുന്നി സെന്റര്‍ രൂപീകരിച്ചതും ഒരേ സമിതി തന്നെയായിരുന്നു.
മസ്‌ക്കറ്റ് സുന്നിസെന്ററിന്റെ വിജയകരമായ പദ്ധതിയാണല്ലോ മദ്റസ. അതിന്റെ രൂപീകരണം, നടത്തിപ്പ് രീതികള്‍ എങ്ങനെയെല്ലാമായിരുന്നു?
ഞാന്‍ മസ്‌ക്കറ്റിലെത്തുമ്പോള്‍ സുന്നിസെന്ററിന് മദ്റസയൊന്നും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മദ്റസ രൂപീകരിക്കുകയായിരുന്നു. അതിന്റെ നടത്തിപ്പിലേക്ക് അഫ്ളല്‍ ഉലമ പാസായ ഒരാളെ നിയമിക്കണമെന്ന നിബന്ധനയോടെയാണ് മുഹമ്മദലി ഫൈസിയെ കൊണ്ടുവരുന്നത്. ആദ്യ ഘട്ടങ്ങളില്‍ വാടകക്കെട്ടിടത്തിലായിരുന്നു മദ്റസ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട്, സ്വന്തമായ ഒരു കെട്ടിടം വേണമെന്ന ആശയവുമായി ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെ സമീപിച്ചു. അദ്ദേഹം കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുക്കാമെന്നും അതിനു മുമ്പ് അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങിക്കാനും ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ശേഖരണം തകൃതിയായി നടന്നു. 15000 റിയാലാണ് അന്ന് സ്വരൂപിച്ചത്. അത് വളരെ വലിയ സംഖ്യയാണെങ്കിലും കച്ചവടത്തിന് മതിയായിരുന്നില്ല. 95000 റിയാലായിരുന്നു സ്ഥലത്തിന്റെ വില. ഏതായാലും കച്ചവടം നടന്നു. ബാക്കി തുക നല്‍കിയത് ഗള്‍ഫാര്‍ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ കെട്ടിട നിര്‍മാണവും മദ്രസയുടെ രജിസ്ട്രേഷനും വളരെ ഭംഗിയായി കഴിഞ്ഞു. ഇന്ന് ഏകദേശം 11 അധ്യാപകര്‍ മുഴുസമയമായും ഭാഗികമായും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെവിടെയും കാണാത്ത പുരോഗമന പ്രവര്‍ത്തനമായിരുന്നു അതെന്ന് എനിക്കുറപ്പുണ്ട്.
മദ്റസ ഒമാന്‍ ഔഖാഫിന്റെ കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തഅ്ലീമുല്‍ ഖുര്‍ആന്‍ എന്നാണതിന്റെ പേര്. ഔഖാഫിന്റെ മദ്റസകളിലെല്ലാം ഖുര്‍ആന്‍ പഠനം മാത്രമായിരുന്നു നടന്നിരുന്നത്. അതാണ് ആ പേര് തെരഞ്ഞെടുക്കാന്‍ കാരണം. അങ്ങനെയൊക്കെയാണെങ്കിലും, സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചാണ് നമ്മുടെ മദ്റസയില്‍ ക്ലാസ്സുകള്‍ നടന്നിരുന്നത്. അത് വളരെ സുഗമമായി നടത്താനും സാധിച്ചിരുന്നു. ഭരണഘടനാപരമായി ഇബാളിയ്യ സരണി പിന്തുടരുന്ന ഒമാന്‍ ഭരണാധികാരികള്‍ സംഘടനയുടെ സങ്കുചിതത്വമില്ലാത്തവരായിരുന്നു. രാഷ്ട്രീയ നേതാക്കളില്‍ തന്നെ ശാഫി സരണി പിന്തുടരുന്നവരും മറ്റുമുണ്ടായിരുന്നു. മാത്രമല്ല, മദ്റസകളുടെ സിലബസിലോ, പുസ്തകങ്ങളിലോ കാര്യമായ അന്വേഷണം നടത്തിയിരുന്നുമില്ല. തീരെ ഉണ്ടായിരുന്നില്ല എന്നതല്ല അതിനര്‍ഥം. അതുകൊണ്ടെല്ലാം, സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കാന്‍ നമുക്ക് അവസരം ലഭിച്ചിരുന്നു.
നിലവില്‍ സുന്നി സെന്ററിന്റെ കീഴില്‍ എത്ര മദ്‌റസകളുണ്ട്?
സമസ്തയുടെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി മദ്‌റസകള്‍ മസ്‌ക്കറ്റിലുണ്ട്. പക്ഷേ, സുന്നി സെന്ററിന്റെ മദ്‌റസ ഒന്നു മാത്രമാണ്. തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മാത്രം. പലയാവര്‍ത്തി ആവശ്യപ്പെട്ടുവെങ്കിലും സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റുള്ളവക്കൊന്നും സെന്ററിന്റെ അഫിലിയേഷന്‍ നല്‍കിയിട്ടില്ല. അവയെല്ലാം, വിദ്യാഭ്യാസ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ വളരെ വ്യവസ്ഥാപിതമായി തന്നെയാണ് പ്രവര്‍ത്തിച്ചുപോരുന്നത്.
വിദേശത്തും നാട്ടിലുമായി സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളെ കുറിച്ച് പറയാമോ?
ഊര്‍ജസ്വലരായ ഒരു പറ്റം പ്രവര്‍ത്തകരുടെ ശ്രമഫലമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഉമറലി തങ്ങളുടെ നേതൃത്തില്‍ രൂപീകരിച്ച ഒരു സമിതി 50 ല്‍ പരം പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തതാണ് അതില്‍ പ്രധാനം. 10 വീതം പവനും വസ്ത്ര ചെലവുകളും നല്‍കി വളരെ സുന്ദരമായി അരങ്ങേറിയിരുന്നു ആ പദ്ധതി. മരണം, വിവാഹം, രോഗം എന്നിവക്കായി സാമ്പത്തിക സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്ക് നിശ്ചിത തുകവീതം നല്‍കിയിരുന്നു. അപേക്ഷകളുടെ ആധിക്യം പദ്ധതിയെ വഴിമുട്ടിച്ചില്ല എന്നത് അത്ഭുതം തന്നെ. ഇടുക്കിയിലെ പദ്ധതിയാണ് മറ്റൊന്ന്. ഇസ്‌ലാമിക വെളിച്ചം കാര്യമായി എത്താത്ത സ്ഥലങ്ങളില്‍ മദ്റസകളും പള്ളികളും നിര്‍മിക്കാന്‍ യോഗ തീരുമാനമുണ്ടായി. വയനാട് നടത്താന്‍ തീരുമാനമായ ആ പദ്ധതി, പിന്നീട് ഇടുക്കിയിലേക്കു മാറ്റുകയായിരുന്നു. ഞങ്ങള്‍ ചെറിയൊരു സംഘം ഇടുക്കി സന്ദര്‍ശിച്ചപ്പോള്‍ നാലഞ്ച് കിലോമീറ്റര്‍ പള്ളിയും മദ്റസയുമില്ലാത്ത സ്ഥലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. അവിടെ വ്യവസ്ഥാപിതമായ മദ്റസയും പള്ളിയും നിര്‍മിച്ചു. തുടര്‍ന്ന്, അടുത്ത മൂന്നു-നാല് പ്രദേശങ്ങളിലേക്കും പ്രസ്തുത പദ്ധതി നീണ്ടുപോയിരുന്നു.
എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന പദ്ധതിയായിരുന്നു ഹയര്‍ എഡ്യൂകേഷന്‍ പ്രോഗ്രാം (ഒഋജ) സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ഉന്നത സര്‍വകലാശാലകളില്‍ പഠിപ്പിച്ച് പൊതു സേവകരാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇക്കാലയളവില്‍ അവര്‍ക്ക് വരുന്ന ചെലവുകളെല്ലാം സമിതി വഹിക്കുമായിരുന്നു. കുട്ടികളുടെ താമസം, ഫീസ്, ഭക്ഷണം, പോക്കറ്റ് മണി എന്നിവയെല്ലാം. ഉമറലി തങ്ങളായിരുന്നു അതിന്റെ നേതൃത്വത്തില്‍. വലിയ സാമ്പത്തിക പിന്തുണ വേണ്ട പദ്ധതിയായിരുന്നു അത്. അതിന്റെ ഫലമായിരുന്നു അബൂബക്ര്‍ സിദ്ധീഖും ജഅ്ഫറും. ഈ പദ്ധതിയുടെ ഏറ്റവും പ്രഥമിക ചര്‍ച്ച നടന്നത് മസ്‌ക്കറ്റില്‍ ഞാന്‍ താമസിച്ചിരുന്ന റൂമില്‍വച്ചായിരുന്നു.
സ്ത്രീകളുടെ പ്രസവം പൂര്‍ണമായും ഇസ്‌ലാമിക രൂപത്തില്‍ നടത്താന്‍ സാധിക്കുന്ന ഒരു ആശുപത്രി മസ്‌ക്കറ്റ് സുന്നി സെന്ററിന്റെ ഉദ്ദേശത്തിലുണ്ടായിരുന്നു. പുറങ്ങ് അത്താണിയില്‍ അതിനായി മൂന്ന് ഏക്കര്‍ ഭൂമി വാങ്ങിച്ചിരുന്നു. പക്ഷേ, പദ്ധതിയെ കുറിച്ച് പഠിച്ചപ്പോള്‍ വിജയകരമാവില്ലെന്നും, പ്രായോഗികമല്ലെന്നും തോന്നി. തുടര്‍ന്ന്, ഭൂമി സമസ്തക്ക് വിട്ടു കൊടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. കുട്ടികളുടെ ആശുപത്രി തുടങ്ങണം എന്ന നിര്‍ദേശത്തോടെ ജംഇയ്യത്തുല്‍ മുഅല്ലിമീന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നത്. വലിയ വരുമാനം വേണ്ട സെക്ടര്‍ അവരാണല്ലോ. ഹലാലായ രീതിയില്‍ ആശുപത്രി നടത്തി ലാഭം കൊയ്യുക സാധ്യമല്ലെന്ന് കോട്ടുമല ബാപ്പു ഉസ്താദ് മറുപടി പറഞ്ഞു. തുടര്‍ന്ന് ഭൂമി വില്‍ക്കുകയും കോഴിക്കോട് ഒരു ബിള്‍ഡിംഗ് സമസ്തക്കായി എടുക്കുകയും ചെയ്തു. അതിപ്പോഴുമുണ്ട്. ചെറിയ ചെറിയ പദ്ധതികളെല്ലാം നടക്കുന്നുണ്ട്. ആംബുലന്‍സ് നല്‍കലും മറ്റു ആതുര സേവനങ്ങളും പൊതു പ്രവര്‍ത്തനങ്ങളും മറ്റും. അല്ലാഹു എല്ലാം സ്വീകരിക്കട്ടെ എന്നു മാത്രം.
സുന്നി സെന്റര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. എന്താണ് ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ്?
മദ്റസ വിദ്യാര്‍ഥികളില്‍ നിന്നും വരിസംഖ്യ സ്വീകരിക്കുന്നുണ്ട്. അതൊരു പേരിനാണെന്നു മാത്രം. പ്രവാസികള്‍ക്കായി നടത്തുന്ന ഹജ്ജ് ഉംറ പാക്കേജ് വലിയൊരു സാമ്പത്തിക മാര്‍ഗമാണ്. ഹിന്ദിക്കാരും മലയാളികളുമൊക്കെ അതില്‍ പങ്കെടുക്കുമായിരുന്നു. ഒരു വര്‍ഷം ആള്‍പെരുപ്പം കാരണം അഞ്ചോളം ബസ്സ് സര്‍വീസ് നടത്തിയത് ഓര്‍ക്കുന്നുണ്ട്. അതിനെല്ലാം പുറമേ സാമ്പത്തിക വിശുദ്ധി കാത്തു സൂക്ഷിക്കുന്ന വിശ്വാസികളുടെ അകമഴിഞ്ഞ സംഭാവനയും പദ്ധതികളുടെ വിജയത്തിന്റെ പ്രധാന ശക്തിയാണ്. അല്ലാഹു എല്ലാവര്‍ക്കും അര്‍ഹമായ കൂലി നല്‍കട്ടെ എന്ന പ്രാര്‍ഥന മാത്രം.
കെ.വി ഉസ്താദുമായും ശംസുല്‍ ഉലമയുമായും വലിയൊരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നല്ലോ. എങ്ങനെയാണ് അവരുമായി അടുത്തതും മറ്റും?
കെ.വി ഉസ്താദ് അയല്‍ നാട്ടുകാരനായിരുന്നല്ലോ. അദ്ദേഹത്തിന്റെ വേദികളിലെല്ലാം അനുഗമിച്ചിട്ടുണ്ട്. പട്ടാമ്പിയില്‍ നിന്നും അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞുവച്ച സംഭവത്തിനു ശേഷമായിരുന്നു അതിന്റെ തുടക്കം. പിന്നീട്, അദ്ദേഹത്തിന്റെ ജീവിതത്തിലെ സഹയാത്രികനായി മാറുകയായിരുന്നു ഞാന്‍. ശൈഖുനാ ഹൈദ്രോസ് ഉസ്താദുമായി ആത്മബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. ഉസ്താദ് എസ്.എം.എഫിന്റെ കാര്യ ദര്‍ശിയായിരുന്നല്ലോ. അന്നെല്ലാം, പൊന്നാനി പ്രദേശത്ത് നടക്കുന്ന പരിപാടികളെല്ലാം എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. ഉസ്താദ് നമ്മളോടുള്ള താല്‍പര്യ പുറത്തായിരുന്ന അതെല്ലാം ഏല്‍പ്പിച്ചിരുന്നത് എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ വല്ലാത്ത നിര്‍വൃതിയാണ്. കാലം കണ്ട സൂഫികളായിരുന്നല്ലോ അവരെല്ലാം. എടപ്പാള്‍ ദാറുല്‍ ഹിദായയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഞാനുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ വാര്‍ഷികത്തിന് ശംസുല്‍ ഉലമയെ ക്ഷണിക്കാന്‍ പോയപ്പോഴാണ് ഉസ്താദുമായി അദ്യമായി അടുത്തിടപെടുന്നത്. ഞാനും കുഞ്ഞിപ്പു മുസ്‌ലിയാരും ഇസ്മാഈല്‍ മുസ്‌ലിയാരും പിന്നെ ഒരു നന്തിക്കാരനും കൂടിയാണ് പോയത്. നന്തിയില്‍ നിന്നും ഉസ്താദുമായി സംസാരിച്ചു. ഇപ്പോള്‍ പരിപാടിയിലൊന്നും പങ്കെടുക്കാറില്ലെന്നും, മാത്രമല്ല കണ്ണ് വേദനയാണെന്നും പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു. മറ്റൊരു ദിവസം ഞങ്ങള്‍ വീണ്ടും ഉസ്താദിനെ കാണാന്‍ പോയി. ഉസ്താദ് വരാമെന്നേറ്റു. പരിപാടിയുടെ ദിവസം ഞാനും മയമ്മൂട്ടി ഫൈസിയും കൂടി ഉസ്താദിനെ കൊണ്ടുവരാന്‍ പോയി. കോഴിക്കേട്ടെ വീട്ടിലേക്കാണ് പോകാന്‍ പറഞ്ഞിരുന്നത്. അവിടെ എത്തിയപ്പോള്‍ ഞങ്ങളോട് നന്തിയിലേക്ക് വരാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. നന്തിയിലെത്തി ഉസ്താദിന്റെ വണ്ടിയില്‍ ഞങ്ങള്‍ എടപ്പാളിലേക്കു യാത്ര തിരിച്ചു. അതായിരുന്നു ശംസുല്‍ ഉലമയുമായുള്ള ബന്ധത്തിന്റെ തുടക്കം. പിന്നീട്, ശംസുല്‍ ഉലമ ഈ പ്രദേശങ്ങളിലേക്ക് വരുമ്പോള്‍ എന്നോട് ക്ഷണിക്കാന്‍ പോകാന്‍ പറയുമായിരുന്നു. കടവനാട്, പൊന്നാനി മഊനത്ത്, പുറങ്ങ് എന്നിവിടങ്ങളില്‍ ശംസുല്‍ ഉലമ വന്നിരുന്നപ്പോള്‍ ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്.
പാനായിക്കുളം ബാപ്പു മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ ഞാനും ഇസ്മാഈല്‍ മുസ്‌ലിയാരും പോയിരുന്നു. തിരിച്ച് വരുമ്പോള്‍ ആലുവ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശംസുല്‍ ഉലമയെ കണ്ടുമുട്ടി. വഖ്ഫ് ബോര്‍ഡിന്റെ ചര്‍ച്ച കഴിഞ്ഞുവരികയായിരുന്നു ഉസ്താദ്. ട്രൈയിനില്‍ കയറിയപ്പോള്‍ ഉസ്താദിന്റെ അടുത്ത് തന്നെ എന്നോടിരിക്കാന്‍ പറഞ്ഞു. സീറ്റില്‍ ചെറിയൊരു ഭാഗം മാത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളൂ. ഞാനവിടെ ഇരിന്നപ്പോള്‍ അടുത്തിരിക്കുന്ന ഒരാള്‍ കുറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ആരെടാ എന്നാ ഒരു ശബ്ദവും സ്വതസിദ്ധമായ തുറിച്ചുനോട്ടവും കൊണ്ട് അയാളെ ഉസ്താദ് ശാന്തനാക്കി.
പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ കണ്ടിട്ടുണ്ടോ?
അദ്ദേഹത്തിന്റെ മഖ്ബറ അടുത്ത പ്രദേശത്താണ്. പക്ഷേ, അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പുറങ്ങുകാരനല്ലായിരുന്നല്ലോ? ആലുവ പാനായിക്കുളമാണ് അദ്ദേഹത്തിന്റെ സ്വദേശം. ഓതിപ്പഠിക്കാനായി പൊന്നാനിയില്‍ എത്തിയതായിരുന്നു. മഹാപണ്ഡിതനായ തട്ടാങ്കര കുട്ട്യേമു മുസ്‌ലിയാര്‍ തന്റെ മകളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു. സ്വദേശത്തെ സ്ത്രീകള്‍ക്ക് ദര്‍സ് നടത്തിയിരുന്ന സാത്വികയായിരുന്നു അവര്‍. അതിനാല്‍, ക്ലാസ്സ് മുടങ്ങാതിരിക്കാന്‍ കുട്ട്യേമു മുസ്‌ലിയാര്‍ കല്യാണത്തിന് ഒരു നിബന്ധന വച്ചിരുന്നു. കല്യാണനന്തരവും പെണ്ണിന്റെ നാട്ടില്‍ തന്നെ താമസിക്കണമെന്ന്. അങ്ങനെയാണദ്ദേഹം നാടിന്റെ പുതിയാപ്ലയാവുന്നത്. പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആകുന്നത്.
പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍/ ശാഫി ഫൈസി പൂക്കാട്ടിരി, നിസാം ചാവക്കാട്